×
22 November 2026
0

രജിസ്ട്രേഷൻ നിർബന്ധമാകുന്നു! ആരോഗ്യ അനുബന്ധ പ്രൊഫഷണലുകൾക്കായുള്ള പുതിയ ചട്ടങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

നിലവിൽ നിശ്ചിത യോഗ്യതയില്ലാതെ പ്രവർത്തിക്കുന്നവർക്ക് ആശ്വാസം; B.Voc ബിരുദധാരികൾക്ക് ആശ്വാസവും ആശങ്കയും; സൈക്കോളജിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും പുതിയ അവസരങ്ങൾ:

ഇന്ത്യയിൽ അലോപ്പതി ഡോക്ടർമാരുടെ പഠനവും പ്രാക്ടീസും നിയന്ത്രിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷനും (NMC), ദന്തഡോക്ടർമാർക്ക് ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയും (DCI), നഴ്‌സുമാർക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും (INC) വർഷങ്ങളായി നിലവിലുണ്ട്. എന്നാൽ ആരോഗ്യമേഖലയുടെ നട്ടെല്ലായ ലാബ് ടെക്നോളജിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഒപ്‌റ്റോമെട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ തുടങ്ങി അമ്പതിലധികം വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ആരോഗ്യ അനുബന്ധ പ്രൊഫഷണലുകൾക്ക് (Allied and Healthcare Professionals – AHPs) രാജ്യവ്യാപകമായ ഏകീകൃത നിയന്ത്രണ സംവിധാനം ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്തുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷൻസ് (NCAHP) ആക്ട്. 2021 മെയ് 25 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന ഈ നിയമത്തിന് കീഴിൽ കുറച്ചു പുതിയ ചട്ടങ്ങൾ (Rules & Regulations) ഇറങ്ങിയിട്ടുണ്ട്.

എന്തിനാണ് ചട്ടങ്ങൾ?: ഒരു നിയമം പാർലമെന്റ് പാസാക്കിയാൽ അതിലെ വ്യവസ്ഥകൾ പൂർണമായി പ്രാവർത്തികമാക്കാൻ ആവശ്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും പ്രത്യേകം പുറത്തിറക്കേണ്ടതുണ്ട്. അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷണലുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച Registration of Allied and Healthcare Professionals Regulations, 2026 കേന്ദ്ര സർക്കാർ ഇതിനകം വിജ്ഞാപനം ചെയ്തിട്ടുണ്ട്. അംഗീകൃത യോഗ്യതയുള്ളവർക്ക് നിയമപരമായി സേവനം ചെയ്യുവാൻ (practice legally) സംസ്ഥാന, കേന്ദ്ര രജിസ്റ്ററുകളിൽ പേര് ചേർക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഈ ചട്ടങ്ങൾ മുന്നോട്ടുവെക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങൾ അതാത് സ്റ്റേറ്റ് കൗൺസിലുകളാണ് ചെയ്യേണ്ടത്. അടുത്തുതന്നെ എല്ലാ ആരോഗ്യ അനുബന്ധ പ്രൊഫഷണലുകളുടെയും നിർബന്ധ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുമെന്ന് കരുതുന്നു. നിശ്ചിത യോഗ്യതയോടെ NCAHP രജിസ്റ്ററുകളിൽ പേരില്ലാത്ത ആർക്കും സേവനം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ, പുതിയ അംഗീകൃത അക്കാദമിക് യോഗ്യതയില്ലാതെ വർഷങ്ങളായി ഈ മേഖലകളിൽ ജോലി ചെയ്തുവരുന്നവരുടെ കാര്യമെന്താകും? രജിസ്ട്രേഷൻ ലഭിക്കാതെ അവർക്ക് തൊഴിൽ തുടരാൻ കഴിയാത്ത സാഹചര്യമുണ്ടാകില്ലേ? ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും NCAHP നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ സേവനം അനുഷ്ഠിച്ചുവരുന്നവർക്ക് രജിസ്ട്രേഷൻ നേടാനുള്ള അവസരം ഒരുക്കുന്നതിനുമായാണ് ബ്രിഡ്ജ് കോഴ്‌സ് സംവിധാനം ഉൾപ്പെടുത്തിയുള്ള Provisional Registration of Allied and Healthcare Professionals Regulations, 2026 എന്ന കരട് ചട്ടങ്ങൾ 2026 നവംബർ 3-ന് പ്രസിദ്ധീകരിച്ചത്.

