കാലത്തിന്റെ മാറ്റങ്ങളും കാവലാളാകേണ്ട വഴികാട്ടികളും: ഒരു തുറന്നുപറച്ചിൽ
ഇതൊരു തുറന്നു പറച്ചിലാണ്; ഒരുപക്ഷേ, കാലം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും അനിവാര്യമായ ഒരു ഓർമ്മപ്പെടുത്തൽ. നമ്മൾ ഇന്ന് നിൽക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു മാറ്റത്തിന്റെ വക്കിലാണ്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിലും കരിയർ മാർഗനിർദ്ദേശ രംഗത്തും ഉണ്ടായിരുന്ന പരമ്പരാഗത രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ, നിർമിതബുദ്ധിയുടെ (Artificial Intelligence) അതിവേഗ കാലത്തിലൂടെയാണ് നമ്മുടെയും കാലത്തിന്റെയും പോക്ക്. ഇന്നലെകളിൽ നമ്മൾ അദ്‌ഭുതത്തോടെ നോക്കിക്കണ്ട പലതും ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിവരങ്ങൾ വിശകലനം ചെയ്യാനും, പുതിയ ആശയങ്ങൾ രൂപപ്പെടുത്താനും, പാഠ്യപദ്ധതികൾ തയ്യാറാക്കാനും ഇന്ന് ജനറേറ്റീവ് എ.ഐയ്ക്ക് (Generative AI) നിമിഷങ്ങൾ മതി. എന്നാൽ, ഈ സാങ്കേതികവിദ്യകൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഇനി അതുക്കും മീതെയുള്ള അതിനൂതന സാങ്കേതികവിദ്യകളും വെർച്വൽ ലോകങ്ങളും കടന്നുവരുന്നുണ്ട്. ആ പുതിയ കാലത്തിലൂടെയാവും നമ്മുടെ ഇനിയുള്ള പോക്ക്.
ഈ മാറ്റങ്ങളെല്ലാം നമ്മൾ മുതിർന്നവർ പലപ്പോഴും ആശങ്കയോടെയോ അല്ലെങ്കിൽ അത്ഭുതത്തോടെയോ ആവും നോക്കിക്കാണുന്നത്. എന്നാൽ, ഈ വലിയ മാറ്റങ്ങൾക്കും വിവരസ്ഫോടനങ്ങൾക്കുമിടയിലൂടെ, ഈ പോക്കുകൾ കണ്ടും ആസ്വദിച്ചും എന്നാൽ ഉള്ളിലൊതുക്കിയ വലിയ ആശങ്കകളോടെയും ഒരു പുതിയ തലമുറ നമ്മുടെ മുന്നിലൂടെ കടന്നുവരുന്നുണ്ട്.
സ്ക്രീനുകൾക്ക് പിന്നിലെ പച്ചയായ മനുഷ്യർ:
നമ്മൾ അവരെ പല പേരുകൾ വിളിക്കുന്നു—ന്യൂ ജെൻ (New Gen), ജെൻ സി (Gen Z), ജെൻ ആൽഫ (Gen Alpha). അവർ ജനിച്ചുവീണതുതന്നെ സ്ക്രീനുകളിലേക്കും ഇന്റർനെറ്റിന്റെ അതിവേഗത്തിലേക്കുമാണ്. അതുകൊണ്ടുതന്നെ, മുൻതലമുറകൾക്ക് അവരെ മനസ്സിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. അവർക്ക് ശ്രദ്ധയില്ലെന്നും, എപ്പോഴും ഫോണിലാണെന്നും, ഗൗരവമില്ലെന്നും നമ്മൾ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. പക്ഷേ, യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ പേരുകൾക്കൊക്കെ അപ്പുറം അവരും നമ്മളെപ്പോലെ മനുഷ്യപ്പറ്റുള്ള പച്ചയായ മനുഷ്യരാണ്. അവർക്കും വലിയ പ്രതീക്ഷകളുണ്ട്, സ്വപ്നങ്ങളുണ്ട്, അതിലേറെ വലിയ ഭയങ്ങളുമുണ്ട്.
