×
05 October 2026
0

പറയാതിരിക്കാനാവില്ല, ഈ പച്ചയായ യാഥാർഥ്യങ്ങൾ!

"ഡിഗ്രി തോറ്റവരാണോ? ക്രെഡിറ്റ് ട്രാൻസ്ഫറിലൂടെ ആറുമാസം കൊണ്ട് ഡിഗ്രി നേടാം!", "വീട്ടിലിരുന്ന് ഓൺലൈനായി പഠിച്ച് ടീച്ചറാകാം!", "രണ്ട് വർഷം ഗ്യാപ്പുണ്ടോ? ഒറ്റയടിക്ക് പി.ജിയും എം.ബി.എയും!", "വൊക്കേഷണൽ മോഡിൽ അലൈഡ് ഹെൽത്ത് ബിരുദങ്ങൾ!" – കേരളത്തിലെ വഴിയോരങ്ങളിലും സോഷ്യൽ മീഡിയയിലും ഇന്ന് നിറയുന്ന പരസ്യങ്ങളാണിത്. ബിരുദമെന്നത് പണം കൊടുത്താൽ വാങ്ങാവുന്ന ഇൻസ്റ്റന്റ് ഉൽപ്പന്നമായി മാറിയിരിക്കുന്നു. അധികാരികൾ ഇതിനു നേരെ കണ്ണടയ്ക്കുമ്പോൾ, അറിവില്ലായ്മ കൊണ്ടും എളുപ്പവഴികളോടുള്ള ആർത്തി കൊണ്ടും ആയിരങ്ങളാണ് ഈ ചതിക്കുഴിയിൽ വീഴുന്നത്.

എന്താണ് ഈ മോഹനവാഗ്ദാനങ്ങൾക്ക് പിന്നിലെ പച്ചയായ സത്യം?:

ആറുമാസം കൊണ്ട് ഡിഗ്രിയും 'ക്രെഡിറ്റ് ട്രാൻസ്ഫർ' തട്ടിപ്പും:

യു.ജി.സി (UGC) നിയമപ്രകാരം ഒരു ബിരുദത്തിന് കുറഞ്ഞത് മൂന്ന് വർഷത്തെ കാലാവധി നിർബന്ധമാണ്. ഒരു യൂണിവേഴ്സിറ്റിയിൽ പഠിച്ച് തോറ്റ ഒരാൾക്ക്, മറ്റൊരു സംസ്ഥാനത്തെ സ്വകാര്യ യൂണിവേഴ്സിറ്റി വഴി ആറുമാസം കൊണ്ട് മൂന്ന് വർഷത്തെ ഡിഗ്രി ഒറ്റയടിക്ക് (One-Sitting) എഴുതിയെടുക്കാൻ യു.ജി.സിയോ എ.ഐ.സി.ടി.ഇയോ (AICTE) അനുമതി നൽകുന്നില്ല. പഠനത്തിൽ ഗ്യാപ്പ് വന്നവർക്ക് ഒറ്റത്തവണ പരീക്ഷയെഴുതി ഡിഗ്രിയും എം.ബി.എയും നൽകാമെന്നത് പഴയ തീയതി വെച്ച് വ്യാജമായി അച്ചടിക്കുന്ന 'ബാക്ക് ഡേറ്റഡ്' (Back-dated) സർട്ടിഫിക്കറ്റുകളാണ്. വിദേശ അറ്റസ്റ്റേഷനോ (DataFlow, WES) ഉപരിപഠനത്തിനോ ശ്രമിച്ചാൽ പാസ്പോർട്ട് വെരിഫിക്കേഷനിലും റെക്കോർഡ് പരിശോധനയിലും ഇത് തള്ളിപ്പോകും; ഒപ്പം ക്രിമിനൽ കേസും വരും.

വീട്ടിലിരുന്ന് ടീച്ചറാകാമെന്ന വ്യാമോഹം:

അധ്യാപക പരിശീലന കോഴ്സുകളെ നിയന്ത്രിക്കുന്ന NCTE നിയമപ്രകാരം, നിലവിൽ ഒരു ഫ്രഷർക്ക് പൂർണ്ണമായും ഓൺലൈനായോ വിദൂര വിദ്യാഭ്യാസം വഴിയോ ബി.എഡ് (B.Ed) ചെയ്യാൻ അനുമതിയില്ല. ഏജൻസികൾ വഴി വീട്ടിലിരുന്ന് എഴുതിയെടുക്കുന്ന ബി.എഡ്, ടി.ടി.സി ബിരുദങ്ങളോ, വെറും MSME രജിസ്ട്രേഷൻ വെച്ച് നടത്തുന്ന തട്ടിക്കൂട്ട് മോണ്ടിസോറി കോഴ്സുകളോ കേരള പി.എസ്.സി (Kerala PSC) ഒരിക്കലും അംഗീകരിക്കില്ല.

