×
13 April 2024
0

"സ്വന്തം അഭിരുചി എന്തെന്നറിഞ്ഞു മുന്നിലോട്ടുള്ള വഴി തിരഞ്ഞെടുക്കാം"

നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണു നമ്മളും നമ്മുടെ ദേശവും രാജ്യവുമൊക്കെ കടന്നു പോകുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും സാഹചര്യങ്ങൾ കൂടുതൽ വഷളാവുന്നു. ഏകദേശം 15 വർഷം മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെയധികം വർദ്ധിച്ചു. അതുപോലെതന്നെ ഓരോ വർഷവും പ്രഫഷണൽ കോളേജുകളിൽ നിന്നും ആർട്ട്സ് കോളേജുകളിൽ നിന്നും പുറത്തുവരുന്ന യുവാക്കളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. സ്വാഭാവികമായും അതിനാനുപാതികമായി തൊഴിൽ 'അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ പുറത്തു വരുന്ന ഓരോ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്കും തങ്ങളുടെ മേഖലയിൽ പിടിച്ചു നിൽക്കുവാനും മുന്നേറാനും സാധിക്കൂ.

ഏകദേശം ഒന്നരക്കോടിയോളം വിദ്യാർത്ഥികൾ ഓരോ വർഷവും തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കി പലവിധ തൊഴിൽ മേഖലകളിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ജനസമൂഹത്തെ സംരക്ഷിച്ചുകൊണ്ടു തന്നെ പുതുതായി പുറത്തുവരുന്ന യുവാക്കൾക്കു അവസരങ്ങൾ നൽകണം. ഇതു വലിയ വെല്ലുവിളിയാണ്. നമ്മുടെ രാജ്യത്തിൻ്റെ വളർച്ചാനിരക്ക് താഴാതെ പിടിച്ചുനിർത്തി മുന്നോട്ടു പോകാൻ സാധിച്ചാൽ മാത്രമേ ഇതിനു ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കൂ. നിർഭാഗ്യവശാൽ വളർച്ചയുടെ തോത് മുന്നോട്ടല്ല, എതിർദിശയിലാണു കുതിക്കുന്നത്. അടിയന്തിര പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേണ്ടതും ഉത്തരം കണ്ടത്തേണ്ടതുമായ മേഖലയാണിത്. ഇങ്ങനെ നീങ്ങിയാൽ തൊഴിലില്ലായ്മ മൂക്കയറില്ലാത്ത കന്നിനെപ്പോലെ കുതിക്കുകയും രാജ്യത്തിൻ്റെ മുന്നേറ്റം നിലയ്ക്കുകയും ചെയ്യാം. നമ്മുടെ രാജ്യത്തിൻ്റെ ഭാവി നിശ്ചയിക്കുന്നതു യുവാക്കളും അവർക്കുള്ള അവസരങ്ങളുമാണെന്നുള്ള ബോധ്യം നമ്മുടെ ഭരണാധികാരികൾ കാണാതെപോകുന്നതു തീർത്തും ദൗർഭാഗ്യകരമായ അവസ്ഥയാണ്. നമ്മുടെ ചിന്തകളും ചർച്ചകളും ഒന്നിനും ഉപകരിക്കാത്ത എന്തിലോ ഏതിലോ ഉടക്കി നിൽക്കുന്നു. വാഗ്‌ചാതുര്യത്താൽ വശീകരിച്ചു സാധാരണജനത്തെ തെറ്റിധാരണകളിലേക്കു നേതാക്കൾ നയിക്കുന്നതു ആശങ്കപ്പെടുത്തുന്ന അവസ്ഥാവിശേഷമാണ്. അതവിടെ നിൽക്കട്ടെ....

