×
30 April 2024
0

കളികളോടാണ് നിങ്ങൾക്ക് മുഹബ്ബത്തെങ്കിൽ, ഈ കോഴ്സുകൾ നിങ്ങൾക്കുള്ളതാണ്

കായികരംഗത്ത് താത്പര്യമുള്ളവർക്കായി ഇന്ത്യയിൽ നിരവധി യൂണിവേഴ്സിറ്റികളും കോളേജുകളും വ്യത്യസ്തമായ കോഴ്സുകൾ നൽകുന്നുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമയുമെല്ലാം ഇതിൽ ഉൾപ്പെടും. അത്തരത്തിൽ കായികരംഗത്ത് പഠിക്കാനാകുന്ന ചില കോഴ്സുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

🔰ഡിപ്ലോമാ കോഴ്സുകൾ:

ഒരുവർഷം അല്ലെങ്കിൽ രണ്ടുവർഷംകൊണ്ട് പഠിച്ചെടുക്കാവുന്ന കോഴ്സുകളാണ് ഡിപ്ലോമ. 
സ്പോർട്സ് രംഗവുമായി ബന്ധമുള്ള വിഷയങ്ങൾ പഠിച്ചവർക്കായാണ് ഈ കോഴ്സുകൾ പ്രധാനമായുമുള്ളത്.
സ്പോർട്സ് മെഡിസിൻ,
സ്പോർട്സ് കോച്ചിങ്,
സ്പോർട്സ് മാനേജ്മെന്റ്,
സ്പോർട്സ് സയൻസ് ആൻഡ് ന്യൂട്രീഷ്യൻ എന്നീ വിഷയങ്ങളിലാണ് ഇന്ത്യയിൽ ഡിപ്ലോമാ കോഴ്സുകളുള്ളത്.

🔰ബിരുദ കോഴ്സുകൾ:

മൂന്ന് അല്ലെങ്കിൽ നാലുവർഷം നീണ്ടുനിൽക്കുന്ന കോഴ്സുകളാണിവ. പ്ലസ്ടു പാസായ ആർക്കും ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബി.എസ്സി., ബി.എ. എന്നീ രണ്ട് സ്ട്രീമുകളിലായാണ് ബിരുദ കോഴ്സുകളുള്ളത്.

▫ ബി.എസ്സി. സ്ട്രീമിൽ പഠിക്കണമെങ്കിൽ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് എടുത്തിരിക്കണം.
ബി.എസ്സി. സ്ട്രീമിൽ ഫിസിക്കൽ എജുക്കേഷൻ, ഹെൽത്ത് എജുക്കേഷൻ, സ്പോർട്സ് സയൻസ്, സ്പോർട്സ് ആൻഡ് റിക്രിയേഷൻ മാനേജ്മെന്റ് എന്നീ കോഴ്സുകളാണുള്ളത്.

▫ബി.എ. സ്ട്രീമിൽ ഫിസിക്കൽ എജുക്കേഷൻ, സ്പോർട്സ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ഇൻ സ്പോർട്സ് മാനേജ്മെന്റ് എന്നീ കോഴ്സുകളുണ്ട്.ബിരുദാനന്തര ബിരുദ കോഴ്സുകളിലും നിരവധി അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. ജോലി സാധ്യത ഊട്ടിയുറപ്പിക്കാൻ ബിരുദാനന്തര ബിരുദ കോഴ്സുകൾ സഹായിക്കുന്നു. ഇതൊക്കെ കഴിഞ്ഞ് സിവിൽ സർവ്വീസിനോട് താത്പര്യമുണ്ടെങ്കിൽ അതും എഴുതി എടുക്കാനാവും.

▫മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ, എം.എസ്സി. ഇൻ സ്പോർട്സ് കോച്ചിങ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് മെഡിസിൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് ബിസിനസ്, എം.ബി.എ. ഇൻ സ്പോർട്സ് മാനേജ്മെന്റ്, എം.എസ്സി. ഇൻ സ്പോർട്സ് സയൻസ് എന്നീ കോഴ്സുകളാണ് ഇന്ത്യയിൽ പ്രധാനമായുമുള്ളത്.

ഇവയ്ക്ക് പുറമേ ഡോക്ടറേറ്റ് നേടാനുള്ള അവസരങ്ങളുമുണ്ട്.

ഫിസിക്കൽ എജുക്കേഷനിലും സ്പോർട്സ് മാനേജ്മെന്റിലും പിഎച്ച്.ഡി. എടുക്കാനും ഫിസിക്കൽ എജുക്കേഷനിൽ എം.ഫിൽ എടുക്കാനും ഇന്ത്യയിൽ സൗകര്യമുണ്ട്.

🩸🔰ദേശീയ കായിക സർവകലാശാലയിലെ പ്രധാന കോഴ്സുകൾ:

▫ബിരുദകോഴ്സുകൾ:

ദേശീയ കായിക സർവകലാശാലയിൽ പ്രധാനമായും രണ്ട് ബിരുദ കോഴ്സുകളാണുള്ളത്.

