×
20 June 2025
0

DASA UG 2025: സമഗ്രമായ വിവരങ്ങളും പ്രധാന മാറ്റങ്ങളും

ഇന്ത്യൻ സർക്കാർ സ്ഥാപനങ്ങളിൽ വിദേശ വിദ്യാർത്ഥികൾക്കായി ബിരുദ പ്രവേശനത്തിനുള്ള DASA (Direct Admission of Students Abroad) സ്കീം 2025-ലേക്കുള്ള പ്രധാന വിവരങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കേലയാണ് (NIT Rourkela) 2025 വർഷത്തേക്കുള്ള DASA സ്കീമിന്റെ ഏകോപന ചുമതല വഹിക്കുന്നത്.

എന്താണ് DASA സ്കീം?

വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് NIT-കൾ, IIIT-കൾ, SPA-കൾ, മറ്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭാഗികമായോ പൂർണ്ണമായോ ഫണ്ട് ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്ലാനിംഗ് പ്രോഗ്രാമുകളിൽ ബിരുദ പ്രവേശനം നേടുന്നതിനുള്ള പദ്ധതിയാണിത്. JEE (Main) 2025 റാങ്കിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

ആർക്കൊക്കെ അപേക്ഷിക്കാം?

വിദേശ പൗരന്മാർ, OCI (Overseas Citizens of India), PIO (Persons of Indian Origin), NRI (Non-Resident Indians) എന്നിവർക്ക് DASA UG 2025-ന് അപേക്ഷിക്കാം. 
2000 ഒക്ടോബർ 1-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം അപേക്ഷകർ. 
ഇന്ത്യൻ പൗരന്മാരായ NRI അല്ലാത്തവർക്ക് അപേക്ഷിക്കാൻ അനുവാദമില്ല.
സാധുവായ JEE (Main) 2025 റാങ്ക് ഉണ്ടായിരിക്കണം.

വിദ്യാഭ്യാസ യോഗ്യതകൾ:

B.E./B.Tech പ്രോഗ്രാമുകൾക്ക്: JEE (Main) 2025 B.E./B.Tech പേപ്പറിൽ സാധുവായ റാങ്ക് ഉണ്ടായിരിക്കണം. കൂടാതെ, പ്ലസ് ടു തലത്തിൽ (10+2 അല്ലെങ്കിൽ തത്തുല്യം) മാത്തമാറ്റിക്സ്, ഫിസിക്സ്, കൂടാതെ കെമിസ്ട്രി, ബയോടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിലേതെങ്കിലും ഒരു വിഷയം പഠിച്ച് മൊത്തത്തിൽ 75% മാർക്ക് (അല്ലെങ്കിൽ 10-ൽ 7.5 CGPA) നേടിയിരിക്കണം.
B.Arch പ്രോഗ്രാമുകൾക്ക്: JEE (Main) 2025 B.Arch പേപ്പറിൽ സാധുവായ റാങ്ക് ഉണ്ടായിരിക്കണം. പ്ലസ് ടു തലത്തിൽ (10+2) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു നിർബന്ധിത വിഷയമായിട്ടുള്ള 10+3 ഡിപ്ലോമ പാസായിരിക്കണം. മൊത്തത്തിൽ 75% മാർക്ക് (അല്ലെങ്കിൽ 10-ൽ 7.5 CGPA) നേടിയിരിക്കണം.
B.Plan പ്രോഗ്രാമുകൾക്ക്: JEE (Main) 2025 B.Plan പേപ്പറിൽ സാധുവായ റാങ്ക് ഉണ്ടായിരിക്കണം. പ്ലസ് ടു തലത്തിൽ (10+2) മാത്തമാറ്റിക്സ് പഠിച്ച് മൊത്തത്തിൽ 75% മാർക്ക് (അല്ലെങ്കിൽ 10-ൽ 7.5 CGPA) നേടിയിരിക്കണം.

റെസിഡൻഷ്യൽ യോഗ്യത: കഴിഞ്ഞ 8 വർഷത്തിനിടെ 11-ഉം 12-ഉം ക്ലാസുകളോ അതിന് തുല്യമോ  ഉൾപ്പെടെ കുറഞ്ഞത് രണ്ട് വർഷത്തെ വിദ്യാഭ്യാസം വിദേശ രാജ്യത്ത് പൂർത്തിയാക്കുകയും അവിടെ നിന്ന് +2 കോഴ്സ് വിജയിക്കുകയും ചെയ്തിരിക്കണം.

