നിർമ്മിത ബുദ്ധി (ARTIFICIAL INTELIGENCE) വിരുന്നെത്തുമ്പോൾ
നിലവിലെ സാഹചര്യങ്ങളിൽ നിന്ന് നിരീക്ഷിച്ചാൽ നിർമ്മിത ബുദ്ധി വിവിധ മേഖലകളെ അതിവേഗം മാറ്റങ്ങൾക്ക് വിധേയമാക്കുകയും ജോലികളെ യന്ത്രവൽക്കരിക്കുകയും വിവിധ ജോലികളുടെ സാധ്യതകൾ പുനർനിർണയിക്കുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട് . ഒഴിവാക്കാൻ കഴിയാത്ത ഈ സാങ്കേതിക മാറ്റങ്ങൾ ജീവിതത്തിൻറെ ഭാഗമാവുമ്പോൾ തൊഴിൽ നഷ്ടത്തെക്കുറിച്ചും മാറ്റത്തിന് അനുസൃതമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനെ കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിലും മനുഷ്യബുദ്ധിയുടെ സവിശേഷ ഉപയോഗവും പ്രയോഗത്തിലെ സങ്കീർണതകളും കാരണം ചില തൊഴിലുകൾ നിർമ്മിത ബുദ്ധിയുടെ കടന്നാക്രമണം ബാധിക്കാതെ നിലനിൽക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു . ഇതിൽ പ്രധാനപ്പെട്ട മേഖലകൾ താഴെ വിവരിക്കുന്നവയാണ്
ആരോഗ്യപരിരക്ഷ:
ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സങ്കീർണമായ തീരുമാനങ്ങൾ പെട്ടെന്ന് എടുക്കാനുള്ള കഴിവ്, രോഗിയുടെ മാനസികവും ശാരീരികവുമായ ആവശ്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ ധാരണ എന്നിവ അത്യന്താപേക്ഷിതമാണ്. ഡോക്ടർമാർ നഴ്‌സുമാർ , തെറാപ്പിസ്റ്റുകൾ തുടങ്ങി ആരോഗ്യ പ്രവർത്തകർക്ക് മാനുഷിക വികാരങ്ങളെ കുറിച്ച് വ്യക്തമായ ധാരണ, സങ്കീർണമായ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കാൻ ഉള്ള കഴിവ്, ധാർമിക വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള ശക്തി എന്നിവ ഒഴിച്ചുകൂടാനാവാത്ത യോഗ്യതകളാണ് . രോഗനിർണയത്തിലും ചികിത്സാ രീതികളിലും നിർമ്മിത ബുദ്ധിക്ക് ഫലപ്രദമായി സഹായിക്കാൻ കഴിയുമെങ്കിലും മനുഷ്യ സ്‌പർശനവും രോഗിയുമായി സംസാരിക്കുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്ന വ്യക്തിഗതമായ വിഷയങ്ങളും നിർമ്മിത ബുദ്ധിയുടെ കഴിവിനപ്പുറത്താണെന്നു മനസ്സിലാക്കാൻ കഴിയും. രോഗ നിര്ണയവുമായി ബന്ധപ്പെട്ട പല ജോലികളിലും മനുഷ്യ വിഭവ ശേഷി ആവശ്യമില്ലാതാവാനുള്ള സാധ്യത കൂടുതലാണ്. സ്കാൻ, എക്സ് റേ, ബ്ലഡ് ടെസ്റ്റുകൾ എന്നിവ ഇപ്പോൾ തന്നെ യന്ത്രവത്കൃതമായി തുടങ്ങിയിട്ടുണ്ട്
ഡോക്ടർമാർ നഴ്‌സുമാർ തെറാപ്പിസ്റ്റുകൾ ,ദൈനംദിന ചികിത്സയുമായി ബന്ധപ്പെട്ട പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് തുടർന്നും ജോലി സാധ്യതയുണ്ടാവും. അത് കൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് പ്രസക്തി നഷ്ടപ്പെടില്ല
സർഗാത്മക കലകൾ, ഡിസൈനിംഗ്:
സംഗീതകാരന്മാർ ,എഴുത്തുകാർ ,കലാകാരന്മാർ, ഡിസൈനർമാർ തുടങ്ങി കലാരംഗത്ത് പ്രവർത്തിക്കുന്നവർ വിശാലമായ അവബോധവും വൈകാരികമായ ആവിഷ്കാരത്തിനുള്ള കഴിവും ,സർഗാത്മകതയും ഉള്ളവരായിരിക്കും. ഈ കഴിവുകൾ പകർത്താൻ നിർമ്മിത ബുദ്ധിക്ക് പ്രയാസമാണ് .ചില കലാ ആവിഷ്കാരങ്ങളുടെ വിഷയത്തിൽ നിർമ്മിത ബുദ്ധിക്ക് സാധ്യതകൾ ഉണ്ടെങ്കിലും ക്രിയാത്മക ചിന്തകൾ, പ്രവൃത്തി പരിചയത്തിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കൽ , ആസ്വാദകരുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയ കഴിവുകൾ സവിശേഷമായ മനുഷ്യബുദ്ധിക്ക് മാത്രം സാധ്യമായതാണ് സർഗാത്മക കലാകാരന്മാർ തന്റെ ആശയങ്ങൾ കൃത്യമായി പ്രചരിപ്പിക്കാൻ കഴിയുന്നവരും അനുകരണം ദുഷ്‌കരമായ വ്യക്തിത്വങ്ങളുമായിരിക്കും . ഈ രംഗത്തും നിർമ്മിത ബുദ്ധിക്ക് പ്രത്യേകിച്ച് ഇടപെടാൻ ആവില്ല. ഒരു വിഷയത്തെ കുറിച്ച പ്രബന്ധം തയ്യാറാക്കാൻ നിർമിത ബുദ്ധിക്കു കഴിയും. പക്ഷെ വികാര തീവ്രമായ ഒരു കഥയോ നോവലോ തയ്യാറാക്കാൻ മനുഷ്യ ബുദ്ധി തന്നെ വേണം. മെഡിക്കൽ പ്രൊഫഷനുകളടക്കം ആർദ്രമായ മനസ്സിന്റെ പിന്തുണയോടെ ചെയ്യേണ്ട ജോലികളിലൊന്നും നിർമിത ബുദ്ധിക്കു പെട്ടെന്ന് ഇടപെടാനാവില്ല.
സംഗീത കോഴ്‌സുകൾ, നൃത്ത പഠനകോഴ്‌സുകൾ, ചിത്രകലാ കോഴ്‌സുകൾ, സാഹിത്യ പഠന കോഴ്‌സുകൾ, ഭാഷ പഠന കോഴ്‌സുകൾ, രൂപകല്പനയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകൾ മുതലായവ നിർമിത ബുദ്ധിയെ അതിജീവിക്കുമെന്നു കരുതാം
വിദഗ്ദ തൊഴിലുകൾ:
ശാരീരിക അധ്വാനം കൂടുതൽ ആവശ്യമായ വിദഗ്‌ധ തൊഴിലുകളിൽ നിർമ്മിത ബുദ്ധിക്ക് ഇടപെടാനുള്ള അവസരം കുറവാണ്. ഇത്തരത്തിലുള്ള തൊഴിലുകളായ കെട്ടിട നിർമാണം, പ്ലംബിംഗ് ,വയറിങ്, ആശാരിപ്പണി തുടങ്ങിയവ പ്രവർത്തിപരിചയവും പ്രശ്നപരിഹാരങ്ങൾക്ക് വൈദഗ്ധ്യവും ആവശ്യമുള്ളവയാണ്. ഊർജ പ്രതിസന്ധിക്കുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാരമ്പര്യേതര ഊർജ രംഗത്തെ വിവിധ ജോലികളിൽ വൈദഗ്ധ്യമുള്ളവർക്കും ഏറെ സാധ്യതകളുണ്ട് .ഇത്തരം ജോലികളിൽ പ്രവർത്തിക്കുന്നവർക്ക് ചുറ്റുപാടുമായി പെട്ടെന്ന് താതാത്മ്യം പ്രാപിക്കാനും മനുഷ്യ വൈദഗ്ധ്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുമുള്ള കഴിവ് വേണം. അതുകൊണ്ടുതന്നെ ഇത്തരം ജോലികളിൽ പൂർണ്ണ യന്ത്രവൽക്കരണം സാധ്യമല്ല. സിവിൽ എഞ്ചിനീയറിംഗ് , കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ആർകിടെക്ച്ചർ, എഞ്ചിനീയറിംഗ് മുതലായ മേഖലകളിൽ നിർമിത ബുദ്ധി കടന്നു കയറുമെങ്കിലും, സർഗാത്മകതയുടെ സാധ്യതയുള്ള വിഷയങ്ങളായതിനാൽ പൂർണമായ ആധിപത്യം നേടാൻ സാധ്യതയില്ല
ഇലക്ട്രിക്കൽ, പ്ലംബിംഗ്, വെൽഡിങ്, പെയിന്റിംഗ് കോഴ്‌സുകൾ,അടിസ്ഥാന എഞ്ചിനീയറിംഗ് കോഴ്‌സുകൾ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകൾ എന്നിവ ഭാവിയിലും ആവശ്യമുള്ള കോഴ്‌സുകളാണ് .