മുൻപ് ഒരു വിദ്യാർത്ഥിക്ക് കരിയറിനെക്കുറിച്ച് അറിയണമെങ്കിൽ ഒരുപാട് പുസ്തകങ്ങൾ വായിക്കണം, അല്ലെങ്കിൽ വിവരമുള്ള ആരോടെങ്കിലും ചോദിക്കണം. ഇന്ന് അതല്ല അവസ്ഥ. അവർക്ക് വിരൽത്തുമ്പിൽ ലോകത്തെ മുഴുവൻ അറിവുകളും കിട്ടും. ആഗോള സർവ്വകലാശാലകളുടെ അഡ്മിഷൻ വിവരങ്ങൾ, ഏറ്റവും പുതിയ എൻട്രൻസ് പരീക്ഷാ രീതികൾ, സീറ്റ് മെട്രിക്സുകൾ, സി.എസ്.എ.ബി (CSAB), ഡാസ (DASA), കീം (KEAM) തുടങ്ങിയ സങ്കീർണ്ണമായ അലോട്ട്മെന്റ് പ്രക്രിയകൾ എന്നിവയെല്ലാം അവർക്ക് സ്വയം ഇന്റർനെറ്റിൽ നിന്ന് കണ്ടെത്താനാകും. പരമ്പരാഗത ബിരുദങ്ങൾക്ക് പകരം മൈക്രോ-ക്രെഡൻഷ്യലുകൾക്കും (Micro-credentials), നൈപുണ്യങ്ങൾക്കും (Skills) പ്രാധാന്യം നൽകുന്ന പുത്തൻ തൊഴിൽ സംസ്കാരത്തെക്കുറിച്ചും, പോർട്ട്ഫോളിയോ കരിയറുകളെക്കുറിച്ചും (Portfolio Careers), ഗിഗ് എക്കണോമിയെക്കുറിച്ചും അവർ നമ്മളേക്കാൾ ബോധവാന്മാരാണ്. അറിവിന്റെ കാര്യത്തിൽ അവർ ബഹുദൂരം മുന്നിലാണ്.
എന്നിട്ടും അവർ എവിടെയോ പതറുന്നുണ്ട്. അവിടെയാണ് നമ്മൾ അധ്യാപകരുടെയും മെന്റർമാരുടെയും യഥാർത്ഥ റോൾ തുടങ്ങുന്നത്.
വിവരങ്ങളുടെ പെരുമഴയും കേൾക്കാൻ ആളില്ലാത്ത അവസ്ഥയും:
വിവരങ്ങൾ എത്രത്തോളം ലഭ്യമാണോ, അത്രത്തോളം വലിയ ആശയക്കുഴപ്പവും ഇന്നത്തെ കുട്ടികൾ അനുഭവിക്കുന്നുണ്ട്. അവർക്ക് വിവരങ്ങൾക്ക് പഞ്ഞമില്ല, മറിച്ച് അവർക്കില്ലാതെ പോകുന്നത് അവരെ കേൾക്കാനൊരു ആളില്ലാത്തതാണ്.
അവരുടെ ആശങ്കകൾ വളരെ വലുതാണ്:
- ഞാൻ പഠിക്കുന്ന ഈ കോഴ്സ് നാളെ എ.ഐ വന്നാൽ ഇല്ലാതാകുമോ?
- എനിക്ക് ഒരുപാട് താല്പര്യങ്ങളുണ്ട്, ഇതിൽ ഏതാണ് എന്റെ ശരിയായ വഴി എന്ന് എനിക്കെങ്ങനെ തിരിച്ചറിയാം?
- മാർക്കിനേക്കാൾ ഉപരി എന്റെ യഥാർത്ഥ കഴിവുകളെ മനസ്സിലാക്കുന്ന ഒരാൾ എവിടെയാണുള്ളത്?
