ഇന്ത്യൻ നാവികസേനയിൽ സ്പോർട്സ് ക്വാട്ട വഴി നാവികരാകാൻ അവസരം
ഇന്ത്യൻ നാവികസേന 02/2026 ബാച്ചിലേക്കുള്ള സ്പോർട്സ് ക്വാട്ട എൻട്രി വഴി അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും നാവികരായി (Sailors) ചേരാൻ അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് മേഖലയിൽ മികവ് തെളിയിച്ചവർക്ക് ഡയറക്ട് എൻട്രി പെറ്റി ഓഫീസർ, ചീഫ് പെറ്റി ഓഫീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം ലഭിക്കുക.
പ്രധാന യോഗ്യതകൾ:
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
- പ്രായപരിധി: 17 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.
- 2001 സെപ്റ്റംബർ 1 നും 2009 ഫെബ്രുവരി 28 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ (രണ്ട് തീയതികളും ഉൾപ്പെടെ).
കായിക ഇനങ്ങൾ:
- പുരുഷന്മാർക്ക്: അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, ജിംനാസ്റ്റിക്സ്, ബാസ്കറ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ്, ഗോൾഫ്, ഹാൻഡ്‌ബോൾ, ഹോക്കി, കബഡി, വോളിബോൾ, ഗുസ്തി, വെയിറ്റ്ലിഫ്റ്റിങ് തുടങ്ങിയ നിരവധി ഇനങ്ങളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം.
- സ്ത്രീകൾക്ക്: അത്‌ലറ്റിക്സ്, അക്വാട്ടിക്സ്, കയാക്കിങ് & കനോയിങ്, റോവിങ്, സെയിലിങ് എന്നീ ഇനങ്ങളിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
കായിക യോഗ്യതകൾ:
- പെറ്റി ഓഫീസർ: ജൂനിയർ/സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലോ അന്താരാഷ്ട്ര തലത്തിലോ മെഡൽ നേടിയവരോ, ഖേലോ ഇന്ത്യ ഗെയിംസിൽ മെഡൽ ജേതാക്കളോ ആയിരിക്കണം.
- ചീഫ് പെറ്റി ഓഫീസർ: വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് അല്ലെങ്കിൽ ഒളിമ്പിക്സ് എന്നിവയിൽ പങ്കെടുത്തവരോ മെഡൽ നേടിയവരോ ആയിരിക്കണം.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും:
- പ്രാഥമിക പരിശീലന സമയത്ത് പ്രതിമാസം 14,600 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.
- പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന പെറ്റി ഓഫീസർക്ക് പേ ലെവൽ 5-ലും ചീഫ് പെറ്റി ഓഫീസർക്ക് പേ ലെവൽ 6-ലും ശമ്പളം ലഭിക്കുന്നതാണ്.
- ഇതിനുപുറമെ 5200 രൂപ എം.എസ്.പിയും ഒപ്പം ഡി.എയും ലഭിക്കും.
- എല്ലാ നാവികർക്കും 75 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും.
- യൂണിഫോം, ഭക്ഷണം, താമസം, ചികിത്സാ സൗകര്യങ്ങൾ എന്നിവ തികച്ചും സൗജന്യമായിരിക്കും.
അപേക്ഷിക്കേണ്ട വിധം:
- A4 സൈസ് പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ സാധാരണ പോസ്റ്റ് (Ordinary Post) വഴി മാത്രമേ അയക്കാൻ പാടുള്ളൂ.
- സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി അയക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
- അപേക്ഷകൾ അയക്കുന്ന കവറിന് മുകളിൽ എൻട്രി ടൈപ്പ്, കായിക ഇനം, നേടിയ നേട്ടം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- അപേക്ഷകൾ അയക്കേണ്ട വിലാസം: THE SECRETARY, INDIAN NAVY SPORTS CONTROL BOARD, NAVAL HEADQUARTERS, MINISTRY OF DEFENCE, NAUSENA BHAWAN, ROOM NO. W-016, DELHI CANTT. NEW DELHI 110 010.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 15 ആണ് (തിരഞ്ഞെടുത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഒക്ടോബർ 22 വരെ അപേക്ഷിക്കാം).
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Article By: Mujeebulla K.M
CIGI Career Team