മനുഷ്യ വിഭവശേഷിയും കൗൺസലിംഗും:
മനുഷ്യ വിഭവശേഷി മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിക്കുന്നവരും കൗൺസലിംഗ് രംഗത്തുള്ളവരും സങ്കീർണമായ വ്യക്തി ബന്ധങ്ങളെയും വികാരങ്ങളെയും വ്യക്തികളുടെ കരിയർ സാധ്യതകളെയും കൈകാര്യം ചെയ്യുന്നവരാണ് . ഒരു സ്ഥാപനത്തിലെ തൊഴിലാളികളുടെയും ഉപഭോക്താക്കളടക്കമുള്ളവരുടെയും പ്രത്യേകമായ ആവശ്യങ്ങൾ മനസ്സിലാക്കാനും അത് നിറവേറ്റാനും ആവശ്യമായ ഇമോഷണൽ ഇൻറലിജൻസ് ഇപ്പോൾ നിർമ്മിത ബുദ്ധി ആർജ്ജിച്ചിട്ടില്ല . AI ടൂളുകൾ ഭരണപരമായ പ്രവർത്തികൾക്ക് സഹായകമാണെങ്കിലും മേൽ വിവരിച്ച ജോലികളുടെ അടിസ്ഥാനമായ സൂക്ഷ്മമായ ഇടപെടലുകളും ബന്ധപ്പെട്ടവരെ മനസ്സിലാക്കി കൃത്യമായി കൈകാര്യം ചെയ്യലും മനുഷ്യമനസ്സിന് മാത്രമേ സാധ്യമാകൂ . അനുകമ്പയും കാരുണ്യവും ആവശ്യമായതിനാൽ സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കാനുള്ള സാധ്യതയും എന്നും നിലനിൽക്കും. അത് കൊണ്ട് തന്നെ MSW പോലുള്ള കോഴ്സുകളുടെ പ്രസക്തി നഷ്ടപ്പെടുകയില്ല. കൂടാതെ എം ബി എ (എച് ആർ ), ക്ലിനിക്കൽ സൈക്കോളജി ,കൗൺസിലിങ് സൈക്കോളജി ,കരിയർ കൗൺസിലിങ് രംഗത്തെ കോഴ്‌സുകൾ എന്നിവയും പഠിക്കാവുന്നതാണ് . പക്ഷെ ഈ രംഗത്തെ തൊഴിലുകളുടെ സാധ്യതയും ഉത്തരവാദിത്തങ്ങളും ഇന്നത്തെ അവസ്ഥയിൽ ആയിക്കൊള്ളണമെന്നില്ല
വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ:
അധ്യാപനവും പരിശീലങ്ങളും വെറും അറിവിൻറെ പകർന്നുകൊടുക്കൽ മാത്രമല്ല . അധ്യാപകർ അടക്കമുള്ള വിദ്യാഭ്യാസ പ്രവർത്തകർ പഠിതാക്കളുടെ ബുദ്ധിപരവും വികാരപരവുമായ വികാസത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത് . സാഹചര്യത്തിനനുസൃതമായ വ്യത്യസ്ത പഠന രീതികളെ പ്രയോഗവൽക്കരിക്കാനും മോട്ടിവേഷൻ, മാർഗദർശനം എന്നിവ നൽകാനും മനുഷ്യബുദ്ധിക്കുള്ള കഴിവ് നിർമ്മിത ബുദ്ധിക്ക് ഉണ്ടാവില്ല. വ്യക്തിപരമായ പഠനത്തിന് AI സഹായകരമാവുമെങ്കിലും വിമർശനാത്മകമായ ചിന്തകൾ, സർഗാത്മകത, സാമൂഹ്യ വൈദഗ്ധ്യങ്ങൾ എന്നിവ വളർത്തിയെടുക്കാൻ മനുഷ്യനെ കഴിയൂ. അധ്യായനവും പഠനവും വലിയ തോതിൽ മാറുമെങ്കിലും വിദഗ്ദ്ധരായ അധ്യാപകർക്കും പരീശീലകർക്കും പൂർണമായി പകരമാവാൻ നിർമിത ബുദ്ധിക്കാവില്ല.
