×
03 September 2026
0

പണം പോട്ടെ, എക്സ്പീരിയൻസ് വരട്ടെ! ജെൻ സീ കുട്ടികളും നമ്മളും തമ്മിലുള്ള ആ 'മിസ്സിങ്ങ് സിലബസ്'

ചെറിയ സംഭവത്തിൽ നിന്നു തുടങ്ങാം.

കണ്ണൂർ ജില്ലയിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു സ്കൂളിനടുത്തുള്ള ചെറിയൊരു ബേക്കറി. അവിടെ കാലങ്ങളായി നിൽക്കുന്ന പ്രായമുള്ള ഒരു കടക്കാരൻ ചേട്ടനുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കടയിലെ സ്ഥിരം കാഴ്ച കണ്ട് അതിശയം മാറാതെ അദ്ദേഹം അടുത്തുള്ള ഒരാളോട് ചോദിച്ചു: "ഒരു അഞ്ഞൂറു രൂപയുടെ നോട്ടും വീശിപ്പിടിച്ചാണ് ഈ സ്കൂൾ കുട്ടികൾ ദിവസവും വൈകുന്നേരം ഇവിടെ വരുന്നത്! കൂട്ടുകാരുമൊത്ത് വിലകൂടിയ പലഹാരങ്ങളും ജ്യൂസും വാങ്ങി കഴിച്ചിട്ട് വളരെ കൂളായിട്ട് നടന്നു പോകുന്നു. ഈ കുട്ടികൾക്ക് ദിവസവും ഇത്രയും കാശ് ചിലവാക്കാൻ കൊടുക്കണമെങ്കിൽ ആ വീട്ടിൽ എത്രമാത്രം വരുമാനമുണ്ടാകും?"

ആ കടക്കാരന്റെ ചോദ്യത്തിൽ ഇത് വായിക്കുന്ന പഴയ തലമുറയുടെ മുഴുവൻ അമ്പരപ്പും ആശങ്കയുമുണ്ട്. പുറത്തിറങ്ങിയാൽ ഒരു ദാഹം വന്നാൽ പോലും പച്ചവെള്ളം കാശുകൊടുത്തു വാങ്ങി കുടിക്കാതെ, എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തി വെള്ളം കുടിച്ച് ആ കാശ് ലാഭിച്ചിരുന്ന ഒരു തലമുറയിൽ നിന്നാണ് നമ്മളിൽ പലരും വരുന്നത്. പൊരിവെയിലത്ത് കിലോമീറ്ററുകൾ നടന്നും, കീറിയ ഷർട്ടുകൾ തുന്നിയിട്ടും നമ്മൾ പണം സ്വരുക്കൂട്ടി. ഇന്ന് കാലം മാറി. തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളോ ഇല്ലായ്മകളോ മക്കൾക്ക് ഒരു കാരണവശാലും ഉണ്ടാകരുതെന്ന് ഉറപ്പിച്ച്, അവർ ചോദിക്കുന്നതിന് മുൻപ് തന്നെ എല്ലാം സാധിച്ചുകൊടുക്കുന്ന അച്ഛനമ്മമാർ വളർത്തുന്ന തലമുറയാണിത്. ദുബായിലോ മറ്റോ ചുട്ടുപൊള്ളുന്ന വെയിലിൽ ജോലി ചെയ്ത് നാട്ടിലേക്ക് പണമയക്കുന്ന ഒരു പിതാവിന് തന്റെ മക്കൾ എന്ത് ചോദിച്ചാലും വാങ്ങിക്കൊടുക്കാൻ ഒരു മടിയുമുണ്ടാകില്ല.

പക്ഷേ, ഈ പുതിയ തലമുറ പണം ചെലവഴിക്കുന്നത് എങ്ങനെയാണെന്നും, അതിനു പിന്നിലെ യഥാർത്ഥ മനഃശാസ്ത്രം എന്താണെന്നും നമ്മൾ മാതാപിതാക്കൾ ശരിക്കും അറിയുന്നുണ്ടോ?

ജെൻ സീ (Gen Z), ആൽഫാ (Alpha) തലമുറകളെ നമ്മൾ വെറുതെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവരുടെ ലോകം നമ്മുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അവിടെ നമ്മൾ ഉൾക്കൊള്ളേണ്ട ഒരു വലിയ ദർശനമുണ്ട്:

"വേരുകൾ നമ്മുടേത്, ആകാശം പുതിയത്."

നമ്മുടെ പഴയകാല മൂല്യങ്ങളും സാമ്പത്തിക അച്ചടക്കവും എന്ന ശക്തമായ വേരുകൾ നിലനിർത്തിക്കൊണ്ടുതന്നെ, പുതിയ കാലത്തിന്റെ ആകാശത്തേക്ക് അവരെ സ്വതന്ത്രരായി പറക്കാൻ നമ്മൾ അനുവദിക്കണം. ഈയൊരു ബാലൻസിങ് എങ്ങനെ സാധ്യമാക്കാം എന്നാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ നമ്മൾ അന്വേഷിക്കേണ്ടത്. ഈ പോസ്റ്റ് ആ അന്വേഷണത്തിലേക്കുള്ള ഒരു വാതിൽ തുറക്കുകയാണ്.

