എൻട്രൻസ് ഭ്രമവും സ്വന്തം അഭിരുചിയും: കരിയർ തിരഞ്ഞെടുക്കും മുൻപ് ഓരോ വിദ്യാർത്ഥിയും അറിഞ്ഞിരിക്കേണ്ട യാഥാർത്ഥ്യങ്ങൾ
ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങളായ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT), എയിംസ് (AIIMS), ഐ.ഐ.എസ്.ഇ.ആർ (IISER), നിഫ്റ്റ് (NIFT), ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) തുടങ്ങിയവയിൽ ഒരു സീറ്റ് നേടുക എന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഏറ്റവും വലിയ സ്വപ്നമാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി എട്ടാം ക്ലാസ് മുതൽ തന്നെ കോച്ചിംഗ് സെന്ററുകളിലേക്ക് ഓടുന്ന കുട്ടികളെ നമ്മൾ ദിവസവും കാണുന്നുണ്ട്. കനത്ത പുസ്തക സഞ്ചിയും താങ്ങി, രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന ക്ലാസുകളും, അതിനു ശേഷമുള്ള മോക്ക് ടെസ്റ്റുകളുമായി കൗമാരത്തിന്റെ വലിയൊരു ഭാഗം അവർ ഈ 'എൻട്രൻസ് യുദ്ധത്തിനായി' മാറ്റിവെക്കുന്നു. ജെ.ഇ.ഇ (JEE), നീറ്റ് (NEET), CUET, ക്ലാറ്റ് (CLAT), NEST, IISER AT , UCEED തുടങ്ങിയ പരീക്ഷകൾ ക്ലിയർ ചെയ്യുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള ഏക ലക്ഷ്യം. എന്നാൽ ഈ ഓട്ടപ്പാച്ചിലിനിടയിൽ വളരെ അടിസ്ഥാനപരവും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു ചോദ്യം പലരും സ്വയം ചോദിക്കാൻ മറന്നുപോകുന്നു: "ഈ കോഴ്സും ഇതിലൂടെ ലഭിക്കുന്ന കരിയറും എനിക്ക് യോജിച്ചതാണോ?"
എടുത്തുചാട്ടങ്ങളും പൊലിയുന്ന സ്വപ്നങ്ങളും:
നമ്മുടെ നാട്ടിലെ പൊതുവായ ഒരു പ്രവണതയുണ്ട്. പത്താം ക്ലാസിൽ നല്ല മാർക്ക് കിട്ടിയാൽ ഉടനെ സയൻസ് എടുക്കുക, സയൻസ് എടുത്താൽ സ്വാഭാവികമായും എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ എൻട്രൻസിന് തയ്യാറെടുക്കുക. അയൽപക്കത്തെ കുട്ടിയോ ബന്ധുക്കളുടെ മക്കളോ എന്ത് ചെയ്യുന്നു എന്ന് നോക്കി സ്വന്തം കുട്ടിയുടെ ഭാവിയും തീരുമാനിക്കുന്ന മാതാപിതാക്കൾ ഇന്നും ധാരാളമാണ്. ഈ ഒരു സമ്മർദ്ദത്തിന്റെ പുറത്ത്, സ്വന്തം താല്പര്യങ്ങൾ എന്താണെന്ന് പോലുമറിയാതെ ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വർഷവും ഈ എലിപ്പന്തയത്തിൽ (Rat race) പങ്കുചേരുന്നത്.
ഒരു പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ കിട്ടുക എന്നത് വലിയൊരു നേട്ടം തന്നെയാണ്. അതിലെ അക്കാദമിക് നിലവാരവും, അവിടെ ലഭിക്കുന്ന എക്സ്പോഷറും, പ്ലേസ്മെന്റ് അവസരങ്ങളും ലോകോത്തരമാണ്. പക്ഷെ, ആ കോഴ്സിലേക്ക് പ്രവേശനം നേടുന്ന ഒരു കുട്ടിക്ക് ആ വിഷയത്തിൽ യാതൊരു അഭിരുചിയുമില്ലെങ്കിലോ? അങ്ങനെയെങ്കിൽ ആ സ്ഥാപനത്തിലെ പഠനം വലിയൊരു മാനസിക പീഡനമായി മാറും. ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദവും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ (Dropouts) എണ്ണവും നമ്മോട് പറയുന്ന യാഥാർത്ഥ്യം അതാണ്. ലക്ഷങ്ങൾ മുടക്കി, വർഷങ്ങളോളം ഉറക്കമൊഴിച്ച് പഠിച്ച് ഒരു പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയിട്ടും, "ഇതല്ല എന്റെ വഴി" എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന നിരാശ വളരെ വലുതാണ്. ഈ ഒരു അവസ്ഥ ഒഴിവാക്കാനാണ് എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കും മുൻപ് കൃത്യമായ സ്വയം വിലയിരുത്തൽ (Self-assessment) നടത്തേണ്ടത് അത്യാവശ്യമായി മാറുന്നത്.
