×
13 April 2024
0

നീറ്റ്-യുജി പരീക്ഷ നീന്തിക്കടക്കാം, വളരെ നീറ്റായും കൂളായും കൊണ്ട് തന്നെ

നീറ്റ് UG പരീക്ഷയിൽ വിജയം നേടാനുള്ള പ്രായോഗികമായ 6 കൽപ്പനകൾ....

ഇന്ത്യയിലെ മികച്ച മെഡിക്കൽ കോളേജുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഏറ്റവും കടുപ്പമേറിയ പ്രവേശന പരീക്ഷയായാണ്  നീറ്റ് എന്നത് എല്ലാർക്കുമറിയാം..

ചിലർ ആദ്യ അവസരത്തിൽ തന്നെ വിജയം നേടുമ്പോൾ മറ്റു പലർക്കും വിജയത്തിലെത്താനായി ഒന്നിൽ കൂടുതൽ പ്രാവശ്യം പരിശ്രമിക്കേണ്ടതായും വരാറുണ്ട്. റിപീറ്റിങ്ങും, റീ-റിപ്പീറ്റിങ്ങും.

നീറ്റ് പോലൊരു പരീക്ഷയിൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കാൻ സാധിക്കുമോ എന്നു നിങ്ങൾ ചോദിക്കുന്നു. പറ്റുമെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അദ്‌ഭുതപ്പെട്ടേക്കാം.
അറിയുക,  അത്തരത്തിലൊരു വിജയം ഒരിക്കലും അപ്രാപ്യമായ ഒന്നല്ല. 
അസാധ്യമായി ഒന്നുമില്ല എന്ന നെപ്പോളിയൻ ജീവിതം ഓർക്കുക.

മുൻ വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം 60 മുതൽ 70 ശതമാനം വരെ വിദ്യാർത്ഥികളും ആദ്യ ശ്രമത്തിൽ തന്നെ നീറ്റ് പരീക്ഷ പാസ്സാകുന്നതായി കാണാൻ സാധിക്കും. അതും 600 ൽ അധികം മാർക്ക്‌ നേടിക്കൊണ്ട്.

മിക്കവർക്കും സാധാരണയായി നീറ്റ് പരീക്ഷയുടെ ആദ്യ ശ്രമം പ്ലസ്‌ 2 ബോർഡ്‌ പരീക്ഷയുടെ കൂടെ തന്നെയാണ് കടന്നു പോകുന്നത്. നീറ്റ് പരീക്ഷയുടെ സിലബസ് പ്ലസ്‌ 1 ലെയും പ്ലസ്‌ 2 ലെയും ജീവശാസ്ത്രം ,ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. 
ഈ വിഷയങ്ങളിൽ മികച്ച അടിത്തറയുള്ള ഏതൊരു വിദ്യാർത്ഥിക്കും നീറ്റ് കടമ്പ ആദ്യ  അവസരത്തിൽ തന്നെ ഉന്നത റാങ്കോടെ കടന്നുകൂടാൻ സാധിക്കും. 

അലർട്ട് 1.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ലക്ഷ്യമാക്കുന്ന ഏതൊരാളും അടുത്ത വർഷത്തെ പരീക്ഷക്കായി കാത്തു നിൽക്കാതെ ആദ്യ അവസരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ തക്ക രീതിയിൽ കഠിനമായി പ്രയത്നിക്കേണ്ടതാണ്. 

🟫 ഇനി ആദ്യ പരിശ്രമത്തിൽ തന്നെ നീറ്റ് 2024 ൽ എങ്ങനെ വിജയം നേടാം എന്നു നോക്കാം.

നീറ്റ് 2024 ആദ്യ ശ്രമത്തിൽ തന്നെ നേടുക എന്ന ലക്ഷ്യമാണ് നിങ്ങൾ മുന്നിൽ കാണുന്നതെങ്കിൽ ചിട്ടയായ പഠനത്തോടൊപ്പം മറ്റു ചില കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്.

