ദന്തൽ കോഴ്‌സുകളുടെ പേരിലുമുണ്ട് തട്ടിപ്പുകൾ: കരിയർ തകർക്കുന്ന വ്യാജന്മാരെ തിരിച്ചറിയുക!
പ്ലസ് ടു പരീക്ഷാ ഫലം വരുന്ന സമയം മുതൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഉള്ളിൽ വലിയൊരു നെഞ്ചിടിപ്പാണ്. "അടുത്തത് എന്ത് പഠിക്കണം? എളുപ്പത്തിൽ ജോലി കിട്ടുന്ന കോഴ്സുകൾ ഏതൊക്കെയാണ്? വിദേശത്ത് പോകാൻ പറ്റിയ ഡിപ്ലോമകൾ ഉണ്ടോ?" തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള നെട്ടോട്ടത്തിലായിരിക്കും മിക്കവരും. ഈയൊരു ഉത്കണ്ഠയെയും ജോലിയോടുള്ള ആഗ്രഹത്തെയുമാണ് തട്ടിപ്പുകാർ എക്കാലത്തും അവരുടെ ഏറ്റവും വലിയ മൂലധനമാക്കുന്നത്. ഇന്നത്തെ കാലത്ത് ആരോഗ്യ മേഖലയിലും പാരാമെഡിക്കൽ, അലൈഡ് ഹെൽത്ത് സയൻസ് മേഖലകളിലുമുള്ള തൊഴിലവസരങ്ങൾ വളരെ വലുതാണ്. ലോകത്ത് എവിടെപ്പോയാലും ആരോഗ്യ പ്രവർത്തകർക്ക് വലിയ ഡിമാൻഡുണ്ട്. ഇത് മനസ്സിലാക്കി, മെഡിക്കൽ കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികളെ വലയിലാക്കാൻ വലിയൊരു മാഫിയ തന്നെ ഇന്ന് കേരളത്തിൽ സജീവമാണ്. അതിൽ ഏറ്റവും വ്യാപകമായി ഇന്ന് കണ്ടുവരുന്ന ഒരു വലിയ തട്ടിപ്പാണ് 'മികച്ച തൊഴിൽ സാദ്ധ്യതയുള്ള ദന്തൽ ടെക്നീഷ്യൻ കോഴ്സ്' എന്ന പേരിലുള്ള വ്യാജ കോഴ്സുകൾ.
നമ്മുടെ നാട്ടിലെ പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും, പ്രത്യേകിച്ച് ഫേസ്ബുക്കിലും വാട്സാപ്പിലും ഒക്കെ ദിവസവും നിരവധി പരസ്യങ്ങൾ വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. "എസ്.എസ്.എൽ.സി / പ്ലസ് ടു പാസ്സായവർക്കും പരാജയപ്പെട്ടവർക്കും അവസരം", "ഒരു വർഷം കൊണ്ട് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടാം", "ഗൾഫിൽ 100% പ്ലേസ്മെന്റ് ഗ്യാരണ്ടി", "കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സുകൾ" എന്നൊക്കെയാകും ഇതിന്റെ തലക്കെട്ടുകൾ. ഈ പരസ്യങ്ങളിലെ ആകർഷകമായ വാഗ്ദാനങ്ങൾ കണ്ട് വഞ്ചിതരായി, ലക്ഷങ്ങൾ ഫീസായി നൽകി തങ്ങളുടെ വിലപ്പെട്ട സമയവും കരിയറും നശിപ്പിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ദന്തൽ കോഴ്‌സുകളുടെ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും നമ്മൾ ഓരോരുത്തരും വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് യഥാർത്ഥ ദന്തൽ ടെക്നീഷ്യൻ / മെക്കാനിക്ക് കോഴ്സ്?:
