റിസർവ് ബാങ്കിലെ ഡി.ഇ.പി.ആർ (DEPR) ഓഫീസർ: സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളുടെ സ്വപ്ന ജോലിയിലേക്ക് ഒരു വഴികാട്ടി:
കോഴിക്കോട് ദേവഗിരി കോളേജിൽ പഠിച്ചിരുന്ന ഫസൽ എന്ന വ്യക്തി അടുത്തിടെ ഈ പരീക്ഷ പാസായി ആർ.ബി.ഐയുടെ ആർ ആൻഡ് പി അനാലിസിസ് (റിസർച്ച് ആൻഡ് പോളിസി അനാലിസിസ്) വിഭാഗത്തിൽ ഗ്രേഡ് ബി ഓഫീസറായ വാർത്ത നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. ഈ വാർത്ത കണ്ട പലരും ചോദിച്ച ഒരു ചോദ്യമാണ്, എങ്ങനെയാണ് ഈയൊരു ഉന്നത പദവിയിൽ എത്തുക എന്നത്. പല ബാങ്ക് പരീക്ഷകളെക്കുറിച്ചും പലർക്കും അറിയാമെങ്കിലും, ഈയൊരു പ്രത്യേക പരീക്ഷയെക്കുറിച്ചുള്ള അറിവ് നമ്മുടെ നാട്ടിൽ വളരെ പരിമിതമാണ്. അതുകൊണ്ടാണ് വിശദമായ ഈ ലേഖനം നിങ്ങൾക്ക് മുന്നിൽ വെക്കുന്നത്.
സാമ്പത്തിക ശാസ്ത്രം അഥവാ എക്കണോമിക്സ് പഠിക്കാൻ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവരുടെ മനസ്സിലൂടെ കടന്നുപോകുന്ന ചില സ്ഥിരം ചോദ്യങ്ങളുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞാൽ "പിന്നീട് എന്ത്?", "ഒരു കോളേജ് അദ്ധ്യാപകനാകണോ?", "ഗവേഷണത്തിലേക്ക് തിരിയണോ?", അതോ ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽ ജോലി നേടാൻ ശ്രമിക്കണോ? ഒരു കരിയർ പ്ലാനിംഗിനെക്കുറിച്ച് ചിന്തിക്കുമ്പോൾ സാധാരണയായി ഉയർന്നു വരുന്ന ഇത്തരം ആശയക്കുഴപ്പങ്ങൾക്ക് അപ്പുറം, നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന, സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്ന സാക്ഷാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) തലപ്പത്ത് ഒരു ഉദ്യോഗസ്ഥനായി ഇരിക്കാൻ കഴിഞ്ഞാലോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതെ, എക്കണോമിക്സ് ബിരുദാനന്തര ബിരുദധാരികൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച, ഏറ്റവും അഭിമാനകരമായ കരിയർ അവസരങ്ങളിലൊന്നാണ് ആർ.ബി.ഐ ഗ്രേഡ് ബി - ഡി.ഇ.പി.ആർ (RBI Grade B - DEPR). ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് ആൻഡ് പോളിസി റിസർച്ച് എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ഇന്ന് നമുക്ക് ഈ സ്വപ്നതുല്യമായ ജോലിയെക്കുറിച്ചും, പരീക്ഷാ രീതികളെക്കുറിച്ചും, അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വളരെ ലളിതമായി ഒന്ന് മനസ്സിലാക്കാം.
എന്താണ് യഥാർത്ഥത്തിൽ ഈ ഡി.ഇ.പി.ആർ (DEPR)?:
ലളിതമായി പറഞ്ഞാൽ, റിസർവ് ബാങ്കിന്റെ തലച്ചോറാണ് ഈ വിഭാഗം.പത്രങ്ങളിൽ നമ്മൾ സ്ഥിരമായി വായിക്കാറില്ലേ, റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി, അല്ലെങ്കിൽ പണപ്പെരുപ്പം കുറയ്ക്കാൻ പുതിയ നയങ്ങൾ കൊണ്ടുവന്നു എന്നൊക്കെ. ഇതൊന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ ആരെങ്കിലും ഊഹിച്ച് തീരുമാനിക്കുന്നതല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക മാറ്റങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, വ്യവസായ വളർച്ച, കാർഷിക മേഖലയിലെ ഉത്പാദനം എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ച് വിലയിരുത്തിയ ശേഷമാണ് റിസർവ് ബാങ്ക് ഗവർണറും സംഘവും ഇത്തരം നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത്.
