×
06 October 2026
0

വിളക്കുമരത്തിന് മുപ്പതാണ്ട്: നിശബ്ദമായി കൊളുത്തിയ ഒരാശയം ലക്ഷങ്ങളുടെ തലവര മാറ്റിയ കഥ!

നവംബറുകൾ എപ്പോഴും നഷ്ടങ്ങളുടെയും കൊഴിഞ്ഞുപോക്കുകളുടെയും കാലമാണെന്നാണ് നമ്മളിൽ പലരും പറയാറുള്ളത്. മഞ്ഞുപെയ്യുന്ന ആ മാസത്തിന് അങ്ങനെയൊരു വിഷാദഛായ കവികളൊക്കെ കൊടുത്തിട്ടുമുണ്ട്. എന്നാൽ കൃത്യം മുപ്പത് വർഷങ്ങൾക്കിപ്പുറം നിൽക്കുമ്പോൾ, ആ നവംബറിനെ നമുക്ക് വിളിക്കാൻ തോന്നുക 'വസന്തങ്ങളുടെ തുടക്കം' എന്നാണ്. കാരണം, അങ്ങനെയൊരു നവംബറിലാണ് കേരളത്തിന്റെ വിദ്യാഭ്യാസ-സാമൂഹിക ചരിത്രത്തിൽ പുതിയൊരു ദിശാസൂചിക തീർത്ത സിജി (CIGI - Centre for Information and Guidance India) എന്ന കൊച്ചു കൂട്ടായ്മയുടെ പിറവി. 1996-ൽ ഒരു ചെറിയ ചിന്തയായി തുടങ്ങി, 2026-ൽ എത്തിനിൽക്കുമ്പോൾ മുപ്പതാണ്ടിന്റെ നിറവിലേക്ക് പടർന്നു പന്തലിച്ച ഒരു മഹാവൃക്ഷത്തിന്റെ കഥയാണിത്.

അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സമൂഹത്തെ കൈപിടിച്ചു നടത്താൻ അന്ന് മുന്നിൽ നിന്നത് പ്രൊഫ. ഡോ. കെ.എം. അബൂബക്കർ സാഹിബ് എന്ന നമ്മുടെ പ്രിയപ്പെട്ട ഡോക്ടർ കെ.എം.എ ആയിരുന്നു. ബഹളങ്ങളോ ആരവങ്ങളോ ഇല്ലാതെ, വളരെ നിശബ്ദമായി അദ്ദേഹം കൊളുത്തിവിട്ട ഒരു ചെറിയ പ്രകാശമാണ് ഇന്ന് നാട്ടിലും മറുനാട്ടിലുമായി ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ വെട്ടം പരത്തി പരിലസിക്കുന്നത്.

ഇന്ന് ഡോക്ടർ കെ.എം.എ നമ്മോടൊപ്പമില്ല. എറണാകുളം നായരമ്പലം പള്ളി ഖബർസ്ഥാനിലെ ആറടി മണ്ണിൽ അദ്ദേഹം ബർസഖീ ജീവിതം നയിക്കുകയാണ്. പക്ഷേ ഒന്നാലോചിച്ചു നോക്കൂ, ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും മികച്ച ക്യാമ്പസുകളിലിരുന്ന് ഒരു സാധാരണക്കാരന്റെ കുട്ടി പഠിക്കുമ്പോൾ, അവൻ അറിഞ്ഞോ അറിയാതെയോ ഉരുവിടുന്ന നന്ദിയുടെ വാക്കുകൾ, ആ കുടുംബത്തിന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥനകൾ... അതെല്ലാം ഒരു തെന്നൽ പോലെ നായരമ്പലത്തെ ആ ഖബറിലേക്ക് എത്തുന്നുണ്ടാവില്ലേ? തീർച്ചയായും ഉണ്ടാവും! കാരണം, ഒരു മനുഷ്യൻ മരിച്ചാലും അയാളുടെ നന്മകൾ ബാക്കിയാവുന്നത് ഇങ്ങനെയൊക്കെയാണ്; അയാൾ പകർന്നു നൽകിയ അറിവുകളിലൂടെയും വഴികാട്ടിയ ജീവിതങ്ങളിലൂടെയുമാണ്.

