×
20 July 2026
0

ഹെൽത്ത്‌കെയറിലെ ആഗോള തലത്തിലെ ട്രെൻഡിങ് കരിയർ: മെഡിക്കൽ - സൈക്യാട്രിക് സോഷ്യൽ വർക്കിന്റെ പുതിയ ലോകം

അറിയാം വൻ സാധ്യതകളോടൊപ്പം കരിക്കുലത്തിലെ

വലിയ മാറ്റങ്ങൾ

രാവിലെ എഴുന്നേൽക്കുന്നു, ജോലിക്ക് പോകുന്നു, ട്രാഫിക്കിൽ കിടന്ന് നട്ടം തിരിയുന്നു, തിരിച്ച് വരുന്നു...

ഒരേ നിലയിൽ

കറങ്ങുന്ന

ജീവിത ചക്രം.

ഇന്നത്തെ കാലത്ത് നമ്മളിൽ ഭൂരിഭാഗം പേരും എങ്ങോട്ടൊക്കെയോ ഉള്ള ഒരു നെട്ടോട്ടത്തിലാണ്, അല്ലേ? ഈ ഓട്ടപ്പാച്ചിലിനിടയിൽ നമ്മുടെയൊക്കെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എന്ത് സംഭവിക്കുന്നു എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല. മുമ്പൊക്കെ സങ്കടങ്ങളും പ്രയാസങ്ങളും പങ്കുവെക്കാൻ ചുറ്റും ആളുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് അണുകുടുംബങ്ങളിലേക്കും ഫ്ലാറ്റുകളിലെ ഒറ്റപ്പെടലുകളിലേക്കും നമ്മൾ മാറിയപ്പോൾ, നമ്മുടെ സട്രെസ്സും ഉത്കണ്ഠയും കേൾക്കാൻ ആളില്ലാതായി.

വികസിത രാജ്യങ്ങളിൽ മാനസികാരോഗ്യത്തിനും ഹെൽത്ത്‌കെയർ സിസ്റ്റത്തിനും നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. വിഷാദരോഗം, ഉത്കണ്ഠ (Anxiety), ജീവിതശൈലീ രോഗങ്ങൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, അമിത ലഹരിയാസക്തി, മൊത്തത്തിലുള്ള ആരോഗ്യ പുനരധിവാസം എന്നിവയ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് ഇന്ന് ലഭിക്കുന്നത്.

വിദേശത്ത് മികച്ച തൊഴിലും ഉയർന്ന ശമ്പളവും ലഭിക്കുന്ന ആരോഗ്യരംഗത്തെ പ്രൊഫഷനുകളെക്കുറിച്ച് പറയുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് നഴ്‌സിംഗ്, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, സ്പീച്ച് & ലാംഗ്വേജ് പാത്തോളജി തുടങ്ങിയ മേഖലകളാണ്. എന്നാൽ അത്ര ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന, എന്നാൽ വെറുമൊരു സേവന മനസ്ഥിതിക്കപ്പുറം ഉയർന്ന ശമ്പളവും മികച്ച സാമൂഹിക പദവിയുമുള്ള ഒരു തികഞ്ഞ ക്ലിനിക്കൽ പ്രൊഫഷനായി മെഡിക്കൽ - സൈക്യാട്രിക് സോഷ്യൽ വർക്ക് മാറിക്കഴിഞ്ഞു. യു.കെ, അയർലൻഡ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യു.എസ്.എ, ജർമനി എന്നിവിടങ്ങളിൽ ഇത്തരം പ്രൊഫഷണലുകൾക്ക് ഇന്ന് വൻ ഡിമാൻഡാണുള്ളത്. മലയാളി വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വിദേശത്ത് മികച്ചൊരു കരിയർ കെട്ടിപ്പടുക്കാൻ ഇതൊരു സുവർണ്ണാവസരമാണ്.