ഈ പഠനവും വിലയിരുത്തലുമാണ് ഡി.ഇ.പി.ആർ ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. അതായത്, ഇന്ത്യയുടെ സാമ്പത്തിക നാഡിമിടിപ്പ് അളക്കുന്നവരാണ് നിങ്ങൾ. രാജ്യത്തിന്റെ പണനയം (Monetary Policy) രൂപീകരിക്കുന്നതിന് ആവശ്യമായ ഡാറ്റ നൽകുന്നതും, സാമ്പത്തിക വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആവശ്യമായ വിവരങ്ങൾ തയ്യാറാക്കുന്നതും നിങ്ങളായിരിക്കും. ഒരു സാധാരണ ബാങ്ക് ജോലി പോലെ രാവിലെ പോയി കാഷ് കൗണ്ടറിലിരിക്കുകയോ ലോൺ പാസാക്കുകയോ അല്ല ഇവിടെ ചെയ്യുന്നത്; മറിച്ച്, രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നയരൂപീകരണത്തിന്റെ ഭാഗമാകുകയാണ്.
ആർക്കൊക്കെ ഈ പരീക്ഷ എഴുതാം? (വിദ്യാഭ്യാസ യോഗ്യതകൾ):
ഈ പരീക്ഷ എല്ലാവർക്കും എഴുതാൻ കഴിയുന്ന ഒരു ജനറൽ പരീക്ഷയല്ല. സാമ്പത്തിക ശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവുള്ളവരെയാണ് റിസർവ് ബാങ്കിൽ ആവശ്യം.
-
അടിസ്ഥാന യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ (Economics / Econometrics / Quantitative Economics / Mathematical Economics / Integrated Economics Course / Finance) മാസ്റ്റർ ബിരുദം നേടിയിരിക്കണം.
-
മാർക്ക് നിബന്ധന: കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡ് ഉണ്ടായിരിക്കണം. (SC/ST/PwBD വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 50% മാർക്ക് മതിയാകും).
-
പ്രായപരിധി: അപേക്ഷകർക്ക് 21 വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കണം പ്രായം. എന്നാൽ സംവരണ വിഭാഗങ്ങൾക്ക് ഇതിൽ വ്യക്തമായ ഇളവുകളുണ്ട്. OBC വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
-
ഉന്നത വിദ്യാഭ്യാസമുള്ളവർക്കുള്ള ആനുകൂല്യം: നിങ്ങളുടെ കൈയിൽ നിലവിൽ എം.ഫിൽ (M.Phil) ഉണ്ടെങ്കിൽ 32 വയസ്സുവരെയും, പിഎച്ച്.ഡി (Ph.D) ഉണ്ടെങ്കിൽ 34 വയസ്സുവരെയും നിങ്ങൾക്ക് അപേക്ഷിക്കാം. റിസർവ് ബാങ്ക് ഗവേഷണത്തിന് നൽകുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നത്.
എപ്പോഴാണ് നോട്ടിഫിക്കേഷൻ വരുന്നത്? (പരീക്ഷാ കലണ്ടർ):
എല്ലാ വർഷവും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് റിസർവ് ബാങ്ക്. അതുകൊണ്ടുതന്നെ ഉദ്യോഗാർത്ഥികൾക്ക് വളരെ വ്യക്തമായ പ്ലാനിങ്ങോടെ ഇതിനെ സമീപിക്കാൻ സാധിക്കും.
-
നോട്ടിഫിക്കേഷൻ സമയം: സാധാരണഗതിയിൽ ഓരോ വർഷവും മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ് RBI Grade B (DEPR ഉൾപ്പെടെ) പരീക്ഷയുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറങ്ങാറുള്ളത്.
-
ഒന്നാം ഘട്ടം (Phase I): നോട്ടിഫിക്കേഷൻ വന്ന് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് ഏകദേശം മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ ഒന്നാം ഘട്ട പരീക്ഷ നടക്കും. അതായത് ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ.
-
രണ്ടാം ഘട്ടം (Phase II): ഒന്നാം ഘട്ട പരീക്ഷയുടെ ഫലം വന്ന് കൃത്യം ഒരു മാസത്തിനകം രണ്ടാം ഘട്ട എഴുത്തുപരീക്ഷ നടക്കും (സാധാരണയായി ഓഗസ്റ്റ് - സെപ്റ്റംബർ സമയത്ത്).