മാറുന്ന ആവശ്യങ്ങളും അൽഗോരിതം തീരുമാനിക്കുന്ന ആഗ്രഹങ്ങളും:

കുറച്ചുവർഷങ്ങൾക്കു മുൻപുവരെ നമ്മൾ നമ്മുടെ ജീവിതനിലവാരം താരതമ്യം നടത്തിയിരുന്നത് അടുത്ത സുഹൃത്തുമായോ അല്ലെങ്കിൽ അയൽക്കാരുമായോ ആയിരുന്നു. നാട്ടിൽ നമ്മളെക്കാൾ മെച്ചപ്പെട്ട വീടുള്ള, അല്ലെങ്കിൽ നല്ലൊരു ജോലിയുള്ള ഒരാളെ ബെഞ്ച്മാർക്കായി കണ്ട് ആഗ്രഹങ്ങൾ നേടിയെടുക്കാൻ നമ്മൾ കഠിനമായി ശ്രമിച്ചു. അതിലൊരു ആരോഗ്യകരമായ മത്സരമുണ്ടായിരുന്നു, അത് നമ്മളെ വളർത്തുകയും ചെയ്തു. എന്നാൽ, ഇന്നത്തെ കുട്ടികളുടെ താരതമ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിലെ 'റീൽ' (Reels) ജീവിതങ്ങളോടാണ്. അമേരിക്കയിലോ അല്ലെങ്കിൽ ദുബായിലെ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലോ ഉള്ള ഒരു സെലിബ്രിറ്റി ഇൻഫ്ലുവൻസർ ജീവിക്കുന്ന അതേ ലൈഫ്സ്റ്റൈൽ തനിക്കും വേണമെന്ന് നമ്മുടെ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിലുള്ള കുട്ടി വരെ ആഗ്രഹിക്കുന്നു.

നിങ്ങൾ അവരുടെ ഇൻസ്റ്റഗ്രാമും യൂട്യൂബും ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവർ സ്ക്രോൾ ചെയ്യുമ്പോൾ മൊബൈലിലെ അൽഗോരിതം അവർക്ക് മുന്നിൽ കാണിക്കുന്നത് മുഴുവൻ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ബ്രാൻഡ് പ്രമോഷനുകളാണ്. അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിലെ താരം താൻ ഉപയോഗിക്കുന്ന സ്കിൻ കെയർ പ്രൊഡക്റ്റിനെപ്പറ്റി ഒരു അഭിമുഖത്തിൽ കാഷ്വലായി പറയുന്നു. വെറും അഞ്ച് മിനിറ്റിനുള്ളിൽ കുട്ടി ആ പ്രൊഡക്റ്റ് ഓൺലൈനായി ഓർഡർ ചെയ്യുന്നു. ഇതാണ് ഇന്നത്തെ വേഗം! ആ ക്രീമിനെക്കുറിച്ച് സംസാരിക്കാൻ നടന് ആ കമ്പനി ലക്ഷങ്ങൾ നൽകിയിട്ടുണ്ടാകാം എന്ന യാഥാർഥ്യമൊന്നും ഈ കുട്ടികൾ ചിന്തിക്കുന്നില്ല. അവർക്ക് വേണ്ടത് ആ ബ്രാൻഡ് നൽകുന്ന ഫീൽ ആണ്, അഥവാ ആ 'എക്സ്പീരിയൻസ്' ആണ്.

"പണം പോട്ടെ അനുഭവങ്ങൾ വരട്ടെ" എന്നതാണ് ഇന്നത്തെ തലമുറയുടെ മന്ത്രം.

എന്താണ് ഈ 'അഡൽറ്റ് മണി' (Adult Money)?:

സോഷ്യൽ മീഡിയ റീലുകൾ കാണാത്തവർ ഒരുപക്ഷെ 'അഡൽറ്റ് മണി' എന്ന വാക്ക് കേട്ടിട്ടുണ്ടാകില്ല. പുതിയ കാലത്തെ കുട്ടികളുടെ ഒരു വലിയ ആഘോഷമാണത്. പഠനം കഴിഞ്ഞ് ആദ്യമായി ഒരു ജോലി കിട്ടി ശമ്പളം കൈയിൽ വരുമ്പോൾ, ആ പണം ഉപയോഗിച്ച് എന്തെങ്കിലും വിലകൂടിയ സാധനം വാങ്ങിയിട്ട് 'Adult money well spent' അല്ലെങ്കിൽ 'Perfect use of adult money' എന്ന തലക്കെട്ടോടെ അൺബോക്സിങ് വീഡിയോ ചെയ്യുന്നതാണ് ഇന്നത്തെ പ്രധാന ട്രെൻഡ്.

സ്വന്തം അധ്വാനത്തിന്റെ ഫലം ആസ്വദിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ, ഇവിടെ പ്രശ്നമാകുന്നത് 'ഗിഫ്റ്റിങ് യുവർ സെൽഫ്' (Gifting yourself) എന്ന കൺസെപ്റ്റാണ്.