ഈ തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുൻപ്, എന്താണ് ഒരു ദന്തൽ ടെക്നീഷ്യൻ അല്ലെങ്കിൽ ദന്തൽ മെക്കാനിക്കിന്റെ ജോലി എന്ന് നമ്മൾ അറിയണം. ഒരു ദന്തപ്പീഠത്തിൽ (Dental Clinic) ഡോക്ടറെ സഹായിക്കുന്ന വെറുമൊരു സഹായി അല്ല ദന്തൽ ടെക്നീഷ്യൻ. ഒരു രോഗിക്ക് ആവശ്യമായ കൃത്രിമ ദന്തങ്ങൾ (Dentures), ക്രൗണുകൾ (Crowns), ബ്രിഡ്ജുകൾ (Bridges), മറ്റ് ദന്ത ക്രമീകരണ ഉപകരണങ്ങൾ (Orthodontic appliances) എന്നിവ തികഞ്ഞ ശാസ്ത്രീയ അടിത്തറയോടെയും കൃത്യതയോടെയും ലാബുകളിൽ നിർമ്മിച്ചെടുക്കുന്ന അതിവിദഗ്ദ്ധരായ പ്രൊഫഷണലുകളാണവർ. മനുഷ്യന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു മേഖലയാണിത്. ചെറിയൊരു അളവ് വ്യത്യാസമോ മെറ്റീരിയലിലെ മാറ്റമോ രോഗിക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതുകൊണ്ടുതന്നെ, തികഞ്ഞ അക്കാദമിക് നിലവാരമുള്ള, പ്രാക്ടിക്കൽ ട്രെയിനിങ് നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ ഈ കോഴ്സ് പഠിക്കാൻ പാടുള്ളൂ.
ഇന്ത്യയിൽ, ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (Dental Council of India - DCI) അംഗീകാരമുള്ള ദന്തൽ കോളേജുകളിൽ മാത്രമാണ് ഈ കൃത്രിമ ദന്താവയവ നിർമ്മാണവും മറ്റ് ഉപകരണ നിർമ്മാണവും ഉൾപ്പെടുന്ന ജോലി ചെയ്യാൻ പ്രാപ്തരാക്കുന്ന 'ദന്തൽ മെക്കാനിക്ക്' അല്ലെങ്കിൽ 'ദന്തൽ ടെക്നീഷ്യൻ' കോഴ്സുകൾ നിയമപ്രകാരം നടത്താനുള്ള അനുമതിയുള്ളത്. ഈ കോഴ്സ് പഠിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു (ബയോളജി അല്ലെങ്കിൽ സയൻസ് മുഖ്യ വിഷയം) ആണ്. രണ്ട് വർഷമാണ് ഡെന്റൽ കൗൺസിൽ നിഷ്കർഷിക്കുന്ന യഥാർത്ഥ ഡിപ്ലോമ കോഴ്സിന്റെ കാലാവധി. ഇതല്ലാത്ത യാതൊരുവിധ ചുരുക്കവഴികളിലൂടെയോ ഹ്രസ്വകാല കോഴ്സുകളിലൂടെയോ ഈ രംഗത്തേക്ക് കടന്നുവരാൻ നിയമപരമായി സാധിക്കില്ല എന്നതാണ് നഗ്നമായ സത്യം.
വ്യാജ കോഴ്സുകളുടെ കെണികൾ ഒരുങ്ങുന്നത് എങ്ങനെ?:
മേൽപ്പറഞ്ഞ യഥാർത്ഥ വസ്തുതകളിലുള്ള സാധാരണ ജനങ്ങളുടെ അജ്ഞതയെയാണ് മാഫിയകൾ മുതലെടുക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെയും ഇടത്തരം കുടുംബങ്ങളിലെയും വിദ്യാർത്ഥികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്ന ഇന്നത്തെ കാലത്ത്, എങ്ങനെയെങ്കിലും കടം വാങ്ങിയോ ലോൺ എടുത്തോ കുട്ടികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകുമെന്ന് ഇവർക്കറിയാം.