-
ഇന്റർവ്യൂ: എഴുത്തുപരീക്ഷകൾക്ക് ശേഷം നവംബർ - ഡിസംബർ മാസങ്ങളിലായിരിക്കും ഇന്റർവ്യൂ പ്രക്രിയകൾ നടക്കുക.
ഒരു പ്രധാന ഓർമ്മപ്പെടുത്തൽ: നോട്ടിഫിക്കേഷൻ വന്നിട്ട് പഠിച്ചു തുടങ്ങാം എന്ന് വിചാരിച്ചാൽ ഈ പരീക്ഷ പാസാകാൻ വളരെ ബുദ്ധിമുട്ടാണ്. നോട്ടിഫിക്കേഷനും പരീക്ഷയും തമ്മിൽ വളരെ കുറഞ്ഞ സമയദൈർഘ്യം മാത്രമേ ഉള്ളൂ. അതിനാൽ ചുരുങ്ങിയത് ആറുമാസം മുതൽ ഒരു വർഷം മുൻപേയെങ്കിലും തയ്യാറെടുപ്പുകൾ തുടങ്ങുന്നതാണ് എപ്പോഴും സുരക്ഷിതം.
എങ്ങനെ അപേക്ഷിക്കാം? (Application Process):
അപേക്ഷാ പ്രക്രിയ പൂർണ്ണമായും ഓൺലൈൻ വഴിയാണ്. ഏജൻസികളെയോ മറ്റ് ഇടനിലക്കാരെയോ ഇതിനായി സമീപിക്കേണ്ടതില്ല. താഴെ പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്:
-
ഔദ്യോഗിക വെബ്സൈറ്റ്: ആദ്യം റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.rbi.org.in സന്ദർശിക്കുക.
-
Opportunities@RBI: വെബ്സൈറ്റിന്റെ ഏറ്റവും താഴെയായി കാണുന്ന 'Opportunities@RBI' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അവിടെ 'Current Vacancies' എന്നതിന് താഴെയായി വരുന്ന 'Vacancies' എന്ന ഭാഗത്ത് പുതിയ നോട്ടിഫിക്കേഷൻ കാണാൻ സാധിക്കും.
-
ഓൺലൈൻ രജിസ്ട്രേഷൻ: നോട്ടിഫിക്കേഷനിൽ നൽകിയിട്ടുള്ള ലിങ്ക് വഴി രജിസ്ട്രേഷൻ പേജിലേക്ക് പോകാം. നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ (പേര്, ഇമെയിൽ, ഫോൺ നമ്പർ) നൽകി രജിസ്റ്റർ ചെയ്യുമ്പോൾ ഒരു രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും.
-
രേഖകൾ അപ്‌ലോഡ് ചെയ്യൽ: അപേക്ഷ പൂരിപ്പിക്കുന്നതിനോടൊപ്പം വളരെ പ്രധാനപ്പെട്ട 4 കാര്യങ്ങൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:
-
പാസ്പോർട്ട് സൈസ് ഫോട്ടോ (Passport size photo)
-
നിങ്ങളുടെ ഒപ്പ് (Signature)
-
ഇടത് കൈയിലെ തള്ളവിരലടയാളം (Left thumb impression)
-
സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു സത്യവാങ്മൂലം (Handwritten declaration - ഇതിന്റെ കൃത്യമായ വാചകങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ടാകും).
-
അപേക്ഷാ ഫീസ്: നിങ്ങളുടെ കാറ്റഗറി അനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്. ജനറൽ, OBC, EWS വിഭാഗങ്ങൾക്ക് ഏകദേശം 850 രൂപയും, SC/ST/PwBD വിഭാഗങ്ങൾക്ക് 100 രൂപയുമാണ് സാധാരണയായി അപേക്ഷാ ഫീസ് (നോട്ടിഫിക്കേഷൻ സമയത്ത് ഇതിൽ ചെറിയ മാറ്റങ്ങൾ വരാം). ഓൺലൈനായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളോ യു.പി.ഐ (UPI) വഴിയോ ഫീസ് അടയ്ക്കാവുന്നതാണ്.
വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അന്തിമമായി സബ്മിറ്റ് (Final Submit) ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷയുടെയും ഫീസ് രസീതിന്റെയും ഒരു പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുന്നത് നിർബന്ധമാണ്.
