
കരിയർ ഗൈഡൻസ് നൽകുന്നവർ വഴികാട്ടികൾ മാത്രം, പ്രവാചകരല്ല
"അയാളെന്തെങ്കിലും പറയട്ടെ, എനിക്കിത് മതി." – ഈയൊരു വാശി പലരുടെയും കരിയർ സ്വപ്നങ്ങളെ തകർത്തെറിഞ്ഞ ഒരു നിശ്ശബ്ദ വിലാപമാണ്. കരിയർ ഗൈഡുകൾ പ്രവചന ശാസ്ത്രജ്ഞരല്ല, ജ്യോതിഷികളല്ല, പ്രവാചകരുമല്ല. അവർ വെറും വഴികാട്ടികൾ മാത്രമാണ്. അവരുടെ ഉപദേശങ്ങൾ പലപ്പോഴും വ്യക്തിഗത വിവരങ്ങളെയും വിപണിയിലെ ട്രെൻഡുകളെയും കൃത്യമായി വിശകലനം ചെയ്ത് രൂപപ്പെടുത്തുന്നവയാണ്. മുന്നിലിരിക്കുന്ന വിദ്യാർത്ഥിയുടെ കഴിവുകളും താൽപ്പര്യങ്ങളും പരിമിതികളും മനസ്സിലാക്കിത്തന്നെയാണ് അവർ ഓരോ വാക്കും പറയുന്നത്. ചിലപ്പോൾ ആ ഉപദേശങ്ങൾ കയ്ച്ചെന്നു വരാം, പക്ഷേ അത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് തിരിച്ചറിയുന്നവർ കുറവാണ്.
കയ്ക്കുന്ന ഉപദേശങ്ങളും കയ്പേറിയ യാഥാർത്ഥ്യങ്ങളും📀📀
കരിയർ ഗൈഡിൻ്റെ കയ്പ്പുള്ള ഉപദേശങ്ങളെ നല്ല മനസ്സോടെ ഉൾക്കൊള്ളാതെ, "എനിക്കിത് മതി" എന്ന് വാശിയോടെ കോഴ്സുകൾക്ക് ചേർന്ന് വഴിയിലാധാരമായ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ. കോഴ്സ് പാതിവഴിക്ക് നിർത്തേണ്ടി വന്നവരും, പഠനം പൂർത്തിയാക്കിയിട്ടും നിരാശയോടെ ജീവിതം നയിക്കുന്നവരുമായ ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റുമുണ്ട്.
🔥🔥🔥🔥
സംഭവ കഥ 1: "എനിക്ക് വെറ്ററിനറി ഡോക്ടറാകണം, മാർക്കില്ലെങ്കിലും!"
+2 ബയോളജി സയൻസിൽ പഠിച്ച അനുവിന് ഡോക്ടറാകണം എന്നായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. എന്നാൽ നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ച റാങ്ക് ലഭിച്ചില്ല. അച്ഛനമ്മമാർ ബിരുദത്തിന് ഏതെങ്കിലും നല്ല സയൻസ് വിഷയം എടുക്കാനോ അല്ലെങ്കിൽ നഴ്സിങ്ങിന് ചേരാനോ ഉപദേശിച്ചു. എന്നാൽ അനുവിന് വെറ്ററിനറി ഡോക്ടറാകണം എന്നൊരു വാശിയുണ്ടായി. കരിയർ ഗൈഡൻസ് ക്ലാസ്സിൽ വെറ്ററിനറി കോഴ്സിൻ്റെ ഉയർന്ന കട്ട്ഓഫും, അനുവിൻ്റെ മാർക്കും തമ്മിലുള്ള അന്തരം കരിയർ ഗൈഡ് ചൂണ്ടിക്കാട്ടി. "നിങ്ങളുടെ ഈ മാർക്കിൽ പ്രവേശനം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ചിലപ്പോൾ മാനേജ്മെൻ്റ് ക്വാട്ടയിൽ ഉയർന്ന ഫീസ് നൽകി പ്രവേശനം നേടിയാൽ പോലും, ഈ മേഖലയോട് അമിത താൽപ്പര്യമില്ലെങ്കിൽ പഠനം ദുഷ്കരമാകും. മറ്റ് സാധ്യതകൾ ആലോചിക്കൂ," അദ്ദേഹം ഉപദേശിച്ചു.
എന്നാൽ അനു ഈ ഉപദേശം ചെവിക്കൊണ്ടില്ല. സ്വകാര്യ സ്ഥാപനത്തിൽ ഉയർന്ന ഫീസ് നൽകി വെറ്ററിനറി കോഴ്സിന് ചേർന്നു. ആദ്യവർഷം കഷ്ടിച്ച് പാസായി. രണ്ടാം വർഷം വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമായതോടെ പഠനത്തിൽ തീർത്തും പിന്നോട്ട് പോയി. കോഴ്സിലെ താൽപ്പര്യം കുറഞ്ഞതും വലിയ ഫീസ് താങ്ങാനാവാതെ വന്നതും കാരണം രണ്ടാം വർഷം പകുതിക്ക് വെച്ച് പഠനം നിർത്തി. ഇന്ന് ഒരു സാധാരണ ജോലിയുമായി മുന്നോട്ട് പോകുമ്പോൾ, കരിയർ ഗൈഡിൻ്റെ അന്നത്തെ വാക്കുകൾ ഓർത്ത് അനുവിന് സങ്കടം വരും.