ഒരു ബ്രാൻഡഡ് വസ്ത്രം വാങ്ങുന്നതും, ഏറ്റവും പുതിയ മോഡൽ ഫോൺ വാങ്ങുന്നതും, പതിനായിരങ്ങൾ വിലയുള്ള ഷൂസ് വാങ്ങുന്നതുമൊക്കെ സ്വയം നൽകുന്ന ഗിഫ്റ്റുകളായി അവർ ന്യായീകരിക്കുന്നു. മുൻപൊക്കെ ഇടാൻ ഒരു ഷൂ, സമയം നോക്കാൻ ഒരു വാച്ച് എന്നതായിരുന്നു നമ്മുടെ ചിന്ത. എന്നാൽ ഇന്ന് അവർക്ക് 'സ്നീക്കർ കലക്‌ഷനും' 'വാച്ച് കലക്‌ഷനും' വേണം. ഒരൊറ്റ ജീവിതമേ ഉള്ളൂ, നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കുമറിയില്ല, അതിനാൽ ഇന്നത്തെ ദിവസം പരമാവധി ആസ്വദിക്കുക (YOLO - You Only Live Once) എന്നതാണ് അവരുടെ സിദ്ധാന്തം. പണം സമ്പാദിച്ചു വയ്ക്കുന്നതിനേക്കാൾ, ജീവിതത്തിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ സ്വന്തമാക്കുന്നതിനാണ് അവർ പ്രാധാന്യം നൽകുന്നത്. കോൺസർട്ടുകൾക്ക് പോവുക, ട്രെൻഡിങ് ആയ റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുക, ഇൻസ്റ്റഗ്രാമിൽ വൈറലായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുക എന്നിവയ്ക്കായി എത്ര പണം മുടക്കാനും ഇവർ തയ്യാറാണ്. ഒരു ചായ കുടിക്കുന്നതു മുതൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ വരെ നീളുന്നതാണ് ഈ അനുഭവങ്ങൾ. ജീവിതത്തിൽ പുതിയ അനുഭവങ്ങൾ (Experiences) സ്വന്തമാക്കുന്നതിനാണ് അവർ മുൻഗണന നൽകുന്നത്.

ഡിജിറ്റൽ പണത്തിന്റെ മായക്കാഴ്ചകളും ഇഎംഐ ട്രാപ്പും (EMI Trap):

പണ്ട് കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങുമ്പോൾ പോക്കറ്റിൽ നിന്ന് നോട്ടുകൾ കുറയുന്നതിന്റെ ഒരു വേദന നമ്മളെ പോലുള്ളവർ അനുഭവിച്ചിരുന്നു. ദൂര യാത്ര പോവുമ്പോൾ ഒരു കുപ്പിവെള്ളം വാങ്ങാൻ പോലും മടിച്ചിരുന്നു. ഇന്നത്തെ യുപിഐ (UPI) സ്കാനിംഗ് യുഗത്തിൽ ആ വേദനയില്ല. ഫോണിലെ ഒരു ചെറിയ ശബ്ദം മാത്രം- 'ടിംഗ്'. പണം വളരെ സുലഭമാണെന്ന ഒരു വലിയ തെറ്റിദ്ധാരണ ഇത് അവരിൽ ഉണ്ടാക്കുന്നുണ്ട്. ഒരു ദിവസം എത്ര രൂപയാണ് ഇങ്ങനെ ഡിജിറ്റലായി തങ്ങളുടെ അക്കൗണ്ടിൽ നിന്ന് ചോർന്നുപോകുന്നതെന്ന് അവർ തന്നെ അറിയുന്നില്ല.

അതോടൊപ്പം, ക്രെഡിറ്റ് കാർഡുകളും, ബൈ നൗ പേ ലേറ്റർ (Buy Now Pay Later) പോലുള്ള അത്യാധുനിക സൗകര്യങ്ങളും, എളുപ്പത്തിൽ കിട്ടുന്ന നോ-കോസ്റ്റ് ഇഎംഐകളും കൂടിയാകുമ്പോൾ കാര്യങ്ങൾ പലപ്പോഴും കൈവിട്ടുപോകുന്നു. ഉദാഹരണത്തിന്, മുൻപ് ഒരു ശരാശരി യുവാവ് സ്വന്തമായി കാർ വാങ്ങിയിരുന്നത് ജീവിതത്തിൽ അത്യാവശ്യം സെറ്റിൽ ആകുന്ന മുപ്പതുകളുടെ അവസാനത്തിലായിരുന്നു. അത് സ്വന്തം സമ്പാദ്യത്തിൽ നിന്നായിരുന്നു. ഇന്നത് ഇരുപതുകളുടെ പകുതിയിലേക്ക് എത്തി. പുതിയ ജോലിയിൽ കയറി ആദ്യത്തെ ശമ്പളം കിട്ടുമ്പോഴേക്കും ലക്ഷങ്ങളുടെ കാർ ബുക്ക് ചെയ്യും. അതു വാങ്ങാനുള്ള സാമ്പത്തിക അടിത്തറ യഥാർത്ഥത്തിൽ തനിക്കുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. മാസവരുമാനത്തിന്റെ വലിയൊരു പങ്കും ഇഎംഐ ആയി പോകുമ്പോൾ, പിന്നെ നിത്യച്ചെലവിനുപോലും പണം തികയാത്ത അവസ്ഥ വരുന്നു. ഇത് വലിയ മാനസിക സമ്മർദ്ദങ്ങളിലേക്കാണ് ഈ ചെറുപ്പക്കാരെ തള്ളിവിടുന്നത്.