ശ്രദ്ധിക്കുക: ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കരട് ചട്ടങ്ങൾ മാത്രമാണ്. 2026 ഡിസംബർ 4 വരെ പൊതുജനങ്ങളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കും. ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുക. അന്തിമ ചട്ടങ്ങൾ 2027 ഓടെ നിലവിൽ വരുമെന്ന് കരുതുന്നു

പ്രാക്ടീസിംഗ് പ്രൊഫഷണലുകളും ഇന്ററിം പ്രൊഫഷണലുകളും:

നിയമത്തിലെ സങ്കീർണ്ണതകൾ: പുതിയ കരട് ചട്ടങ്ങൾ, നിലവിൽ സേവനം അനുഷ്ഠിക്കുന്നവരെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി പരിഗണിക്കുന്നു.

  1. പ്രാക്ടീസിംഗ് പ്രൊഫഷണൽ (Practicing Professional) NCAHP നിയമം പ്രാബല്യത്തിൽ വന്ന 2021 മെയ് 25-ന് മുമ്പ് അംഗീകൃത പ്രൊഫഷനുകളിൽ സേവനം അനുഷ്ഠിച്ചുവന്നവരെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഇവർ കരടിലെ ഒന്നാം ഷെഡ്യൂളിൽ (Schedule I) പറയുന്ന യോഗ്യതകൾ നേടിയവരും NCAHP നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ബന്ധപ്പെട്ട സേവനം നൽകിവരുന്നവരുമായിരിക്കണം. ഇവർക്ക് താൽക്കാലിക രജിസ്ട്രേഷൻ നേടാനും തുടർന്ന് നിശ്ചിത ബ്രിഡ്ജ് കോഴ്‌സും പരീക്ഷയും പൂർത്തിയാക്കി സ്ഥിരം രജിസ്ട്രേഷൻ നേടാനും വ്യവസ്ഥയുണ്ട്. ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ചട്ടം 'പ്രാക്ടീസിംഗ് പ്രൊഫഷണൽ' ആരാണെന്ന് നിർവചിക്കുന്നുണ്ടെങ്കിലും, 'സേവനം അനുഷ്ഠിക്കുക' (Providing Service) എന്നത് കൃത്യമായി നിർവചിച്ചിട്ടില്ല. സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ, സ്വയംതൊഴിൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചവരെ എങ്ങനെയാണ് പരിഗണിക്കുക എന്നതിൽ കൂടുതൽ വ്യക്തത ആവശ്യമാണ്.

  2. ഇന്ററിം പ്രാക്ടീസിംഗ് പ്രൊഫഷണൽ (Interim Practicing Professional) NCAHP നിയമം പ്രാബല്യത്തിൽ വന്ന 2021 മെയ് 25-ന് ശേഷം, എന്നാൽ പ്രൊവിഷണൽ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സേവനം അനുഷ്ഠിച്ചു വരുന്നവരെയാണ് കരട് ചട്ടങ്ങൾ ഇങ്ങനെ നിർവചിക്കുന്നത്. ഇവർക്കും താൽക്കാലിക രജിസ്ട്രേഷൻ നൽകാമെന്ന് Regulation 9(2) പറയുന്നു.

എന്നാൽ അതേ വ്യവസ്ഥയിൽ ഒരു പ്രധാന നിയമപരമായ അപാകതയുണ്ട്. ഇന്ററിം പ്രൊഫഷണലുകൾക്ക് രജിസ്ട്രേഷൻ നൽകാമെന്ന് പറയുന്ന Regulation 9(2), അതിനായി Regulation 3(2)-ലെ യോഗ്യതാ വ്യവസ്ഥകൾ പാലിക്കണമെന്നും നിർദേശിക്കുന്നുണ്ട്. എന്നാൽ Regulation 3(2) പ്രകാരം ബന്ധപ്പെട്ട യോഗ്യതയും സേവനപരിചയവും NCAHP നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ളതായിരിക്കണം. അതായത്, 2021 മെയ് 25-ന് ശേഷം യോഗ്യത നേടിയതും ജോലി ആരംഭിച്ചതുമായ ഇന്ററിം പ്രൊഫഷണലുകളെ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, സാങ്കേതികമായ ഈ ചട്ടവൈരുധ്യം അന്തിമ ചട്ടങ്ങളിൽ പരിഹരിച്ചാൽ മാത്രമേ ഇവർക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