സംഭവ കഥ 2: "ആർട്സ് പഠിച്ചാൽ എന്ത് കിട്ടാനാണ്?"
സയൻസ് വിഷയങ്ങളിൽ ശരാശരിക്ക് താഴെ മാർക്കുണ്ടായിരുന്ന അമലിന് ചിത്രരചനയിലും ഫോട്ടോഗ്രഫിയിലുമായിരുന്നു താൽപ്പര്യം. ഡിഗ്രിക്ക് സയൻസ് കോഴ്സുകളോ എഞ്ചിനീയറിംഗോ തിരഞ്ഞെടുക്കാനായിരുന്നു വീട്ടുകാരുടെ നിർബന്ധം. ഒരു കരിയർ കൗൺസിലറെ കണ്ടപ്പോൾ, അമലിൻ്റെ അഭിരുചികൾ മനസ്സിലാക്കിയ കൗൺസിലർ ഒരു വിഷ്വൽ കമ്മ്യൂണിക്കേഷൻസ് കോഴ്സോ, ആനിമേഷൻ കോഴ്സോ, അല്ലെങ്കിൽ ഫൈൻ ആർട്സുമായി ബന്ധപ്പെട്ട ബിരുദമോ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു. "നിങ്ങളുടെ കഴിവുകൾ ഈ മേഖലയിലാണ്. ഇതിൽ ശോഭിക്കാൻ നിങ്ങൾക്ക് സാധിക്കും. ആർട്സ് വിഷയങ്ങൾക്കും നല്ല സാധ്യതകളുണ്ട്," അദ്ദേഹം പറഞ്ഞു.
എന്നാൽ, "ആർട്സ് പഠിച്ചാൽ എന്ത് കിട്ടാനാണ്? നല്ല ശമ്പളമുള്ള ജോലി കിട്ടില്ല" എന്ന കൂട്ടുകാരുടെയും ചില ബന്ധുക്കളുടെയും അഭിപ്രായത്തിന് അമൽ ചെവികൊടുത്തു. നിർബന്ധത്തിന് വഴങ്ങി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതി, ഒരു സ്വകാര്യ കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് ചേർന്നു. താൽപ്പര്യമില്ലാത്ത പഠനം അമലിനെ മാനസികമായി തളർത്തി. ലാസ്റ്റ് റാങ്കിൽ പാസ്സാകാൻ പോലും പ്രയാസപ്പെട്ടു. നാല് വർഷം കൊണ്ട് പഠനം പൂർത്തിയാക്കിയെങ്കിലും, ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നും ഫോട്ടോഗ്രഫിയോടുള്ള താൽപ്പര്യം മനസ്സിൽ സൂക്ഷിച്ച്, മറ്റൊരു രംഗത്ത് സാധാരണ കൂലിപ്പണിക്ക് പോകുകയാണ് അമൽ. "അന്ന് ആർട്സ് തിരഞ്ഞെടുത്താൽ മതിയായിരുന്നു" എന്ന് അവൻ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നു.
സംഭവ കഥ 3: "കരിയർ ഗൈഡ് എന്നെ ഇകഴ്ത്തി സംസാരിച്ചു!"
അമിതമായ ആത്മവിശ്വാസമുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ശ്യാം. ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ പഠനം കഴിഞ്ഞപ്പോൾ, ശ്യാമിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വേണമെന്ന് നിർബന്ധമുണ്ടായി. അതിനുവേണ്ടി MBA ചെയ്യാനായിരുന്നു തീരുമാനം. ഒരു കരിയർ ഗൈഡിനെ സമീപിച്ചപ്പോൾ, ഗൈഡ് ശ്യാമിൻ്റെ അക്കാദമിക് റെക്കോർഡുകളും, ഇൻ്റേൺഷിപ്പ് എക്സ്പീരിയൻസും വിലയിരുത്തി.
"MBA ഒരു നല്ല ഓപ്ഷനാണ്, പക്ഷേ നിങ്ങളുടെ പ്രൊഫൈൽ വെച്ച് ടോപ്പ് ടയർ ബി-സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ സാധ്യത കുറവാണ്. താഴ്ന്ന റാങ്കുകളുള്ള കോളേജുകളിൽ നിന്ന് MBA ചെയ്യുന്നത് വലിയ പ്രയോജനം ചെയ്യില്ല. പകരം, നിങ്ങളുടെ കോർ വിഷയങ്ങളിൽ കൂടുതൽ വൈദഗ്ധ്യം നേടുന്നതിനോ, ഏതെങ്കിലും ഐടി സർട്ടിഫിക്കേഷൻ നേടുന്നതിനോ ശ്രമിക്കുന്നത് ഒരു പക്ഷേ നല്ലൊരു ജോലി നേടാൻ സഹായകമായേക്കും," ഗൈഡ് അവനോട് പറഞ്ഞു.
