×
09 April 2024
0

എന്താണീ കാലിഗ്രാഫി? അതൊരു കരിയറാക്കി മാറ്റാമോ

അച്ചടിയന്ത്രവും കമ്പ്യൂട്ടറുകളും കണ്ടുപിടിക്കുന്നതിന് മുമ്പ് രേഖകളെല്ലാം കൈയെഴുത്തു പ്രതികളായിട്ടായിരുന്നു തയ്യാറാക്കിയത്. മതഗ്രന്ഥങ്ങളും ചരിത്രരേഖകളുമെല്ലാം അങ്ങനെ എഴുതിയുണ്ടാക്കിയവയാണ്. വിവിധ തരത്തിലുള്ള പേനകളും തൂവലുകളുമൊക്കെ ഉപയോഗിച്ച് മനോഹരമായ രീതിയില്‍ അക്ഷരങ്ങളെ കടലാസിലേക്ക് ചിത്രീകരിക്കുന്ന കലയുടെ പേരാണ് കാലിഗ്രാഫി. പൗരാണികകാലത്ത് ഗ്രീക്കുകാരും റോമക്കാരും അറബികളും ചൈനക്കാരുമൊക്കെയാണ് കാലിഗ്രാഫി എന്ന കലാരൂപത്തെ പരിപോഷിപ്പിച്ചതും വൈവിധ്യവത്കരിച്ചതും. കാലിഗ്രാഫി എന്ന വാക്കു തന്നെ കാല്ലി, ഗ്രാഫിയ എന്നീ രണ്ടു ഗ്രീക്ക് പദങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായതാണ്. കാല്ലി എന്ന പദത്തിന് മനോഹരം എന്നും ഗ്രാഫിയ എന്ന പദത്തിന് എഴുത്ത് എന്നുമാണ് അര്‍ഥം. അങ്ങനെ വരുമ്പോള്‍ മനോഹരമായ എഴുത്ത് എന്നതുതന്നെയാണ് കാലിഗ്രാഫി എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. മരം കൊണ്ടുണ്ടാക്കിയ പേനകളും വലിയ തൂവലുകളും വിവിധ തരത്തിലുള്ള മഷിയില്‍ മുക്കിയാണ് പണ്ടത്തെ കാലിഗ്രാഫിസ്‌ററുകള്‍ രചന നടത്തിയിരുന്നത്. കാലം പുരോഗമിച്ചതോടെ കാലിഗ്രാഫിസ്റ്റുകളുടെ ഉപകരണങ്ങളിലും മാറ്റം വന്നു. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള നിബ്ബുകളുള്ള പേനകളുപയോഗിച്ചാണ് ഇപ്പോഴത്തെ കാലിഗ്രാഫിസ്റ്റുകള്‍ പണിയെടുക്കുന്നത്. സാധാരണ പേനകളേക്കാള്‍ വലിപ്പവും വണ്ണവും കൂടും ഇവരുടെ പേനകള്‍ക്ക്.

ആരെങ്കിലും മുന്‍കൂട്ടി തയ്യാറാക്കിയ ഫോണ്ടില്‍ എഴുതുകയല്ലാതെ പുതിയൊരു ഫോണ്ട് സൃഷ്ടിക്കാന്‍ ഒരു കമ്പ്യൂട്ടറിനുമാകില്ല. അങ്ങനെയൊരു പുതിയ ഫോണ്ടുണ്ടാക്കണമെങ്കില്‍ ‘കാലിഗ്രാഫിസ്റ്റ്’ എന്ന കൈയക്ഷരവിദഗ്ധന്റെ സേവനം കൂടിയേ തീരൂ. അവിടെയാണ് കാലിഗ്രാഫി എന്ന കലാരൂപത്തിന്റെ പ്രാധാന്യം.

ഒരു കാലിഗ്രാഫിസ്റ്റ് ചെയ്യുന്നതെന്ത്?