എന്നാൽ, ഈ കരിയർ സ്വപ്നം കാണുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില നിർണായക മാറ്റങ്ങൾ ഇന്ത്യയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് ഇപ്പോൾ വന്നിട്ടുണ്ട്. ഈ മേഖലയെ കൂടുതൽ പ്രൊഫഷണലൈസ് ചെയ്യാനും വിദേശ രാജ്യങ്ങളിലെ നിലവാരത്തിലേക്ക് ഉയർത്താനുമായി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങളും വിദേശത്തെ വമ്പൻ സാധ്യതകളും നമുക്കൊന്ന് പരിശോധിക്കാം.

അതിന് മുൻപ്

എന്താണ് ശരിക്കും മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്ക്?:

ഇതൊരു സാധാരണ സോഷ്യൽ വർക്ക് അല്ല. മറിച്ച് ആരോഗ്യ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് നിൽക്കുന്ന, വളരെ സെൻസിറ്റീവായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രൊഫഷനാണിത്. ഇതിൽ പ്രധാനമായും രണ്ട് തലങ്ങളാണുള്ളത്:

  1. മെഡിക്കൽ സോഷ്യൽ വർക്ക് (Medical Social Work):

    ശാരീരികമായ രോഗങ്ങൾ, പ്രത്യേകിച്ച് കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയ മാറാരോഗങ്ങൾ ബാധിച്ചവരെ സഹായിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. പെട്ടെന്ന് ഒരാൾക്ക് ഒരു വലിയ അസുഖം സ്ഥിരീകരിക്കുമ്പോൾ ആ വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകുന്ന മാനസികമായ തകർച്ച വലുതായിരിക്കും. അവരെ ആ അവസ്ഥയുമായി പൊരുത്തപ്പെടാൻ സഹായിക്കുക, ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ കണ്ടെത്താൻ വഴികാട്ടുക, ഡിസ്ചാർജ് ചെയ്തതിന് ശേഷം വീട്ടിൽ നൽകേണ്ട പരിചരണത്തെക്കുറിച്ച് ബോധവൽക്കരിക്കുക തുടങ്ങി ഡോക്ടർക്കും രോഗിക്കും ഇടയിലുള്ള ഒരു ശക്തമായ പാലമായി ഇവർ പ്രവർത്തിക്കുന്നു.

  2. സൈക്യാട്രിക് സോഷ്യൽ വർക്ക് (Psychiatric Social Work):

    ഇത് പൂർണ്ണമായും മാനസികാരോഗ്യവുമായി മാത്രം ബന്ധപ്പെട്ട മേഖലയാണ്. ഡിപ്രഷൻ, മറ്റ് പെരുമാറ്റ വൈകല്യങ്ങൾ, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ തുടങ്ങിയവരെ সাধারণ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഇവരുടെ ജോലി. ഒരു സൈക്യാട്രിസ്റ്റിനും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനും ഒപ്പം ഒരു ടീം ആയാണ് ഇവർ പ്രവർത്തിക്കുക. രോഗിയുടെ കുടുംബ പശ്ചാത്തലം പഠിക്കുക, അവർക്ക് കൗൺസിലിംഗ് നൽകുക, സമൂഹത്തിൽ അവർക്ക് പുനരധിവാസം ഉറപ്പാക്കുക എന്നിവയൊക്കെ ഇവരുടെ ചുമതലയാണ്.

പുനരധിവാസത്തിന്റെ പ്രാധാന്യവും മൾട്ടി-ഡിസിപ്ലിനറി സമീപനവും:

ഇന്നത്തെ ആഗോള ഹെൽത്ത്‌കെയർ രംഗത്ത്, പ്രത്യേകിച്ച് മാനസികാരോഗ്യ പരിപാലനത്തിൽ പുനരധിവാസത്തിന് (Rehabilitation) അതീവ പ്രാധാന്യമാണുള്ളത്. വിദേശരാജ്യങ്ങളിൽ നിലവിൽ മൾട്ടി-ഡിസിപ്ലിനറി ഡെവലപ്‌മെന്റ് അപ്രോച്ച് (വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഒരുമിച്ച് പ്രവർത്തിക്കുന്ന രീതി)ആണ് ഇന്ന് പരക്കെ പിന്തുടരുന്നത്. ഡോക്ടർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന ഈ മെഡിക്കൽ ടീമിൽ സോഷ്യൽ വർക്കർമാർക്ക് നിർണായകമായ പങ്കും വലിയ ഡിമാൻഡുമാണുള്ളത്. രോഗികളെ ക്ലിനിക്കലായി ചികിത്സിക്കുന്നതിനൊപ്പം അവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും സമൂഹത്തിൽ കൃത്യമായി പുനരധിവസിപ്പിക്കുന്നതിനും സോഷ്യൽ വർക്കർമാരുടെ ഇടപെടൽ അനിവാര്യമാണ്.