2024-25 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷ എഴുതിയവർക്കും, 2025 സെപ്റ്റംബർ 30-നകം ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, അവർക്ക് 75% മാർക്ക് (അല്ലെങ്കിൽ 7.5 CGPA) ലഭിച്ചില്ലെങ്കിൽ അഡ്മിഷൻ റദ്ദാക്കപ്പെടും, അടച്ച ഫീസ് തിരികെ ലഭിക്കില്ല.

പ്രധാന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും:

  • CIWG (Children of Indian Workers in Gulf) വിഭാഗം: DASA സീറ്റുകളിൽ 15% സൂപ്പർന്യൂമററി ക്വാട്ടയിൽ 5% CIWG വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു. അതായത്, DASA സീറ്റുകളുടെ മൂന്നിലൊന്ന് CIWG-ക്കായി നീക്കിവച്ചിരിക്കുന്നു.
  • CIWG-യിൽ OCI/PIO-കൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല: ഗൾഫ് രാജ്യങ്ങളിൽ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈൻ, ഇറാഖ്, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ) മാതാപിതാക്കളിൽ ആരെങ്കിലും ജോലി ചെയ്യുന്ന NRIs-ന് മാത്രമേ CIWG-ക്ക് അർഹതയുള്ളൂ.
  • CIWG ഉം DASA-Gen സീറ്റുകളും: CIWG സീറ്റുകൾക്ക് അർഹതയുള്ള NRI വിദ്യാർത്ഥികൾക്ക് DASA (Non-SAARC) വിഭാഗത്തിന് കീഴിലുള്ള DASA-Gen സീറ്റുകളിലേക്കും പരിഗണിക്കപ്പെടാനുള്ള ഓപ്ഷനുണ്ട്. ഇതിനായി DASA (Non-SAARC) അപേക്ഷകർക്ക് ബാധകമായ അതേ പ്രാരംഭ ഫീസ് (US$ 4300) അടയ്ക്കണം. ചോയിസ് ഫില്ലിംഗ് സമയത്ത് CIWG, DASA-Gen സീറ്റുകൾ വ്യത്യസ്ത ഓപ്ഷനുകളായി കാണിക്കും, രണ്ടും തിരഞ്ഞെടുക്കാൻ സാധിക്കും. CIWG വിഭാഗത്തിൽ അഡ്മിഷൻ ലഭിച്ചാൽ അധികമായി അടച്ച ട്യൂഷൻ ഫീസ് തിരികെ ലഭിക്കും.

ഫീസ് ഘടന (DASA Enrolment Fee - DEF):
    * രജിസ്ട്രേഷൻ ഫീസ് US$ 300 (നോൺ-റീഫണ്ടബിൾ).
    DASA-CIWG (Single Tag): US$ 300 (രജിസ്ട്രേഷൻ) + 62500 (ട്യൂഷൻ) = US$ 300 + INR 62500.  രക്ഷിതാക്കൾക്ക് ഇന്ത്യൻ രൂപയിലും ഫീസ് അടയ്ക്കാൻ സാധിക്കും
    DASA (Non-SAARC) (Single Tag): US$ 300 (രജിസ്ട്രേഷൻ) + US$ 4000 (ട്യൂഷൻ) = US$ 4300.
    DASA (SAARC) (Single Tag): US$ 300 (രജിസ്ട്രേഷൻ) + US$ 2000 (ട്യൂഷൻ) = US$ 2300. (സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന SAARC രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് 50% ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും).
    DASA-CIWG & DASA-Gen (Non-SAARC) (Double Tag): US$ 300 (രജിസ്ട്രേഷൻ) + US$ 4000 (ട്യൂഷൻ) = US$ 4300.
    * ഫീസ് ഓൺലൈൻ വഴി ഒറ്റ തവണയായി അടയ്ക്കണം (ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI, അല്ലെങ്കിൽ INR-നായി ഇ-ചലാൻ). മാതാപിതാക്കൾക്ക് ഇന്ത്യൻ രൂപയിലും അടയ്ക്കാൻ സാധിക്കും.