സ്കോപ്പ് (Scope) എന്ന കോപ്പ്:
"ഏത് കോഴ്സിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സ്കോപ്പ് ഉള്ളത്?" - കരിയർ ഗൈഡൻസ് മേഖലയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു ചോദ്യമാണിത്. എന്നാൽ സത്യത്തിൽ കോഴ്സുകൾക്കല്ല, വ്യക്തികൾക്കാണ് സ്കോപ്പ് ഉള്ളത്. പത്ത് വർഷം മുൻപ് കമ്പ്യൂട്ടർ സയൻസിന് വലിയ സ്കോപ്പ് ആണെന്ന് കരുതി ആ കോഴ്സ് എടുത്ത, എന്നാൽ കോഡിങ്ങിനോട് യാതൊരു താല്പര്യവുമില്ലാത്ത പലരും ഇന്ന് ആ മേഖലയിൽ ശോഭിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. അതേസമയം, വലിയ 'സ്കോപ്പ്' ഒന്നുമില്ല എന്ന് പലരും എഴുതിത്തള്ളിയ ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഫൈൻ ആർട്സ് വിഷയങ്ങൾ തിരഞ്ഞെടുത്ത്, അതിൽ അഗാധമായ താല്പര്യത്തോടെ പഠിച്ചവർ ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുമുണ്ട്.
ഒരു കോഴ്സിന് സ്കോപ്പ് ഉണ്ടോ എന്ന് തീരുമാനിക്കുന്നത് മാർക്കറ്റിലെ താൽക്കാലിക ട്രെൻഡുകൾ അല്ല. ആ മേഖലയോട് നിങ്ങൾക്ക് എത്രത്തോളം താല്പര്യമുണ്ട്, അതിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ നിങ്ങൾ എത്രത്തോളം തയ്യാറാണ്, ആ ജോലിയുടെ സ്വഭാവം നിങ്ങളുടെ വ്യക്തിത്വവുമായി എത്രത്തോളം ചേർന്നുപോകുന്നു എന്നീ കാര്യങ്ങളാണ് നിങ്ങളുടെ വിജയം തീരുമാനിക്കുന്നത്. അതിനാൽ കോഴ്സുകളുടെ സ്കോപ്പ് അന്വേഷിച്ച് പോകുന്നതിന് പകരം, സ്വന്തം കഴിവുകളുടെയും അഭിരുചികളുടെയും സ്കോപ്പ് കണ്ടെത്താനാണ് ഒരു വിദ്യാർത്ഥി ആദ്യം ശ്രമിക്കേണ്ടത്.
എന്താണ് അഭിരുചി അഥവാ ആപ്റ്റിറ്റ്യൂഡ് (Aptitude)?:
അഭിരുചി എന്ന വാക്ക് നമ്മൾ പലപ്പോഴും കേൾക്കാറുണ്ടെങ്കിലും അതിന്റെ യഥാർത്ഥ അർത്ഥം പലർക്കും വ്യക്തമല്ല. ഒരു വ്യക്തിക്ക് ഒരു പ്രത്യേക മേഖലയിൽ ശോഭിക്കാനും, ആ മേഖലയിലെ നൈപുണ്യങ്ങൾ (Skills) വേഗത്തിൽ സ്വായത്തമാക്കാനുമുള്ള സ്വാഭാവികമായ കഴിവിനെയാണ് അഭിരുചി എന്ന് പറയുന്നത്. താല്പര്യവും (Interest) അഭിരുചിയും ഒന്നല്ല. നിങ്ങൾക്ക് ക്രിക്കറ്റ് കളി കാണാൻ വലിയ താല്പര്യമായിരിക്കാം, ക്രിക്കറ്റ് കളിക്കാരുടെ വിവരങ്ങൾ എല്ലാം നിങ്ങൾക്ക് കാണാപാഠമായിരിക്കാം. എന്നാൽ അതുകൊണ്ട് മാത്രം നിങ്ങൾക്ക് മികച്ച ഒരു ക്രിക്കറ്റ് കളിക്കാരൻ ആകാൻ സാധിക്കണമെന്നില്ല. അവിടെയാണ് അഭിരുചിയുടെ പങ്ക് വരുന്നത്. കണ്ണിന്റെയും കൈകളുടെയും ഏകോപനം (Hand-eye coordination), ശാരീരികക്ഷമത, പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ചേരുമ്പോഴാണ് അതൊരു കായിക അഭിരുചിയായി മാറുന്നത്.