അച്ചടിയും കമ്പ്യൂട്ടര്‍ ടൈപ്പ്‌സെറ്റിങുമൊക്കെ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്ന പുതിയ കാലത്ത് കാലിഗ്രാഫിസ്റ്റിന്റെ ജോലി എന്താണ്? ഒരുപാട് ജോലികളുണ്ടിവര്‍ക്ക് എന്നതാണ് ഉത്തരം. കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ വേണ്ടി പുതിയ ഫോണ്ടുകളും സ്‌റ്റൈലുകളും രൂപകല്പന ചെയ്യുക എന്നതാണ് കാലിഗ്രാഫിസ്റ്റുകളുടെ പ്രധാനജോലി. ഓരോ ദിനപത്രവും വ്യത്യസ്തമായ അക്ഷരശൈലികള്‍ ഉപയോഗിക്കുന്നതു കണ്ടിട്ടില്ലേ? കാലിഗ്രാഫിസ്റ്റുകളുടെ മാസങ്ങള്‍ നീണ്ട അധ്വാനത്തിന്റെ ഫലമാണത്. വിവാഹക്ഷണക്കത്തുകളിലെ വ്യത്യസ്തമായ എഴുത്തിനും ഡിഗ്രി, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളില്‍ മനോഹരമായി എഴുതാനുമൊക്കെ കാലിഗ്രാഫിസ്റ്റുകളുടെ സേവനം കൂടിയേ തീരൂ. കമ്പനികളുടെ ലെറ്റര്‍ സ്‌റ്റൈല്‍, ലോഗോ എന്നിവയും കാലിഗ്രാഫിസ്‌ററുകളെ കൊണ്ട് ചെയ്യിക്കുന്നവരുണ്ട്. ലോകത്തിലെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ ലോഗോയും കാലിഗ്രാഫിയില്‍ തീര്‍ത്തതാണ്. അതുപോലെ ഒട്ടനവധി കമ്പനികള്‍ കാലിഗ്രാഫിസ്റ്റിന്റെ സഹായത്തോടെ തങ്ങളുടെ ബ്രാന്‍ഡ്‌നാമങ്ങള്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പരസ്യഏജന്‍സികളെല്ലാം കാലിഗ്രാഫി അറിയുന്നവരെ ജോലിക്കെടുക്കാന്‍ ശ്രദ്ധിക്കുന്നു. മനോഹരമായ രീതിയില്‍ അക്ഷരങ്ങളെഴുതാനറിയുന്നവര്‍ക്ക് പതിനായിരങ്ങള്‍ പ്രതിമാസശമ്പളം ലഭിക്കുമെന്ന കാര്യം ഉറപ്പ്.

കൈയില്‍ വേണ്ടതെന്ത്?

മറ്റുകരിയറുകള്‍ക്കെന്ന പോലെ എസ്.എസ്.എല്‍.സിയുടെ മാര്‍ക്ക് ശതമാനവും പ്ലസ്ടു മാര്‍ക്കുമൊന്നുമല്ല കാലിഗ്രാഫി പഠിക്കാനുള്ള മാനദണ്ഡം. വൃത്തിയായി അക്ഷരങ്ങള്‍ എഴുതാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ രംഗത്തേക്ക് ധൈര്യപൂര്‍വം പ്രവേശിക്കാം. പത്താം ക്ലാസ് തോറ്റവര്‍ക്കുപോലും കാലിഗ്രാഫിസ്റ്റാകാന്‍ തടസ്സങ്ങളില്ല.