1. ബി.എസ്സി. സ്പോർട്സ് കോച്ചിങ്ങ്:

ഈ കോഴ്സ് പഠിക്കുന്നതിലൂടെ സ്പോർട്സ് കോച്ചാകാൻ സാധിക്കും. 
ആർച്ചറി, അത്ലറ്റിക്സ്, ബോക്സിങ്, ഫുട്ബോൾ, ബാഡ്മിന്റൺ, ഭാരോദ്വഹനം, ഷൂട്ടിങ് എന്നീ വിഷയങ്ങളിലാണ് ബിരുദമെടുക്കാനാകുക. 
കായിക സർവകലാശാലയിലൂടെ ഈ ബിരുദം കരസ്ഥമാക്കുന്നവർക്ക് ദേശീയ സംസ്ഥാന ടീമുകളുടെ കോച്ചാകാൻ സാധിക്കും. അതോടൊപ്പം നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും അവസരം ലഭിക്കും.

▫യോഗ്യത: 
സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമയുള്ളവർക്കോ അല്ലെങ്കിൽ നാലുവർഷത്തെയോ രണ്ടുവർഷത്തെയോ ബി.പി.എഡ്. കോഴ്സ് പാസായവർക്കോ തത്തുല്യ യോഗ്യതയുള്ളവർക്കോ ഈ കോഴ്സിനായി അപേക്ഷിക്കാം. 
50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിരിക്കണം. കോളേജ് അല്ലെങ്കിൽ സംസ്ഥാന- ജില്ലാതലങ്ങളിൽ ബോക്സിങ്, ഫുട്ബോൾ, ബാഡ്മിന്റൺ, ഭാരോദ്വഹനം, ഷൂട്ടിങ് എന്നീ ഇനങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണനയുണ്ട്.

▫എങ്ങനെ അഡ്മിഷൻ നേടാം:
നാലുവർഷത്തെ കോഴ്സാണിത്. ബോക്സിങ്, ഫുട്ബോൾ, ബാഡ്മിന്റൺ, ഭാരോദ്വഹനം, ഷൂട്ടിങ് എന്നീ ഇനങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ.
അഡ്മിഷന്റെ സമയത്ത് പ്രൊഫിഷ്യൻസി ടെസ്റ്റ് പാസാകണം. പ്രവേശനം നേടിയതിനുശേഷം ഇനം മാറ്റാനാകില്ല. ഓരോ സ്ട്രീമിലും 10 സീറ്റുകൾ മാത്രമാണുള്ളത്.

2. ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് (BPES):

ഫിസിക്കൽ എജുക്കേഷനും സ്പോർട്സിനും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന കോഴ്സാണിത്. 
ഈ കോഴ്സ് വഴി നല്ലൊരു കോച്ചായോ ഫിസിക്കൽ എജുക്കേഷൻ ടീച്ചറായോ മാറാൻ സാധിക്കും. 
സ്പോർട്സ് അഡ്മിനിസ്ട്രേഷൻ, ഫിറ്റ്നസ് ഹെൽത്ത് ക്ലബ്, ലോ എൻഫോഴ്സ്മെന്റ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം ഈ കോഴ്സ് നൽകും.

▫യോഗ്യത:
പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. മൂന്നുവർഷത്തെയും നാലുവർഷത്തെയും കോഴ്സുകളാണ് ഉണ്ടാകുക. 
17 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നേടാനാകുക. എഴുത്തുപരീക്ഷ, സ്പോർട്സ് അഭിരുചിയറിയാനുള്ള പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ പാസ്സാകണം.

▫എങ്ങനെ അഡ്മിഷൻ നേടാം:
ഒരു ഗെയിം അല്ലെങ്കിൽ സ്പോർട് മാത്രമേ എടുക്കാനാകുകയുള്ളൂ. ആർച്ചറി, അത്ലറ്റിക്സ്, ജിംനാസ്റ്റിക്സ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, കാനോയിങ്, ക്രിക്കറ്റ്, സൈക്ലിങ്, ഡൈവിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, കയാക്കിങ്, ഖൊ-ഖൊ, ലോൺ ടെന്നീസ്, പവർലിഫ്റ്റിങ് ആൻഡ് ബെസ്റ്റ് ഫിസിക്ക്, സോഫ്റ്റ്ബോൾ, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, വോളിബോൾ, വാട്ടർ പോളോ, വെയ്റ്റ് ലിഫ്റ്റിങ്, റസ്ലിങ്, യോഗ എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. അഭിരുചിപരീക്ഷയ്ക്ക് ഇവയിലേതെങ്കിലുമൊന്നിൽ കഴിവ് തെളിയിക്കണം.

🩸ബിരുദാനന്തര ബിരുദ കോഴ്സുകൾ:

▫എം.എസ്സി. സ്പോർട്സ് കോച്ചിങ്, എം.എ.സ്പോർട്സ് സൈക്കോളജി എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദ കോഴ്സുകളുള്ളത്.