ഇതുപോലെ തന്നെയാണ് പഠനത്തിന്റെ കാര്യത്തിലും. ഒരാൾക്ക് യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണാനും അറിയാനും വലിയ താല്പര്യമുണ്ടാകാം. പക്ഷെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കണമെങ്കിൽ നല്ല സ്പേഷ്യൽ റീസണിംഗ് (Spatial Reasoning) സ്കില്ലും, ഗണിതശാസ്ത്രപരമായ കഴിവും ആവശ്യമാണ്. ഇവ രണ്ടും ഇല്ലാത്ത ഒരാൾ താല്പര്യത്തിന്റെ മാത്രം പുറത്ത് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്താൽ പഠനം ദുഷ്കരമാകും. അതിനാൽ താല്പര്യങ്ങളെ അഭിരുചിയുമായി ചേർത്ത് വായിക്കാൻ നമുക്ക് കഴിയണം.
ശാസ്ത്രീയമായ അഭിരുചി പരീക്ഷകൾ (Psychometric/Aptitude Tests):
സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിയാൻ പലർക്കും സ്വയം കഴിഞ്ഞെന്നിരിക്കില്ല. അവിടെയാണ് ശാസ്ത്രീയമായി തയ്യാറാക്കിയ അഭിരുചി പരീക്ഷകളുടെ പ്രസക്തി. ഇത്തരം പരീക്ഷകൾ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അളക്കുന്നത്:
-
വ്യക്തിത്വം (Personality): ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്തമാണ്. ചിലർ പൊതുവെ അന്തർമുഖരായിരിക്കും (Introverts), അവർക്ക് ഒറ്റക്കിരുന്ന് ചെയ്യുന്ന ഗവേഷണങ്ങളോ കോഡിങ്ങോ എഴുത്തോ ഒക്കെയാകും കൂടുതൽ അനുയോജ്യം. എന്നാൽ മറ്റു ചിലർക്ക് ആളുകളുമായി ഇടപഴകാനും സംസാരിക്കാനും വലിയ താല്പര്യമായിരിക്കും (Extroverts). അവർക്ക് മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളാകും കൂടുതൽ ഇണങ്ങുക.
2. താല്പര്യങ്ങൾ (Interests): ഒരു വ്യക്തിയുടെ താല്പര്യങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിക്കുന്ന പല തിയറികളും ഉണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ജോൺ ഹോളണ്ടിന്റെ തിയറി (Holland Code/RIASEC). ഇതിൽ വ്യക്തികളെ റിയലിസ്റ്റിക് (R), ഇൻവെസ്റ്റിഗേറ്റീവ് (I), ആർട്ടിസ്റ്റിക് (A), സോഷ്യൽ (S), എന്റർപ്രൈസിങ് (E), കൺവെൻഷണൽ (C) എന്നിങ്ങനെ ആറായി തിരിച്ചിരിക്കുന്നു. ഈ കോഡുകൾ മനസ്സിലാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യമായ കരിയർ ക്ലസ്റ്ററുകൾ കണ്ടെത്താൻ സാധിക്കും.
-
കഴിവുകൾ (Aptitudes): സംഖ്യാശേഷി (Numerical Ability), ഭാഷാപരമായ കഴിവ് (Verbal Ability), ലോജിക്കൽ റീസണിംഗ് (Logical Reasoning), സ്പേഷ്യൽ എബിലിറ്റി (Spatial Ability), മെക്കാനിക്കൽ റീസണിംഗ് തുടങ്ങിയ വ്യത്യസ്ത കഴിവുകളിൽ ഒരു വ്യക്തി ഏത് നിലവാരത്തിലാണെന്ന് കണ്ടെത്താൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ സഹായിക്കും. (ഉദാഹരണത്തിന് സിജിയുടെ CDAT പോലെയുള്ള ടൂളുകൾ ഈ മേഖലയിൽ വളരെ ഫലപ്രദമായി ഉപയോഗിക്കുന്നവയാണ്).