ഫിനാൻഷ്യൽ നിഹിലിസം അഥവാ സാമ്പത്തിക ശൂന്യതാവാദം:

ഇന്നത്തെ മാതാപിതാക്കൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട ഒരു മനഃശാസ്ത്രപരമായ പദമാണിത്. ഇന്നത്തെ ചെറുപ്പക്കാരിൽ പലരും എന്തുകൊണ്ടാണ് ഭാവിയിലേക്ക് സമ്പാദിക്കാൻ താല്പര്യം കാണിക്കാത്തത്? അതിന്റെ പ്രധാന കാരണം 'ഫിനാൻഷ്യൽ നിഹിലിസം' (Financial Nihilism) ആണ്. കുതിച്ചുയരുന്ന ഉയർന്ന ജീവിതച്ചെലവ്, വിദ്യാഭ്യാസത്തിന് എടുത്ത വൻകിട വായ്പകളുടെ ഭാരം, എന്നാൽ അതിനനുസരിച്ച് ലഭിക്കാത്ത തുച്ഛമായ തുടക്ക ശമ്പളം എന്നിവ കാരണം പല യുവാക്കളും കടുത്ത നിരാശയിലാണ്. ഇതിനുപുറമെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള നൂതന സാങ്കേതികവിദ്യകൾ നാളെ തങ്ങളുടെ ജോലി ഇല്ലാതാക്കുമോ എന്ന ഭയവും അനിശ്ചിതത്വവും.

"ഞാൻ എത്രയൊക്കെ കഷ്ടപ്പെട്ട് പണം മിച്ചം പിടിച്ചാലും എന്റെ മാതാപിതാക്കളെപ്പോലെ ഒരു സ്വന്തം വീടോ സ്ഥലമോ വാങ്ങാൻ എനിക്ക് ഈ ജന്മം കഴിയില്ല, പിന്നെ ഞാൻ എന്തിന് കഷ്ടപ്പെട്ട് സമ്പാദിക്കണം? ഉള്ള കാശ് വെച്ച് കൂട്ടുകാരോടൊപ്പം ട്രിപ്പ് പോയി ഇന്നത്തെ ദിവസം എൻജോയ് ചെയ്യാം." ഇതാണ് അവരിൽ ഭൂരിഭാഗം പേരുടെയും ചിന്താഗതി. ആഗോളതലത്തിൽ നടന്ന പല സർവേകളും പറയുന്നത് 60% ജെൻ സീകളും വിശ്വസിക്കുന്നത് സ്വന്തം മാതാപിതാക്കളെപ്പോലെ തങ്ങൾക്ക് ഒരിക്കലും സാമ്പത്തികഭദ്രത കൈവരിക്കാനാകില്ല എന്നാണ്. അതുകൊണ്ടാണ് അവർ ധൂർത്തടിക്കുന്നതും കൈയിലുള്ള പണം മുഴുവൻ ഇന്നത്തെ സന്തോഷത്തിനായി ചിലവാക്കുന്നതും. അവർക്ക് സാമ്പത്തിക കാര്യങ്ങളിൽ അറിവില്ലാഞ്ഞിട്ടല്ല, മറിച്ച് അതൊരു 'മിസ്സിങ്ങ് സിലബസ്' ആയി അവരുടെ ജീവിതത്തിൽ തുടരുന്നതുകൊണ്ടാണ്. ഈ ശൂന്യതാബോധത്തിൽ നിന്നും അവരെ കൈപിടിച്ചുയർത്തേണ്ടത് നമ്മളാണ്.

ഫഹീമും നയനയും: രണ്ടു വ്യത്യസ്ത ജീവിതങ്ങൾ, രണ്ട് പാഠങ്ങൾ:

ഈ പറയുന്ന കാര്യങ്ങൾ വെറും തിയറികളല്ല. നമ്മുടെ ചുറ്റും നടക്കുന്ന യാഥാർഥ്യങ്ങളാണ്. ഇത് കൂടുതൽ വ്യക്തമാക്കാൻ തികച്ചും വ്യത്യസ്തരായ രണ്ട് ചെറുപ്പക്കാരുടെ ജീവിതങ്ങൾ നമുക്കൊന്ന് നോക്കാം. കിട്ടുന്ന വരുമാനത്തിൽ ഇഷ്ടങ്ങൾ സാധിച്ചുകൊണ്ടുതന്നെ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകാൻ എങ്ങനെ സാധിക്കുമെന്ന് ഇത് കാട്ടിത്തരും.