അതിർത്തികൾ കടന്നുള്ള സ്വപ്നങ്ങൾ: വിദേശത്തെ വമ്പൻ സാധ്യതകളും പി.ആർ (PR) ആനുകൂല്യങ്ങളും:

യഥാർത്ഥത്തിൽ മെഡിക്കൽ/സൈക്യാട്രിക് സോഷ്യൽ വർക്കറുടെ സ്വർഗ്ഗമാണ് പാശ്ചാത്യ രാജ്യങ്ങൾ എന്ന് പറയാം. അവിടുത്തെ ജനസംഖ്യയിൽ നല്ലൊരു ശതമാനം വയോധികരാണ്. അവരെ നോക്കാനും, അവരുടെ പ്രശ്നങ്ങൾ കേൾക്കാനും, അതുപോലെ തന്നെ പുതിയ തലമുറയുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനും വലിയ തോതിൽ പ്രൊഫഷണലുകളെ അവിടെ ആവശ്യമുണ്ട്.

യുണൈറ്റഡ് കിങ്ഡം (UK) & അയർലൻഡ്: അവസരങ്ങളുടെ പെരുമഴ:

യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിലും (NHS) ലോക്കൽ കൗൺസിലുകളിലും സോഷ്യൽ വർക്കർമാർക്ക് വലിയ ക്ഷാമമാണ് ഇപ്പോഴുള്ളത്. ഇത് പരിഹരിക്കാൻ സർക്കാർ ഈ തൊഴിലിനെ Shortage Occupation List-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനർത്ഥം യോഗ്യതയുള്ളവർക്ക് വേഗത്തിൽ തന്നെ സ്പോൺസർഷിപ്പും സ്കിൽഡ് വർക്കർ വിസയും (Skilled Worker Visa) ലഭിക്കും എന്നാണ്. യുകെയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 5 വർഷത്തിനുള്ളിൽ അവിടെ സ്ഥിരതാമസത്തിനുള്ള (Indefinite Leave to Remain/PR) അർഹത നേടാനാകും. ഒരു എൻട്രി ലെവൽ പ്രൊഫഷണലിന് പോലും പ്രതിവർഷം 30,000 മുതൽ 40,000 പൗണ്ട് വരെ തുടക്ക ശമ്പളം ലഭിക്കാറുണ്ട്. അയർലൻഡിലും സമാനമായ രീതിയിൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾ (IELTS/OET) പാസായ പ്രൊഫഷണലുകളെ വലിയ തോതിൽ ആവശ്യമുണ്ട്.

കാനഡ & ഓസ്‌ട്രേലിയ: പോയിന്റ് സിസ്റ്റത്തിലെ താരങ്ങൾ:

കാനഡയിലെയും ഓസ്ട്രേലിയയിലെയും കാര്യമെടുത്താൽ, ഇവിടങ്ങളിലെ പോയിന്റ് അധിഷ്ഠിത പി.ആർ (PR) സിസ്റ്റത്തിൽ സോഷ്യൽ വർക്ക് യോഗ്യതയുള്ളവർക്ക് വലിയ മുൻഗണനയാണ് ലഭിക്കാറുള്ളത്. ഓസ്ട്രേലിയയിൽ എൻ.ഡി.ഐ.എസ് (NDIS) പോലുള്ള പ്രോജക്റ്റുകളിൽ വലിയ ശമ്പളമാണ് ലഭിക്കുന്നത്. പ്രതിവർഷം 60,000 ന് മുകളിൽ ഡോളർ തുടക്ക ശമ്പളം ഈ രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. എന്നാൽ ഇതിനായി കാനഡയിലെ CASW, ഓസ്ട്രേലിയയിലെ AASW പോലുള്ള വിദേശ പ്രൊഫഷണൽ ബോഡികളുടെ അക്രെഡിറ്റേഷൻ നമ്മൾ നേടിയെടുക്കണമെന്ന് മാത്രം. ഇന്ത്യയിലെ പുതിയ സിലബസ് ഈ കടമ്പ വളരെ എളുപ്പമാക്കും.