ഇന്ന് ഇന്റർനെറ്റിൽ സൗജന്യമായി ലഭിക്കുന്ന ഒട്ടനവധി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ ഉണ്ട്. എന്നാൽ അവയിൽ പലതും ശാസ്ത്രീയമായി വാലിഡേറ്റ് ചെയ്യപ്പെട്ടവയല്ല. അതിനാൽ വിശ്വസ്തരായ, അംഗീകൃത കരിയർ കൗൺസിലർമാരുടെയോ സൈക്കോളജിസ്റ്റുകളുടെയോ നേതൃത്വത്തിൽ ഇത്തരം പരീക്ഷകൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ടെസ്റ്റ് റിസൾട്ട് കയ്യിൽ കിട്ടുന്നത് മാത്രമല്ല, അത് കൃത്യമായി വ്യാഖ്യാനിക്കുകയും അതിനനുസരിച്ചുള്ള വഴികൾ കാണിച്ചുതരികയും ചെയ്യുക എന്നതാണ് ഒരു വിദഗ്ദ്ധനായ കൗൺസിലർ ചെയ്യുന്നത്.
എൻട്രൻസ് പരീക്ഷകൾക്ക് മുൻപ് ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ:
ഒരു പ്രീമിയർ സ്ഥാപനത്തിലേക്കുള്ള എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് മുൻപ് ഓരോ വിദ്യാർത്ഥിയും താഴെ പറയുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്:
-
ഘട്ടം 1: സ്വയം കണ്ടെത്തൽ (Self-Discovery)
പഠിക്കാൻ ഏറ്റവും ഇഷ്ടമുള്ള വിഷയങ്ങൾ ഏതാണ്? ഏത് ജോലിയാണ് ഞാൻ ചെയ്യുമ്പോൾ സമയം പോകുന്നതറിയാത്തത്? എന്റെ കഴിവുകേടുകൾ എന്തൊക്കെയാണ്? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുക. സുഹൃത്തുക്കളോടും മാതാപിതാക്കളോടും അധ്യാപകരോടും നിങ്ങളെപ്പറ്റി സംസാരിക്കുക. അവർ നിങ്ങളിൽ കാണുന്ന കഴിവുകൾ എന്താണെന്ന് ചോദിച്ചറിയുക.
-
ഘട്ടം 2: ശാസ്ത്രീയമായ വിലയിരുത്തൽ (Scientific Evaluation)
മുകളിൽ പറഞ്ഞത് പോലെ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ കൃത്യമായ ഒരു ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ചെയ്യുക. നിങ്ങളുടെ വ്യക്തിത്വവും താല്പര്യങ്ങളും കഴിവുകളും ഏത് കരിയർ മേഖലയുമായാണ് ഏറ്റവും ചേർന്നുനിൽക്കുന്നത് എന്ന് മനസ്സിലാക്കുക.
-
ഘട്ടം 3: കരിയർ എക്സ്പ്ലൊറേഷൻ (Career Exploration)
നിങ്ങൾക്ക് അനുയോജ്യമായ ചില കരിയർ ഓപ്ഷനുകൾ കണ്ടെത്തിക്കഴിഞ്ഞാൽ, ആ മേഖലകളെക്കുറിച്ച് കൂടുതൽ പഠിക്കുക. ഉദാഹരണത്തിന്, ഒരു ഡാറ്റാ സയന്റിസ്റ്റ് ആകാനാണ് നിങ്ങളുടെ ആപ്റ്റിറ്റ്യൂഡ് കാണിക്കുന്നതെങ്കിൽ, എന്താണ് ഡാറ്റാ സയൻസ് എന്നും, അവിടെ ജോലി ചെയ്യുന്നവരുടെ ഒരു ശരാശരി ദിവസം എങ്ങനെയായിരിക്കും എന്നും അന്വേഷിക്കുക. സാധ്യമെങ്കിൽ ആ ഫീൽഡിലുള്ള വ്യക്തികളുമായി സംസാരിക്കുക. പുറത്ത് നിന്ന് കാണുന്ന ഗ്ലാമർ ആയിരിക്കില്ല പല ജോലികൾക്കും ഉള്ളിൽ ചെന്നാൽ ഉണ്ടാകുക. ഒരു ഡോക്ടറുടെ ജീവിതം എപ്പോഴും വെള്ളക്കോട്ടിട്ട് സ്റ്റെതസ്കോപ്പുമായി നടക്കുന്ന ഗ്ലാമർ മാത്രമല്ല, ഉറക്കമൊഴിച്ചുള്ള നൈറ്റ് ഡ്യൂട്ടികളും, രോഗികളുടെ മരണവും, വലിയ മാനസിക സമ്മർദ്ദങ്ങളും നിറഞ്ഞതാണ്. ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി വേണം ഒരു കരിയർ തിരഞ്ഞെടുക്കാൻ.