ഈ ചോദ്യങ്ങൾ ഗൂഗിളിലോ എ.ഐ ടൂളുകളിലോ ടൈപ്പ് ചെയ്താൽ കിട്ടുന്ന ഉത്തരങ്ങൾ സാങ്കേതികമായി ശരിയായിരിക്കാം. പക്ഷേ, അതിൽ ഒരു മനുഷ്യന്റെ സ്പർശമില്ല. ഒരു കമ്പ്യൂട്ടർ സ്ക്രീനിന് ഒരു കുട്ടിയുടെ കണ്ണുകളിലെ ആശയക്കുഴപ്പമോ സങ്കടമോ വായിച്ചെടുക്കാൻ കഴിയില്ല. അവരുടെ തോളിൽ കൈവെച്ച്, "വിഷമിക്കേണ്ട, നമുക്കിത് ഒരുമിച്ച് പരിഹരിക്കാം" എന്ന് പറയാൻ ഒരു അൽഗോരിതത്തിനും സാധിക്കില്ല. അവർക്ക് താങ്ങായി നിൽക്കാൻ ആളില്ലാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി.
ഒരു യന്ത്രത്തിനും പകർത്തിവെയ്ക്കാൻ കഴിയാത്ത ഒന്നേയുള്ളൂ—മനുഷ്യത്വം (Empathy). ഒരു കുട്ടി തന്റെ സ്വപ്നങ്ങളും സങ്കടങ്ങളും തുറന്നുപറയുമ്പോൾ, അതിനെ മുൻവിധികൾ ഇല്ലാതെ കേൾക്കാൻ കഴിയുക എന്നത് ഇന്നത്തെ കാലത്ത് ഒരു വലിയ കലയാണ്. നമ്മൾ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ അവർ പറയുന്നത് കേൾക്കാൻ നമ്മൾ തയ്യാറാകണം.
ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ശൂന്യതയും ആത്മഹത്യകളും:
പുതിയ കാലത്തിന്റെ സാങ്കേതിക തിളക്കങ്ങളെക്കുറിച്ച് നമ്മൾ വാചാലരാകുമ്പോൾ തന്നെ, അതിനുമപ്പുറമുള്ള ചില പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് നമ്മൾ കണ്ണുതുറക്കേണ്ടതുണ്ട്. സ്ക്രീനുകളിലെ വർണ്ണക്കാഴ്ചകൾക്കപ്പുറം, നമ്മുടെ കുട്ടികൾ സഞ്ചരിക്കുന്ന വഴികളിൽ വലിയ ഇരുട്ടും പതിയിരിപ്പുണ്ട്. പതിറ്റാണ്ടുകളായി കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവിതങ്ങളിലൂടെ കടന്നുപോയവർക്ക് വളരെ വ്യക്തമായി അറിയാവുന്ന ഒരു കാര്യമുണ്ട്: അഡ്മിഷനുകളോ എൻട്രൻസ് റാങ്കുകളോ അല്ല ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. മറിച്ച്, നമ്മുടെ കൺമുന്നിൽ ചിരിച്ചുനിൽക്കുന്ന ഈ കുട്ടികളുടെ ഉള്ളിലെ ശൂന്യതയാണ്.
ഈ കുട്ടികൾ പുറമെ വലിയ സ്മാർട്ടാണ്. എന്നാൽ അവരുടെ ഉള്ളിലേക്ക് ഒന്ന് ഇറങ്ങിച്ചെന്നാൽ വലിയൊരുകൂട്ടം കുട്ടികൾ കൊടിയ ഏകാന്തതയും വിഷാദവും അനുഭവിക്കുന്നവരാണെന്ന് കാണാം. ആത്മഹത്യാ പ്രവണതകൾ ഈ തലമുറയിൽ മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചുവരികയാണ്.
- പരാജയങ്ങളോടുള്ള ഭയം: മുമ്പൊക്കെ പരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് തോൽക്കാൻ വലിയ ഭയമാണ്. മാർക്ക് കുറഞ്ഞാൽ, അല്ലെങ്കിൽ ആഗ്രഹിച്ച കോഴ്സ് കിട്ടിയില്ലെങ്കിൽ ജീവിതം അവസാനിച്ചു എന്ന് ചിന്തിക്കുന്നവരാണ് പലരും.
- വെർച്വൽ ലോകത്തെ ഒറ്റപ്പെടൽ: ആയിരക്കണക്കിന് ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉണ്ടാകാം, പക്ഷേ സങ്കടം വരുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ഒരു യഥാർത്ഥ സുഹൃത്ത് അവർക്കില്ല.