  🔗നീറ്റ് പരീക്ഷ ആദ്യ ശ്രമത്തിൽ  തന്നെ വിജയിക്കാൻ ചില നിർദേശങ്ങൾ.

1. സിലബസ് നന്നായി മനസ്സിലാക്കുക

നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഏറ്റവും പ്രധാനമായി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പരീക്ഷ സിലബസ് നന്നായി മനസ്സിലാക്കുക എന്നതാണ്.
 ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്  നീറ്റ് 2022 ന്റെ സിലബസ് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഒരു കടലാസ്സിൽ എഴുതി വെക്കുകയോ പ്രിന്റ് എടുത്തു സൂക്ഷിക്കുകയോ ചെയ്യണം. 

2. സമയക്രമം ചിട്ടപ്പെടുത്തുക

സമയക്രമം ചിട്ടപ്പെടുത്തുന്നത് അതിനനുസരിച്ചു വെറുതെ പഠനം പൂർത്തിയാക്കി തത്കാലികമായ ആനന്ദം നേടുക എന്നതിനായിട്ടല്ല. പകരം നിങ്ങളുടെ ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞു യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഒരു സമയക്രമം ചിട്ടപ്പെടുത്തുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.

a. കൂടുതൽ യാഥാർത്ഥ്യ ബോധമുള്ളവരാകുക:

പഠനക്രമം ചിട്ടപ്പെടുത്തുന്നതിനു മുൻപ് 3 വിഷയങ്ങളുടെയും സിലബസ് നന്നായി മനസ്സിലാക്കി ഏതു വിഷയമാണ് ആദ്യം പഠിക്കേണ്ടത് എന്നു തീരുമാനിച്ചുറപ്പിക്കുക. എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകാൻ മറക്കരുത്.

b. സമയത്തിന്റെ ശരിയായ വിഭജനം:

ഒരേ സമയം ബോർഡ്‌ പരീക്ഷക്കും നീറ്റിനും തയ്യാറെടുക്കേണ്ടതിനാൽ രണ്ടിനും തുല്യ പ്രാധാന്യം നൽകുന്ന രീതിയിൽ അനുയോജ്യമായി സമയ വിഭജനം നടത്തുക.

ഉദാഹരണത്തിന്, എല്ലാ ദിവസവും സ്കൂളിലെ പഠനത്തിന് ശേഷം 3 മുതൽ 4 മണിക്കൂർ വരെയും അവധി ദിവസങ്ങളിൽ 8 മണിക്കൂറും നീറ്റ് പഠനത്തിന് മാറ്റി വയ്ക്കുന്നത് നിങ്ങളെ വളരെയേറെ സഹായിക്കും.

 c. പാഠഭാഗങ്ങൾ പൂർത്തിയാക്കേണ്ട സമയം മുൻകൂട്ടി നിശ്ചയിക്കുക:

പാഠഭാഗങ്ങൾ തീർക്കേണ്ട സമയം മുൻകൂട്ടി തീരുമാനിക്കുന്നത് പഠനം കൃത്യമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കും. വിദ്യാർഥികൾ  വലുതും ചെറിയതുമായ ഭാഗങ്ങൾ ഒരേ സമയം പഠിച്ചു തീർക്കാൻ സാധിക്കുന്ന തരത്തിൽ സമയക്രമം തയ്യാറാക്കണം. ഹ്രസ്വമായ സമയത്തിനുള്ളിൽ പഠിച്ചു തീർക്കേണ്ട ഭാഗങ്ങൾ, ദീർഘമായ സമയത്തിനുള്ളിൽ പഠിക്കേണ്ട ഭാഗങ്ങൾ എന്ന രീതിയിൽ സമയം ക്രമീകരിച്ചാൽ ദിവസേനയുള്ള പഠനം കൃത്യമായി കൊണ്ട് പോകുന്നതിനൊപ്പം പരീക്ഷക്ക്‌ മുന്നേ പൂർത്തിയാക്കേണ്ടുന്ന ഭാഗങ്ങൾ പഠിച്ചു തീർക്കാനും സാധിക്കും.