കൈയ്യക്ഷരമികവിനൊപ്പം മറ്റുചില കഴിവുകള്‍ കൂടിയുണ്ടെങ്കിലേ മികച്ച കാലിഗ്രാഫിസ്റ്റായി പേരെടുക്കാന്‍ സാധിക്കൂ. കൈവിറയ്ക്കാതെ ബ്രഷ് പിടിക്കാനുള്ള ശേഷി, മണിക്കൂറുകളോളം കുത്തിയിരുന്ന് ജോലി ചെയ്യാനുള്ള ക്ഷമ, ആശയങ്ങളെയും ചിന്തകളെയും അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും പകര്‍ത്താനുള്ള ബുദ്ധി, കലാവാസന എന്നിവയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യം. ചിത്രം വരയ്ക്കാനുള്ള കഴിവ് നിര്‍ബന്ധമല്ലെങ്കിലും പേരുകേട്ട കാലിഗ്രാഫിസ്റ്റുകളെല്ലാം കലാകാരന്‍മാര്‍ കൂടിയാണ് എന്നതൊരു യാഥാര്‍ഥ്യമാണ്. ചിത്രംവരയ്ക്കാന്‍ കഴിവുളളവരുടെ കൈയക്ഷരം ചിലപ്പോള്‍ മോശമായിരിക്കും. അങ്ങനെയുളളവര്‍ വിഷമിക്കേണ്ട, ഏതെങ്കിലും കാലിഗ്രാഫിസ്റ്റിന്റെ കീഴില്‍ പരിശീലനം നടത്തി കൈയക്ഷരം നന്നാക്കാവുന്നതേയുള്ളൂ.

കടലാസില്‍ മാത്രമല്ല കമ്പ്യൂട്ടര്‍ സ്‌ക്രീനിലും വരയ്‌ക്കേണ്ടിവരും പുതിയ കാലിഗ്രാഫിസ്റ്റുകള്‍ക്ക്. അതിന് വേണ്ട ചില സോഫ്റ്റ്‌വേര്‍ പ്രോഗ്രാമുകളിലും ഇവര്‍ പരിശീലനം നേടേണ്ടതുണ്ട്.

എവിടെ പഠിക്കണം?

അക്കാദമിക് യോഗ്യതകളല്ല കാലിഗ്രാഫിസ്റ്റിന്റെ കഴിവ് നിര്‍ണയിക്കുന്നത്. അതുകൊണ്ടാകാം രാജ്യത്തെ സര്‍വകലാശാലകളിലോ കോളേജുകളിലോ കാലിഗ്രാഫി ഒരു പ്രത്യേക വിഷയമായി പഠിപ്പിക്കുന്നില്ല. 
ബി.എ. ഫൈന്‍ ആര്‍ട്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളെ കാലിഗ്രാഫിയുടെ അടിസ്ഥാനതത്ത്വങ്ങളായ സ്‌ക്രിപ്റ്റ്, ഫോണ്ടുകള്‍,സ്‌ട്രോക്കുകള്‍ എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. 
എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കാലിഗ്രാഫിയില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ രീതിയിലും വിദൂരവിദ്യാഭ്യാസക്രമത്തിലും ഈ സ്ഥാപനങ്ങളില്‍ നിന്ന് കാലിഗ്രാഫി പഠിക്കാം. 
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐ.ജി.എന്‍.സി.എ.),ന്യൂഡല്‍ഹിയിലെ തന്നെ കാലിഗ്രാഫി ഇന്ത്യ, മുംബെയിലെ അച്യുത് പല്ലവ് സ്‌കൂള്‍ ഓഫ് കാലിഗ്രാഫി, മുംബെയിലെ തന്നെ വിക്രാന്ത് കാരിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്, നാഗ്പൂരിലെ ആര്‍ട്ടിസ്റ്റിക് കാലിഗ്രാഫി, ഇന്‍ഡോറിലെ റൈറ്റ് റൈറ്റ്, ബാംഗ്ലൂരിലെ ശ്രീ യോഗേശ്വരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌റൈറ്റിങ് എന്നിവ ഈ മേഖലയിലെ പ്രമുഖ പരിശീലനകേന്ദ്രങ്ങളാണ്. 
കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും കാലിഗ്രാഫി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രായഭേദമന്യെ ഇവിടങ്ങളിലൊക്കെ ആളുകള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നുമുണ്ട്. കാലിഗ്രാഫിയില്‍ വിദഗ്ധപരിശീലനം നല്‍കുന്നതിനേക്കാള്‍ കൈയക്ഷരം നന്നാക്കുന്ന കോഴ്‌സ് നടത്താനാണ് നമ്മുടെ നാട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ശ്രദ്ധവെക്കുന്നത്. 
അതുകൊണ്ട് തന്നെ ഇവിടുത്തെ സ്ഥാപനങ്ങളില്‍ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ കാര്യമായി ലഭിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. സര്‍ക്കാര്‍ തലത്തിലോ ഫൈന്‍ ആര്‍ട്‌സ് കോളേജുകളുടെ നേതൃത്വത്തിലോ കാലിഗ്രാഫി കോഴ്‌സുകള്‍ തുടങ്ങിയാല്‍ മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ.