അമേരിക്കൻ ഐക്യനാടുകൾ (USA): സ്വതന്ത്ര പ്രാക്ടീസിന്റെ നാട്:

യു.എസ്.എയിൽ ലൈസൻസ്ഡ് ക്ലിനിക്കൽ സോഷ്യൽ വർക്കർ (LCSW) ആയാൽ സ്വന്തമായി ക്ലിനിക്ക് നടത്തി പ്രാക്ടീസ് ചെയ്യാൻ പോലുമുള്ള അധികാരമുണ്ട്. സ്കൂളുകളിലും സ്വകാര്യ ആശുപത്രികളിലും വലിയ ഡിമാൻഡാണ് അവിടെയുള്ളത്.

ജർമ്മനി: ഭാഷാ പ്രാവീണ്യം പ്രധാനം:

ജർമ്മനിയിലും ഈ മേഖലയിൽ മികച്ച അവസരങ്ങൾ ലഭ്യമാണ്. എന്നാൽ യൂറോപ്യൻ രാജ്യമായ ജർമ്മനിയിൽ ജർമ്മൻ ഭാഷാ പ്രാവീണ്യം (B2 Level) നിർബന്ധമാണ് എന്നത് വിദ്യാർത്ഥികൾ പ്രത്യേകം ഓർക്കണം.

ഇന്ത്യയിലെ പുതിയ നിർണായക മാറ്റങ്ങൾ:

ഏത് വിഷയത്തിൽ ബിരുദം (UG) കഴിഞ്ഞവർക്കും മാസ്റ്റേഴ്സ് ഇൻ സോഷ്യൽ വർക്ക് (MSW) എടുത്ത്, അതിൽ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് ഒരു സ്പെഷ്യലൈസേഷൻ ആയി തെരഞ്ഞെടുക്കുന്ന രീതിയായിരുന്നു. അങ്ങനെ ആർക്കും എളുപ്പത്തിൽ കടന്നുവരാവുന്ന ഒരു മേഖലയായിരുന്നു ഇത്. എന്നാൽ ഇന്ന് കളിമാറി!

കേന്ദ്ര സർക്കാരിന്റെ NCAHP (National Commission for Allied and Healthcare Professions) നിയന്ത്രണ അധികാര സ്ഥാപനം പുതിയ ദേശീയ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചതോടെ ഈ പ്രൊഫഷനൽ കോഴ്സുകളുടെ ഘടനയിലും യോഗ്യതയിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ മേഖലയെ ഒരു തികഞ്ഞ മെഡിക്കൽ അലൈഡ് ഹെൽത്ത് പ്രൊഫഷനായി സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു കഴിഞ്ഞു. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

  1. ബിരുദ തലത്തിൽ ഒരു പുതിയ പ്രൊഫഷണൽ പാത (BPMSW):

    സാധാരണ 3 വർഷത്തെ ബിരുദ കോഴ്സിന് (BSW) പുറമെ, ബിരുദ തലത്തിൽ തന്നെ 4 വർഷത്തെ സവിശേഷ പ്രൊഫഷണൽ കോഴ്സായി Bachelor of Psychiatric Medical Social Work (BPMSW) ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രി സംവിധാനങ്ങൾ, ക്ലിനിക്കൽ പരിശീലനം, രോഗി-കുടുംബ കൗൺസിലിംഗ് എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഈ കോഴ്സ് സാധാരണ ആർട്സ് & സയൻസ് കോളേജുകളിൽ തുടങ്ങാൻ സാധിക്കില്ല. നിലവിൽ കേരളത്തിൽ ഈ കോഴ്സ് ആരംഭിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടിലെ തക്ഷശില യൂണിവേഴ്സിറ്റി, ഗുജറാത്തിലെ പാരുൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഈ വർഷം തന്നെ കോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്. പ്ലസ് ടുവിന് ഏത് സ്ട്രീം പഠിച്ചവർക്കും ഇതിലേക്ക് അപേക്ഷിക്കാം.