- കേൾക്കാൻ ആളില്ലാത്ത വീടുകൾ: സ്വന്തം വീട്ടിൽപ്പോലും കുട്ടികളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് പലപ്പോഴും കഴിയാതെ വരുന്നു. പഠനഭാരവും പ്രതീക്ഷകളും മാത്രമാണ് അവർ കുട്ടികൾക്ക് നൽകുന്നത്.
- ഇവിടെയാണ് ഒരു കരിയർ ഗൈഡിന്റെ റോൾ മാറുന്നത്. നമ്മൾ അവർക്ക് മുന്നിൽ വെക്കേണ്ടത് കോഴ്സുകളുടെ ലിസ്റ്റ് മാത്രമല്ല, പരാജയപ്പെട്ടാലും ജീവിതം അവസാനിക്കുന്നില്ല എന്ന വലിയ പാഠം കൂടിയാണ്. "നിനക്ക് ഈ കോഴ്സ് കിട്ടിയില്ലെങ്കിലും, നിന്റെ മറ്റ് നൈപുണ്യങ്ങൾ (skills) വെച്ച് നിനക്ക് മുന്നേറാൻ വേറെയും നൂറു വഴികളുണ്ട്, അതിന് ഞാൻ കൂടെയുണ്ട്" എന്ന ഒറ്റ വാചകം മതിയാകും ഒരുപക്ഷേ ഒരു ജീവൻ രക്ഷിക്കാൻ.
വട്ടംചുറ്റുന്ന കഴുകൻ കണ്ണുകൾ: ലഹരിയും കുറ്റകൃത്യങ്ങളും:
നമ്മുടെ കുട്ടികളുടെ ഈ വൈകാരികമായ ഒറ്റപ്പെടലിനെയും ആശയക്കുഴപ്പങ്ങളെയും മുതലെടുക്കാൻ വലിയൊരു മാഫിയ തന്നെ അവർക്ക് ചുറ്റും വട്ടംചുറ്റുന്നുണ്ട്. ഇത് വളരെ ഗൗരവമായി കാണേണ്ട ഒരു വിഷയമാണ്. ഇതിൽ നിന്നൊക്കെ തലമുറയെ രക്ഷിക്കാൻ കരിയർ ഗൈഡുമാർ ബാധ്യസ്ഥരാണ്.
- ലഹരിയുടെ വലകൾ: മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് 'രക്ഷപ്പെടാനുള്ള' എളുപ്പവഴിയായാണ് പലരും ലഹരിയെ കാണുന്നത്. സ്കൂൾ-കോളേജ് പരിസരങ്ങളിലും വെർച്വൽ ലോകത്തും മയക്കുമരുന്ന് മാഫിയകൾ സജീവമാണ്. അവർ ലക്ഷ്യം വെക്കുന്നത് മാനസികമായി തളർന്നുനിൽക്കുന്ന, കേൾക്കാൻ ആളില്ലാത്ത കുട്ടികളെയാണ്.
- എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള ഭ്രമം (Quick Money): കഠിനാധ്വാനം ചെയ്യാതെ വളരെ വേഗം പണക്കാരാകണം എന്നൊരു ചിന്ത ഇന്നത്തെ പല ചെറുപ്പക്കാരിലുമുണ്ട്. പരമ്പരാഗതമായ തൊഴിൽ സ്ഥിരതയേക്കാൾ പെട്ടെന്നുള്ള ലാഭത്തിലേക്ക് അവർ ആകർഷിക്കപ്പെടുന്നു. ഇത് അവരെ ഓൺലൈൻ തട്ടിപ്പുകളിലേക്കും, കൊള്ളയിലേക്കും, എന്തിന് കൊലപാതകങ്ങളിലേക്കും വരെ നയിക്കുന്നു.
- തെറ്റായ ഹീറോയിസം: സിനിമകളിലും വെബ് സീരീസുകളിലും കാണുന്ന ഡാർക്ക് ഹീറോകളെ അനുകരിക്കാനും, നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് ഒരുതരം 'ഹീറോയിസം' ആണെന്ന് വിശ്വസിക്കാനും ഈ തലമുറയിൽ പലർക്കും പ്രവണതയുണ്ട്.