ഫഹീമിന്റെ കഥ:

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഒരു ബഹുരാഷ്ട്ര ഐടി കമ്പനിയിൽ 82,000 രൂപ ശമ്പളത്തിൽ ജോലിക്ക് കയറിയ ആളാണ് ഫർഹാൻ. മികച്ച തുടക്കം! ജോലിയിൽ കയറി അ‍ഞ്ചു വർഷത്തിനു ശേഷം മാസം ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ അവന് കയ്യിൽ കിട്ടുന്നുണ്ട്. വലിയ ശമ്പളമാണല്ലോ എന്ന് നമ്മൾ ചിന്തിക്കും. പക്ഷേ, മാസാവസാനം ഫർഹാന്റെ അക്കൗണ്ട് എടുത്തു നോക്കിയാൽ അതിൽ പൂജ്യം ബാലൻസാണ്. കാരണം, സുഹൃത്തുക്കൾക്കിടയിലെ സ്റ്റാറ്റസ് നിലനിർത്താൻ വാങ്ങിയ പ്രീമിയം ബ്രാൻഡ് കാറിന്റെ വലിയൊരു ഇഎംഐ, ക്രെഡിറ്റ് കാർഡ് വഴി വാങ്ങിക്കൂട്ടിയ പുതിയ ഗാഡ്ജറ്റുകളുടെ വലിയ ബില്ലുകൾ, വീക്കെൻഡുകളിലെ വിലകൂടിയ കഫേ വിസിറ്റുകൾ. എല്ലാം കൂടി ആകുമ്പോൾ ലക്ഷം രൂപ ശമ്പളം ഒന്നിനും തികയില്ല. പെട്ടെന്ന് വീട്ടിൽ ഒരാവശ്യം വന്നപ്പോൾ ഫർഹാൻ ഒരു ഓൺലൈൻ ലോൺ ആപ്പിൽനിന്ന് വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ ഇപ്പോൾ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാണ് അവൻ. ഉയർന്ന ശമ്പളമുണ്ടായിട്ടും അടിസ്ഥാനപരമായ സാമ്പത്തിക അച്ചടക്കമില്ലാത്തതിനാൽ ഫർഹാൻ ഇന്ന് ഒരു വൻ കടക്കെണിയിലാണ്.

നയനയുടെ നയന മനോഹരമായ കഥ:

എകണോമിക്സ് ബിരുദം പാസായി ചില സർട്ടിഫിക്കേഷൻ കോഴ്സുകളും പൂർത്തിയാക്കിയ 22-കാരിയായ നയനയ്ക്ക് തുടക്കത്തിൽ കിട്ടിയത് വെറും 18,000 രൂപ ശമ്പളമാണ്. ഒപ്പം സുഹൃത്തുക്കളുടെ ഒരു ചെറിയ സ്റ്റാർട്ടപ്പിൽ ഫിനാൻസ് കാര്യങ്ങൾ നോക്കി കൊടുക്കുന്നതിന് 12,000 രൂപ വേറെയും കിട്ടിത്തുടങ്ങി. ആകെ 30,000 രൂപ. ആദ്യത്തെ കുറച്ചു മാസം കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിച്ചു. തനിക്കും പ്രിയപ്പെട്ടവർക്കും ഓൺലൈനായി പലതും വാങ്ങിക്കൂട്ടി. എന്നാൽ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ തന്റെ അക്കൗണ്ടിൽ ഒരു രൂപ പോലും ബാക്കി ഇല്ലെന്നു അവൾ തിരിച്ചറിഞ്ഞു. "ഇതു പറ്റില്ല, ഭാവിയിലേക്ക് അൽപം മിച്ചം പിടിക്കണം" എന്ന ചിന്ത അവളിൽ തന്നെയുണ്ടായി.

യാത്രകളും കൂട്ടുകാരുമൊത്തുള്ള അടിച്ചു പൊളിയും അവൾ പൂർണ്ണമായി ഉപേക്ഷിച്ചില്ല. കാരണം അതാണല്ലോ അവരുടെ ലോകം. പകരം അവൾ കൃത്യമായ ഒരു ബജറ്റ് ഉണ്ടാക്കി. അനാവശ്യമായ ഓൺലൈൻ ഷോപ്പിങ് കുറച്ചു. മാസം 4000 രൂപ കൃത്യമായി മിച്ചം പിടിച്ചു. അതിൽ 2000 രൂപ ഒരു മികച്ച മ്യൂച്വൽ ഫണ്ടിൽ എസ്ഐപി (SIP) ആയി നിക്ഷേപിച്ചു തുടങ്ങി. ബാക്കി 2000 രൂപ പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി എമർജൻസി ഫണ്ടായി ബാങ്കിൽ സൂക്ഷിച്ചു. വർഷങ്ങൾ കഴിയവേ ശമ്പളം കൂടിയപ്പോൾ നിക്ഷേപിക്കുന്ന തുകയും അവൾ കൂട്ടി. ഇപ്പോൾ അഞ്ചാം വർഷത്തിൽ, തന്റെ എല്ലാ യാത്രാ മോഹങ്ങളും ഇഷ്ടങ്ങളും സാധിച്ചുകൊണ്ടുതന്നെ അഞ്ചു ലക്ഷം രൂപയോളം സ്വന്തമായി സമ്പാദിക്കാൻ അവൾക്ക് കഴിഞ്ഞു. ഇതേ അച്ചടക്കം തുടർന്നാൽ 10–12 വർഷം കഴിയുമ്പോൾ നയനയുടെ സമ്പത്ത് കോടികളിലെത്തും. വേരുകൾ ഉറപ്പിച്ചു നിർത്തിക്കൊണ്ടുതന്നെ പുതിയ ആകാശത്തേക്ക് സ്വതന്ത്രമായി പറക്കാൻ നയനയ്ക്ക് കഴിഞ്ഞു.

