×
31 July 2026
0

സ്കോപ്..... സ്കോപ്... ഇതെന്ത് മണ്ണാങ്കട്ടയാ.....

കരിയർ സാധ്യതകളുടെ മരുപ്പച്ചകളും യാഥാർത്ഥ്യങ്ങളും

നമ്മുടെ വീടുകളിൽ മുഴങ്ങുന്ന ആ ചോദ്യം:

പരീക്ഷാഫലങ്ങൾ പുറത്തുവരുന്ന സീസണുകളിലെ നമ്മുടെ വീടുകളിലെ ഒരന്തരീക്ഷം ഒന്നു സങ്കൽപ്പിച്ച് നോക്കൂ. അതുവരെ പാറിനടന്നിരുന്ന കുട്ടികളുടെ മുഖത്ത് പെട്ടെന്നൊരു മ്ലാനത പടരും. പത്താം ക്ലാസ്സോ പ്ലസ് ടുവോ കഴിഞ്ഞയുടനെ, ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒരുപോലെ ചോദിക്കുന്ന ഒരേയൊരു ചോദ്യമുണ്ട്: "അടുത്തതെന്താ? ഏത് മേഖലയിലാണ് കൂടുതൽ സ്‌കോപ്?". കരിയറുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന, എന്നാൽ അതിലേറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് ഈ 'സ്‌കോപ്'.

ഉപരിപഠനത്തിനായി ഒരു കോഴ്സ് തിരഞ്ഞെടുക്കാൻ പോകുന്നതിന് മുൻപേ കേൾക്കാം...

"ഏത് കോഴ്‌സ് പഠിച്ചാലാണ് പെട്ടെന്ന് ജോലി കിട്ടുക?",

"എവിടെ പഠിച്ചാലാണ് കൂടുതൽ സ്‌കോപ്?"...

പിന്നെ ഗൂഗിളിലും യൂട്യൂബിലുമെല്ലാം രാപ്പകൽ നീളുന്ന പരതിയോട്ടങ്ങളാണ്. വിദ്യാർത്ഥി ഉത്തരം പറയാൻ വാ തുറക്കുമ്പോഴേക്കും അടുത്ത നിർദ്ദേശവും സൌജന്യമായിത്തന്നെ എത്തും:

''ഹ്യുമാനിറ്റീസിനൊന്നും പോയി വെറുതെ തലവെയ്ക്കണ്ട കേട്ടോ. സയൻസെടുത്തോ. മെഡിസിനിലും എൻജിനീയറിങ്ങിലുമാണ് എന്നെന്നും സ്‌കോപ്. അതിൽ തന്നെ കമ്പ്യൂട്ടർ സയൻസ് എടുത്താൽ വേഗം രക്ഷപ്പെടാം, ഐടി ഫീൽഡിൽ വലിയ ശമ്പളമാണ്''.

കാലങ്ങളായി നാം കേട്ടുതഴമ്പിച്ച, എന്നാൽ ഇന്നും യാതൊരു മാറ്റവുമില്ലാതെ നമ്മുടെ സമൂഹത്തിൽ തുടരുന്ന വല്ലാത്തൊരു ഉപദേശമാണിത്.

കുട്ടിയുടെ ഉള്ളിലെന്താണ്, അവരുടെ സ്വപ്നങ്ങളെന്താണ് എന്ന് കേൾക്കാൻ പോലും നിൽക്കാതെ വലിയ വാ തുറന്ന ഉപദേശകർ സ്ഥലം വിടും. 'സ്‌കോപ്'കളുടെ ഘോഷയാത്ര അവിടെ തുടങ്ങുകയായി.

ഏത് തൊഴിൽമേഖല തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുമ്പോഴും വിദ്യാർത്ഥികളുടെ മനസ്സിൽ ഈ വാക്ക് ഒരു ഭയമായി, ഭാരമായി കടന്നുവരും.

സ്കോപ്പ് എന്ന മരുപ്പച്ച: ആരാണ് ഇത് നിർണയിക്കുന്നത്?:

യഥാർത്ഥത്തിൽ തൊഴിൽ മേഖലകളുടെ സ്‌കോപ് അഥവാ സാധ്യതകൾ ആരാണ് നിർണയിക്കുന്നത്? അതിന്റെ ശാസ്ത്രീയമായ മാനദണ്ഡമെന്താണ്? ഏറ്റവും കൂടുതൽ സ്‌കോപ് ഉണ്ടെന്ന് പറഞ്ഞ്, മറ്റുള്ളവരുടെ പ്രേരണയാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിൽമേഖല സത്യത്തിൽ നിങ്ങൾക്ക് അനുയോജ്യമായത് തന്നെയാണോ?