എവിടെ പഠിച്ചിറങ്ങുന്നു എന്നതിനേക്കാള്‍ ഈ കലാരൂപത്തോടുള്ള താത്പര്യവും അഭിനിവേശവും തന്നെയാണ് മികച്ച കാലിഗ്രാഫിസ്റ്റിനെ സൃഷ്ടിക്കുക. ഓണ്‍ലൈനായി കോഴ്‌സ് പൂര്‍ത്തിയാക്കി വീട്ടിലിരുന്ന് മാസങ്ങളോളം പരിശീലനം നടത്തിയാലും നല്ല കാലിഗ്രാഫിസ്റ്റാകാന്‍ സാധിക്കും.

വരയിലെ ജോലി സാധ്യതകള്‍:

ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്തവര്‍ക്കറിയാം കാലിഗ്രാഫിക്ക് അറബ് സമൂഹം നല്‍കുന്ന ആദരവും പരിഗണനയും. അറബിക് അക്ഷരങ്ങളുടെ രൂപസൗകുമാര്യം കൊണ്ടാകാം കാലിഗ്രാഫിലെഴുതിയ അറബി വാക്കുകളുടെ ഭംഗി ഒന്ന് വേറെത്തന്നെയാണ്. കാലിഗ്രാഫി ശൈലിയില്‍ തീര്‍ത്ത വിശുദ്ധ ഖുര്‍ആന്‍ സ്വന്തമാക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. പക്ഷിമൃഗാദികളുടെ ആകൃതിയില്‍ സ്വന്തം പേര് അറബിയിലെഴുതിക്കുക എന്നതും അന്നാട്ടുകാരുടെ ഇഷ്ടവിനോദമാണ്. ലോകത്തിലെ എണ്ണം പറഞ്ഞ കാലിഗ്രാഫിസ്റ്റുകളെല്ലാം അറബ്‌നാടുകളില്‍ പതിവായി സന്ദര്‍ശനം നടത്തി അവിടെ കാലിഗ്രാഫി പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. പല കലാകാരന്‍മാര്‍ക്കും ഗള്‍ഫില്‍ സ്വന്തമായി സ്റ്റുഡിയോകളുമുണ്ട്.

ഗള്‍ഫില്‍ മാത്രമല്ല കേരളത്തിലും കാലിഗ്രാഫിസ്റ്റുകള്‍ക്ക് പ്രിയം കൂടിവരികയാണ്. വിവാഹക്ഷണക്കത്തുകള്‍ കാലിഗ്രാഫിസ്‌ററുകളെക്കൊണ്ട് രൂപകല്പന ചെയ്യിക്കുന്നതാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. വി.ഐ.പി. കല്യാണങ്ങളിലെല്ലാം കാലിഗ്രാഫിയില്‍ തീര്‍ത്ത ക്ഷണക്കത്തുകള്‍ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. പോസ്റ്ററുകള്‍, സിനിമാടൈറ്റിലുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍ എന്നിവയും കാലിഗ്രാഫിയില്‍ ചെയ്യുന്നവരുണ്ട്. കോംപ്ലിമെന്റായി നല്‍കുന്ന സെറാമിക് പ്ലെയിറ്റുകളിലും ഗ്ലാസുകളിലും വരെ കമ്പനികള്‍ കാലിഗ്രാഫി ശൈലിയില്‍ തങ്ങളുടെ ബ്രാന്‍ഡ് നാമം എഴുതിച്ചേര്‍ക്കുന്നുണ്ട്. മറ്റുജോലികള്‍ ചെയ്യുന്നവര്‍ക്ക് പാര്‍ട്ട്‌ടൈമായി കാലിഗ്രാഫി  ചെയ്ത് അധികവരുമാനം കണ്ടെത്താവുന്നതാണ്.

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017