  2. ബിരുദാനന്തര തലത്തിലെ വൻ നവീകരണം (Pathways in PG):

    ക്ലിനിക്കൽ സൈക്കോളജിയിൽ പഴയ MPhil Clinical Psychology സംവിധാനം അവസ്ഥാപ്പിച്ചു MClin Psy എന്ന പുതിയ ഏകീകൃത പ്രൊഫഷണൽ ബിരുദാനന്തര കോഴ്സ് കൊണ്ടുവന്നതിന് സമാനമായ വലിയൊരു പ്രൊഫഷണൽ നവീകരണമാണ് മെഡിക്കൽ & സൈക്യാട്രിക് സോഷ്യൽ വർക്കിലും ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

നിലവിലുള്ള സാധാരണ MSW (Medical & Psychiatric Social Work) സ്പെഷ്യലൈസേഷന് പുറമെ, കൂടുതൽ വ്യക്തമായ അക്കാദമിക-പ്രൊഫഷണൽ ഐഡന്റിറ്റി നൽകിക്കൊണ്ട് രണ്ട് പുതിയ പ്രൊഫഷണൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ കൂടി ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്:

Master of Medical Social Work (M.MSW

Master of Psychiatric Social Work (M.PSW)

        3.യോഗ്യതാ മാനണ്ഡങ്ങളിൽ വന്ന കർശന നിയന്ത്രണം:

ഏതെങ്കിലും വിഷയത്തിൽ ജനറൽ ബിരുദമുള്ളവർക്ക് സാധാരണ MSW കോഴ്സിന് ഇപ്പോഴും പ്രവേശനം നേടാം. എന്നാൽ, പുതുതായി അവതരിപ്പിച്ച M.MSW, M.PSW എന്നീ അഡ്വാൻസ്ഡ് പ്രൊഫഷണൽ കോഴ്സുകളിലേക്ക് പ്രവേശിക്കാൻ പൊതുവായ ബിരുദം മാത്രം പോരാ.

പുതിയ 4 വർഷ BPMSW അല്ലെങ്കിൽ ജനറൽ MSW (കുറഞ്ഞത് 50% മാർക്കോടെ) അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നു. ചുരുക്കത്തിൽ, സോഷ്യൽ വർക്ക് പശ്ചാത്തലമുള്ളവർക്ക് മാത്രമേ ഇനി ഈ പുത്തൻ പിജി കോഴ്സുകൾ ചെയ്യാൻ സാധ്യമാവുകയുള്ളൂ.

ഏതിനായിരിക്കും കൂടുതൽ ഡിമാൻഡ്: M.MSW അതോ M.PSW?:

കോഴ്സുകൾ രണ്ടായതോടെ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ Master of Psychiatric Social Work (M.PSW) കോഴ്സിനാണ് കരിയർ സാധ്യതകളിലും ഡിമാൻഡിലും അല്പം മുൻതൂക്കമുള്ളത്. വിദേശരാജ്യങ്ങളിലെ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ക്ലിനിക്കുകൾ, റീഹാബിലിറ്റേഷൻ സെന്ററുകൾ എന്നിവടങ്ങളിൽ ക്ലിനിക്കൽ/സൈക്യാട്രിക് സോഷ്യൽ വർക്കർമാർക്ക് പ്രത്യേക പദവിയും ഉയർന്ന കൗൺസിലിങ് ചുമതലകളും ലഭിക്കാറുണ്ട്. എന്നാൽ ജനറൽ ഹോസ്പിറ്റലുകളിലെയും ഹെൽത്ത്‌കെയർ സിസ്റ്റത്തിലെയും മാനേജ്മെന്റ്, കമ്മ്യൂണിറ്റി ഹെൽത്ത് മേഖലകളിൽ M.MSW ബിരുദധാരികൾക്കും മികച്ച സാധ്യതകളുണ്ട്. നിങ്ങളുടെ താല്പര്യം ക്ലിനിക്കൽ മെന്റൽ ഹെൽത്ത്, പുനരധിവാസം എന്നീ മേഖലകളിലാണെങ്കിൽ M.PSW ആയിരിക്കും കൂടുതൽ അനുയോജ്യം.