സ്‌കോപ് നിർണയിക്കാനുള്ള മാനദണ്ഡം ആധികാരികമായി ആരും ഇതേവരെ നിർണയിച്ചിട്ടില്ല എന്നതാണ് പരമാർത്ഥം. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആകാംക്ഷയെ മുതലെടുത്ത്, വിദ്യാഭ്യാസ കച്ചവടക്കാരുടെ മാർക്കറ്റിംഗ് തന്ത്രങ്ങളിൽ നിർമ്മിക്കപ്പെടുന്ന വെറുമൊരു 'ട്രെൻഡ്' മാത്രമാണ് യഥാർത്ഥത്തിൽ ഇന്ന് കാണുന്ന സ്‌കോപ്. ഒരു കാലത്ത് നഴ്സിങ്ങിനായിരുന്നു ഏറ്റവും കൂടുതൽ സ്കോപ്പ് എന്ന് പറഞ്ഞിരുന്നെങ്കിൽ, പിന്നീട് അത് എഞ്ചിനീയറിംഗിലേക്കും, ഐ.ടി മേഖലയിലേക്കും, ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും മാറിയിരിക്കുന്നു. അകലെ നിന്ന് നോക്കുമ്പോൾ ജലമുണ്ടെന്ന് തോന്നിക്കുന്ന ഒരു മരുപ്പച്ച (Mirage) മാത്രമാണിത്. അടുത്തേക്ക് ചെല്ലുന്തോറും അത് മാറിക്കൊണ്ടേയിരിക്കും.

ഒരു വ്യക്തിയുടെ കരിയർ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ അവരുടെ വ്യക്തിത്വം, അഭിരുചി, താല്പര്യം, ജോലിയോടുള്ള ആഭിമുഖ്യം എന്നിവയാണ്. എന്നാൽ ഈ ഘടകങ്ങൾക്കെല്ലാം 'സ്‌കോപിന്' മുന്നിൽ പുല്ലു വിലയാണ് പലപ്പോഴും നൽകപ്പെടുന്നത്. മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ മാത്രം, കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ മയങ്ങി തിരഞ്ഞെടുക്കുന്ന കരിയറിൽ എങ്ങനെ വിജയിക്കാമെന്നോ വെല്ലുവിളികളെ അതിജീവിക്കാമെന്നോ ആർക്കും ഒരു ഐഡിയയുമില്ല. ഉയർന്ന ശമ്പളവും സമൂഹത്തിന്റെ കൈയടിയും മാത്രം നോക്കിയാണ് നിങ്ങൾ സ്‌കോപ് തേടി പോവുന്നതെങ്കിൽ, ആ ജീവിതം പെട്ടെന്ന് തന്നെ മടുക്കാനും വിരസമാവാനും അധിക സമയം വേണ്ടി വരില്ല.

ഉൾക്കാഴ്ചയുടെ ശാസ്ത്രം: നിങ്ങളുടെ ഉള്ളിലെ സ്കോപ്പ് കണ്ടെത്തൽ:

ഏറ്റവും കൂടുതൽ സ്‌കോപ് ഉള്ള ജോലിക്കായി ഗൂഗിളിൽ തിരഞ്ഞാൽ ട്രെൻഡിങ്ങായ ചില കോഴ്‌സുകളായിരിക്കാം മുൻപന്തിയിൽ വരിക. എന്നാൽ അവ നിങ്ങളുടെ സഹജമായ അഭിരുചിക്ക് (Aptitude) ഇണങ്ങുന്നതായിരിക്കണം എന്നില്ല. മീനിനോട് മരം കയറാൻ പറഞ്ഞാൽ അത് ജീവിതകാലം മുഴുവൻ താനൊരു കഴിവുകെട്ടവനാണെന്ന് വിശ്വസിച്ച് ജീവിക്കും എന്നൊരു ചൊല്ലുണ്ട്. ഒരു ജോലി നിങ്ങൾക്ക് ഇണങ്ങുമോ എന്ന് നിർണയിക്കുന്നതിൽ കേവലം മാർക്കറ്റ് ഡിമാൻഡ് മാത്രമല്ല, നിങ്ങളുടെ നൈസർഗ്ഗികമായ കഴിവുകൾ നിർണായകമാണ്.