എം.എസ്സി. സ്പോർട്സ് കോച്ചിങ്:
ഈ കോഴ്സിൽ അത്ല്റ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്, ഫുട്ബോൾ, ഭാരോദ്വഹനം എന്നിവയിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.

▫യോഗ്യത:
ബിരുദമാണ് അടിസ്ഥാന യോഗ്യത. 17 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നേടാനാകുക. എഴുത്തുപരീക്ഷ, സ്പോർട്സ് അഭിരുചിയറിയാനുള്ള പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ പാസാകണം.

▫▫എങ്ങനെ അഡ്മിഷൻ നേടാം: 
മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക. എഴുത്തുപരീക്ഷയ്ക്ക് പരമാവധി 50 മാർക്കും സ്കിൽ ടെസ്റ്റിന് 40-ഉം അഭിമുഖത്തിന് 10 മാർക്കും ഉണ്ടാകും. ഇതിൽ ഏറ്റവുമധികം മാർക്ക് നേടുന്നവർക്ക് അഡ്മിഷൻ നേടാം.

▫എം.എ. സ്പോർട്സ് സൈക്കോളജി:

യോഗ്യത: രണ്ടുവർഷത്തെ കോഴ്സാണിത്.
സൈക്കോളജി, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലേതെങ്കിലുമൊന്നിൽ ചുരുങ്ങിയത് 50 ശതമാനം മാർക്കോടെ ബിരുദം പാസായിരിക്കണം.
കോളേജ്, ജില്ലാ, സംസ്ഥാനതലത്തിൽ ഏതെങ്കിലുമൊരു സ്പോർട്സ് ഇനത്തിൽ പങ്കെടുത്തിരിക്കണം.

▫▫എങ്ങനെ അഡ്മിഷൻ നേടാം: 

മെറിറ്റ് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക.

 എഴുത്തുപരീക്ഷയ്ക്ക് പരമാവധി 50 ഉം സ്കിൽ ടെസ്റ്റിന് 40-ഉം അഭിമുഖത്തിന് 10-ഉം മാർക്ക് ഉണ്ടാകും.
 ഇതിൽ ഏറ്റവുമധികം മാർക്ക് നേടുന്നവർക്ക് അഡ്മിഷൻ നേടാം.
 ആകെ പത്തുപേർക്കാണ് അഡ്മിഷൻ ലഭിക്കുക.

വെബ്സൈറ്റ്: www.nsu.ac.in

ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് കോളേജുകൾ

▫സംസ്ഥാനതലത്തിലുള്ളവ:

1. സ്വർണിം ഗുജറാത്ത് സ്പോർട്സ്, യൂത്ത് ആൻഡ് കൾച്ചർ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ്, ഗുജറാത്ത്
 വെബ്സൈറ്റ്: www.sgsu.gujarat.gov.in

2. തമിഴ്നാട് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി, ചെന്നൈ 
വെബ്സൈറ്റ്: www.tnpesu.org

3. ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ന്യൂഡൽഹി
 വെബ്സൈറ്റ്: www.igipess.du.ac.in

▫മറ്റ് സ്ഥാപനങ്ങൾ:

1. നാഷണൽ അക്കാദമി ഓഫ് സ്പോർട്സ് മാനേജ്മെന്റ്, മുംബൈ
 വെബ്സൈറ്റ്: www.nasm.edu.in

2. സിംബിയോസിസ് സ്കൂൾ ഓഫ് സ്പോർട്സ് സയൻസസ്, പുണെ
 വെബ്സൈറ്റ്: www.ssss.edu.in

3. സെന്റർ ഫോർ സ്പോർട്സ് സയൻസ്, ചെന്നൈ 
വെബ്സൈറ്റ്: www.csstrucoach.in

4. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സയൻസ് ആൻഡ് ടെക്നോളജി, പുണെ 
വെബ്സൈറ്റ്: www.isst.co.in

5. ഡൽഹി യൂണിവേഴ്സിറ്റി
 വെബ്സൈറ്റ്: www.du.ac.in

6. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി
 വെബ്സൈറ്റ്: www.pondiuni.edu.in

7. അളഗപ്പ യൂണിവേഴ്സിറ്റി, തമിഴ്നാട്
 വെബ്സൈറ്റ്: www.alagappauniversity.ac.in

8. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മാനേജ്മെന്റ്,
 മുംബൈ 
വെബ്സൈറ്റ്: www.iismworld.com

▫മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സിന് കീഴിലുള്ളവ:

1. ലക്ഷ്മിബായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ, ഗ്വാളിയോർ വെബ്സൈറ്റ്: www.lnipe.edu.in

2. ലക്ഷ്മിബായ് നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എജുക്കേഷൻ, തിരുവനന്തപുരം വെബ്സൈറ്റ്:
www.lncpe.gov.in

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017