പരീക്ഷാ രീതി: മൂന്ന് കടമ്പകൾ:
സാധാരണ ബാങ്ക് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങളുടെ എക്കണോമിക്സ് അറിവിനെ അടിമുടി പരിശോധിക്കുന്നതാണ് ഡി.ഇ.പി.ആർ പരീക്ഷ. മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
-
ഒന്നാം ഘട്ടം (Phase I - Objective Type)
ഇതൊരു പ്രാഥമിക കടമ്പയാണ്. പൂർണ്ണമായും സാമ്പത്തിക ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണിതിൽ ഉണ്ടാവുക. മൈക്രോ എക്കണോമിക്സ്, മാക്രോ എക്കണോമിക്സ്, ഇന്ത്യൻ എക്കണോ എന്നിവയിൽ നിന്നുള്ള അടിസ്ഥാന ആശയങ്ങൾ നിങ്ങളുടെ തലയിൽ എത്രത്തോളം വ്യക്തമായി ഇരിപ്പുണ്ട് എന്ന് പരിശോധിക്കുന്ന ഘട്ടം. നെഗറ്റീവ് മാർക്കിംഗ് ഉള്ളതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ വേണം ഉത്തരങ്ങൾ നൽകാൻ. സമയപരിപാലനം (Time Management) ഇവിടെ വളരെ പ്രധാനമാണ്.
2.രണ്ടാം ഘട്ടം (Phase II - Descriptive Type)
ഒന്നാം ഘട്ടം കടമ്പ കടക്കുന്നവർക്ക് മാത്രമുള്ളതാണ് ഈ ഘട്ടം. ശരിക്കും നിങ്ങളുടെ അക്കാദമിക് കഴിവ് തെളിയിക്കേണ്ടത് ഇവിടെയാണ്. പ്രധാനമായും രണ്ട് പേപ്പറുകൾ ആണുള്ളത്:
-
പേപ്പർ 1 (സാമ്പത്തിക ശാസ്ത്രം): നിങ്ങളുടെ എഴുത്തുപരിചയം, വിഷയത്തിലുള്ള ആഴത്തിലുള്ള അറിവ്, ആശയങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവ ഇവിടെ പരിശോധിക്കപ്പെടുന്നു. വലിയ ഉപന്യാസങ്ങളും (Essays) പ്രശ്നപരിഹാരങ്ങളും (Problem solving) ഇതിൽ ഉൾപ്പെടും.
-
പേപ്പർ 2 (ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം): സാമ്പത്തിക കാര്യങ്ങൾ കൃത്യമായി, തെറ്റില്ലാതെ ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നാണ് ഈ പേപ്പർ നോക്കുന്നത്. റിപ്പോർട്ട് റൈറ്റിംഗ്, പ്രിസൈസ് റൈറ്റിംഗ് (Precis writing) തുടങ്ങിയവ ഇതിലുണ്ടാകും. റിസർവ് ബാങ്കിലെ ഔദ്യോഗിക ആശയവിനിമയങ്ങൾ മുഴുവൻ മികച്ച ഇംഗ്ലീഷിലായതുകൊണ്ട് ഈ പേപ്പറിന് വലിയ പ്രാധാന്യമുണ്ട്.
3.മൂന്നാം ഘട്ടം (Interview)
ആദ്യ രണ്ടു ഘട്ടങ്ങൾ മികച്ച രീതിയിൽ വിജയിക്കുന്നവരെയാണ് ഇന്റർവ്യൂവിന് വിളിക്കുന്നത്. സാധാരണയായി മുംബൈയിലുള്ള ആർ.ബി.ഐ ആസ്ഥാനത്ത് വെച്ചായിരിക്കും ഇത് നടക്കുക. ഇന്റർവ്യൂവിന് മുന്നോടിയായി നിങ്ങളുടെ വ്യക്തിത്വം വിലയിരുത്താൻ ഒരു സൈക്കോമെട്രിക് ടെസ്റ്റ് ഉണ്ടായിരിക്കും. 75 മാർക്കിനാണ് ഇന്റർവ്യൂ. ഇവിടെ അവർ നിങ്ങളുടെ പുസ്തകത്തിലുള്ള അറിവ് മാത്രമല്ല നോക്കുന്നത്; നിങ്ങൾക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, ആത്മവിശ്വാസം, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി എന്നിവയെല്ലാമാണ് വിലയിരുത്തുന്നത്.