സ്വദേശത്തും വിദേശത്തുമുള്ള പല വ്യാജ യൂണിവേഴ്സിറ്റികളുടെയും അജ്ഞാത സ്ഥാപനങ്ങളുടെയും പേരിലാണ് കേരളത്തിൽ പലയിടത്തും ഈ തട്ടിപ്പ് കോഴ്സുകൾ നടത്തുന്നത്. വലിയ എയർ കണ്ടീഷൻ ചെയ്ത ഓഫീസുകളും ലബോറട്ടറികളും കാണിച്ച് രക്ഷിതാക്കളെ ഇവർ ആകർഷിക്കുന്നു. പഠിക്കാൻ ബയോളജി ആവശ്യമില്ല, ഏത് വിഷയം പഠിച്ചവർക്കും, എന്തിനേറെ എസ്.എസ്.എൽ.സി തോറ്റവർക്ക് പോലും അഡ്മിഷൻ നൽകാം എന്ന് ഇവർ വാഗ്ദാനം ചെയ്യുന്നു. ഒരു മെഡിക്കൽ പ്രൊഫഷനിലേക്ക് ഇത്ര എളുപ്പത്തിൽ കടക്കാൻ സാധിക്കില്ല എന്ന സാമാന്യബുദ്ധി പലപ്പോഴും ഈ ആകർഷകമായ പരസ്യങ്ങൾക്ക് മുന്നിൽ ആളുകൾ മറന്നുപോകുന്നു.
കേന്ദ്ര സർക്കാരിന്റെയും മറ്റും പേരിലുള്ള കള്ളക്കളികൾ:
ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ തട്ടിപ്പിന് വിശ്വാസ്യത വരുത്താൻ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം ചില ചുരുക്കെഴുത്തുകളാണ് (Abbreviations). കോഴ്സ് പൂർത്തിയാകുമ്പോൾ NCVRT, BSS, DVOC (Diploma in Vocation) എന്നിങ്ങനെയുള്ള പേരുകളിലുള്ള സർട്ടിഫിക്കറ്റുകളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ മുദ്രകളോ ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സ്കിൽ ഡെവലപ്മെന്റ് ലോഗോകളോ ഒക്കെ കാണാൻ സാധിക്കും. ഇത് കാണുമ്പോൾ രക്ഷിതാക്കൾ കരുതും ഇത് വലിയ അംഗീകാരമുള്ള സർക്കാർ കോഴ്സ് ആണെന്ന്.
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ പറയുന്ന NCVRT അല്ലെങ്കിൽ BSS പോലെയുള്ള സർട്ടിഫിക്കേഷനുകൾ തയ്യൽ പരിശീലനം, കമ്പ്യൂട്ടർ ഡി.ടി.പി, ബ്യൂട്ടീഷ്യൻ കോഴ്സ് തുടങ്ങിയ നോൺ-ക്ലിനിക്കൽ ആയ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാത്രമുള്ളതാണ്. ഒരു വ്യക്തിയുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട, ഡെന്റൽ കൗൺസിലിന്റെ കീഴിൽ വരുന്ന മെഡിക്കൽ അനുബന്ധ കോഴ്സുകൾ നടത്താൻ ഈ ഏജൻസികൾക്ക് യാതൊരു അധികാരവുമില്ല. ഒരു രോഗിയുടെ വായിൽ വയ്ക്കുന്ന ദന്ത ഉപകരണങ്ങൾ നിർമ്മിക്കാൻ ഇത്തരത്തിലുള്ള വൊക്കേഷണൽ സർട്ടിഫിക്കറ്റുകൾക്ക് സാധുതയില്ല എന്ന് ചുരുക്കം. സ്കിൽ പോഷണത്തിൻ്റെ പേരിൽ നടത്തുന്ന കോഴ്സുകൾ അക്കാദമികമൂല്യം തരുന്നതുമല്ല.