പറഞ്ഞുവന്നതു തൊഴിലവസരങ്ങളുടെ കണക്കും പുറത്തിറങ്ങുന്ന ബിരുദധാരികളുടെ എണ്ണവും ഏകദേശം സമമായാൽ മാത്രമേ തൊഴിൽ മേഖലയിലെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ നിൽക്കുന്ന സാഹചര്യത്തിൽ ഇതാ പ്രതിയോഗിയായി കൊറോണാ എന്ന മായാവി എത്തി. സാഹചര്യങ്ങൾ കൂടുതൽ വഷളായി. ലോകമിന്നു അതുണ്ടാക്കിയ വിഷമസന്ധിയിൽ ഉലയുകയാണ്. തൊഴിലില്ലായ്മ വീണ്ടും പെരുകി. പുതിയ അവസരങ്ങൾ സൃഷ്ടിക്കുവാൻ നമ്മുടെ സംവിധാനങ്ങൾ അമ്പേ പരാജയപ്പെടുന്നു. ഈ പ്രതികൂലസാഹചര്യത്തിൽ ഇനി അടുത്തെങ്ങും ഒരു മുന്നേറ്റം സാധ്യമാവുമെന്നു തോന്നുന്നുമില്ല. ഇത്തരുണത്തിൽ പഠിച്ചിറങ്ങുന്ന നമ്മുടെ സുഹൃത്തുക്കളുമായി കേൾക്കാൻ വിരസവും എന്നാൽ കാലഘട്ടത്തിൻ്റെ അനിവാര്യതയുമായ ചില ചിന്തകൾ പങ്കുവക്കുന്നു.