സിലബസ്: എന്തൊക്കെ പഠിക്കണം?:
സിലബസ് വളരെ വിശാലമാണ്. ബിരുദാനന്തര ബിരുദ തലത്തിലുള്ള ഏതാണ്ട് എല്ലാ പ്രധാന വിഷയങ്ങളും ഇതിൽ വരും. താഴെ പറയുന്ന മേഖലകളിലാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്:
-
മൈക്രോ, മാക്രോ എക്കണോമിക്സ്: ഡിമാൻഡ്, സപ്ലൈ, മാർക്കറ്റ് സ്ട്രക്ച്ചർ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളും, നാഷണൽ ഇൻകം, ഇൻഫ്ലേഷൻ, ഫിസ്കൽ പോളിസി തുടങ്ങിയ മാക്രോ കാര്യങ്ങളും വിരൽത്തുമ്പിലായിരിക്കണം.
-
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ: ഇന്ത്യയുടെ സാമ്പത്തിക ചരിത്രം, പഞ്ചവത്സര പദ്ധതികൾ, നീതി ആയോഗ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, കാർഷിക-വ്യവസായ മേഖലകളിലെ പ്രശ്നങ്ങൾ എന്നിവ.
-
ഇക്കണോമെട്രിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്: ഡി.ഇ.പി.ആർ ജോലിയിൽ ഡാറ്റാ അനാലിസിസിന് വലിയ സ്ഥാനമുണ്ട്. അതിനാൽ സ്റ്റാറ്റിസ്റ്റിക്സിലെയും ഇക്കണോമെട്രിക്സിലെയും തിയറികളും അവയുടെ പ്രായോഗിക വശങ്ങളും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.
-
വളർച്ചയും വികസനവും: വിവിധ ഡെവലപ്മെന്റ് മോഡലുകൾ, ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് തുടങ്ങിയ കാര്യങ്ങൾ.
-
അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രം: വിദേശ വ്യാപാരം, ബാലൻസ് ഓഫ് പെയ്മെന്റ് (BOP), എക്സ്ചേഞ്ച് റേറ്റ്, WTO, IMF, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ.
പഠനം എങ്ങനെ ചിട്ടപ്പെടുത്താം? ചില പ്രായോഗിക നിർദ്ദേശങ്ങൾ:
ഈ പരീക്ഷ പാസാകുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല, പക്ഷേ അതിന് ചിട്ടയായതും കൃത്യമായതുമായ ഒരു പ്ലാൻ ആവശ്യമാണ്.
-
പത്രവായന ഒരു ശീലമാക്കുക: സാമ്പത്തിക ശാസ്ത്രം എന്നത് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ The Hindu, The Indian Express പോലുള്ള പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകളും, Mint, Business Standard പോലുള്ള ബിസിനസ് പത്രങ്ങളും ദിവസവും വായിക്കുന്ന ശീലം വളർത്തിയെടുക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക അറിവ് വർദ്ധിപ്പിക്കുക മാത്രമല്ല, ഇംഗ്ലീഷ് എഴുതാനുള്ള കഴിവും മെച്ചപ്പെടുത്തും.
-
ആർ.ബി.ഐ വെബ്സൈറ്റ് സന്ദർശിക്കുക: റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വരുന്ന റിപ്പോർട്ടുകൾ, വർക്കിംഗ് പേപ്പറുകൾ (Working Papers), ആർ.ബി.ഐ ബുള്ളറ്റിൻ എന്നിവ കൃത്യമായി വായിച്ചു മനസ്സിലാക്കുക. അവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ശൈലിയും പരീക്ഷയിൽ ഉത്തരമെഴുതാൻ നിങ്ങളെ ഏറെ സഹായിക്കും.
-
എക്കണോമിക് സർവേയും ബജറ്റും: ഇന്ത്യയുടെ എക്കണോമിക് സർവേ (Economic Survey) ഒരു റഫറൻസ് ഗ്രന്ഥം പോലെ കൊണ്ടുനടക്കുക. അതിലെ ഡാറ്റകളും ഗ്രാഫുകളും കൃത്യമായി പഠിക്കുക. അതുപോലെ തന്നെ കേന്ദ്ര ബജറ്റും വളരെ പ്രധാനമാണ്.
-
ബേസിക്സ് സ്ട്രോങ്ങ് ആക്കുക: മാക്രോ, മൈക്രോ എക്കണോമിക്സിന്റെ അടിസ്ഥാന കാര്യങ്ങളിൽ യാതൊരു സംശയവും പാടില്ല. എച്ച്.എൽ അഹൂജ (H.L Ahuja), എം.എൽ ജിംഗാൻ (M.L Jhingan) തുടങ്ങിയവരുടെ സ്റ്റാൻഡേർഡ് പുസ്തകങ്ങൾ ഇതിനായി ഉപയോഗിക്കാം.
