×
22 July 2026
0

എട്ടാം ക്ലാസിലേ പാലായിലേക്ക് വണ്ടി കയറും മുൻപ്; ലക്ഷങ്ങളുടെ ഈ മുതൽമുടക്ക് തിരിച്ചുകിട്ടുമോ?

കുട്ടി പത്താം ക്ലാസ് ജയിക്കാൻ പോലും കാത്തുനിൽക്കാൻ ഇന്നത്തെ പല മാതാപിതാക്കൾക്കും ക്ഷമയില്ല. എട്ടാം ക്ലാസിലെ വേനലവധി തുടങ്ങുമ്പോഴേക്കും കുട്ടിയുടെ കൈയിൽ പെട്ടിയും കൊടുത്ത് പായയും തൂക്കി പാലായിലെയും കോട്ടയത്തെയും ഹോസ്റ്റലുകളിലേക്ക് വണ്ടി കയറുന്നതാണ് കേരളത്തിലെ സമകാലീന കാഴ്ച. 'ഫൗണ്ടേഷൻ കോച്ചിംഗ്' എന്ന ആകർഷകമായ പേരിൽ, സ്കൂൾ പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനവും എട്ടാം ക്ലാസ് മുതൽ തന്നെ ആരംഭിക്കുകയാണ്.

പലപ്പോഴും മക്കളുടെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും വിരുദ്ധമായി കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കാനുള്ള സ്വന്തം സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ ഏത് അറ്റം വരെയും പോകാൻ മലയാളി രക്ഷിതാക്കൾ തയ്യാറാണ്. എന്നാൽ ആ യാത്ര തുടങ്ങും മുൻപ് മാതാപിതാക്കൾ സ്വയം ചോദിക്കേണ്ട ഒരു കടുപ്പമേറിയ ചോദ്യമുണ്ട്.

ലക്ഷങ്ങൾ മുടക്കി നടത്തുന്ന ഈ 'എൻട്രൻസ് നിക്ഷേപം' യഥാർത്ഥത്തിൽ തിരിച്ചുകിട്ടുമോ?:

വിദ്യാഭ്യാസച്ചെലവ് ഓരോ വർഷവും 10 മുതൽ 12 ശതമാനം വരെ ഉയർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, സ്കൂൾ കാലം മുതലേ തുടങ്ങുന്ന ഈ ഭീമമായ ചെലവുകൾ നേരിടാൻ കൃത്യമായ സാമ്പത്തിക ആസൂത്രണം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ, മക്കളുടെ കോളേജ് പഠനച്ചെലവും നിങ്ങളുടെ സമ്പാദ്യവും ഒരുപോലെ അപകടത്തിലാകും.

മുടക്കിന് ലഭിക്കുന്ന തിരിച്ചുവരവ് (RoI) എത്രത്തോളം?:

സാമ്പത്തിക രംഗത്ത് ഏതൊരു നിക്ഷേപവും നടത്തുമ്പോഴും RoI (Return on Investment) കണക്കാക്കാറുണ്ട്.

RoI എന്നത്, മുടക്കിയ മുതൽമുടക്കിന് ആനുപാതികമായി എത്രത്തോളം തിരിച്ചുവരവ് ലഭിക്കുന്നു എന്നതിന്റെ അളവുകോലാണ്.

എന്നാൽ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പലപ്പോഴും യുക്തിയെക്കാൾ വികാരങ്ങൾക്കാണ് നാം മുൻഗണന നൽകുന്നത്.

ഭീമമായ മുൻകൂർ നിക്ഷേപം:

എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ഫൗണ്ടേഷൻ/ഇന്റഗ്രേറ്റഡ് കോച്ചിംഗ്, ഹോസ്റ്റൽ, സ്കൂൾ ഫീസ് എന്നിവയ്ക്കായി മാത്രം ഒരു കുട്ടിക്ക് ₹7 ലക്ഷം മുതൽ ₹15 ലക്ഷം വരെ ചെലവാകുന്നത് ഇന്ന് സാധാരണമാണ്.