1. ആദ്യമേ മനസ്സിലാക്കുക എല്ലാ തൊഴിൽ മേഖലകൾക്കും അതിൻ്റേതായ പ്രാധാന്യവും തനിമയുമുണ്ട്. 
2. സാഹചര്യങ്ങൾ മുൻപു വ്യക്തമാക്കിയതുപോലെ അനുകൂലമല്ല; അതികഠിനമായ പ്രതിസന്ധികളിലൂടെയാണു ഓരോ തൊഴിൽമേഖലയും കടന്നുപോകുന്നത് എന്ന യാഥാർത്ഥ്യം നാം ജാഗ്രതയോടെ വീക്ഷിക്കണം.
3. അതുപോലെ തന്നെ പലപ്പോഴും നമ്മുടെ പഠനയാത്രയിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്കു കുട്ടികൾ നൽകുന്ന പ്രാധാന്യം പിന്നീടു നൽകുന്നില്ല. ഓർക്കുക എസ് എസ് എൽ സി യും പ്ലസ്ടുവും നമ്മുടെ തുടർ വിദ്യാഭ്യാസ മേഖലയിലേക്കുള്ള വാതായനങ്ങൾ മാത്രമാണ്. നിങ്ങളുടെ ഭാവി തീരുമാനിക്കുന്നതു ഈ രണ്ടു പരീക്ഷകളുമല്ല. ഈ രണ്ടു പരീക്ഷകൾക്കും നൽകുന്ന അതേ പ്രാധാന്യം ഉന്നതവിദ്യാഭ്യാസത്തിനും നൽകേണ്ടതു ഇന്നിൻ്റെ അനിവാര്യതയാണ്. അവിടെ നിങ്ങൾ എങ്ങനെ പ്രശോഭിക്കുന്നുവോ അതുപോലെയായിരിക്കും നിങ്ങളുടെ ഭാവിയും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുക.
4. മനസ്സിലാക്കുക, തുടർ വിദ്യാഭ്യാസത്തിനുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ ആസൂത്രണം ആവശ്യമാണ്. അഭിരുചിക്കനുശ്രുതമായ മേഖലകൾ മാത്രം തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
5. എളുപ്പം വരുമാനമുണ്ടാക്കാവുന്ന കോഴ്സുകളും ട്രെൻഡിങ്ങായ കോഴ്സുകളും സ്റ്റാറ്റസു നോക്കിയുള്ള കോഴ്സുകളും പലപ്പോഴും മാതാപിതാക്കൾ മക്കളിൽ അടിച്ചേൽപ്പിക്കാറുണ്ട്. ഇതു വിപരീതഫലം ഭാവിയിൽ സൃഷ്ടിക്കാൻ സാധ്യതയേറെയാണ്.
6. ഒരിക്കലും ആരുടേയും നിർബന്ധങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ കഴിവും അഭിരുചിയും മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിക്കത്തക്കതും വളർത്താൻ പാകത്തിലുള്ളതുമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവരെ മാതാപിതാക്കളും അധ്യാപകരും സഹായിക്കണം.
7. ഇഷ്ടമില്ലാത്ത കോഴ്സുകൾ അടിച്ചേൽപ്പിച്ചാൽ അതു നൽകുന്ന മാനസിക സമ്മർദം പലപ്പോഴും അവർക്കു താങ്ങാവുന്നതിലും അധികമാവും. പഠിച്ചിറങ്ങുമ്പോഴും ഇഷ്ടമുള്ള മേഖലയിൽ സന്തോഷത്തോടെ ജോലി ചെയ്യുവാൻ സാധിക്കണമെങ്കിൽ അഭിരുചിക്കും കഴിവിനും അനുശ്രുതമായ മേഖലകൾ തിരഞ്ഞെടുക്കപ്പെടണം. അതിനായി അവരെ വഴികാട്ടുക.
8. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഏതു മേഖല തിരഞ്ഞെടുത്താലും അതിൽ മികവ് തെളിയിക്കാൻ പരമാവധി പരിശ്രമിക്കുക എന്നുള്ളതാണ്. കാരണം ഒരു ശരാശരി രീതിയിൽ ഇനി നമുക്കു മുന്നേറാൻ വളരെ പ്രയാസമാണ് എന്ന വാസ്തവം മനസ്സിലാക്കി പൊരുതുവാൻ നമുക്കു തയ്യാറെടുക്കാം. കാരണം തൊഴിൽമേഖല ഇനി വരുന്ന നാളുകളിൽ അതികഠിന മത്സരത്തേയാണു നേരിടാൻ പോകുന്നത്.
9. ഏതു കോഴ്സു തിരഞ്ഞെടുക്കുന്നു എന്നതിനപ്പുറം തിരഞ്ഞെടുത്ത മേഖലയിലെ പ്രാവീണ്യം തെളിയിക്കാൻ സാധിച്ചാൽ ആർക്കും നമ്മെ പിന്തള്ളാൻ സാധിക്കില്ല. ഓർക്കുക നാം നമ്മോടു തന്നെയാണു പോരാടേണ്ടത്, മറ്റുള്ളവരുമായല്ല. കാരണം എൻ്റെ കഴിവുകളും കുറവുകളും നന്നായി അറിയാവുന്നതു എനിക്കുമാത്രമാണ്.
10. നിലവിലുള്ളതും പുതുതായി ഉയർന്നുവരുന്നതുമായ തൊഴിൽമേഖലകളേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. അതിൽ അനുയോജ്യമായ മേഖല തങ്ങളുടെ കഴിവിനനുസൃതം തിരഞ്ഞെടുക്കുക. അതിൽ മികവ് തെളിയിക്കുക.
11. പ്രിയരേ ഓർക്കുക, ഒരു കാര്യം ആസ്വദിച്ചു ചെയ്യുന്നതും നിർബന്ധിച്ചു ചെയ്യുന്നതും രണ്ടും രണ്ടാണ്. അതു തരുന്ന ഫലവും വ്യത്യസ്തമാണ്.
12. ഏതു മേഖല തിരഞ്ഞെടുത്താലും പരമാവധി അതിൽ കഴിവു തെളിയിക്കാൻ പരിശ്രമിക്കുക. കുറവുകളെ മനസ്സിലാക്കി തിരുത്താൻ തയ്യാറാവുക.
13. ഓർക്കുക; നിങ്ങളുടെ ഭാവി, നിങ്ങളുടെ തൊഴിൽമേഖലയിലെ പദവി ഒക്കെയും നിങ്ങൾ അവസാനം പടിയിറങ്ങുന്ന കോഴ്സാണു നിശ്ചയിക്കുന്നത്. പലപ്പോഴും SSLC, +2 പരീക്ഷകൾക്കു ശേഷം ദീർഘശ്വാസം വിട്ടു നന്നായി പിന്നീടു ഉഴപ്പുന്ന ഒരു പ്രവണത നാം കാണാറുണ്ട്. കാലഘട്ടത്തിൻ്റെ അനിവാര്യത മനസ്സിലാക്കി പരിശീലിക്കാൻ നാം തയ്യാറാവണം.
14. ആദ്യ അവസരത്തിൽ തന്നെ നമ്മുടെ കോഴ്സുകൾ പൂർത്തിയാക്കുവാനും പ്രഗത്ഭ്യം തെളിയിക്കുവാനും പരിശ്രമിക്കാം. കാരണം ഓരോ വർഷം കഴിയുന്തോറും നമ്മുടെ അവസരങ്ങൾ കുറയുന്നു എന്ന അവബോധം നമ്മെ ശക്തിപ്പെടുത്തണം, പോരാട്ടത്തിനു കരുത്തു നൽകണം.
15. മറ്റൊരു പ്രധാന കാര്യം മക്കൾ നിർദേശിക്കുന്ന കോഴ്സുകൾ കൃത്യമായി അന്വേഷിക്കുവാനും അതിലെ സാധ്യതകൾ പരിശോധിക്കുവാനും മാതാപിതാക്കൾ ശ്രമിക്കണം.
16. പുതിയ മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ കോഴ്സിനെക്കുറിച്ചറിവുള്ള വിദഗ്ധരുമായി ആശയവിനിമയത്തിനു അവസരം ഉണ്ടാക്കിക്കൊടുക്കുന്നതു നല്ല ഫലം ചെയ്യും.
17. എപ്പോഴും അവരുടെ കഴിവുകൾക്കും അഭിരുചികൾക്കുമാണു പ്രഥമ പരിഗണന നൽകേണ്ടത്.
18. മാതാപിതാക്കളുടെ താത്പര്യങ്ങൾ, നടക്കാതെപോയ സ്വപ്നങ്ങൾ ഇവയൊന്നും അവരുടെ തലയിൽ അടിച്ചേൽപ്പിക്കപ്പെടരുത്. അവരുടെ സ്വപ്നങ്ങളെക്കുറിച്ചു മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നതു കൂടുതൽ മികവു തെളിയിക്കാൻ അവരെ പ്രാപ്തരാക്കും.