എന്തിനേറെപ്പറയുന്നു; കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയുടെ അധികൃതരെ വരെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും, കേന്ദ്ര ഗവൺമെൻറിന്റെ പല പദ്ധതികളുടെയും പേരും പറഞ്ഞ് ചില വിരുതൻമാർ തട്ടിപ്പു നടത്തുന്നുണ്ട്. ഗ്രാമങ്ങളിൽ വന്ന് കുടുംബശ്രീ മീറ്റിംഗുകളിൽ പങ്കെടുത്ത് കരിയർ ഗൈഡൻസ് എന്ന പേരിൽ സംസാരിക്കുകയും, തുടർന്ന് അവരുടെ തട്ടിപ്പ് കോഴ്സുകളിലേക്ക് കുട്ടികളെ ചേർക്കുകയും ചെയ്യുന്ന പ്രവണത വരെ കണ്ടുവരുന്നുണ്ട്. ഇതൊന്നും സർക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ അറിവോടെയല്ല നടക്കുന്നത്.
രജിസ്ട്രേഷൻ ഇല്ലെങ്കിൽ സർട്ടിഫിക്കറ്റ് വെറുമൊരു കടലാസ് കഷണം:
ഏറ്റവും ഗൗരവകരമായ വിഷയം ഇതൊന്നുമല്ല. ഡെന്റൽ കൗൺസിലിന്റെ ഔദ്യോഗിക അംഗീകാരങ്ങളില്ലാത്ത ഇത്തരം സമാന്തര സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ മുടക്കി ഒന്നോ രണ്ടോ വർഷം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ദന്ത നിർമാണ മേഖലയിൽ പ്രാക്ടീസ് ചെയ്യാൻ നിയമം അനുശാസിക്കുന്ന 'ദന്തൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്' ഒരിക്കലും ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു നഴ്സിനോ ഫാർമസിസ്റ്റിനോ ഡോക്ടർക്കോ ജോലി ചെയ്യണമെങ്കിൽ അതത് കൗൺസിലുകളിൽ നിർബന്ധമായും രജിസ്ട്രേഷൻ ഉണ്ടായിരിക്കണം എന്ന് നമുക്കറിയാമല്ലോ. അതുപോലെ തന്നെയാണ് ദന്തൽ ടെക്നീഷ്യന്മാരുടെയും കാര്യം. സ്റ്റേറ്റ് ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത ഒരാൾക്കും നിയമപരമായി ഇന്ത്യയിൽ ഒരു ദന്തൽ ലാബിൽ ജോലി ചെയ്യാനോ സ്വന്തമായി ഒരു ലാബ് തുടങ്ങാനോ അവകാശമില്ല. വ്യാജ കോഴ്സ് പഠിച്ചിറങ്ങിയ ഒരു കുട്ടി, രജിസ്ട്രേഷനായി കേരള ദന്തൽ കൗൺസിലിനെ (KDC) സമീപിക്കുമ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം പലപ്പോഴും തിരിച്ചറിയുന്നത് തന്നെ. അപ്പോഴേക്കും പണവും സമയവും നഷ്ടപ്പെട്ടിരിക്കും.