ഈ അപകടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ പോലീസിനോ നിയമത്തിനോ മാത്രം കഴിയില്ല. അവിടെയാണ് യഥാർത്ഥത്തിൽ അവരെ സ്നേഹിക്കുന്ന മെന്റർമാരുടെ ആവശ്യം വരുന്നത്.
കച്ചവട താല്പര്യങ്ങളില്ലാത്ത യഥാർത്ഥ വഴികാട്ടികൾ:
വിദ്യാഭ്യാസം ഇന്ന് വലിയൊരു വ്യവസായമായി മാറിയിരിക്കുന്നു. റാങ്കിങ്ങുകളുടെയും കമ്മീഷനുകളുടെയും അടിസ്ഥാനത്തിൽ കുട്ടികളെ പല കോഴ്സുകളിലേക്കും തള്ളിവിടുന്ന ഏജൻസികൾ നിരവധിയുണ്ട്. ഈ വാണിജ്യവൽക്കരണത്തിനിടയിൽ കുട്ടികളുടെ യഥാർത്ഥ അഭിരുചിയോ കഴിവാ നഷ്ടപ്പെട്ടുപോകുന്നു. അവരെ കേൾക്കാനും അവർക്ക് താങ്ങാകാനും സാധ്യമാവുന്നത് മനുഷ്യത്വത്തെ മരവിച്ചിട്ടില്ലാത്ത, കച്ചവട താല്പര്യങ്ങളില്ലാത്ത, അറിവുള്ള കരിയർ ഗൈഡുമാർക്ക് മാത്രമാണ്.
അക്കാദമിക്കുകൾക്കപ്പുറമുള്ള കാവൽക്കാരായി നമ്മൾ മാറേണ്ടത് എങ്ങനെയാണ്?:
1. സേവനമനസ്കത: കരിയർ ഗൈഡൻസ് എന്നത് ഒരു കച്ചവടമല്ല, അതൊരു സാമൂഹിക സേവനമാണ്. പണത്തിനോ ലാഭത്തിനോ അപ്പുറം, ഒരു തലമുറയെ ശരിയായ വഴിയിലൂടെ നടത്തുക എന്ന വലിയ ഉത്തരവാദിത്തം. സാമ്പത്തിക നില നോക്കാതെ ഏതു കുട്ടിക്കും സമീപിക്കാൻ കഴിയുന്ന, യാതൊരു ഫീസും ഈടാക്കാത്ത ഒരു ഇടമായി നമ്മുടെ ഗൈഡൻസ് മാറണം.
2. തുടർച്ചയായ പഠനം (Unlearning and Relearning): വർഷങ്ങൾക്ക് മുൻപുള്ള നമ്മുടെ അനുഭവങ്ങൾ വെച്ച് ഇന്നത്തെ കുട്ടികളെ ഉപദേശിക്കാൻ കഴിയില്ല. നമ്മൾ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം. നൈപുണ്യാധിഷ്ഠിത നിയമനങ്ങളെക്കുറിച്ചും (Skill-based hiring), പുതിയ തലമുറയുടെ ഡിജിറ്റൽ സ്വഭാവങ്ങളെക്കുറിച്ചും നമ്മൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കണം.
3. മുന്നറിയിപ്പുകൾ തിരിച്ചറിയുക: ഒരു കുട്ടി പെട്ടെന്ന് സൈലന്റ് ആകുമ്പോൾ, അല്ലെങ്കിൽ അവനിൽ അസാധാരണമായ മാറ്റങ്ങൾ കാണുമ്പോൾ അത് തിരിച്ചറിയാൻ ഒരു യഥാർത്ഥ മെന്റർക്ക് കഴിയണം. "നിനക്കെന്ത് പറ്റി?" എന്ന് കരുതലോടെ ചോദിക്കാൻ നമുക്ക് കഴിയണം.