ആരോഗ്യവും ആർഭാടവും: മാറിയ ഫിറ്റ്നസ്സ് സങ്കൽപ്പങ്ങൾ:

ജെൻ സീ തലമുറയുടെ മറ്റൊരു പ്രധാന ചിലവ് ആരോഗ്യവും സൗന്ദര്യവുമാണ്. മുൻ തലമുറയിൽ നിന്ന് വ്യത്യസ്തമായി ആൺപെൺ ഭേദമില്ലാതെ ആരോഗ്യകാര്യങ്ങളിൽ അവർ വളരെയധികം ശ്രദ്ധ കൊടുക്കുന്നുണ്ട്. മന്തിക്കടകളിലും പ്രീമിയം കഫേകളിലും പോകുന്നതിനൊപ്പം തന്നെ ഫിറ്റ്നസ്സ് നിലനിർത്താൻ ജിമ്മിലും അവർ കൃത്യമായി പോകുന്നു. പക്ഷേ, അത് നമ്മുടെ പഴയ നാട്ടിൻപുറത്തെ ഇരുമ്പുയർത്തുന്ന ജിമ്മുകളല്ല. എസി വച്ച, പ്രീമിയം സൗകര്യങ്ങളുള്ള യൂണിസെക്സ് ജിമ്മുകളാണ്. അവിടെ ജിം സബ്സ്ക്രിപ്ഷൻ, വിലകൂടിയ വിദേശ ബ്രാൻഡുകളുടെ പ്രോട്ടീൻ പൗഡർ, സ്പെഷ്യൽ ഡയറ്റ് ഫുഡ്, ജിം വെയറുകൾ എന്നിങ്ങനെ മാസത്തിൽ ആയിരങ്ങളാണ് ഇതിനായി ചിലവാക്കുന്നത്.

അതുപോലെ സൺസ്ക്രീൻ, മോയ്‌ചറൈസർ, സെറം തുടങ്ങിയ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഉപയോഗിക്കുന്നു. ഇതിനൊക്കെ വലിയ വിലയാണ് മാർക്കറ്റിൽ. ഇതിനുപുറമെ, പണ്ട് കുട്ടികൾ സൗജന്യമായി കളിച്ചിരുന്ന പാടങ്ങളും ഗ്രൗണ്ടുകളും പോയി, ഇന്ന് മണിക്കൂറിന് ആയിരങ്ങൾ വാടക നൽകേണ്ട ആർട്ടിഫിഷ്യൽ ടർഫുകളായി. ഇത്തരം വീക്കെൻഡ് വിനോദങ്ങൾക്കും വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്. സ്വന്തമായി വരുമാനമുള്ള കുട്ടികളാണെങ്കിൽ കുഴപ്പമില്ല, എന്നാൽ സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടികളാണെങ്കിൽ, ഈ ആഡംബര ചിലവുകളെല്ലാം താങ്ങേണ്ടത് പാവം മാതാപിതാക്കളാണ്.

ചതിക്കുഴികൾ: ലോൺ ആപ്പുകളും മാറുന്ന ലഹരി ശീലങ്ങളും:

തങ്ങളുടെ വലിയ ആഗ്രഹങ്ങൾക്കനുസരിച്ച് പണം തികയാതെ വരുമ്പോൾ, എളുപ്പവഴികൾ തേടുന്നതാണ് ഇന്നത്തെ യുവത്വം നേരിടുന്ന ഏറ്റവും വലിയ അപകടം. പാൻ കാർഡും ആധാർ കാർഡും മാത്രം ഫോണിലൂടെ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ പണം എത്തിക്കുന്ന നൂറുകണക്കിന് ലോൺ ആപ്പുകൾ ഇന്നുണ്ട്. ഇത് വളരെ വലിയൊരു കെണിയാണ്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്റ്റുകളിലേക്കും ഫോട്ടോ ഗാലറിയിലേക്കും അവർ ആക്സസ് എടുക്കും. ഒരു തവണ വായ്പ തിരിച്ചടവ് മുടങ്ങിയാൽ, ഗാലറിയിൽ നിന്നുള്ള ഫോട്ടോകൾ മോർഫ് ചെയ്ത് മോശമാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തും. വളരെ ചെറിയൊരു തുക വായ്പ എടുത്തതിന്റെ പേരിൽ മാനക്കേട് ഭയന്ന് ജീവനൊടുക്കേണ്ടി വന്ന നിരവധി യുവാക്കളുടെ വാർത്തകൾ നമ്മുടെ കേരളത്തിൽ തന്നെ നാം ദിനവും കാണുന്നുണ്ട്. നിയമവിരുദ്ധമായ ഡിജിറ്റൽ ലെൻഡിങ് ആപ്പുകളെക്കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകേണ്ടത് അനിവാര്യമാണ്.