കുഗ്രാമങ്ങളിൽ നിന്ന് ആഗോള ക്യാമ്പസുകളിലേക്കുള്ള പാലം:

മുപ്പത് വർഷം മുമ്പത്തെ നമ്മുടെ നാട്ടിൻപുറങ്ങളൊന്ന് ഓർത്തുനോക്കൂ. എസ്.എസ്.എൽ.സിയോ പ്രീഡിഗ്രിയോ കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നിരുന്ന ഒരു തലമുറയായിരുന്നു അന്ന്. ഒന്നുകിൽ ഡോക്ടർ, അല്ലെങ്കിൽ എഞ്ചിനീയർ, അതുമല്ലെങ്കിൽ കിട്ടുന്ന ഏതെങ്കിലും ഒരു ഡിഗ്രിക്ക് ചേരുക—ഇതിനപ്പുറത്തേക്ക് ചിന്തിക്കാൻ സാധാരണക്കാരന് പേടിയായിരുന്നു, അല്ലെങ്കിൽ അറിവില്ലായിരുന്നു. അവിടെയാണ് സിജി ഒരു തിരുത്തൽ ശക്തിയായി മാറിയത്.

വഴിയറിയാതെ നിന്ന പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും മക്കളുടെ തോളിൽ തട്ടി സിജി പറഞ്ഞു: "നിങ്ങൾക്കും സ്വപ്നം കാണാം, ആകാശത്തോളം വളരാം!" വെറുതെ മോട്ടിവേഷൻ കൊടുത്തു വിടുകയല്ല ചെയ്തത്. നമ്മുടെ കുഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെ ഇന്ത്യയിലെ പ്രീമിയർ സ്ഥാപനങ്ങളായ ഐ.ഐ.ടികളിലേക്കും, എയിംസിലേക്കും, സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കും, വിദേശത്തെ പ്രീമിയം സർവ്വകലാശാലകളിലേക്കും കൈപിടിച്ചുയർത്തി. പണമില്ലാത്തതിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്ന നിർബന്ധമുള്ളതുകൊണ്ട്, കോടികളുടെ സ്കോളർഷിപ്പുകളിലേക്കുള്ള വഴികൾ അവർക്ക് മുന്നിൽ തുറന്നിട്ടു കൊടുത്തു. ഇന്ന് ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് സാധാരണക്കാരന്റെ മക്കൾ ഫുൾ സ്കോളർഷിപ്പോടെ ഗവേഷണം നടത്തുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ സിജി നീട്ടിയ ആ ചെറിയ കൈയ്യുടെ വലിയ കരുതലുണ്ട്.

അറിവിന്റെ 'മൈനിങ്ങും' എ.ഐ കാലത്തെ കരിയർ ചിന്തകളും:

എന്തുകൊണ്ടാണ് സിജി പറയുമ്പോൾ നമ്മുടെ സമൂഹം ഇത്രയധികം ചെവികൊടുക്കുന്നത്? ഉത്തരം സിമ്പിളാണ്—കാലത്തിനൊപ്പം, ചിലപ്പോൾ കാലത്തിനും ഒരടി മുന്നേ സഞ്ചരിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയുന്നു എന്നതുതന്നെ.

പരമ്പരാഗത കരിയറുകളെപ്പറ്റി (Conventional Careers) പറയുമ്പോൾ തന്നെ, വരാനിരിക്കുന്ന കാലത്തിന്റെ കരിയറുകളെപ്പറ്റിയും (Futuristic Careers) സിജി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിക്ക് ജോലി കിട്ടുക എന്നതിലപ്പുറം, നമ്മുടെ സമൂഹത്തിനും രാജ്യത്തിനും ഇന്ന് എന്താണ് ആവശ്യം? നയരൂപീകരണ മേഖലകളിലും ഗവേഷണ രംഗങ്ങളിലും നമ്മുടെ കുട്ടികൾ എങ്ങനെ എത്തണം? ഇത്തരം വലിയ ചോദ്യങ്ങളിലേക്കാണ് സിജി വിരൽ ചൂണ്ടുന്നത്.

വെറുതെ പത്തോ ഇരുപതോ കോഴ്സുകളുടെ പേര് കാണാതെ പഠിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന രീതിയല്ല ഇത്. അറിവുകളെ ആഴത്തിൽ കുഴിച്ചെടുത്ത്—ശരിക്കും പറഞ്ഞാൽ 'നോളജ് മൈനിങ്' (Knowledge Mining) നടത്തി—നിരന്തരം അപ്‌ഡേഷനുകൾ വരുത്തിയാണ് ഓരോ വിവരവും ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോൾ, എ.ഐയുടെ സാധ്യതകൾ എന്തൊക്കെയാണെന്നും, അതിന്റെ വരുംവരായ്കകൾ എന്താണെന്നും മാത്രമല്ല, നിർമിതബുദ്ധിക്കും അപ്പുറത്തേക്ക് (Beyond AI) മനുഷ്യന്റെ സർഗ്ഗാത്മകതയും ബുദ്ധിയും എങ്ങനെ ഉപയോഗപ്പെടുത്താം എന്നുവരെ സിജി കൃത്യമായി വരച്ചുകാണിക്കുന്നു.