കാലഘട്ടത്തിനനിവാര്യമായ ചടുലതയിൽ, തിരുത്തലുകൾ വരുത്തി, തങ്ങളുടെ കഴിവുകളെ വളർത്തി, കുറവുകൾ പരിഹരിച്ചു നാളെയുടെ പോരാട്ടത്തിൽ തളരാതെ മുന്നേറാം. സാഹചര്യങ്ങളെ സമചിത്തതയോടെ മനസ്സിലാക്കി അവ മുന്നിൽ വയ്ക്കുന്ന പ്രതിബന്ധങ്ങളെ കരുത്തോടെ പ്രതിരോധിക്കുവാനുള്ള നൈപുണ്യം ഓരോരുത്തർക്കും ആർജ്ജിക്കാം. അതിനുവേണ്ടതു ഇച്ഛാശക്തിയുള്ള മനസ്സും തളരാത്ത നിരന്തര പരിശ്രമവുമാണ്. നിങ്ങളുടെ പോരാട്ടവീര്യത്തിനും കഠിനാദ്ധ്വാനത്തിനും മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറക്കുമെന്നുറപ്പ്.

" ഓർക്കുക; നിങ്ങളുടെ ജീവിതം നിങ്ങളുടെ ഭവനമാണ്, അതിൻ്റെ ശില്പി നിങ്ങൾതന്നെയാണ്. മറ്റുള്ളവർ ആസൂത്രകർ മാത്രമാണ് "

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017