പ്രൊവിഷണൽ രജിസ്ട്രേഷനുള്ള പ്രധാന വ്യവസ്ഥകൾ: കരട് ചട്ടത്തിലെ Regulation 3(2) അനുസരിച്ച് പ്രൊവിഷണൽ രജിസ്ട്രേഷന് അപേക്ഷിക്കുന്നവർ പൊതുവായി താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം:

കട്ട് ഓഫ് തീയതി: 2021 മെയ് 25-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷനിൽ സേവനം അനുഷ്ഠിച്ചിരിക്കണം. അതോടൊപ്പം ഷെഡ്യൂളിൽ പറയുന്ന ബന്ധപ്പെട്ട യോഗ്യതയും നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നേടിയിരിക്കണം. (ഇന്ററിം പ്രൊഫഷണലുകളുടെ കാര്യത്തിലെ അപാകത പരിഹരിക്കുന്നതോടെ ഈ വ്യവസ്ഥയിൽ മാറ്റം വരാം).

ഷെഡ്യൂളിലെ യോഗ്യത: ഒന്നാം ഷെഡ്യൂളിൽ (Schedule I) പ്രത്യേകം പരാമർശിച്ചിട്ടുള്ള യോഗ്യതകൾ നേടിയവർക്കാണ് ഈ ആനുകൂല്യം. ഷെഡ്യൂളിൽ പറയാത്ത കോഴ്‌സുകൾ ചെയ്തവർക്ക് സ്വമേധയാ അർഹത ലഭിക്കില്ല. ചില പ്രൊഫഷനുകളുടെ ഷെഡ്യൂളിൽ, പട്ടികയിൽ ഉൾപ്പെടാത്ത യോഗ്യതകൾക്ക് തുല്യത പരിശോധിക്കാൻ ബന്ധപ്പെട്ട പ്രൊഫഷണൽ കൗൺസിലിനെ സമീപിക്കാനുള്ള വ്യവസ്ഥയുമുണ്ട്. എന്നാൽ ഇത് എല്ലാ പ്രൊഫഷനുകൾക്കും ഒരുപോലെ ബാധകമാണെന്ന് കരുതരുത്.

പ്രവൃത്തിപരിചയം: എല്ലാ പ്രൊഫഷനുകൾക്കും പൊതുവായി ഒരു നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന് കരട് ചട്ടം പറയുന്നില്ല. എന്നാൽ ബന്ധപ്പെട്ട സേവനം നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ചെയ്തിരിക്കണം. കൂടാതെ ചില പ്രത്യേക പ്രൊഫഷനുകൾക്ക് ഷെഡ്യൂളിൽ പ്രത്യേകം പ്രവൃത്തിപരിചയ നിബന്ധനകൾ നൽകിയിട്ടുണ്ട്. സൈക്കോളജിസ്റ്റുകൾക്കും മെഡിക്കൽ സോഷ്യൽ വർക്കർമാർക്കും ഇത്തരം നിബന്ധനകളുണ്ട്.

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: പൊതുവായ കുറഞ്ഞ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അഥവാ തത്തുല്യ യോഗ്യതയാണ്. എന്നാൽ ഓരോ പ്രൊഫഷനുമുള്ള ഷെഡ്യൂളിൽ ഇതിനു പുറമെ പ്ലസ് ടു, പ്ലസ് ടു സയൻസ്, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ പ്രത്യേക യോഗ്യതകളും നിഷ്കർഷിച്ചിട്ടുണ്ട്.

അപേക്ഷിക്കേണ്ട സമയപരിധി: അന്തിമ ചട്ടങ്ങൾ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്ത് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ പ്രൊവിഷണൽ രജിസ്ട്രേഷന് അപേക്ഷിക്കണം.