ജയിലിൽ പോകാവുന്ന ക്രിമിനൽ കുറ്റം:
രജിസ്ട്രേഷൻ കിട്ടിയില്ലെങ്കിൽ എന്താ, നമ്മൾ സ്വന്തമായി പഠിച്ച പണിയല്ലേ, ഏതെങ്കിലും ക്ലിനിക്കിന്റെ പിന്നിലിരുന്ന് ചെയ്തോളാം എന്ന് കരുതുന്നവരുണ്ട്. അവിടെയാണ് നിയമത്തിന്റെ ഇരുമ്പുമുഷ്ടി പതിക്കുന്നത്. രജിസ്ട്രേഷനില്ലാതെ ദന്ത നിർമാണം നടത്തുകയോ കൃത്രിമ പല്ലുകൾ ഉണ്ടാക്കുകയോ ചെയ്യുന്നത് വലിയൊരു നിയമലംഘനമാണ്. ദന്തിസ്റ്റ് ആക്ട് 1948 സെക്ഷൻ 49 (Dentists Act 1948, Section 49) പ്രകാരം ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ആറു മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതാണ്. അതായത്, ഒരു ജോലി നേടി കുടുംബം പോറ്റാൻ ആഗ്രഹിച്ചിറങ്ങുന്ന വിദ്യാർത്ഥി ഒടുവിൽ ഒരു ക്രിമിനൽ കുറ്റവാളിയായി മാറുന്ന ദുരവസ്ഥയാണിത്. ഒരു ഡോക്ടറുടെ അടുത്തുപോലും വ്യാജന്മാർക്ക് അനധികൃതമായി ജോലി ചെയ്യാൻ സാധിക്കില്ല, കാരണം അങ്ങനെ ജോലി നൽകിയാൽ ആ ഡോക്ടറുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കപ്പെടാൻ അത് കാരണമാകും.
ചുരുക്കം പറഞ്ഞാൽ, യാതൊരു നിലവാരവുമില്ലാതെ ദന്തൽ കോളേജുകളിൽ നടത്തുന്ന ഔദ്യോഗിക ദന്തൽ കൗൺസിൽ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾക്കു സമാന്തരമായി ഇത്തരം വ്യാജ കോഴ്സുകൾ കൊണ്ടുവന്ന്, നിയമ വിരുദ്ധരായ ഒരുപറ്റം അനധികൃത തൊഴിലാളികളെ (Illegal workers) സൃഷ്ടിക്കുന്ന പ്രവണതയാണിത്. ഇതിലൂടെ തട്ടിപ്പുകാർ കോടികൾ സമ്പാദിക്കുമ്പോൾ ബലിയാടാകുന്നത് പാവപ്പെട്ട വിദ്യാർത്ഥികളാണ്.
ഗൾഫ് സ്വപ്നങ്ങൾ തകരാൻ കാരണമാവുന്നു:
കേരളത്തിൽ നഴ്സിംഗ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ പഠിക്കുന്ന ഭൂരിഭാഗം പേരുടെയും വലിയൊരു സ്വപ്നമാണ് ഗൾഫ് രാജ്യങ്ങളിലെ ജോലി. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ അനുബന്ധ ജോലികൾക്ക് മികച്ച ശമ്പളവും ജീവിതസാഹചര്യങ്ങളും ലഭിക്കാറുണ്ട്. എന്നാൽ ഗൾഫിൽ ഹെൽത്ത് കെയർ രംഗത്ത് ജോലി ചെയ്യണമെങ്കിൽ അവിടുത്തെ ആരോഗ്യ മന്ത്രാലയങ്ങളുടെ (MOH, DHA, HAAD, Prometric തുടങ്ങിയവ) കടുത്ത പരീക്ഷകളും സർട്ടിഫിക്കറ്റ് വേരിഫിക്കേഷനുകളും പാസ്സാകേണ്ടതുണ്ട്.