അതിനാൽ അധ്യാപന പരിശീലന കോഴ്‌സുകൾ കായികാധ്യാപക പരിശീലക കോഴ്‌സുകൾ ,സംഗീത അധ്യാപക കോഴ്‌സുകൾ വിവിധ സ്‌കിൽ പരിശീലകർക്കുള്ള കോഴ്‌സുകൾ എന്നിവ തുടർന്നും നില നിൽക്കും
നീതിശാസ്ത്രവും തത്വശാസ്ത്രവും(ETHICS AND PHILOSOPHY):
നീതിശാസ്ത്രം, തത്വശാസ്ത്രം ,നൈതികത എന്നിവ സംബന്ധമായ ജോലികൾക്ക് ആഴമുള്ള ചിന്തകളും ധാർമികതമായ യുക്തിയും മനുഷ്യനെ മനസ്സിലാക്കാനുള്ള കഴിവും ആവശ്യമാണ് . ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ , തീരുമാനം എളുപ്പത്തിൽ സാധ്യമല്ലാത്ത സങ്കീർണമായ ചർച്ചകളും സൂക്ഷ്മമായ മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള അപഗ്രഥനങ്ങളും നടത്തുന്നവരും സമൂഹത്തിൽ ഇതിൻറെ എല്ലാം പ്രതിഫലനങ്ങളെ കുറിച്ചുള്ള മുൻധാരണ രൂപപ്പെടുത്തുന്നവരുമാണ് . നൽകപ്പെടുന്ന ഡാറ്റ നിർമ്മിത ബുദ്ധി,വിശകലനം ചെയ്യുമെങ്കിലും ആ വിഷയത്തിലുള്ള ആഴത്തിലുള്ള പഠനവും വസ്തുനിഷ്ഠമായ അപഗ്രഥനവും വ്യാഖ്യാനവും എല്ലാം അസാധ്യമാണ് . മറ്റൊരു പ്രധാന മേഖലയായ ആധ്യാത്മിക, മത രംഗങ്ങളിൽ മനുഷ്യ ബുദ്ധിക്കു മാത്രമെ തിളങ്ങാനാവുകയുള്ളു.