ലോകം മുഴുവൻ നീളുന്ന അറിവിന്റെ ചങ്ങല:

ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം ഇതിലെ മനുഷ്യരുടെ ഡെഡിക്കേഷനാണ്. തുടക്കകാലത്ത് വിരലിലെണ്ണാവുന്ന ആളുകളായിരുന്നു കരിയർ ഗൈഡുകളായി ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് ചിത്രം ആകെ മാറി. കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഗൾഫ് നാടുകളിലുമൊക്കെയായി ലോകത്തിന്റെ ഒട്ടുമിക്ക കോണുകളിലും ഇന്ന് സിജിയുടെ പരിശീലനം നേടിയ നൂറുകണക്കിന് കരിയർ ഗൈഡുമാരുണ്ട്.

സ്വന്തം ജോലിയും തിരക്കുകളും മാറ്റിവെച്ച്, പ്രതിഫലം പോലും ആഗ്രഹിക്കാതെ സമൂഹത്തിന് വേണ്ടി സമയം മാറ്റിവെക്കുന്ന ഈ ഗൈഡുമാർ ഒരു വലിയ ചങ്ങല പോലെയാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ഒരറ്റത്ത് പുതിയൊരു പഠനസാധ്യതയോ സ്കോളർഷിപ്പോ തെളിഞ്ഞാൽ, നിമിഷനേരം കൊണ്ട് ആ അറിവ് ചങ്ങലയുടെ മറ്റേ അറ്റത്തേക്ക് പ്രവഹിക്കും. പരസ്പരം അറിവുകൾ പങ്കുവെച്ചും, നിരന്തരം പഠിച്ചും സ്വയം അപ്‌ഡേറ്റാവാൻ ഈ ശൃംഖല ഓരോരുത്തരെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ കാച്ചിക്കുറുക്കിയെടുക്കുന്ന ഏറ്റവും പുതിയ അറിവുകളാണ് സാധാരണക്കാരായ രക്ഷിതാക്കളിലേക്കും, ആശങ്കയോടെ നിൽക്കുന്ന വിദ്യാർത്ഥികളിലേക്കും, അവരെ നയിക്കുന്ന അധ്യാപകരിലേക്കും എത്തിച്ചുകൊടുക്കുന്നത്.

വെറും കരിയർ ഗൈഡിങ്ങിൽ ഒതുങ്ങുന്നതല്ല സിജിയുടെ സേവനങ്ങൾ...:

സിജി എന്നാൽ പ്ലസ് ടു കഴിഞ്ഞാൽ എന്ത് പഠിക്കണം എന്ന് പറഞ്ഞുതരുന്ന ഒരിടം മാത്രമാണെന്ന് കരുതിയാൽ തെറ്റി. കരിയർ ഗൈഡിങ് എന്നത് സിജിയുടെ വലിയൊരു മുഖമാണെങ്കിലും, മനുഷ്യന്റെയും സമൂഹത്തിന്റെയും സമഗ്രമായ വളർച്ച ലക്ഷ്യമിട്ടുള്ള നൂറുകണക്കിന് മറ്റ് പ്രവർത്തനങ്ങൾ ഈ കുടക്കീഴിൽ നടക്കുന്നുണ്ട്:

  • ശാസ്ത്രീയമായ അഭിരുചി നിർണ്ണയം (CDAT): അയൽവക്കത്തെ കുട്ടി ചേർന്ന കോഴ്സിന് സ്വന്തം കുട്ടിയെയും ചേർക്കുന്ന രീതി മാറ്റി, ഓരോ കുട്ടിയുടെയും ഉള്ളിലെ യഥാർത്ഥ കഴിവും അഭിരുചിയും (Aptitude) ശാസ്ത്രീയമായി അളന്നെടുക്കുന്ന 'സി-ഡാറ്റ്' പോലുള്ള സൈക്കോമെട്രിക് പരീക്ഷകളിലൂടെ ആയിരക്കണക്കിന് കുട്ടികൾക്കാണ് സ്വന്തം വഴി തിരിച്ചറിയാൻ കഴിഞ്ഞത്.

  • കൈത്താങ്ങാകുന്ന സ്കോളർഷിപ്പ് പദ്ധതികൾ: മിടുക്കരായ കുട്ടികൾ സാമ്പത്തിക പ്രയാസം കാരണം വഴിയിലാവരുത് എന്ന ലക്ഷ്യത്തോടെയുള്ള 'റോപ്പ്' (ROPE) പോലുള്ള പദ്ധതികളും, വിവിധ സർക്കാർ-സ്വകാര്യ സ്കോളർഷിപ്പുകൾ നേടിയെടുക്കാൻ നൽകുന്ന നിരന്തര പരിശീലനങ്ങളും എത്രയോ കുടുംബങ്ങളുടെ കണ്ണീരൊപ്പിയിട്ടുണ്ട്.