ഈ വേരിഫിക്കേഷൻ പ്രക്രിയയിൽ ഏറ്റവും ആദ്യം പരിശോധിക്കുന്നത് ഡാറ്റാ ഫ്ലോ (Dataflow) എന്ന സംവിധാനത്തിലൂടെ നിങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയാണ്. നിങ്ങൾ പഠിച്ച കോഴ്സിന് നിങ്ങളുടെ രാജ്യത്തെ ഔദ്യോഗിക മെഡിക്കൽ കൗൺസിലിന്റെ (ഇവിടെ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകാരമുണ്ടോ എന്നും, നിങ്ങൾക്ക് ആ കൗൺസിലിൽ ആക്ടീവ് ആയ രജിസ്ട്രേഷൻ ഉണ്ടോ എന്നും അവർ കർശനമായി പരിശോധിക്കും. ഇവിടെയാണ് വ്യാജ കോഴ്സുകൾ പഠിച്ചവർ പിടിക്കപ്പെടുന്നത്. ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ ഇല്ലാത്ത, വൊക്കേഷണൽ ബോർഡുകളുടെ (NCVRT, BSS, DVOC) സർട്ടിഫിക്കറ്റുമായി ഗൾഫിലെ ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചാൽ അപേക്ഷ തള്ളിക്കളയുക മാത്രമല്ല, പലപ്പോഴും വ്യാജ രേഖ ചമച്ചതിന് ആ രാജ്യത്തേക്ക് എന്നന്നേക്കുമായി വിലക്കേർപ്പെടുത്താനും (Ban) സാധ്യതയുണ്ട്. മികച്ചൊരു കരിയർ സ്വപ്നം കണ്ട് ഗൾഫിൽ പോയി ലക്ഷങ്ങൾ സമ്പാദിക്കാം എന്ന് കരുതി വ്യാജ സ്ഥാപനങ്ങളിൽ ചേരുന്നവർ ഈ സത്യം തിരിച്ചറിയാൻ വൈകരുത്.
എങ്ങനെയാണ് യഥാർത്ഥ കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്?:
ഇത്രയൊക്കെ തട്ടിപ്പുകൾ നടക്കുമ്പോഴും, യഥാർത്ഥമായി ഈ കോഴ്സ് പഠിച്ച് മികച്ച നിലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രൊഫഷണലുകൾ നമുക്കിടയിലുണ്ട്. നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു ദന്തൽ ടെക്നീഷ്യൻ അല്ലെങ്കിൽ മെക്കാനിക്ക് ആകാൻ ആഗ്രഹമുണ്ടെങ്കിൽ സ്വീകരിക്കേണ്ട ശരിയായ വഴി എന്താണെന്ന് നോക്കാം:
-
യോഗ്യത ഉറപ്പാക്കുക: നേരത്തെ സൂചിപ്പിച്ചതുപോലെ പ്ലസ് ടു തലത്തിൽ സയൻസ് ഗ്രൂപ്പോ ബയോളജിയോ പഠിച്ച് പാസ്സായവർക്ക് മാത്രമേ ഇന്ത്യയിൽ ഔദ്യോഗികമായി ഈ കോഴ്സിന് അർഹതയുള്ളൂ. അടിസ്ഥാന യോഗ്യതയില്ലാതെ ആരെങ്കിലും പ്രവേശനം വാഗ്ദാനം ചെയ്താൽ അത് തട്ടിപ്പാണെന്ന് അപ്പോൾ തന്നെ തിരിച്ചറിയുക.
-
ഡി.സി.ഐ അംഗീകാരമുള്ള കോളേജുകൾ: കേരളത്തിലെ സർക്കാർ ദന്തൽ കോളേജുകളിലും, ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള അംഗീകാരമുള്ള ചില സ്വാശ്രയ ദന്തൽ കോളേജുകളിലും മാത്രമാണ് ഈ ഡിപ്ലോമ കോഴ്സുകൾ നടത്തുന്നത്. എൽ.ബി.എസ് (LBS) അല്ലെങ്കിൽ ഡി.എം.ഇ (Directorate of Medical Education) വഴിയുള്ള സർക്കാർ അലോട്ട്മെന്റ് മുഖേനയാണ് ഇത്തരം യഥാർത്ഥ കോഴ്സുകളിലേക്കുള്ള പ്രവേശനം നടക്കുന്നത്.