-
ഘട്ടം 4: കോഴ്സ് തിരഞ്ഞെടുക്കൽ (Course Selection)
ലക്ഷ്യസ്ഥാനം (കരിയർ) തീരുമാനിച്ചു കഴിഞ്ഞാൽ അവിടേക്കെത്താനുള്ള വഴികൾ (കോഴ്സുകൾ) അന്വേഷിക്കുക. ഒരു കരിയറിലേക്ക് എത്തിച്ചേരാൻ പലപ്പോഴും ഒന്നിലധികം വഴികൾ ഉണ്ടാകും. ഉദാഹരണത്തിന്, സൈക്കോളജിസ്റ്റ് ആകാൻ താല്പര്യമുള്ള ഒരാൾക്ക് പ്ലസ് ടുവിന് സയൻസ് എടുത്തും ഹ്യുമാനിറ്റീസ് എടുത്തും മുന്നോട്ട് പോകാം. നിങ്ങളുടെ ലക്ഷ്യത്തിന് ഏറ്റവും അനുയോജ്യമായ ബിരുദ കോഴ്സുകൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക.
-
ഘട്ടം 5: സ്ഥാപനങ്ങളും പ്രവേശന പരീക്ഷകളും (Institutions and Entrance Exams)
നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സുകൾ ഏറ്റവും മികച്ച രീതിയിൽ നൽകുന്ന ഇന്ത്യയിലെയും വിദേശത്തെയും പ്രീമിയർ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ലിസ്റ്റ് ചെയ്യുക. അവിടെ പ്രവേശനം നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria) എന്തൊക്കെയാണെന്നും, ഏത് എൻട്രൻസ് പരീക്ഷയാണ് എഴുതേണ്ടതെന്നും മനസ്സിലാക്കുക. സിലബസ്, പരീക്ഷാ രീതി, നെഗറ്റീവ് മാർക്കിംഗ് സിസ്റ്റം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക.
-
ഘട്ടം 6: തയ്യാറെടുപ്പ് (Preparation)
ഇത്രയും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം എൻട്രൻസ് പരിശീലനം തുടങ്ങുക. ഇങ്ങനെ വ്യക്തമായ ലക്ഷ്യത്തോടെ പഠിക്കാൻ തുടങ്ങുമ്പോൾ, പഠനത്തിലുള്ള നിങ്ങളുടെ ഫോക്കസ് വളരെ വലുതായിരിക്കും. എത്ര പ്രതിസന്ധികൾ വന്നാലും അതിജീവിക്കാനുള്ള ഊർജ്ജം ആ ലക്ഷ്യം നിങ്ങൾക്ക് നൽകും. "എന്തുകൊണ്ട് ഞാൻ ഇത് പഠിക്കുന്നു?" എന്ന ചോദ്യത്തിന് നിങ്ങൾക്ക് കൃത്യമായ ഉത്തരം ഉള്ളതുകൊണ്ട് തന്നെ, കോച്ചിംഗ് സെന്ററുകളിലെ സമ്മർദ്ദം നിങ്ങളെ തളർത്തില്ല.
പ്രിയപ്പെട്ട മാതാപിതാക്കൾ അറിയാൻ:
കുട്ടികളുടെ കരിയർ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത് മാതാപിതാക്കളാണ്. പലപ്പോഴും തങ്ങൾക്ക് സാധിക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നവരുണ്ട്. "ഞാൻ ഒരു ഡോക്ടർ ആകാൻ ആഗ്രഹിച്ചു, പക്ഷെ കഴിഞ്ഞില്ല, അതുകൊണ്ട് എന്റെ മകൻ ഡോക്ടർ ആകണം" എന്ന ചിന്ത വളരെ തെറ്റാണ്. നിങ്ങളുടെ കുട്ടികൾ നിങ്ങളല്ല. അവരുടെ സ്വപ്നങ്ങളും കഴിവുകളും തികച്ചും വ്യത്യസ്തമാണ്.