തുടർന്ന് കോളേജ് പഠനച്ചെലവും കൂടി ചേർന്നാൽ ആകെ മുടക്ക് ₹20–25 ലക്ഷം എളുപ്പത്തിൽ കടക്കും. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നവർക്ക് ട്യൂഷൻ ഫീസ് അടക്കം ₹60 ലക്ഷം കവിയും.

തൊഴിൽ വിപണിയിലെ ഇന്നത്തെ ചിത്രം:

ഐ.ഐ.ടി., എയിംസ് പോലുള്ള മുൻനിര സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരെ മാറ്റിനിർത്തിയാൽ, സാധാരണ സ്വകാര്യ/സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന പലർക്കും ലഭിക്കുന്ന തുടക്ക ശമ്പളം പലപ്പോഴും പ്രതിമാസം ₹15,000 മുതൽ ₹30,000 വരെ മാത്രമാണ്.

അതുകൊണ്ട് തന്നെ, കോച്ചിംഗിനും കോളേജ് പഠനത്തിനുമായി ചെലവഴിച്ച ലക്ഷങ്ങൾ തിരിച്ചുപിടിക്കാൻ വർഷങ്ങളെടുക്കും.

വിദ്യാഭ്യാസത്തെ എതിർക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുമ്പോൾ വികാരത്തോടൊപ്പം യാഥാർഥ്യബോധവും കൃത്യമായ സാമ്പത്തിക ആസൂത്രണവും വേണമെന്ന കാര്യം ഓർമ്മിപ്പിക്കുകയാണ്.

മെഡിക്കൽ സ്വപ്നവും – യാഥാർത്ഥ്യവും:

കേരളത്തിൽ ഇന്ന് ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികൾ NEET ന് അപേക്ഷിക്കുമ്പോൾ മെറിറ്റ് MBBS സീറ്റുകളുടെ എണ്ണം 1800 നടുത്ത് മാത്രമാണ്.

അതിനാൽ വിജയസാധ്യത പരിമിതമായ ഒരു കടുത്ത മത്സരത്തിനായി വർഷങ്ങളോളം ലക്ഷങ്ങൾ ചെലവഴിക്കുന്നതിന് മുമ്പ്, കുടുംബത്തിന്റെ സാമ്പത്തിക ശേഷിയും ഈ നിക്ഷേപത്തിന്റെ യുക്തിയും ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.

സ്വാശ്രയ മെഡിക്കൽ കോളേജിൽ പഠിച്ചാൽ MBBS പൂർത്തിയാകുമ്പോഴേക്കും ട്യൂഷൻ ഫീസിനത്തിൽ മാത്രം ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാകും. തുടർന്ന് NEET-PG, MD/MS, പിന്നെ Super Speciality - ഇങ്ങനെ വർഷങ്ങളോളം പഠനവും മത്സരവും തുടരും. അത് കഴിഞ്ഞുള്ള work life balance ആരും ആലോചിക്കാറില്ല.

ഇതുകൊണ്ട് MBBS പഠിക്കരുത് എന്നല്ല. യഥാർത്ഥ താൽപര്യവും കഴിവും സാമ്പത്തിക തയ്യാറെടുപ്പും ഉള്ളവർക്ക് അത് ഇന്നും മികച്ച കരിയറാണ്. എന്നാൽ എല്ലാവർക്കും വിജയത്തിലേക്കുള്ള ഒരേയൊരു വഴി MBBS മാത്രമാണെന്ന ധാരണ പുനഃപരിശോധിക്കപ്പെടണം.

Plan B എവിടെ?:

MBBS മാത്രം ലക്ഷ്യമാക്കി, മറ്റ് സാധ്യതകളെക്കുറിച്ച് ആലോചിക്കാതെ വർഷങ്ങളോളം മുന്നോട്ടുപോകുന്ന വിദ്യാർത്ഥികളും കുടുംബങ്ങളും ഇന്നും നിരവധിയാണ്.

മൂന്ന് തവണ NEET എഴുതി ഒടുവിൽ "ഇനി എന്ത്?" എന്ന ചോദ്യവുമായി മുന്നിൽ വന്ന നിരവധി വിദ്യാർത്ഥികളെ നേരിൽ കണ്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്.