രജിസ്ട്രേഷൻ, ചോയിസ് ഫില്ലിംഗ്, സീറ്റ് അലോട്ട്മെന്റ് നടപടിക്രമങ്ങൾ:

  •     രജിസ്ട്രേഷൻ, DEF പേയ്മെന്റ്, ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യൽ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ബാലൻസ് DEF പേയ്മെന്റ് (ബാധകമെങ്കിൽ), ഓൺലൈൻ ചോയിസ് ഫില്ലിംഗ് & ലോക്കിംഗ്, സീറ്റ് അലോട്ട്മെന്റ് റൗണ്ടുകൾ (റൗണ്ട്-I, II, III), ഒടുവിൽ അഡ്മിറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകുക എന്നിവ ഉൾപ്പെടുന്നു.
  •     അപേക്ഷകർക്ക് JEE (Main) 2025 അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് "DASA and CSAB-Special" സീറ്റ് അലോക്കേഷൻ പോർട്ടലിൽ ലോഗിൻ ചെയ്യാം.
  •     ചോയിസുകൾ ഇടയ്ക്കിടെ സേവ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ട്, കാരണം അവ സ്വയമേവ സേവ് ആകില്ല. ചോയിസ് ഫില്ലിംഗ് സമയപരിധിക്ക് മുമ്പ് ചോയിസുകൾ "ലോക്ക്" ചെയ്യണം. ലോക്ക് ചെയ്യാത്ത പക്ഷം, അവസാനമായി സേവ് ചെയ്ത ചോയിസുകൾ സ്വയമേവ ലോക്ക് ചെയ്യപ്പെടും.
  •     അലോട്ട്മെന്റ് JEE (Main) 2025 കോമൺ റാങ്ക് ലിസ്റ്റിനെ (CRL) അടിസ്ഥാനമാക്കിയാണ്.
  •     ആദ്യമായി സീറ്റ് അലോട്ട് ചെയ്യപ്പെടുമ്പോൾ, "Initial Seat Allotment Intimation Slip" ഡൗൺലോഡ് ചെയ്യുകയും 'Freeze', 'Slide', 'Float', 'Surrender', 'Withdraw' എന്നീ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുത്ത്  സമ്മതം (Willingnes option) അറിയിക്കുകയും വേണം.

1. Freeze: അനുവദിച്ച സീറ്റ് സ്വീകരിക്കുകയും കൂടുതൽ റൗണ്ടുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തതും നിലവിലെ സീറ്റ് നിലനിർത്തുന്നതും.
2. Float: അനുവദിച്ച സീറ്റ് സ്വീകരിക്കുകയും, തുടർന്നുള്ള റൗണ്ടുകളിൽ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉയർന്ന മുൻഗണനയുള്ള അക്കാദമിക് പ്രോഗ്രാം ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുന്നു. അല്ലാത്തപക്ഷം നിലവിലെ സീറ്റ് നിലനിർത്തും
3. Slide: അനുവദിച്ച സീറ്റ് സ്വീകരിക്കുകയും, അതേ ഇൻസ്റ്റിറ്റ്യൂട്ടിനുള്ളിൽ ഉയർന്ന മുൻഗണനയുള്ള അക്കാദമിക് പ്രോഗ്രാം ലഭിക്കുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുന്നു. അല്ലാത്തപക്ഷം നിലവിലെ സീറ്റ് നിലനിർത്തും
4. Surrender: അനുവദിച്ച സീറ്റ് നിരസിക്കുകയും, അടുത്ത റൗണ്ടിൽ ഉയർന്ന ചോയ്സുകൾക്കായി പങ്കെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അനുവദിച്ച സീറ്റ് റദ്ദാക്കപ്പെടും. അവസാന റൗണ്ടിൽ ഈ ഓപ്ഷൻ ലഭ്യമല്ല.
5. Withdraw: അനുവദിച്ച/സ്വീകരിച്ച സീറ്റ് നിരസിക്കുകയും, തുടർന്നുള്ള സീറ്റ് അലോട്ട്മെന്റ് റൗണ്ടുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തതും. സീറ്റ് റദ്ദാക്കപ്പെടുകയും അപേക്ഷകൻ പ്രക്രിയയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും

*ഒരു വില്ലിംഗ്നെസ് ഓപ്ഷനും തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, അടുത്ത റൗണ്ടിലേക്ക് ഡിഫോൾട്ടായി 'Float' ആയി മാറുന്നു. എന്നാൽ, ലഭിച്ചത് ആദ്യ ചോയ്സ് ആണെങ്കിൽ, ഡിഫോൾട്ട് വില്ലിംഗ്നെസ് ഓപ്ഷൻ 'Freeze' ആയിരിക്കുകയും ചെയ്യും.