ഫിലോസഫി കോഴ്‌സുകൾ , മത പഠന രംഗത്തെ കോഴ്‌സുകൾ , യോഗ കോഴ്‌സുകൾ തുടങ്ങിയവ ഈ രംഗത്ത് നില നിൽക്കാൻ സാധ്യതയുള്ളവയാണ്
വാണിജ്യ വ്യവസായ രംഗം:
ചായക്കടകൾ ടൈലറിംഗ് യൂണിറ്റുകൾ മുതലായ ചെറിയ സംരംഭങ്ങളുടെ നടത്തിപ്പിനെ നിർമിത ബുദ്ധി ബാധിക്കാൻ സാധ്യത കുറവാണ് . സാഹചര്യങ്ങൾ മനസ്സിലാക്കി ബിസിനെസ്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും പുതിയ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കാനും നിർമിത ബുദ്ധിയുടെ ആവശ്യമുണ്ടാകില്ല. ട്രെൻഡുകൾ മനസ്സിലാക്കാനും അത് സൂക്ഷ്മമായി വിശകലനം ചെയ്യുവാനും മനുഷ്യ ബുദ്ധിക്കുള്ള കഴിവിനെ തോൽപിക്കാൻ എളുപ്പമല്ല . ഇത്തരം ചെറിയ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കാനും വളർത്തിക്കൊണ്ടു വരാനും ഭാവിയിൽ സാധ്യതകൾ നിലനിൽക്കും. അത് കൊണ്ട് തന്നെ സംരംഭകത്വ പരിശീലന കോഴ്‌സുകൾക്കും നല്ല അവസരമുണ്ടാകും.
വലിയ വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായ മേഖലകളിൽ മാനേജ്‌മന്റ് രംഗത്തെ പല പ്രാവീണ്യങ്ങളും നിർമിത ബുദ്ധിക്കു അനുകരിക്കാൻ കഴിയാത്തതാണ് . തന്ത്രപരമായ ആസൂത്രണം, ഉയർന്ന തലത്തിലുള്ള മാനേജ്മെന്റും നേതൃത്വവും, നയ വികസനം മുതലായ റോളുകളിൽ മനുഷ്യ ബുദ്ധിയുടെ കാര്യക്ഷമതയോളമെത്താൻ നിർമിത ബുദ്ധിക്കാവില്ല
ഗവേഷണം:
അതീവ സൂക്ഷ്മതയും കൃത്യതയും ആവശ്യമായ ശാസ്ത്ര ഗവേഷണം, ,അടിസ്ഥാന ഗവേഷണം, പ്രായോഗിക ഗവേഷണം മുതലായവ നിർമിത ബുദ്ധിയുടെ സ്വാധീനം കുറഞ്ഞ മേഖലകളാണ്. അത് കൊണ്ട് തന്നെ ഗവേഷണ സാധ്യതകൾ ഭാവിയിലും നിലനിൽക്കും .Phd, PDF കോഴ്സുകൾക്ക് ഏത് സാഹചര്യത്തിലും തിളക്കം കുറയില്ല.
നിർമിത ബുദ്ധി കുറെ തൊഴിൽ രംഗങ്ങളെ അപ്രസക്തമാക്കുമെങ്കിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്
PROMPT ENGINEER:
നിർമിത ബുദ്ധിയുടെ സാങ്കേതിക വിദ്യകൾ കൂടുതൽ സങ്കീര്ണമായിക്കൊണ്ടിരിക്കുമ്പോൾ എ ഐ സിസ്റ്റവുമായി ആശയ വിനിമയം നടത്തുന്നതിനും ഉദ്ദേശിക്കുന്ന ഫലങ്ങൾ കൃത്യമായി ലഭിക്കുന്നതിനും വിദഗ്‌ധരുടെ ആവശ്യം വലിയ തോതിൽ വർധിച്ചു വരുന്നു .എ ഐ സിസ്റ്റം ഉപയോഗിച്ച നമ്മൾ ആഗ്രഹിക്കുന്ന പ്രവൃത്തികൾ കൃത്യമായി ചെയ്യിക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനാണ് പ്രോംപ്റ്റിംഗ് എന്ന് പറയുന്നത്. പ്രോംപ്റ്റിംഗിൽ വൈദഗ്ധ്യമുള്ള പ്രൊഫെഷനലിനെയാണ് പ്രോംപ്റ്റ് എഞ്ചിനീയർ എന്ന് വിളിക്കുന്നത്. നിർമിത ബുദ്ധിയുടെ കാലത്തു ആവശ്യമേറെയുള്ള തൊഴിലാണ് പ്രോംപ്റ്റ് എഞ്ചിനിയറുടേത്.