ഇന്ന് ഡോക്ടറെപ്പോലെ സ്വന്തമായി ക്ലിനിക് ഇട്ടു പ്രാക്ടീസ് ചെയ്യാവുന്ന ഇന്ത്യയിലും വിദേശത്തും ഒരു പോലെ ഡിമാൻഡ് ഉള്ള Health care Professions, Data Science, Fintech, Design, Law തുടങ്ങി മികച്ച ഭാവിയുള്ള നിരവധി കരിയർ മേഖലകൾ നിലവിലുണ്ട്.

ഒരു പരീക്ഷയിൽ ജീവിതം മുഴുവൻ പണയം വെക്കേണ്ട കാലമല്ല ഇത്.

അഭിരുചിയും താൽപര്യവും കഴിവും വ്യക്തിത്വവും ഓരോരുത്തർക്കും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഒരേ കോച്ചിംഗും ഒരേ കരിയർ ലക്ഷ്യവും യോജിക്കണമെന്നില്ല. ശരിയായ കരിയർ തിരഞ്ഞെടുപ്പ് പലപ്പോഴും പ്രവേശനപരീക്ഷയിലെ റാങ്കിനേക്കാൾ പ്രധാനപ്പെട്ടതാണ്

സ്കൂൾ ഫീസിന് പുറമെ ലക്ഷങ്ങളുടെ കോച്ചിംഗ് ഭാരം:

സ്കൂൾ ഫീസ്, കോച്ചിംഗ് ഫീസ്, ഹോസ്റ്റൽ ചെലവ്, യാത്ര, പഠനസാമഗ്രികൾ എന്നിവയെല്ലാം കൂട്ടുമ്പോൾ യഥാർത്ഥ കോളേജ് പഠനം തുടങ്ങും മുൻപേ തന്നെ കുടുംബത്തിന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവാകുന്നു.

ഇതിനായി ആയുഷ്കാല സമ്പാദ്യവും പെൻഷൻ ഫണ്ടും ഉപയോഗിക്കുകയോ കടം വാങ്ങുകയോ ചെയ്യുന്ന കുടുംബങ്ങളും കുറവല്ല.

"എല്ലാവരും പോകുന്നു... നമ്മളും പോകണം" എന്ന കൂട്ടമനഃശാസ്ത്രം:

"എല്ലാവരും എട്ടാം ക്ലാസ് മുതൽ കോച്ചിംഗിന് പോകുന്നു; നമ്മുടെ കുട്ടിയും പോയില്ലെങ്കിൽ...." എന്ന ഭയമാണ് പല തീരുമാനങ്ങൾക്കും പിന്നിൽ.

കോച്ചിംഗ് സ്ഥാപനങ്ങൾ വിജയിച്ച കുറച്ച് വിദ്യാർത്ഥികളെ മാത്രം പരസ്യങ്ങളിൽ ഉയർത്തിക്കാട്ടും. എന്നാൽ ലക്ഷ്യം നേടാതെ മടങ്ങിയെത്തിയ ആയിരക്കണക്കിന് കുട്ടികളുടെ കഥകൾ പൊതുസമൂഹം കാണാറില്ല.

കളിച്ചും വളർന്നും പഠിക്കേണ്ട പ്രായത്തിൽ, കുട്ടിയുടെ താൽപര്യവും കഴിവും മാനസിക സമ്മർദ്ദം താങ്ങാനുള്ള ശേഷിയും വിലയിരുത്താതെ കോച്ചിംഗിലേക്ക് തള്ളിവിടുന്നത് പിന്നീട് മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ രൂക്ഷമാക്കും.

മാതാപിതാക്കളുടെയും വിദഗ്ധരുടെയും അനുഭവങ്ങൾ:

നാല് മക്കളുള്ള ഒരു പിതാവ് പറയുന്നത്:

"കുടുംബ വരുമാനം കൂടുന്നതിനേക്കാൾ അഞ്ചിരട്ടി വേഗത്തിലാണ് സ്കൂൾ കാലം മുതലുള്ള വിദ്യാഭ്യാസച്ചെലവുകൾ കുതിച്ചുയരുന്നത്."