3. ചെറിയ കുറിപ്പുകൾ തയ്യാറാക്കുക

പ്രധാനപ്പെട്ട ഭാഗങ്ങൾ ഓർത്തു വയ്ക്കാനും പരീക്ഷക്ക്‌ തൊട്ടു മുൻപുള്ള സമയത്തെ അവസാന വട്ട റിവിഷനും മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന ചെറിയ കുറിപ്പുകൾ നിങ്ങളെ സഹായിക്കും.  പ്രധാനപ്പെട്ടതും മറന്നു പോകാൻ സാധ്യതയുമുള്ള കാര്യങ്ങൾ പെട്ടെന്ന് കാണുന്ന രീതിയിൽ കുറിപ്പുകളിൽ അടയാളപ്പെടുത്തുന്നത് നല്ലതാണ്. മികച്ച രീതിയിൽ പഠനം മുന്നോട്ടു കൊണ്ട് പോകാൻ നോട്ട് തയ്യാറാക്കുന്നത് ഒരു ശീലമാക്കുക.

നീറ്റ് പരീക്ഷയുടെ സിലബസ് കൂടുതലായും NCERT പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. 
അതുകൊണ്ട് NCERT പുസ്തകങ്ങൾ പൂർണമായും ശ്രദ്ധയോടെ പഠിക്കുന്നത് ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷ വിജയിക്കാൻ നിങ്ങളെ സഹായിക്കും.

4. മുൻവർഷത്തെ ചോദ്യങ്ങൾ പരിശീലിക്കുക

മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് ചോദ്യങ്ങളുടെ സ്വഭാവവും  പരീക്ഷയുടെ കാഠിന്യത്തിന്റെ തോതും മനസ്സിലാക്കാൻ ഉപകരിക്കുന്നു. നിങ്ങളുടെ തയ്യാറെടുപ്പും നിലവാരവും സ്വയം പരീക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു. എവിടെയൊക്കെ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും ഏതൊക്കെ ഭാഗങ്ങൾ വീണ്ടും പഠിക്കണമെന്നുമൊക്കെയുള്ള ഏകദേശ ധാരണ ലഭിക്കാൻ മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നത് നിങ്ങളെ തീർച്ചയായും സഹായിക്കും.

5. നിങ്ങളുടെ പ്രകടനത്തേയും പഠന നിലവാരത്തെയും സ്വയം വിലയിരുത്തുക

ഒരു ചോദ്യ പേപ്പർ പൂർത്തിയാക്കുക എന്നതിനോടൊപ്പം എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും വീണ്ടും വായിച്ചു മനസിലാക്കുക എന്നതതും പ്രധാനമാണ്. നിങ്ങൾ ശരിയാക്കിയതും തെറ്റിച്ചതുമായ എല്ലാ ചോദ്യങ്ങളും വിലയിരുത്തുന്നതിലൂടെ ചോദ്യത്തെ നിങ്ങൾ സമീപിക്കുന്നതിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ചോദ്യ പേപ്പർ ആഴത്തിൽ വിശകലനം ചെയ്യുന്നത് കൂടുതൽ സമയം പോകുന്ന കാര്യമാണെങ്കിലും  അതു നിങ്ങളെ റിവിഷൻ പ്രൊസസിൽ നല്ല രീതിയിൽ സഹായിക്കും എന്ന കാര്യം ഉറപ്പാണ്. നിങ്ങളുടെ പഠനത്തിലെ  ശക്തിയും ദൗർബല്യവും ഇത്തരത്തിൽ ചോദ്യ പേപ്പർ വിശകലനത്തിലൂടെ മനസ്സിലാക്കിയാൽ അതിനനുസരിച്ചു താള നിബദ്ധമായി പഠനം മുന്നോട്ടു കൊണ്ട് പോയി ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ വിജയം കൊയ്യാൻ നിങ്ങൾക്ക് സാധിച്ചേക്കും.