ഈ മാറ്റങ്ങൾ മലയാളികൾക്ക് എങ്ങനെ ഗുണം ചെയ്യും?:

മാറിയ യോഗ്യത മാനണ്ഡങ്ങൾ കണ്ട് വിദ്യാർത്ഥികൾ മടിക്കേണ്ടതില്ല. ദീർഘകാലാടിസ്ഥാനത്തിൽ ഇത് വൻ നേട്ടമാണ് സമ്മാനിക്കുക:

ആഗോള അക്രെഡിറ്റേഷൻ എളുപ്പമാകും: വിദേശ രാജ്യങ്ങളിലെ (ഉദാഹരണത്തിന് യുകെയിലെ Social Work England, ഓസ്‌ട്രേലിയയിലെ AASW) പ്രൊഫഷണൽ കൗൺസിലുകൾ എപ്പോഴും ആവശ്യപ്പെടുന്നത് കൃത്യമായ സോഷ്യൽ വർക്ക് ഫൗണ്ടേഷനാണ്. ഇന്ത്യയിലെ കോഴ്സുകൾ പുതിയ നിയമപ്രകാരം ശാസ്ത്രീയമായി ചിട്ടപ്പെടുന്നതോടെ, സിലബസ് രാജ്യാന്തര നിലവാരത്തിലേക്ക് മാറും. കോഴ്സ് കഴിഞ്ഞ് ഇന്ത്യയിലെ NCAHP കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നതോട് കൂടി അന്താരാഷ്ട്ര തലത്തിൽ നമ്മുടെ ഡിഗ്രിക്ക് വലിയ സ്വീകാര്യത ലഭിക്കും. ഇത് വിദേശത്തെ ക്രെഡൻഷ്യൽ ഇവാലുവേഷൻ (Credential Evaluation) വേഗത്തിലാക്കും.

കരിയർ സുരക്ഷിതത്വം: മുൻപ് ആർക്കും കടന്നുവരാമായിരുന്ന ഈ മേഖലയ്ക്ക് ഇപ്പോൾ ഔദ്യോഗികമായി ലീഗൽ സ്റ്റാറ്റ്യൂട്ടറി പ്രൊഫഷണൽ പദവി ലഭിച്ചു. ഒരു ഡോക്ടറോ നഴ്സോ രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനിമുതൽ സോഷ്യൽ വർക്കർമാരും പ്രൊഫഷണൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. അതുകൊണ്ട് തന്നെ വ്യാജ കോഴ്സുകൾക്കും യോഗ്യതയില്ലാത്തവർക്കും ഇനി വിപണിയിൽ സ്ഥാനമുണ്ടാകില്ല.

ക്ലിനിക്കൽ എക്സ്പോഷറും പ്രൊഫഷണൽ രജിസ്ട്രേഷനും: പുതിയ കരിക്കുലം വെറുമൊരു തിയറി പഠനമല്ല. വിദ്യാർത്ഥികൾക്ക് ഇൻ-ഹൗസ് സംവിധാനങ്ങളിൽ മാത്രമല്ല, വിവിധ സ്പെഷ്യലൈസ്ഡ് സെന്ററുകളിൽ, മെഡിക്കൽ കോളേജുകളിൽ, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിർബന്ധിത ക്ലിനിക്കൽ പോസ്റ്റിംഗുകൾ (Clinical Postings) ലഭിക്കും. പഠനകാലത്തോ അതിനുശേഷമോ രജിസ്റ്റേർഡ് പ്രൊഫഷണലുകളുടെ, പ്രത്യേകിച്ച് പരിചയസമ്പന്നരായ ഡോക്ടർമാരുടെയും ക്ലിനിക്കൽ വിദഗ്ദ്ധരുടെയും കീഴിൽ ജോലി ചെയ്യുകയോ ഇന്റേൺഷിപ്പ് ചെയ്യുകയോ ചെയ്യുന്നത് വിദേശത്തെ പ്രൊഫഷണൽ ബോഡികളിൽ രജിസ്റ്റർ ചെയ്യുമ്പോൾ വലിയ മുൻഗണനയും വെയിറ്റേജും നേടിത്തരും.