അലൈഡ് ഹെൽത്ത് രംഗത്തെ 'വൊക്കേഷണൽ' ചതിക്കുഴി:

മനുഷ്യജീവനുമായി ബന്ധപ്പെട്ട ലാബ് ടെക്നോളജി, റേഡിയോളജി, ഡയാലിസിസ് തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകൾ ഓൺലൈനായോ, ആശുപത്രി പരിശീലനമില്ലാതെ വൊക്കേഷണൽ മോഡിലോ (B.Voc) പഠിക്കാൻ കഴിയില്ല. കേന്ദ്ര NCAHP നിയമപ്രകാരവും കേരള പാരാമെഡിക്കൽ കൗൺസിൽ ചട്ടപ്രകാരവും അംഗീകൃത റെഗുലർ കോഴ്സുകൾ പഠിച്ചവർക്ക് മാത്രമേ പ്രാക്ടീസ് ചെയ്യാൻ രജിസ്ട്രേഷൻ ലഭിക്കൂ. രജിസ്ട്രേഷനില്ലാത്ത സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയിലോ വിദേശത്തോ (DHA, MOH, Prometric) യാതൊരു വിലയുമില്ല.

വടക്കേ ഇന്ത്യൻ യൂണിവേഴ്സിറ്റി നാടകങ്ങളും കേരളത്തിലെ അംഗീകാരവും:

രാജസ്ഥാൻ, ഹിമാചൽ, സിക്കിം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ യൂണിവേഴ്സിറ്റികളുടെ പേരിലാണ് ഈ കച്ചവടം പൊടിപൊടിക്കുന്നത്. യു.ജി.സി നിയമപ്രകാരം ഒരു സ്വകാര്യ യൂണിവേഴ്സിറ്റിക്ക് അവരുടെ സംസ്ഥാനത്തിന് പുറത്ത് സെന്ററുകൾ തുടങ്ങാനോ ഫ്രാഞ്ചൈസി വഴി പരീക്ഷ നടത്താനോ അനുവാദമില്ല (Territorial Jurisdiction). കൂടാതെ, യു.ജി.സി-ഡി.ഇ.ബി (UGC-DEB) അംഗീകാരമില്ലാത്ത വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും, ക്രെഡിറ്റ് ട്രാൻസ്ഫർ വഴി ആറുമാസം കൊണ്ടെടുക്കുന്ന ബിരുദങ്ങൾക്കും കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലോ (KSHEC) കേരളത്തിലെ സർവ്വകലാശാലകളോ തുല്യത (Equivalency) നൽകില്ല.

എന്തുകൊണ്ട് ആളുകൾ ഇതിൽ വീഴുന്നു?:

കഷ്ടപ്പെട്ട് പഠിക്കാതെ പണം കൊടുത്ത് ഡിഗ്രി വാങ്ങാനുള്ള ആർത്തിയും, പേരിനൊപ്പമൊരു ബിരുദം വേണമെന്ന ദുരഭിമാനവും, പെട്ടെന്നൊരു വിദേശജോലിയോ പ്രമോഷനോ നേടാനുള്ള തിടുക്കവുമാണ് പലരെയും ഏജന്റുമാരുടെ ഇരകളാക്കുന്നത്. കബളിപ്പിക്കപ്പെട്ടവരാകട്ടെ, നാണക്കേടും നിയമനടപടിയും ഭയന്ന് പുറത്തുപറയാറില്ല. ഈ മൗനമാണ് സർട്ടിഫിക്കറ്റ് മാഫിയയുടെ മൂലധനം.

വിദ്യാഭ്യാസത്തിൽ കുറുക്കുവഴികളില്ല. പഠനം മുടങ്ങിയവർക്ക് കേരള സർക്കാരിന്റെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി (SGOU) വഴിയോ, കേന്ദ്ര സർക്കാരിന്റെ ഇഗ്നോ (IGNOU) വഴിയോ, യു.ജി.സി-ഡി.ഇ.ബി (deb.ugc.ac.in) അംഗീകരിച്ച യൂണിവേഴ്സിറ്റികളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ നേരിട്ട് പഠിച്ച് അന്തസ്സായി ബിരുദം നേടാം. അധികാരികൾ ഉറക്കം നടിക്കുമ്പോൾ നമ്മളെങ്കിലും കണ്ണുതുറക്കുക; കാരണം, ഇന്ന് പണം കൊടുത്തു വാങ്ങുന്ന ആ വ്യാജ സർട്ടിഫിക്കറ്റ് നാളെ നിങ്ങളുടെ കരിയറിനെത്തന്നെ ഇല്ലാതാക്കും!

 

6 month degrees.pdf

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query