അഡ്മിറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടുള്ള റിപ്പോർട്ടിംഗ്: സീറ്റ് അലോക്കേഷനും സ്വീകാര്യതയും പൂർത്തിയായ ശേഷം, അപേക്ഷകർ അനുവദിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുകയും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന നടപടികൾ പൂർത്തിയാക്കുകയും, ബാക്കി ഫീസുകൾ അടയ്ക്കുകയും ചെയ്യണം. യഥാർത്ഥ രേഖകൾ ഈ ഘട്ടത്തിൽ വീണ്ടും പരിശോധിക്കും.

പ്രധാന തീയതികൾ (താൽക്കാലികം):

  •     രജിസ്ട്രേഷൻ, DEF പേയ്മെന്റ്, ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യൽ: 2025 ജൂലൈ 30 (രാവിലെ 10:00) മുതൽ 2025 ഓഗസ്റ്റ് 03 (വൈകുന്നേരം 05:00) വരെ.
  •     ചോയിസ് ഫില്ലിംഗ്, ചോയിസ് ലോക്കിംഗ്: 2025 ഓഗസ്റ്റ് 07 (രാത്രി 08:00) വരെ.
  •     DASA & CSAB സ്പെഷ്യൽ റൗണ്ട്-I സീറ്റ് അലോട്ട്മെന്റ് ഫലം: 2025 ഓഗസ്റ്റ് 09 (വൈകുന്നേരം 05:00).
  •     റൗണ്ട്-III ആണ് അവസാന റൗണ്ട്, സ്പോട്ട് റൗണ്ടുകൾ ഉണ്ടായിരിക്കില്ല.
  •     ഫലപ്രഖ്യാപനം ഓഗസ്റ്റ് 19, 2025 വരെ.
  •     അലോട്ട് ചെയ്ത സ്ഥാപനങ്ങളിൽ നേരിട്ടുള്ള റിപ്പോർട്ടിംഗ്: 2025 ഓഗസ്റ്റ് 20 (ബുധൻ) മുതൽ 2025 ഓഗസ്റ്റ് 23 (ശനി) വരെ (താൽക്കാലികം).

* ഡോക്യുമെന്റ് വെരിഫിക്കേഷൻ:

  •     ആവശ്യമായ എല്ലാ രേഖകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
  •     ഡോക്യുമെന്റുകളിൽ എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ, ഓൺലൈനായി മറുപടി നൽകണം. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ അപേക്ഷ റദ്ദാക്കപ്പെടും.
  •     തെറ്റായ രേഖകൾ സമർപ്പിച്ചാൽ അഡ്മിഷൻ റദ്ദാക്കുകയും തുടർന്നുള്ള റൗണ്ടുകളിൽ നിന്ന് വിലക്കുകയും ചെയ്യും.

* സംവരണ ആനുകൂല്യങ്ങൾ:

  •     DASA സ്കീമിൽ OBC/SC/ST/PwD വിഭാഗങ്ങൾക്ക് സംവരണം ലഭ്യമല്ല, CIWG സംവരണം മാത്രമേയുള്ളൂ.
  •     CSAB-Special 2025-ൽ NRI അല്ലെങ്കിൽ OCI/PIO(I) വിഭാഗത്തിലുള്ള വനിതാ അപേക്ഷകർക്ക് സൂപ്പർന്യൂമററി സീറ്റുകളുടെ ആനുകൂല്യം ലഭിക്കും. DASA 2025-ൽ ഈ ആനുകൂല്യം ലഭ്യമല്ല.

കൂടുതൽ വിവരങ്ങൾക്കും ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക വെബ്സൈറ്റുകൾ ([https://csab.nic.in/] അല്ലെങ്കിൽ [https://dasanit.org] സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്.

Fore more Information Click here 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query