വിദേശത്തേക്ക് പറക്കാൻ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണം?:

നിങ്ങളുടെ ലക്ഷ്യം വിദേശമാണെങ്കിൽ, ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയ ഉടനെ ഫ്ലൈറ്റ് കയറാൻ പറ്റില്ല. അതിന് വളരെ വ്യക്തമായ പ്ലാനിങ്ങും കഠിനാധ്വാനവും ആവശ്യമാണ്.

ഭാഷാ നൈപുണ്യം (Language Proficiency): ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് പോകാൻ ഭാഷാ പരീക്ഷകൾ പാസാകണം. നഴ്സുമാരും ഡോക്ടർമാരും ചെയ്യുന്നതുപോലെ IELTS അല്ലെങ്കിൽ OET പരീക്ഷകളിൽ മികച്ച സ്കോർ നേടേണ്ടത് നിർബന്ധമാണ്. നിങ്ങളുടെ കമ്മ്യൂണിക്കേഷൻ സ്കിൽ തന്നെയാണ് ഈ പ്രൊഫഷനിൽ ഏറ്റവും പ്രധാനം.

ക്ലിനിക്കൽ പ്രവൃത്തിപരിചയം:

പഠനം കഴിഞ്ഞയുടനെ പോകുന്നതിനേക്കാൾ നല്ലത്, ഇന്ത്യയിലെ ഏതെങ്കിലും മികച്ച ആശുപത്രിയിലോ അല്ലെങ്കിൽ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലോ ഒന്നോ രണ്ടോ വർഷം ജോലി ചെയ്യുന്നതാണ്. ഈ പ്രവൃത്തി പരിചയം (Post-qualification experience) വിദേശത്ത് ജോലി കിട്ടാനുള്ള നിങ്ങളുടെ സാധ്യതകളെ പതിന്മടങ്ങ് വർദ്ധിപ്പിക്കും.

ചുരുക്കത്തിൽ,

മാറ്റങ്ങൾ ഈ കരിയർ മേഖലയെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയിട്ടുണ്ട്.

നഴ്‌സിംഗ്, മറ്റു പുനരധിവാസ പ്രൊഫഷനുകൾ പോലെ തന്നെ അതിവേഗം വളരുന്ന ഒരു അലൈഡ് ഹെൽത്ത് കെയർ ശാഖയാണിന്നിത്. മറ്റുള്ളവരുടെ പ്രയാസങ്ങളെ സഹാനുഭൂതിയോടെ കേൾക്കാൻ കഴിയുന്ന, അവരെ സഹായിക്കാൻ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ഇതൊരു വെറും ജോലിയല്ല, മറിച്ച് നിങ്ങളുടെ പാഷൻ ആയി മാറും. വിദ്യാഭ്യാസ യോഗ്യതകളും ക്ലിനിക്കൽ പരിചയവും ഉണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിലും മികച്ചൊരു ഹെൽത്ത്‌കെയർ കരിയറും സ്ഥിരതാമസവും ഉറപ്പാക്കാൻ ഇന്ത്യയിലെ പുതിയ മെഡിക്കൽ/സൈക്യാട്രിക് സോഷ്യൽ വർക്ക് ബിരുദങ്ങളിലൂടെ ഇനി സാധിക്കും. ലോകം നിങ്ങളുടെ സ്നേഹവും പരിചരണവും കാത്തിരിക്കുന്നു!


Article By: Nizar Peruvad
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query