-
മുൻവർഷ ചോദ്യപേപ്പറുകൾ: പരീക്ഷയുടെ പാറ്റേൺ മനസ്സിലാക്കാനും, ഏത് തരം ചോദ്യങ്ങളാണ് വരുന്നതെന്ന് അറിയാനും മുൻവർഷ ചോദ്യപേപ്പറുകൾ നിരന്തരം പരിശീലിക്കുക.
എന്തുകൊണ്ട് ഈ ജോലി തിരഞ്ഞെടുക്കണം? (ശമ്പളവും ജീവിതവും):
ഇനി ഏറ്റവും ആകർഷകമായ കാര്യത്തിലേക്ക് വരാം. ഒരു ഡി.ഇ.പി.ആർ ഓഫീസറുടെ ജീവിതം എങ്ങനെയായിരിക്കും?
-
മികച്ച ശമ്പളവും ആനുകൂല്യങ്ങളും: നിലവിലെ ശമ്പള സ്കെയിൽ അനുസരിച്ച് അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക അലവൻസ് (HRA), മറ്റ് അലവൻസുകൾ എന്നിവയെല്ലാം ഉൾപ്പെടെ ഒരു മാസം ലക്ഷത്തിന് മുകളിൽ കൈയിൽ കിട്ടും. ഇതിന് പുറമെ മികച്ച മെഡിക്കൽ സൗകര്യങ്ങൾ, പെൻഷൻ, ലീവ് ഫെയർ കൺസെഷൻ (LFC) എന്നിങ്ങനെ ഒരു മികച്ച കോർപ്പറേറ്റ് കമ്പനി നൽകുന്നതിനേക്കാൾ വലിയ ആനുകൂല്യങ്ങൾ ഗവണ്മെന്റ് സുരക്ഷയോടെ നിങ്ങൾക്ക് ലഭിക്കും.
-
താമസ സൗകര്യങ്ങൾ: മുംബൈ, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളിൽ ആർ.ബി.ഐ യുടെ സ്വന്തം ക്വാർട്ടേഴ്സുകളിൽ മികച്ച താമസസൗകര്യം ലഭ്യമാണ്.
-
കരിയർ വളർച്ച (Career Progression): ഗ്രേഡ് ബി ഉദ്യോഗസ്ഥനായി കയറിയാൽ നിങ്ങളുടെ അക്കാദമിക് മികവിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രേഡ് സി (അസിസ്റ്റന്റ് ജനറൽ മാനേജർ), ഗ്രേഡ് ഡി (ഡെപ്യൂട്ടി ജനറൽ മാനേജർ), ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ, എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങി സാക്ഷാൽ ഡെപ്യൂട്ടി ഗവർണർ പദവി വരെ എത്തിച്ചേരാൻ സാധിക്കുന്ന വളരെ സുതാര്യമായ ഒരു കരിയർ പാത്താണ് ആർ.ബി.ഐ നൽകുന്നത്.
-
സാമൂഹിക പദവി (Social Respect): റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ എന്നത് സമൂഹത്തിൽ എക്കാലത്തും വലിയ ബഹുമാനം ലഭിക്കുന്ന ഒരു പദവിയാണ്. നിങ്ങളുടെ അറിവിനും ഗവേഷണങ്ങൾക്കും രാജ്യതലത്തിൽ ലഭിക്കുന്ന അംഗീകാരം തീർച്ചയായും വിലമതിക്കാനാവാത്തതാണ്.
അവസാന വാക്ക്:സാമ്പത്തിക ശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയ ഒരാൾക്ക് തന്റെ അറിവും നൈപുണ്യവും രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ ഇതിനേക്കാൾ മികച്ചൊരു പ്ലാറ്റ്ഫോം ഇന്ത്യയിൽ വേറെ ലഭിക്കാനില്ല എന്ന് തന്നെ പറയാം. ലക്ഷക്കണക്കിന് ആളുകൾ എഴുതുന്ന പരീക്ഷയായതിനാൽ കടുത്ത മത്സരം നേരിടേണ്ടി വരുമെങ്കിലും, ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനവും കൃത്യമായ തയ്യാറെടുപ്പും ഉണ്ടെങ്കിൽ ഈ ലക്ഷ്യം കൈവരിക്കാൻ ആർക്കും സാധിക്കും. ഇത് വെറുമൊരു ജോലി മാത്രമല്ല; രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിൽ നിങ്ങളുടേതായ ഒരു കയ്യൊപ്പ് ചാർത്താനുള്ള സുവർണ്ണാവസരം കൂടിയാണ്.
Article By: Mujeebulla K.M
CIGI Career Team