മറ്റൊരു പ്രധാന പ്രശ്നം താരതമ്യപ്പെടുത്തലാണ്. "അവന്റെ മോൻ ഐ.ഐ.ടിയിൽ പോയില്ലേ, നീയും അവിടെത്തന്നെ പോകണം" എന്ന് പറയുന്നതിന് മുൻപ്, നിങ്ങളുടെ കുട്ടിക്ക് അതിനുള്ള അഭിരുചി ഉണ്ടോ എന്ന് ചിന്തിക്കുക. ചില കുട്ടികൾക്ക് പുസ്തകങ്ങളിലെ തിയറികൾ പഠിക്കാൻ വലിയ താല്പര്യമുണ്ടാകില്ല, എന്നാൽ അവർ മികച്ച കലാകാരന്മാരോ, കായികതാരങ്ങളോ, അല്ലെങ്കിൽ ഡിസൈനർമാരോ ആകാം. ഇന്നത്തെ കാലത്ത് ഇത്തരം മേഖലകളിലും വലിയ സാധ്യതകളുണ്ട്. എൻ.ഐ.ഡി (NID) പോലെയുള്ള ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ, മികച്ച ആർക്കിടെക്ചർ കോളേജുകളിലോ പ്രവേശനം ലഭിച്ചാൽ എഞ്ചിനീയറിംഗിനേക്കാൾ മികച്ച ഭാവിയുണ്ടാക്കാൻ അവർക്ക് സാധിക്കും. അതിനാൽ കുട്ടികളുടെ കഴിവുകളെ തുറന്ന മനസ്സോടെ അംഗീകരിക്കുകയും, അവർക്ക് അനുയോജ്യമായ വഴികൾ തിരഞ്ഞെടുക്കാൻ പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
പുതിയ കാലം, പുതിയ വഴികൾ, പുതിയ അവസരങ്ങൾ:
നമ്മുടെ വിദ്യാഭ്യാസ മേഖല വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമാണിത്. നിർമിത ബുദ്ധി (AI), ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ തൊഴിൽ മേഖലയെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. പരമ്പരാഗത എഞ്ചിനീയറിംഗ്, മെഡിക്കൽ കരിയറുകൾക്കപ്പുറം വലിയൊരു ലോകം ഇന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുകിടപ്പുണ്ട്. ലിബറൽ ആർട്സ് (Liberal Arts) കോഴ്സുകൾക്ക് ഇന്ന് വലിയ ഡിമാൻഡ് ഉണ്ട്. അശോക യൂണിവേഴ്സിറ്റി, ക്രിയ യൂണിവേഴ്സിറ്റി, ഫ്ലേയിം യൂണിവേഴ്സിറ്റി പോലെയുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സയൻസും ഹ്യുമാനിറ്റീസും ആർട്സും ഒരുമിച്ച് പഠിക്കാനുള്ള അവസരമുണ്ട്. നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) നടപ്പിലാകുന്നതോടെ ഇത്തരം ഇന്റർ ഡിസിപ്ലിനറി (Interdisciplinary) പഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും.
അതിനാൽ, നിങ്ങളുടെ അഭിരുചികൾ ചിലപ്പോൾ ഒരൊറ്റ ഫീൽഡിൽ ഒതുങ്ങുന്നതായിരിക്കില്ല. നിങ്ങൾക്ക് ഗണിതത്തിലും താല്പര്യമുണ്ടാകാം, സംഗീതത്തിലും താല്പര്യമുണ്ടാകാം. ഇവ രണ്ടും സംയോജിപ്പിക്കാൻ കഴിയുന്ന കരിയറുകൾ ഇന്ന് ലഭ്യമാണ് (ഉദാഹരണത്തിന് മ്യൂസിക് ടെക്നോളജി അല്ലെങ്കിൽ സൗണ്ട് എഞ്ചിനീയറിംഗ്). സ്വയം മനസ്സിലാക്കുന്നതിലൂടെ ഇത്തരം സാധ്യതകളെല്ലാം നിങ്ങൾക്ക് മുൻപിൽ തെളിഞ്ഞുവരും.