AI TRAINER:
നിർമിത ബുദ്ധി പ്ലാറ്റുഫോമുകൾക്ക് , ആവശ്യമായ റിസൾട്ട് നൽകുന്നതിന് വേണ്ടി മതിയായ പരിശീലനം നൽകുന്ന ജോലി ആണ് എ ഐ ട്രെയ്‌നറുടേത് .പ്രോംപ്റ്റിംഗ് ലഭിക്കുമ്പോൾ എ ഐ ടൂൾ എങ്ങനെ പ്രതികരിക്കണമെന്ന് എ ഐ ട്രെയിനർ സിസ്റ്റത്തെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യും .
AI AUDITOR:
നിർമിത ബുദ്ധിയുടെ ഉപയോഗം വർധിച്ചു വരുമ്പോൾ സിസ്റ്റത്തിന്റെ കൃത്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തുക എന്നത് പ്രാധാന്യമുള്ളതാണ് എ ഐ ഓഡിറ്ററുടെ ഉത്തരവാദിത്തം നിർമിത ബുദ്ധിയുടെ ഔട്ട്പുട്ട് തെറ്റില്ലാത്തതും നിഷ്പക്ഷവുമാണെന്നു ഉറപ്പു വരുത്തുക എന്നതാണ്
AI ETHICIST:
AI സുരക്ഷിതവും ധാർമ്മികവുമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു ഉറപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് AI ETHICISTനു നിർവഹിക്കാനുള്ളത് .
ഡിജിറ്റൽ മാർക്കറ്റിംഗ്:
എ ഐ ഉപയോഗിച്ചുള്ള ഡിജിറ്റൽ മാർകെറ്റിംഗിന് അപാരമായ സാധ്യതകളാണ് ഭാവിയിൽ ഉണ്ടാവുക. ഇപ്പോൾ തന്നെ വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകൾ വലിയ തോതിൽ എ ഐ യുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്
ഇത് കൂടാതെ Cybersecurity Analyst,Data Detective , AI Business Strategist, Data Broker, AI Explainer തുടങ്ങി വിവിധ തൊഴിൽ സാധ്യതകൾ എ ഐ യുടെ ഉപയോഗം വര്ധിക്കുന്നതിലൂടെ ലഭ്യമാവും
നിർമിത ബുദ്ധി പഠിക്കാൻ:
നിർമിത ബുദ്ധിയുടെ സാധ്യതകൾ അനന്തമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത വിധം ചലനാത്മകമാണ് ഈ രംഗം. ഇതുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ ഓൺലൈൻ ആയും ക്ലാസ് റൂമുകളിലും പഠിക്കാൻ കഴിയും. കേരളത്തിനകത്തും പുറത്തും നല്ല കോഴ്‌സുകൾ ധാരാളം ലഭ്യമാണ്. കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ നിലവാരം വളരെ പ്രധാനമാണ് .ഡാറ്റ സയൻസ്, മെഷിൻ ലേർണിങ് , ഡീപ് ലേർണിംഗ്, എ ഐ ബൈസ്ഡ് ഫിനാൻഷ്യൽ എൻജിനീയറിങ്, അനാലിറ്റിക്‌സ്, ജെനറേറ്റീവ് എ ഐ, ചാറ്റ് GPT , എക്സ്പ്ലേയ്‌നബിൾ എ ഐ , പ്രോംപ്റ്റ് എഞ്ചിനീയറിംഗ് എന്നിവയടക്കം അസംഖ്യം കോഴ്‌സുകൾ എ ഐ പഠിക്കാനും ആ രംഗത്ത് പ്രവർത്തിക്കാനും താല്പര്യപ്പെടുന്നവർക്കു ലഭ്യമാണ് . ഓൺലൈൻ വിദ്യാഭ്യാസ രംഗത് പ്രവർത്തിക്കുന്ന പല വെബ്‌സൈറ്റുകളും സൗജന്യമായും വളരെ കുറഞ്ഞ ഫീസിലും എ ഐ യുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്. ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, ഇന്ത്യയിലുടനീളമുള്ള നല്ല കോളേജുകൾ എന്നിവ എഐ മേഖലയിൽ വിവിധ തലത്തിലുള്ള കോഴ്സുകൾ നടത്തുന്നുണ്ട് . എ ഐ യുടെ സാധ്യതകളെ കുറിച്ചും അതിന്റെ സങ്കീർണമായ സാങ്കേതികതയെ കുറിച്ചുമൊക്കെ മനസ്സിലാക്കാൻ ഇത്തരം കോഴ്‌സുകൾ സഹായകമാണ് .