ഇവയെ ശാസ്ത്രീയമായി വിലയിരുത്താതെ കരിയർ തീരുമാനിക്കുന്നത് ഒരു ഇരുട്ടുമുറിയിൽ കരിമ്പൂച്ചയെ തപ്പുന്നതിന് തുല്യമാണ്. ഇവിടെയാണ് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ കരിയർ മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രസക്തി. സിജിയുടെ ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CDAT - CIGI Differential Aptitude Test) പോലെയുള്ള ശാസ്ത്രീയ ടൂളുകൾ ഒരു വിദ്യാർത്ഥിയുടെ സംഖ്യാപരമായ കഴിവ്, ഭാഷാപരമായ കഴിവ്, സ്ഥലകാല ബോധം, യാന്ത്രിക അഭിരുചി തുടങ്ങിയ വിവിധ ഘടകങ്ങളെ സൂക്ഷ്മമായി അളക്കുന്നു.

സ്വന്തം അഭിരുചിയും താല്പര്യവും കൃത്യമായി തിരിച്ചറിഞ്ഞാൽ, ലോകം സ്കോപ്പില്ല എന്ന് പറയുന്ന ഏത് മേഖലയിലും ഒരാൾക്ക് തന്റേതായ വിസ്മയങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കും. ഒരു ജോലിയോട് നിങ്ങൾ കാണിക്കുന്ന അദമ്യമായ പാഷൻ, കഠിനാധ്വാനം എന്നിവയ്‌ക്കൊപ്പം നൈപുണ്യവും (Skills) കൂടിച്ചേരുമ്പോഴാണ് കരിയറിൽ യഥാർത്ഥ വിജയം ജനിക്കുന്നത്.

സാങ്കേതികവിദ്യയുടെ വേലിയേറ്റം: മാഞ്ഞുപോകുന്ന സ്കോപ്പുകൾ:

സ്‌കോപ് എന്നത് ഒരിക്കലും ഒരു നിശ്ചലാവസ്ഥയല്ല. ഇന്ന് സാധ്യതകളുടെ കൊടുമുടിയിലുള്ള മേഖലയായിരിക്കില്ല നാളത്തെ തൊഴിലിടം. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനനുസരിച്ച് ആ സ്ഥാനം മാറിമറിയുമെന്ന കാര്യം നാം ഗൗരവമായി കാണണം. പോയ വർഷങ്ങളിൽ ഭാവി സാങ്കേതികവിദ്യകളായി നാം കണ്ടിരുന്ന ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങിയവ ഇന്ന് സർവ്വവ്യാപിയായിക്കഴിഞ്ഞു.

നിർമ്മിത ബുദ്ധി അഥവാ AI ഇന്ന് പല പരമ്പരാഗത ജോലികൾക്കും ഭീഷണിയുയർത്തുകയാണ്. ഡാറ്റ എൻട്രി മുതൽ കോപ്പിറൈറ്റിംഗ് വരെ എ.ഐ മനുഷ്യന് പകരക്കാരനാകുന്നു. എന്നാൽ അതേസമയം തന്നെ പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, എ.ഐ എത്തിക്സ്, ബ്ലോക്ക് ചെയിൻ, ഒക്കുപേഷണൽ തെറാപ്പി എന്നിങ്ങനെ തികച്ചും പുതിയ മേഖലകൾ ജനിച്ചുവീഴുകയും ചെയ്യുന്നു. നാളെ ഇവയെയും മറികടക്കുന്ന പുത്തൻ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാധ്യതകളുടെ സമവാക്യങ്ങൾ വീണ്ടും മാറും. അതുകൊണ്ട് കേവലം 'ഇപ്പോഴത്തെ സ്‌കോപ്' നോക്കി പോകാതെ, മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന, നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറുള്ള ഒരു മനസ്സാണ് ഇന്നത്തെ കാലത്ത് നിങ്ങളുടെ ഏറ്റവും വലിയ 'സ്‌കോപ്'.

സർട്ടിഫിക്കറ്റുകളുടെ ഭാരത്തിൽ നിന്നും നൈപുണ്യത്തിന്റെ ചിറകുകളിലേക്ക്:

വലിയ ബിരുദങ്ങളും ഉയർന്ന ശമ്പളമുള്ള ജോലിയുമാണ് സ്കോപ്പ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിലേറെയും. എന്നാൽ ഇന്നത്തെ കോർപ്പറേറ്റ് ലോകം ചിന്തിക്കുന്നത് അങ്ങനെയല്ല. റിക്രൂട്ട്മെന്റ് മേഖല ഇന്ന് നോക്കുന്നത് നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ വലിപ്പത്തേക്കാൾ നിങ്ങളുടെ പ്രായോഗിക നൈപുണ്യമാണ് (Skill-based recruitment).

ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആഗോള ഭീമന്മാർ പരമ്പരാഗത കോളേജ് ബിരുദങ്ങൾ നിർബന്ധമില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു പ്രതിസന്ധി വരുമ്പോൾ അത് സ്വന്തം ബുദ്ധി ഉപയോഗിച്ച് പരിഹരിക്കാനുള്ള സ്കിൽ (Problem-solving skill) നിങ്ങൾക്കുണ്ടോ എന്നതാണ് ഇന്നത്തെ സ്കോപ്പ്. ഇഷ്ടമില്ലാത്ത ഒരു വിഷയം വലിയ ഡിമാൻഡ് ഉണ്ടെന്ന് കരുതി പഠിച്ച് ഒരു ശരാശരിക്കാരനായി മാറുന്നതിലും എത്രയോ ഭേദമാണ്, നിങ്ങൾക്ക് ജീവനേക്കാളേറെ ഇഷ്ടമുള്ള ഒരു മേഖല തിരഞ്ഞെടുത്ത് അതിൽ അസാമാന്യ വൈദഗ്ദ്ധ്യം നേടുന്നത്! അത്തരം വൈദഗ്ദ്ധ്യമുള്ളവർക്ക് മുന്നിൽ ലോകം എപ്പോഴും വാതിൽ തുറന്നിടും.

കൂടാതെ, കോഴ്സേറ, എഡെക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന ഹ്രസ്വകാല സർട്ടിഫിക്കേഷനുകൾക്ക് (Micro-credentials) ഇന്ന് വലിയ മൂല്യമുണ്ട്. വലിയ ബിരുദങ്ങൾ പഠിക്കുന്നതിനൊപ്പം ഇത്തരം ആധുനിക സർട്ടിഫിക്കേഷനുകൾ കൂടി നിരന്തരം കരസ്ഥമാക്കുന്നത് നിങ്ങളുടെ സ്കോപ്പ് പതിന്മടങ്ങ് വർദ്ധിപ്പിക്കും.

ഒരു 'പെർഫെക്ട് മാച്ച്' മിസ്സ് ചെയ്തോ? ജോലിയിലെ സംതൃപ്തിയാണ് ജീവൻ:

ഡിമാൻഡ് മാത്രം നോക്കി പോകുമ്പോൾ, പണത്തിനപ്പുറമുള്ള നിങ്ങളുടെ വ്യക്തിപരമായ സന്തോഷമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ചെയ്യുന്നതിലും ഭേദം ഇഷ്ടമുള്ള ജോലി കണ്ടെത്തി അതിൽ ആനന്ദം കണ്ടെത്തുന്നതല്ലേ?

മാനസികാരോഗ്യം ഇന്ന് കരിയറിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഇഷ്ടമില്ലാത്ത ഒരു കരിയർ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾ പിന്നീട് കടുത്ത മാനസിക സമ്മർദ്ദങ്ങളിലേക്കും ബേൺ ഔട്ടിലേക്കും നീങ്ങുന്നത് നാം നിത്യേന കാണുന്നു. ദിവസവും രാവിലെ എഴുന്നേറ്റ് ഒട്ടും താല്പര്യമില്ലാത്ത ഒരു ജോലി ചെയ്യാൻ പോകുന്നത് നരകതുല്യമായ അനുഭവമാണ്. മറിച്ച്, നിങ്ങളുടെ പാഷനാണ് നിങ്ങളുടെ കരിയർ എങ്കിൽ, ജോലി ഒരു ഭാരമാവില്ല; അതൊരു ആഘോഷമായി മാറും.

ഡിമാൻഡാണോ.. അതോ പോപ്പുലാരിറ്റിയാണോ സ്‌കോപിന് അടിസ്ഥാനം?:

റോബർട്ട് ഫ്രോസ്റ്റിന്റെ 'The Road Not Taken' എന്ന പ്രശസ്തമായ കവിതയിൽ പറയുന്നതുപോലെ, ഭൂരിപക്ഷം പേരും പോകാത്ത, എന്നാൽ തനിക്ക് ശരിയെന്ന് തോന്നിയ വഴിയിലൂടെ സഞ്ചരിച്ചതാണ് പല മഹാന്മാരുടെയും വിജയരഹസ്യം.