4. ജീവിത നൈപുണ്യങ്ങൾ (Life Skills) പഠിപ്പിക്കുക: എ.ഐ ടൂളുകൾ ഉപയോഗിക്കാനും പരീക്ഷകൾ എഴുതാനും അവർക്കറിയാം. പക്ഷേ നമ്മൾ അവരെ പഠിപ്പിക്കേണ്ടത് തോൽവികളെ എങ്ങനെ നേരിടണം, നോ (NO) പറയേണ്ടിടത്ത് എങ്ങനെ നോ പറയണം, മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കണം എന്നൊക്കെയാണ്. പച്ചയായ യാഥാർത്ഥ്യങ്ങൾ അവർക്ക് കാണിച്ച് കൊടുക്കണം. കുറുക്കുവഴികളിലൂടെ നേടുന്ന പണവും പ്രശസ്തിയും എത്ര വേഗമാണ് ഇല്ലാതാകുന്നതെന്നും, ലഹരി എങ്ങനെയാണ് ഒരു ജീവിതം ഇല്ലാതാക്കുന്നതെന്നും അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംവദിക്കണം.
ഒരു കണ്ണ് എപ്പോഴും അവരുടെ നേർക്കുണ്ടാവണം:
നമ്മൾ യന്ത്രങ്ങളോട് മത്സരിക്കാൻ നിൽക്കേണ്ടതില്ല. നിർമിതബുദ്ധി ഡാറ്റകൾ നൽകും, പക്ഷേ സ്നേഹം നൽകാൻ അതിന് കഴിയില്ല. നമ്മൾ കൂടുതൽ നല്ല മനുഷ്യരായാൽ മാത്രം മതി. നമ്മുടെ ജോലി അവർക്ക് ഒരു കോളേജിൽ അഡ്മിഷൻ കിട്ടുന്നതോടെ അവസാനിക്കുന്നില്ല. ജീവിതയാത്രയിൽ ഒരു കണ്ണ് ഇപ്പോഴും അവരുടെ നേർക്കുണ്ടാവണം.
അവർ എവിടെയാണ്? അവരുടെ പുതിയ കൂട്ടുകെട്ടുകൾ എങ്ങനെയുള്ളതാണ്? അവർ സന്തോഷത്തിലാണോ? ഇടയ്ക്കെങ്കിലും അവരെ ഒന്ന് വിളിച്ച് സംസാരിക്കുക. അവർക്ക് എന്ത് പ്രതിസന്ധി വന്നാലും വിളിക്കാൻ കഴിയുന്ന ഒരു നമ്പർ നമ്മുടേതായിരിക്കണം. എന്തൊക്കെ സംഭവിച്ചാലും എന്നെ കേൾക്കാനും എന്നെ മനസ്സിലാക്കാനും എന്റെ ഗൈഡ് അവിടെയുണ്ട്" എന്ന തോന്നൽ അവർക്കുണ്ടാകണം. ആ ഒരു വിശ്വാസം മതി, അവരെ പല തെറ്റായ വഴികളിൽ നിന്നും പിന്തിരിപ്പിക്കാൻ.
നാളെ അവർ വലിയ നിലകളിൽ എത്തുമ്പോൾ, അവർ ഗൂഗിൾ ചെയ്ത അറിവുകളോ എ.ഐ നൽകിയ ഉത്തരങ്ങളോ ആയിരിക്കില്ല ഓർക്കുക. അവരുടെ ഏറ്റവും വലിയ സങ്കടങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും സമയത്ത്, യാതൊരു വാണിജ്യ താല്പര്യവുമില്ലാതെ, പുഞ്ചിരിയോടെ അവരെ കേൾക്കാൻ തയ്യാറായ നിങ്ങളെയാവും. നിങ്ങളുടെ വാക്കുകൾ അവരുടെ ജീവിതത്തിൽ ഒരു വിളക്കുമാടമായി എക്കാലവും നിലനിൽക്കും.
നമുക്ക് അവർക്കൊരു താങ്ങാകാം. പച്ചയായ മനുഷ്യരുടെ ഇടയിൽ, മനുഷ്യത്വം മരവിക്കാത്ത, സ്നേഹമുള്ള, അറിവുള്ള വഴികാട്ടികളായി, ഈ പുതിയ കാലത്തിലൂടെ അവരെ നമുക്ക് കൈപിടിച്ചു നടത്താം. നമ്മൾ രക്ഷിക്കുന്നത് ഒരു കരിയർ മാത്രമല്ല, ഒരു ജീവനാണ്, ഒരു വലിയ തലമുറയെയാണ്.
Article By: Mujeebulla K.M
CIGI Career Team