അടിക്കുറിപ്പ്:
നിർമ്മിത ബുദ്ധി തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ചിട്ടുണ്ടെങ്കിലും ചില തൊഴിലുകളും കോഴ്സുകളും ഇപ്പോഴും അവയുടെ അന്തർലീനമായ മാനുഷിക സവിശേഷതകൾ കാരണം നിലനിൽക്കുമെന്ന് നിസ്സംശയം പറയാം . വൈകാരികമായ വിവേചന ശക്തി, സർഗാത്മകത, സങ്കീർണമായ തീരുമാനങ്ങൾ എടുക്കൽ, മനുഷ്യ അനുഭവങ്ങളുടെ ആഴത്തിലുള്ള അപഗ്രഥനം, അനുകമ്പ മുതലായ ഗുണങ്ങൾ ആവശ്യമായ തൊഴിലുകൾ നിർമിത ബുദ്ധിയുടെ കടന്നു കയറ്റത്തെ അതിജീവിച്ചു പൊതുവേ നിലനിൽക്കും അതുകൊണ്ടുതന്നെ ഇത്തരം മനുഷ്യത്വപരമായ വൈദഗ്ധ്യങ്ങൾ ആർജിക്കാൻ തയ്യാറായാൽ മാത്രമേ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ നിലനിൽക്കാൻ ആവുകയുള്ളൂ. ഈ മേഖലകളിൽ നേരിട്ടുള്ള ഓട്ടോമേഷൻ സാധ്യത കുറവായിരിക്കുമെങ്കിലും, തൊഴിൽ വിപണിയും AI-യുടെ സ്വാധീനവും നിരന്തരമായി മാറിക്കൊണ്ടിരിക്കും എന്നത് നിർണായകമാണ്. വ്യക്തികൾ അവരുടെ കഴിവുകൾ തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നതും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവരായി തുടരുന്നതും നല്ലതാണ്. വികസിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ മത്സരക്ഷമതയുള്ളവരായി തുടരുന്നതിന് വ്യവസായ പ്രവണതകളെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നതും അഭികാമ്യമാണ്. കൂടാതെ, മനുഷ്യ വിഭവശേഷിയെ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന്, നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിയാൽ പല തൊഴിലുകൾക്കും വലിയ പ്രയോജനം ലഭിക്കും. കൂടാതെ നിർമിത ബുദ്ധിയുടെ വിപുലമായ ഉപയോഗത്തിലൂടെ ലഭ്യമാകുന്ന തൊഴിലവസരങ്ങൾക്കാവശ്യമായ പരിശീലനം ആർജിച്ചാൽ ഭാവിയിൽ തൊഴിൽ രംഗത്തു സംജാതമാവാൻ സാധ്യതയുള്ള പ്രതിസന്ധികൾ ഒഴിവാക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാലഹരണപ്പെട്ട കോഴ്‌സുകൾക്ക് പകരം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ കോഴ്‌സുകൾ ഇപ്പോൾ തന്നെ സിലബസിൽ ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് ഭാവിയെ ഫലപ്രദമായി അഭിമുഖീകരിക്കാനും വിജയിക്കാനുമുള്ള ശേഷി ആർജിക്കാൻ കഴിയും. ഈ ലേഖനം പൂര്ണമാക്കാനാവില്ല എന്നറിയാമല്ലോ. അത്രക്കും വേഗതയിലാണ് കാര്യങ്ങൾ മാറുന്നത്. ഇന്നത്തെ സാധ്യതകൾ നാളെ പ്രസക്തമല്ലാതായി മാറിയേക്കാം. അത് കൊണ്ട് തന്നെ കൃത്യമായ അപ്ഡേറ്റിംഗ് വഴി മാത്രമേ നിർമിത ബുദ്ധിയുടെ സാധ്യതകളെ പൂർണമായി ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളു.
Article By: Zubair Konikkal
CIGI Career Team