2004-കളിൽ ആരും കേട്ടിട്ടുപോലുമില്ലാതിരുന്ന ബ്ലോഗിങ് എന്ന മേഖലയിലേക്ക് കടന്നുവന്ന് സ്വന്തം തലവര മാറ്റിയെഴുതിയ ആളാണ് ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ബ്ലോഗറായ അമിത് അഗർവാൾ. അന്ന് അദ്ദേഹം പരമ്പരാഗതമായ 'സ്കോപ്പ്' നോക്കി പോയിരുന്നെങ്കിൽ ആ നേട്ടം കൈവരിക്കാൻ കഴിയുമായിരുന്നില്ല.

എങ്കിൽ സൗണ്ട് എഞ്ചിനീയറിങ് പഠിച്ച സർവ്വരും റസൂൽ പൂക്കുട്ടിമാരായേനെ..!: സിനിമയോടുള്ള അടങ്ങാത്ത പാഷനും സ്വന്തം കഴിവിലുള്ള അപാരമായ വിശ്വാസവുമാണ് അദ്ദേഹത്തെ ഓസ്കാർ നെറുകയിൽ എത്തിച്ചത്. സൗണ്ട് എഞ്ചിനീയറിംഗിന് എന്ത് സ്കോപ്പാണുള്ളത് എന്ന് ചോദിച്ച് അന്ന് അദ്ദേഹത്തെയും പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം. പക്ഷെ അദ്ദേഹം തന്റെ സ്കോപ്പ് സ്വയം സൃഷ്ടിക്കുകയായിരുന്നു.

രക്ഷിതാക്കളോട് സ്നേഹത്തോടെ ചില കാര്യങ്ങൾ:

കുട്ടികളുടെ കരിയർ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത് നിങ്ങളാണ്. നിങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ കുട്ടികളിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത് അവരോട് ചെയ്യുന്ന വലിയ അനീതിയാണ്. കുട്ടികൾക്ക് സ്വന്തമായി താല്പര്യങ്ങളും കഴിവുകളും സ്വപ്നങ്ങളുമുണ്ട് എന്ന് നാം ആദ്യം അംഗീകരിക്കണം. അവരുമായി തുറന്ന് സംസാരിക്കുക. ശാസ്ത്രീയമായി അവരുടെ അഭിരുചികൾ കണ്ടെത്താൻ ശ്രമിക്കുക. സ്കോപ്പ് നോക്കി കോഴ്സുകൾ അടിച്ചേൽപ്പിക്കാതെ, അവർക്ക് ഇഷ്ടമുള്ള മേഖലയിൽ വിസ്മയങ്ങൾ സൃഷ്ടിക്കാൻ അവർക്ക് തണലായി, കരുത്തായി കൂടെ നിൽക്കുക.

അറിയുക നിങ്ങളുടെ സ്കോപ്പ് നിങ്ങളുടെ ഉള്ളിലാണ്:

സ്കോപ്പ് എന്നത് പുറത്ത് എവിടെയോ ഉള്ള, ആർക്കൊക്കെയോ മാത്രം കിട്ടുന്ന ഒരു ലോട്ടറിയല്ല. അത് നിങ്ങളുടെ ഉള്ളിൽ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുത്ത മേഖലയിൽ നിങ്ങൾ എത്രത്തോളം മികച്ചവനാണ്, എത്രത്തോളം ആഴത്തിൽ അറിവുള്ളവനാണ് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സ്കോപ്പ്.

അതുകൊണ്ട് മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഭയപ്പെടാതിരിക്കുക. പഴയ ട്രെൻഡുകൾ കണ്ട് കരിയർ തീരുമാനിക്കാതിരിക്കുക. ശാസ്ത്രീയമായ രീതിയിൽ സ്വന്തം അഭിരുചി തിരിച്ചറിയുക. നിരന്തരം പുതിയ നൈപുണ്യങ്ങൾ പഠിക്കുക.

നിങ്ങളുടെ യഥാർത്ഥ താല്പര്യത്തിലും, ശാസ്ത്രീയമായി തിരിച്ചറിഞ്ഞ അഭിരുചിയിലും, വിയർപ്പൊഴുക്കി നേടിയെടുക്കുന്ന നൈപുണ്യത്തിലും, നിങ്ങളുടെ ആത്മവിശ്വാസത്തിലും നിങ്ങൾ കെട്ടിപ്പടുക്കുന്ന മേഖല ഏതാണോ... അവിടെയാണ് നിങ്ങളുടെ യഥാർത്ഥ സ്‌കോപ്.

സ്വന്തം സ്‌കോപ് നിങ്ങൾ തന്നെ സൃഷ്ടിക്കുക! അത് ലോകം മുഴുവൻ അംഗീകരിക്കും.:

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query