ഈ ഉപദേശം ശ്യാമിന് ഇഷ്ടപ്പെട്ടില്ല. "അയാൾ എന്നെ ഇകഴ്ത്തി സംസാരിച്ചു" എന്ന് പറഞ്ഞ് ശ്യാം ആ കരിയർ ഗൈഡിനെ പിന്നീട് കണ്ടിട്ടില്ല. ഉയർന്ന ഫീസ് നൽകി ഒരു ശരാശരി കോളേജിൽ അവൻ MBA-ക്ക് ചേർന്നു. MBA കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ശമ്പളത്തിൽ ജോലി ലഭിച്ചില്ല. ചെറിയ കമ്പനികളിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ ശ്യാം നിരാശനായി. സത്യസന്ധമായ ഉപദേശം തൻ്റെ കഴിവുകളെ ഇകഴ്ത്തുന്നതാണെന്ന് തെറ്റിദ്ധരിച്ചതാണ് ശ്യാമിൻ്റെ കരിയറിന് തിരിച്ചടിയായത്.
▪️▪️▪️▪️▪️
കരിയർ ഗൈഡുകൾ വഴികാട്ടികൾ മാത്രമാണ്
കരിയർ ഗൈഡുകൾ പ്രവാചകരല്ല. അവർ ഭാവി മുൻകൂട്ടി കാണുന്ന ജ്യോതിഷികളുമല്ല. എന്നാൽ ഒരു വ്യക്തിയുടെ അഭിരുചികൾ, ശക്തി ദൗർബല്യങ്ങൾ, അക്കാദമിക് കഴിവുകൾ എന്നിവയെല്ലാം കൃത്യമായി വിലയിരുത്തി, നിലവിലുള്ളതും ഭാവിയിൽ വരാൻ സാധ്യതയുള്ളതുമായ തൊഴിൽ പഠന സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. പഠന മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ, എൻട്രൻസ് പരീക്ഷകളുടെ കട്ട്ഓഫുകൾ, വിവിധ കോഴ്സുകളുടെ തൊഴിൽ സാധ്യതകൾ, ഫീസ് ഘടനകൾ, പ്ലേസ്മെൻ്റ് റിപ്പോർട്ടുകൾ എന്നിവയെല്ലാം അവർ കൃത്യമായി വിശകലനം ചെയ്യാറുണ്ട്.
ഒരു നല്ല കരിയർ ഗൈഡ് നിങ്ങളുടെ കണ്ണടച്ച് സ്വപ്നം കാണുന്നതിനെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യുന്നത്. പകരം, യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കാനും, ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും മികച്ച തീരുമാനം എടുക്കാനും നിങ്ങളെ പ്രാപ്തരാക്കുകയാണ്. അവരുടെ "കയ്ക്കുന്ന" ഉപദേശങ്ങൾ പലപ്പോഴും യാഥാർത്ഥ്യത്തിലേക്ക് കണ്ണുതുറപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ചിലപ്പോൾ നിങ്ങൾക്ക് ഒരു പ്രത്യേക മേഖലയിൽ താൽപ്പര്യമുണ്ടായിരിക്കാം, എന്നാൽ ആ മേഖലയിൽ വിജയിക്കാൻ ആവശ്യമായ കഴിവുകളോ സാഹചര്യങ്ങളോ നിങ്ങൾക്ക് ഇല്ലായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ, ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക എന്നത് ഒരു കരിയർ ഗൈഡിൻ്റെ കടമയാണ്.
സത്യസന്ധമായ കരിയർ ഉപദേശം കൊടുത്തതിൻ്റെ പേരിൽ കരിയർ ഗൈഡുമാരെ അകറ്റിയവരും, അവരുടെ വാക്കുകളെ പരിഹസിച്ചവരും പിന്നീട് ഖേദിച്ചിട്ടുണ്ട് എന്നത് സത്യമാണ്. കരിയർ എന്നത് വെറുമൊരു ജോലിയല്ല, മറിച്ച് ജീവിതത്തിൻ്റെ വലിയൊരു ഭാഗമാണ്. അതിൽ എടുക്കുന്ന ഓരോ തീരുമാനത്തിനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട്, കരിയർ ഗൈഡുകളുടെ ഉപദേശങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക. അതിനെ നിങ്ങളുടെ പരിമിതിയായി കാണാതെ, നിങ്ങളുടെ സാധ്യതകൾ തിരിച്ചറിയാനുള്ള ഒരു വഴികാട്ടിയായി കരുതുക.
കാരണം, നാളെയുടെ ലോകം കൂടുതൽ മത്സരാധിഷ്ഠിതമാണ്. അവിടെ സ്വന്തം കഴിവുകളും വിപണി സാധ്യതകളും കൃത്യമായി വിലയിരുത്തുന്നവർക്ക് മാത്രമേ വിജയിക്കാൻ സാധിക്കൂ.
Article By: Mujeebulla K.M
CIGI Career Team