-
ക്രോസ് ചെക്കിങ് (Cross Checking): ഇനി ഏതെങ്കിലും ഒരു പ്രൈവറ്റ് സ്ഥാപനമോ ദന്തൽ കോളേജോ അഡ്മിഷനുവേണ്ടി നിങ്ങളെ സമീപിക്കുകയോ പരസ്യം നൽകുകയോ ചെയ്താൽ, കണ്ണടച്ച് അവരെ വിശ്വസിക്കരുത്. പഠിക്കാനുദ്ദേശിക്കുന്ന ആ സ്ഥാപനത്തിന്റെ പേരും അവർ നൽകുന്ന ദന്തൽ ടെക്നീഷ്യൻ സർട്ടിഫിക്കറ്റും കേരള ദന്തൽ കൗൺസിലിൽ (Kerala Dental Council - KDC) രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ എന്ന് കൗൺസിലിന്റെ തിരുവനന്തപുരത്തുള്ള ഓഫീസുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് അന്വേഷിച്ച് ഉറപ്പു വരുത്തുക.
-
മുൻ വിദ്യാർത്ഥികളോട് സംസാരിക്കുക: ഒരു സ്ഥാപനത്തിൽ ചേരുന്നതിന് മുൻപ് അവിടെ പഠിച്ചിറങ്ങിയ മുൻ വിദ്യാർത്ഥികളെ (Alumni) കണ്ടെത്തി സംസാരിക്കുക. അവർക്ക് കൗൺസിൽ രജിസ്ട്രേഷൻ കിട്ടിയോ, ഗൾഫിൽ ജോലി ചെയ്യാൻ ലൈസൻസ് ലഭിച്ചോ തുടങ്ങിയ കാര്യങ്ങൾ അവരിൽ നിന്ന് തന്നെ നേരിട്ടറിയാൻ ശ്രമിക്കുക.
രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും പറയാനുള്ളത്:
കരിയർ എന്നത് ഒരു വ്യക്തിയുടെ ജീവിതമാണ്. ഒരു തെറ്റായ തീരുമാനം നിങ്ങളുടെ പണവും സമയവും മാത്രമല്ല നഷ്ടപ്പെടുത്തുന്നത്, മറിച്ച് ആ വിദ്യാർത്ഥിയുടെ ഭാവിയും ആത്മവിശ്വാസവും കൂടിയാണ്. മെഡിക്കൽ മേഖലയോടുള്ള താൽപര്യം ചൂഷണം ചെയ്ത് വിദ്യാഭ്യാസ കച്ചവടം നടത്തുന്ന നിരവധി കഴുകന്മാർ നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. ആകർഷകമായ പരസ്യവാചകങ്ങളോ, യൂണിഫോമിന്റെ ഭംഗിയോ, ഓഫീസിലെ ആർഭാടങ്ങളോ അല്ല ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ യോഗ്യത നിശ്ചയിക്കുന്നത്. അത് നൽകുന്ന സർട്ടിഫിക്കറ്റിന്റെ നിയമസാധുതയും അംഗീകാരവുമാണ്.
"പഠിച്ചിറങ്ങിയാൽ ഞങ്ങൾ തന്നെ ജോലി തരാം, സർട്ടിഫിക്കറ്റിന് പ്രശ്നമൊന്നുമില്ല ഞങ്ങൾ നോക്കിക്കോളാം" എന്ന് പറയുന്ന ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച് പണം നൽകുന്നതിന് മുൻപ് ആയിരം വട്ടം ചിന്തിക്കുക. മെഡിക്കൽ ഫീൽഡിൽ രജിസ്ട്രേഷൻ ഇല്ലാത്ത ഒരു സർട്ടിഫിക്കറ്റിനും കടലാസിന്റെ വില പോലുമില്ല എന്ന് മനസ്സിലാക്കുക. ഇത്തരം ചതിക്കുഴിയിൽ വീഴാതെ സൂക്ഷിക്കുക, കൃത്യമായ അന്വേഷണങ്ങളിലൂടെ ശരിയായ കോഴ്സുകൾ തിരഞ്ഞെടുത്ത് ജീവിതം സുരക്ഷിതമാക്കുക.
Article By: Mujeebulla K.M
CIGI Career Team