മറ്റൊരു പ്രധാനപ്പെട്ടതും ഭയപ്പെടുത്തുന്നതുമായ വിഷയം ലഹരിയാണ്. മദ്യപാനത്തിനും മറ്റ് ആധുനിക ലഹരികൾക്കും യുവതലമുറയിൽ ഇന്ന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതൊരു തെറ്റാണെന്ന ബോധം പോലും പലർക്കും ഇന്നില്ല. ആൺപെൺ വ്യത്യാസമില്ലാതെ വീക്കെൻഡ് പാർട്ടികളിലും ഗെറ്റ് ടുഗെതറുകളിലും മദ്യം ഉപയോഗിക്കുന്നതും പുകവലിക്കുന്നതും ഒരു ഫാഷനായി മാറി. ദിവസവും വിലകൂടിയ ഇ-സിഗരറ്റുകൾക്കും (Vapes) കാപ്പിക്ക് വേണ്ടി മാത്രം വലിയൊരു തുക ചിലവാക്കുന്ന വിദ്യാർഥികൾ ഏറെയാണ്.

അപ്പോൾ മാതാപിതാക്കൾ എന്ത് ചെയ്യണം?..... നമുക്ക് ഒരു കൂളായ മെന്റർ ആകാം!:

ഈ പുതിയ തലമുറയെ പഴയ രീതിയിലുള്ള ഉപദേശങ്ങൾ കൊണ്ടോ അടി കൊടുത്തോ പേടിപ്പിച്ചോ നന്നാക്കാൻ കഴിയില്ല. നമ്മൾ അവരോടൊപ്പം അപ്‌ഡേറ്റ് ആകണം. അവരെ എപ്പോഴും സംശയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു 'വാച്ച്മാൻ' ആകുന്നതിനേക്കാൾ, അവർക്ക് ശരിയായ വഴി കാണിക്കുന്ന ഒരു 'മെന്റർ' ആകാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

  1. സാമ്പത്തിക സാക്ഷരത വീട്ടിൽ നിന്ന് തുടങ്ങുക: ഇതൊരു 'മിസ്സിങ്ങ് സിലബസ്' ആണ്. നമ്മുടെ സ്കൂളുകളിലോ കോളേജുകളിലോ പണം എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്ന് അവരെ പഠിപ്പിക്കുന്നില്ല. പണപ്പെരുപ്പത്തെക്കുറിച്ചും (Inflation), വരവും ചെലവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവരോട് വളരെ കാഷ്വലായി സംസാരിക്കുക. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരിൽ നിന്ന് മറച്ചുവെക്കേണ്ടതില്ല. അവർ റിയാലിറ്റി അറിയട്ടെ. പണം മരത്തിൽ കായ്ക്കുന്നതല്ലെന്നും അതിനു പിന്നിൽ അച്ഛന്റെയും അമ്മയുടെയും വിയർപ്പുണ്ടെന്നും അവർ സ്നേഹത്തോടെ തന്നെ മനസ്സിലാക്കണം.

  2. യുപിഐ ട്രാൻസാക്‌ഷനുകൾ ശ്രദ്ധിക്കുക: കുട്ടികൾ എന്തിനാണ് പണം ചിലവാക്കുന്നതെന്ന് ഒരു സിഐഡി കളിക്കാതെ തന്നെ ചോദിച്ചറിയുക. സ്ഥിരമായി 15-20 രൂപ യുപിഐ വഴി ചില കടകളിലേക്ക് പോകുന്നുണ്ടെങ്കിൽ അത് ഒരുപക്ഷേ സിഗരറ്റിനോ മറ്റെന്തെങ്കിലും ലഹരികൾക്കോ ആകാം. രാത്രി വൈകിയുള്ള ഫുഡ് ഓർഡറുകളും ട്രിപ്പുകളും കൃത്യമായി, എന്നാൽ അവരെ ശ്വാസം മുട്ടിക്കാത്ത രീതിയിൽ മോണിറ്റർ ചെയ്യുക.