പരാജയങ്ങൾ അവസാനമല്ല:
കൃത്യമായ അഭിരുചി തിരിച്ചറിഞ്ഞ് ഒരു പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ എൻട്രൻസിന് തയ്യാറെടുക്കുന്ന എല്ലാ കുട്ടികൾക്കും അവിടെ അഡ്മിഷൻ ലഭിക്കണം എന്നില്ല. ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികൾ മത്സരിക്കുന്ന പരീക്ഷകളിൽ വിജയശതമാനം വളരെ കുറവാണ്. അത്തരം ഘട്ടങ്ങളിൽ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ ലക്ഷ്യം ഒരു മികച്ച എഞ്ചിനീയർ ആകുക എന്നതാണെങ്കിൽ, ഐ.ഐ.ടിയിൽ കിട്ടിയില്ലെങ്കിലും മറ്റു മികച്ച യൂണിവേഴ്സിറ്റികളിലോ സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലോ പഠിച്ച് നിങ്ങൾക്ക് ആ ലക്ഷ്യത്തിൽ എത്താൻ സാധിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഫാക്കൽറ്റികളുമുള്ള നിരവധി കോളേജുകൾ നമുക്ക് ചുറ്റുമുണ്ട്. അവിടെ പഠിച്ചാലും നിങ്ങളുടെ അഭിരുചിയും കഠിനാധ്വാനവുമുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിൽ ജോലിക്കെത്താനോ അല്ലെങ്കിൽ നിങ്ങളുടേതായ ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനോ നിങ്ങൾക്ക് സാധിക്കും.
കോഴ്സുകളും കോളേജുകളും നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള വാഹനങ്ങൾ മാത്രമാണ്. വണ്ടി ഏതായാലും, അത് ഓടിക്കുന്ന ആളുടെ കഴിവും ഡ്രൈവിങ്ങിലുള്ള താല്പര്യവുമാണ് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്താൻ സഹായിക്കുന്നത്.
ചുരുക്കത്തിൽ മക്കളോടെനിക്ക് പറയാനുള്ളത്:
പതിനായിരങ്ങൾ മുടക്കി എൻട്രൻസ് കോച്ചിങ്ങിന് ചേരും മുൻപ്, മാസങ്ങളോളം മുറിയിലടച്ചിരുന്ന് രാപ്പകൽ ഇല്ലാതെ പഠിക്കും മുൻപ്, ഒരല്പനേരം സ്വസ്ഥമായിരുന്ന് സ്വയം വിലയിരുത്തുക. "ഞാൻ ആരാണ്? എന്റെ കഴിവുകൾ എന്തൊക്കെയാണ്? എനിക്ക് എന്ത് ചെയ്യാനാണ് യഥാർത്ഥത്തിൽ ആഗ്രഹം?" എന്ന് സ്വയം ചോദിക്കുക. ശാസ്ത്രീയമായ വിലയിരുത്തലുകൾ നടത്തുക. വിശ്വസ്തരായ കരിയർ ഗൈഡൻസ് മെന്റർമാരോട് സംസാരിക്കുക. എന്നിട്ട് ഒരു തീരുമാനത്തിൽ എത്തുക. ആ തീരുമാനം പൂർണ്ണമായും നിങ്ങളുടേതായിരിക്കണം. കാരണം, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ചതും ഫലപ്രദവുമായ നിക്ഷേപം എന്നത് നിങ്ങളെത്തന്നെ മനസ്സിലാക്കുക എന്നതാണ്. സ്വയം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഏതൊരു യാത്രയും വിജയത്തിലേക്കുള്ള പടവുകളാണ്. ഓർക്കുക, നാം മറ്റാരുമാകേണ്ടതില്ല, നമ്മുടെ ഏറ്റവും മികച്ച പതിപ്പായി (Best version of ourselves) മാറിയാൽ മതി. കരിയർ എന്നത് ഒരു ജീവിതകാലം മുഴുവൻ നീളുന്ന യാത്രയാണ്, ആ യാത്ര ആസ്വദിച്ച് മുന്നോട്ട് പോകാൻ നിങ്ങളുടെ അഭിരുചിക്കിണങ്ങിയ വഴി തന്നെ തിരഞ്ഞെടുക്കുക. അത് മാത്രമാണ് സംതൃപ്തമായ ഒരു പ്രൊഫഷണൽ ജീവിതത്തിനുള്ള ഏക താക്കോൽ.
Article By: Mujeebulla K.M
CIGI Career Team