6. കൃത്യതയോടൊപ്പം വേഗതയും ശീലമാക്കുക

നീറ്റ് 3 മണിക്കൂർ 20 മിനിട്ട് (200 മിനിട്ട്) നീണ്ടു നിൽക്കുന്ന ഒരു പരീക്ഷയാണ്. ആയതിനാൽ മിക്കവാറും എല്ലാ ഉദ്യോഗാർത്ഥികളും വേഗത്തിൽ ചോദ്യങ്ങൾ ചെയ്തു തീർക്കുന്നതിനാണ് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാൽ വേഗത എന്നത് രണ്ടാമത് മാത്രം പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യമാണെന്നതാണ് യാഥാർഥ്യം. 
ഏകദേശം ഒരു കൊല്ലമോ 6-8 മാസങ്ങളോ മുന്നേ നീറ്റ് പരീക്ഷക്കായി തയ്യാറെടുപ്പു തുടങ്ങുന്ന ഒരാൾ ആദ്യം ശ്രദ്ധിക്കേണ്ടത് പഠന ഭാഗങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിലും ചോദ്യങ്ങൾക്ക് കൃത്യതയോടെ ശരിയുത്തരം കണ്ടെത്തുന്നതിലും ആണ്. 
ഇത്തരത്തിൽ ശരിയായ ദിശയിൽ തയ്യാറെടുപ്പ് മുന്നോട്ടു കൊണ്ട് പോകുന്ന ഒരാളെ സംബന്ധിച്ച് വേഗത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് ക്രമേണ ആർജിച്ചെടുക്കാവുന്ന ഒരു കഴിവാണ്.

💚ചില കുഞ്ഞ് സംശയങ്ങൾ - ഉത്തരങ്ങൾ.

❓ ആദ്യ അവസരത്തിൽ തന്നെ എനിക്ക് നീറ്റ് പരീക്ഷയിൽ എങ്ങനെ 600 മാർക്കിൽ കൂടുതൽ നേടാൻ സാധിക്കും?

▫വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കുകയും സമർപ്പണ മനോഭാവത്തോടെ അതു പിന്തുടരുകയും ചെയ്യുന്ന ഏതൊരാൾക്കും ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ 600 ൽ കൂടുതൽ മാർക്ക് വാങ്ങി വിജയം കരസ്ഥമാക്കാൻ സാധിക്കും. 
താഴെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെയും നിങ്ങൾക്ക് അത്തരത്തിൽ ഒരു ഉന്നത വിജയം നേടാൻ സാധിക്കും

▫സിലബസ് വ്യക്തമായി മനസിലാക്കുക

▫അനുയോജ്യമായതും പിന്തുടരാനാകുന്ന വിധത്തിലുമുള്ള ഒരു സമയ ക്രമം തയ്യാറാക്കുക

▫മുൻവർഷ ചോദ്യങ്ങൾ പരിശീലിക്കുന്നതും ചോദ്യോത്തരങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുന്നതും ഒരു ശീലമാക്കുക

▫നിങ്ങളുടെ ശക്തിയും ദൗർബല്യവും പൂർണമായി മനസ്സിലാക്കുക

▫സ്ഥിരത നിലനിർത്തുക

▫എപ്പോഴും ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും കൂടി പഠനത്തെ സമീപിക്കുക

❓ഒരു വർഷത്തെ തയ്യാറെടുപ്പ് നീറ്റ് പരീക്ഷയിൽ വിജയിക്കാൻ പര്യാപ്തമാണോ?