  3. ഇൻവെസ്റ്റ്മെന്റ് ശീലിപ്പിക്കുക: കോഴ്സ് കഴിഞ്ഞ് ജോലി കിട്ടി ആദ്യത്തെ ശമ്പളം വാങ്ങുമ്പോൾ തന്നെ ഒരു ചെറിയ തുക മ്യൂച്വൽ ഫണ്ടിൽ എസ്ഐപി (SIP) ചെയ്യാൻ അവരെ നിർബന്ധിക്കുകയല്ല, മറിച്ച് പ്രോത്സാഹിപ്പിക്കുക. കൂട്ടുപലിശയുടെ (Power of Compounding) മാന്ത്രികത എന്താണെന്ന് അവർക്ക് യൂട്യൂബ് വീഡിയോകൾ വഴി തന്നെ കാണിച്ചു കൊടുക്കാം. ഭാവിയിലേക്കുള്ള സമ്പാദ്യം ഒരു ബാധ്യതയല്ല, മറിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണെന്ന് അവർ തിരിച്ചറിയണം.

  4. അമിത വിശ്വാസം വേണ്ട: "എന്റെ കുട്ടി അങ്ങനെ ചെയ്യില്ല" എന്ന അന്ധമായ വിശ്വാസം മാറ്റിവെക്കണം. രാത്രി വൈകി പുറത്തുപോകുന്ന കുട്ടികൾ എത്ര മണിക്ക് വരുന്നു, ആരുടെ കൂടെയാണ് പോകുന്നത് എന്ന് അന്വേഷിക്കണം. പെൺകുട്ടികൾ ആയതുകൊണ്ട് ലഹരിയുടെയോ ധൂർത്തിന്റെയോ പ്രശ്നമുണ്ടാകില്ല എന്ന് കരുതുന്നത് വലിയ അബദ്ധമാണ്. സംശയം തോന്നിയാൽ തുറന്ന് സംസാരിക്കുക, ആവശ്യമെങ്കിൽ പ്രൊഫഷണൽ കൗൺസിലിംഗ് തേടുക. അല്ലാതെ അഭിമാനം ഓർത്ത് പ്രശ്നങ്ങൾ മൂടിവെക്കരുത്.

ഹൃദയത്തിൽ തൊടുന്ന ചെറിയ ഒരു ഓർമ്മപ്പെടുത്തൽ:

ഇന്നത്തെ ജെൻ സീ, ആൽഫാ കുട്ടികൾ വളരെ സ്മാർട്ട് ആണ്. ലോകത്തെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമായ ഒരു കാലത്താണ് അവർ ജീവിക്കുന്നത്. മാനസികാരോഗ്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും ജോലിസ്ഥലത്തെ സമാധാനത്തിനും അവർ കൊടുക്കുന്ന വില വളരെ വലുതാണ്. ആ പോസിറ്റീവ് വശങ്ങളെ നമ്മൾ പൂർണ്ണ മനസ്സോടെ അംഗീകരിക്കണം. അവർ പുതിയ ആകാശത്ത് സ്വതന്ത്രരായി പറക്കട്ടെ. പക്ഷേ, ആ പറക്കലിൽ അപ്രതീക്ഷിതമായി വലിയ കാറ്റടിച്ചാൽ അവർ താഴെ വീഴാതിരിക്കാൻ, അവർക്ക് ശക്തമായ വേരുകൾ നമ്മൾ നൽകണം.

സാമ്പത്തിക അച്ചടക്കം, കഠിനാധ്വാനത്തിന്റെ വില, ജീവിതത്തിലെ യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ബോധം എന്നീ വേരുകൾ നമ്മുടേതാണ്. തെന്നിന്ത്യൻ ക്ലാസിക്കുകളായ തിരുക്കുറൾ പോലെയുള്ള കൃതികളിൽ നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞുവെച്ച ജീവിതപാഠങ്ങൾ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിലും പ്രസക്തമാണ്. ആ വേരുകളിൽ നിന്നുകൊണ്ട് പുതിയ കാലത്തിന്റെ അനന്തമായ അവസരങ്ങളിലേക്ക് അവർ കുതിച്ചുയരട്ടെ. കുട്ടികൾക്ക് നൽകുന്ന പോക്കറ്റ് മണിയുടെ കണക്ക് ചോദിക്കുന്നത് അവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല, മറിച്ച് അവർ സാമ്പത്തികമായി സ്വയം പര്യാപ്തരാകുന്നതുവരെ അവരെ സംരക്ഷിക്കാനുള്ള ഒരു വലിയ കരുതലാണ്. ആ കരുതൽ ഓരോ മാതാപിതാക്കളും ഉറപ്പാക്കണം. അപ്പോൾ അവർക്കും അഭിമാനത്തോടെ പറയാൻ കഴിയും, "പണം വരും പോകും, പക്ഷെ ഞങ്ങൾ സമ്പാദിച്ച അനുഭവങ്ങളും സാമ്പത്തിക ഭദ്രതയും എക്കാലത്തും ഞങ്ങളുടെ കൂടെയുണ്ടാകും" എന്ന്. പുതിയ കാലത്തെ കുട്ടികളെ ചേർത്തുപിടിക്കാം, കാരണം അവരാണ് നാളെയുടെ ലോകം. നേർവഴി കാട്ടിക്കൊടുക്കാം, നമ്മുടെ വേരുകളിൽ നിന്ന്.

 

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query