ഒരു അധ്യാപകന്റെ നിരീക്ഷണം:

എട്ടാം ക്ലാസ് മുതൽ എൻട്രൻസ് കോച്ചിംഗിന് പോയില്ലെങ്കിൽ മറ്റുള്ളവരേക്കാൾ പിന്നിലാകുമെന്ന അപകർഷതാബോധം കുട്ടികളിലും രക്ഷിതാക്കളിലും വളർത്തപ്പെടുകയാണ്."

ഒരു കരിയർ വിദഗ്ധയുടെ വാക്കുകൾ ഇങ്ങനെ:

"മക്കളുടെ സ്കൂൾ കാലത്തെ കോച്ചിംഗിനായി പോലും മാതാപിതാക്കൾ വീടും സ്ഥലവും വരെ പണയം വെക്കാൻ മടിക്കുന്നില്ല എന്നതാണ് ഇന്നത്തെ ദാരുണ യാഥാർഥ്യം."

കൃത്യമായ സാമ്പത്തിക ആസൂത്രണം അനിവാര്യം:

വിദഗ്ധരുടെ അഭിപ്രായത്തിൽ മക്കളുടെ വിദ്യാഭ്യാസത്തിനായി രണ്ട് തരത്തിലുള്ള സാമ്പത്തിക ആസൂത്രണം ആവശ്യമാണ്.

ഹ്രസ്വകാല ചെലവുകൾക്ക് (കോച്ചിംഗ് ഫീസ്):

  • പണത്തിന്റെ സുരക്ഷിതത്വത്തിന് മുൻഗണന നൽകുക.
  • Short-term Debt Fund പോലുള്ള കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപ മാർഗങ്ങൾ പരിഗണിക്കാം.

ദീർഘകാല ചെലവുകൾക്ക് (കോളേജ് പഠനം):

  • Equity Mutual Fund-കളിൽ SIP വഴി ദീർഘകാല നിക്ഷേപം നടത്താം.
  • കോളേജ് പ്രവേശനം അടുത്തുവരുമ്പോൾ ഈ തുക കൂടുതൽ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് മാറ്റാം.

റിട്ടയർമെന്റ് ഫണ്ടിൽ കൈവെക്കരുത്:

മക്കളുടെ വിദ്യാഭ്യാസത്തിനായി സ്വന്തം വിരമിക്കൽ സമ്പാദ്യമോ പെൻഷൻ ഫണ്ടോ ഉപയോഗിക്കുന്നത് മാതാപിതാക്കളുടെ വാർദ്ധക്യ സുരക്ഷയെ ഗുരുതരമായി ബാധിക്കും.

മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം ഭാവി അരക്ഷിതമാക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കണം.

ഓർമ്മിക്കേണ്ട അവസാന വാക്ക്:

വിദ്യാഭ്യാസം ഒരു ചെലവല്ല; ഏറ്റവും മികച്ച നിക്ഷേപമാണ്.

പക്ഷേ മുടക്കിയ തുക തിരിച്ചുകിട്ടുന്നതു മാത്രമല്ല ഒരു വിദ്യാഭ്യാസ നിക്ഷേപത്തിന്റെ വിജയം. കുട്ടിയുടെ മാനസികാരോഗ്യം, സന്തോഷം, തൊഴിൽ സംതൃപ്തി, ജീവിതനിലവാരം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരത എന്നിവയും അതിന്റെ ഭാഗമാണ്.

എട്ടാം ക്ലാസിൽ കോച്ചിംഗിന് അയയ്ക്കുന്നതിന് മുമ്പ് ഒരു ചോദ്യം മാത്രം സ്വയം ചോദിക്കൂ:

"ഞാൻ എന്റെ മകന്റെയോ മകളുടെയോ ഭാവിയിലാണോ നിക്ഷേപിക്കുന്നത്, അതോ എന്റെ സ്വപ്നങ്ങളിലോ?"

ആ ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരമാണ് ഏറ്റവും ശരിയായ തീരുമാനത്തിലേക്ക് നിങ്ങളെ നയിക്കുക.


Article By: Nizar Peruvad
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query