അതെ. 
ഒരു വർഷത്തെ സ്ഥിരതയോടെയുള്ള തയ്യാറെടുപ്പു നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ പര്യാപ്തമാണ്

❓ഒരു ശരാശരി വിദ്യാർത്ഥിക്ക്‌ ആദ്യ അവസരത്തിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുക എന്നത് സാധ്യമാവുന്നതാണോ?

തീർച്ചയായും. 
നീറ്റ് എന്നത് നിങ്ങളുടെ കഴിവുകൾ അളക്കാനുള്ള ഒരു പരീക്ഷ മാത്രമാണ്. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കും ശരാശരി വിദ്യാർഥികൾക്കും ശരിയായ രീതിയിൽ നടത്തുന്ന തയ്യാറെടുപ്പിലൂടെ ഉന്നത വിജയം നേടാൻ സാധിക്കുന്ന ഒരു പരീക്ഷയാണ് നീറ്റ്.

❓നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾ എത്ര നേരമാണ് ഉറങ്ങാറുള്ളത്?

പഠനം മുന്നോട്ടു കൊണ്ട് പോകുന്നതിനൊപ്പം പഠിച്ച കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നതും പ്രധാനമാണ്. 
അതു കൊണ്ട് തന്നെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ആഗ്രഹിക്കുന്ന ഏതൊരാളും ഒരു ദിവസം 6-7 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കാറുണ്ട്. 
ഇത് കൂടുതൽ ഏകാഗ്രതയോടെയും ഉർജസ്വലമായും പഠനം മുന്നോട്ടു കൊണ്ടു പോകാൻ സഹായകമാകുന്നു.

❓എത്ര മണിക്കൂറാണ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർ പഠിക്കാറുള്ളത്?

നീറ്റ് പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർഥികൾ സാധാരണയായി പഠനസമയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. പകരം മുന്നിലിരിക്കുന്ന ചോദ്യ പേപ്പറിലെ അവശേഷിക്കുന്ന ചോദ്യങ്ങളിൽ ഒന്ന് പോലും ഇനി ചെയ്യാൻ പറ്റാത്ത രീതിയിൽ മടുക്കുന്നത് വരെ ചോദ്യങ്ങൾ പരിശീലിക്കുക എന്ന ഒരു ലഘു തന്ത്രമാണ് നീറ്റ് വിജയികൾ സ്വീകരിക്കുന്നത്.
അവർ എപ്പോഴും ആത്മവിശ്വാസം കൈവിടാതെ സ്ഥിരോത്സാഹത്തോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്.

ഒരു ശരാശരി നീറ്റ് വിജയി ദിവസേന 3 മുതൽ 4 മണിക്കൂർ വരെ സ്വയം പഠിക്കുന്നതിൽ ശ്രദ്ധിക്കുന്നു.
യഥാർത്ഥത്തിൽ ആദ്യ അവസരത്തിൽ തന്നെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിനു 24×7 പഠനം ഒരിക്കലും ആവശ്യമായി വരുന്നില്ല എന്നതാണ് സത്യം.
എപ്പോഴും ഉത്സാഹത്തോടെയും സന്തോഷത്തോടെയും പരീക്ഷ പരിശീലനം മുൻപോട്ടു കൊണ്ട് പോകുക.
നിങ്ങൾക്കിഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധമുള്ളവരാകുക. അങ്ങനെയാണെങ്കിൽ മാത്രമേ ആദ്യ അവസരത്തിൽ നീറ്റ് പരീക്ഷയിൽ വിജയിക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. 

പടിപടിയായി വിജയത്തിലേക്കെത്തുക എന്നതാണ് ഏറ്റവും എളുപ്പം എന്ന നല്ല സത്യത്തെ എന്നും. ഓർമയിൽ വയ്ക്കുക.ഒറ്റത്തവണ കൊണ്ട് തന്നെ നീറ്റിലെ ഉന്നത വിജയിയായി നിങ്ങൾ മാറുന്നത് കാണാം, തീർച്ച.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017