  • സിവിൽ സർവീസും നേതൃനിരയും: രാജ്യത്തിന്റെ ഭരണചക്രത്തിൽ നമ്മുടെ കുട്ടികളും ഉണ്ടാവണം എന്ന കാഴ്ചപ്പാടോടെ നടത്തുന്ന സിവിൽ സർവീസ് മാർഗ്ഗനിർദ്ദേശങ്ങളും CGL , CHSL മത്സരപരീക്ഷാ പരിശീലനങ്ങളും.

  • മനസ്സിനൊരു സാന്ത്വനം (കൗൺസിലിംഗും പാരന്റിംഗും): നല്ലൊരു കരിയർ ഉണ്ടാവണമെങ്കിൽ നല്ലൊരു മനസ്സും സമാധാനമുള്ള വീടും വേണം. കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള കൗൺസിലിംഗ് സേവനങ്ങൾ, മാതാപിതാക്കൾക്ക് ദിശാബോധം നൽകുന്ന പാരന്റിംഗ് ക്ലാസുകൾ, കുടുംബ ശാക്തീകരണ പരിപാടികൾ എന്നിവയെല്ലാം സിജിയുടെ സജീവമായ ഇടപെടലുകളാണ്.

  • സ്കിൽ ഡെവലപ്‌മെന്റും അധ്യാപക പരിശീലനവും: ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കപ്പുറം തൊഴിലിടങ്ങളിൽ വേണ്ട നൈപുണ്യങ്ങൾ (Skills) വളർത്തിയെടുക്കാനും, പുതുതലമുറയെ പഠിപ്പിക്കാൻ അധ്യാപകരെ പ്രാപ്തരാക്കാനുമുള്ള നിരന്തരമായ ശില്പശാലകൾ.

ഇങ്ങനെ, ഒരു കുട്ടി ജനിച്ചു വളർന്ന് സമൂഹത്തിന് മുതൽക്കൂട്ടായ ഒരു പൗരനായി മാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ചേർത്തുപിടിക്കാൻ സിജിക്ക് ഇന്ന് സംവിധാനങ്ങളുണ്ട്.

കൂട്ടായ് ഒരുമിക്കാം, 'സിജീയ'ത്തിന്റെ മുപ്പതാണ്ട് ആഘോഷങ്ങളിൽ!:

മുപ്പത് വർഷം എന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാലയളവല്ല. ഒരു തലമുറയെ മുഴുവൻ വഴിനടത്തി, അടുത്ത തലമുറയുടെ കൈപിടിക്കാൻ പാകത്തിൽ യൗവനത്തോടെ നിൽക്കുന്ന ഈ പ്രസ്ഥാനം അതിന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്— 'സിജീയം' എന്ന പേരിൽ!

2026 ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ കോഴിക്കോട് ചേവായൂരിലുള്ള സിജി ആസ്ഥാനത്താണ് ഈ ചരിത്ര സംഗമം അരങ്ങേറുന്നത്. ഇതൊരു കേവലം വാർഷികാഘോഷമല്ല; മറിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ തണലിൽ വളർന്നവരുടെയും, വഴികാട്ടിയവരുടെയും, ഇനി വരാനിരിക്കുന്ന നല്ല നാളെയെ സ്വപ്നം കാണുന്നവരുടെയും വലിയൊരു കുടുംബസംഗമമാണ്.

അറിവിന്റെയും നന്മയുടെയും ഈ വലിയ ഉത്സവത്തിലേക്ക്, അറിവ് പകരുന്നതിനെക്കാൾ വലിയൊരു ദാനമില്ല എന്ന് വിശ്വസിക്കുന്ന കൂട്ടായ്മയുടെ ആഘോഷത്തിലേക്ക്, ചേവായൂരിലെ സിജി ആസ്ഥാനത്തേക്ക് നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധയും പ്രാർത്ഥനയും ഉണ്ടാവണം. നമുക്കൊരുമിച്ച് കൂടാം, ഡോക്ടർ കെ.എം.എ കൊളുത്തിവെച്ച ആ വിളക്കിന്റെ വെളിച്ചം ഇനിയുമൊരുപാട് കാലത്തേക്ക്, ഇനിയുമൊരുപാട് മനുഷ്യരിലേക്ക് പകർന്നു നൽകാൻ കൈകോർക്കാം! അറിവിൻ്റെ ഈ കെടാവിളക്കിന് ചുറ്റും ചേർന്ന് നിന്ന് നാളെയുടെ നല്ല ലോകത്തിനായി ഇനിയുമിനിയും പുതിയ സ്വപ്നങ്ങൾ കാണാം. മറ്റുള്ളവർക്ക് പ്രചോദനമാകാം.

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query