രജിസ്ട്രേഷന്റെ കാലാവധി: ലഭിക്കുന്ന താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് മൂന്നു വർഷത്തെ കാലാവധിയുണ്ടാകും. മതിയായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷിച്ചാൽ ഒരു വർഷം കൂടി നീട്ടിക്കിട്ടാം. എന്നാൽ ആകെ കാലാവധി നാലു വർഷത്തിൽ കവിയില്ല. ഈ കാലയളവിനുള്ളിൽ നിശ്ചിത ബ്രിഡ്ജ് കോഴ്‌സ്, ആവശ്യമായ സൂപ്പർവൈസ്ഡ് ക്ലിനിക്കൽ പരിശീലനം, യോഗ്യതാ പരീക്ഷ (Minimum Qualifying Examination) എന്നിവ പൂർത്തിയാക്കിയാൽ മാത്രമേ സ്ഥിരം രജിസ്ട്രേഷൻ ലഭിക്കുകയുള്ളൂ.

ബ്രിഡ്ജ് കോഴ്‌സ് വേണ്ടാത്തവരും വേണ്ടവരും: ഷെഡ്യൂളിൽ പറയുന്ന എല്ലാ യോഗ്യതകൾക്കും ബ്രിഡ്ജ് കോഴ്‌സ് നിർബന്ധമല്ല. ചില പ്രത്യേക യോഗ്യതകൾക്ക് ബ്രിഡ്ജ് കോഴ്‌സ് ഇല്ലാതെ തന്നെ രജിസ്ട്രേഷൻ നേടാനുള്ള വ്യവസ്ഥയുണ്ട്. ഉദാഹരണത്തിന്: അനസ്തേഷ്യ, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി മേഖലകളിൽ ഷെഡ്യൂളിൽ പറയുന്ന രണ്ടുമുതൽ മൂന്നുവർഷം വരെയുള്ള അംഗീകൃത ഡിപ്ലോമകൾക്കും കുറഞ്ഞത് മൂന്നുവർഷത്തെ B.Voc യോഗ്യതയ്ക്കും ബ്രിഡ്ജ് കോഴ്‌സ് ഒഴിവാക്കിയിട്ടുണ്ട്.

എമർജൻസി കെയർ/ട്രോമ കെയർ മേഖലയിൽ രണ്ടുവർഷമോ അതിൽ കൂടുതലോ ദൈർഘ്യമുള്ള, ഷെഡ്യൂളിൽ പറയുന്ന അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ബ്രിഡ്ജ് കോഴ്‌സ് വേണ്ടെന്ന വ്യവസ്ഥയുണ്ട്.

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി വിഭാഗത്തിൽ ഡിപ്ലോമ ഇൻ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി (D.NMT) ഉള്ളവർക്കും ബ്രിഡ്ജ് കോഴ്‌സ് വേണ്ട.

അതേസമയം, മറ്റ് പല യോഗ്യതകൾക്കും ബ്രിഡ്ജ് കോഴ്‌സ് നിർബന്ധമാണ്. ഉദാഹരണത്തിന്, പെർഫ്യൂഷനിസ്റ്റ് (Perfusionist) വിഭാഗത്തിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ബിരുദാനന്തര യോഗ്യതകൾക്കനുസരിച്ച് ആറുമാസം മുതൽ ഒരു വർഷം വരെയുള്ള ബ്രിഡ്ജ് കോഴ്‌സുകളാണ് ഷെഡ്യൂളിൽ നിർദേശിച്ചിരിക്കുന്നത്. മറ്റു യോഗ്യതകൾക്കുള്ള ബ്രിഡ്ജ് കോഴ്‌സുകളുടെ കാലാവധി ആറുമാസം മുതൽ ഒരു വർഷം വരെയും അതിലധികവുമാകാം. ഇവിടെ പറയുന്ന ഒഴിവാക്കലുകളും ഇളവുകളും ബന്ധപ്പെട്ട കോഴ്‌സിന്റെ പേര്, ദൈർഘ്യം, അംഗീകാരം, പ്രവേശനവർഷം തുടങ്ങിയ ഷെഡ്യൂളിലെ നിബന്ധനകൾക്ക് വിധേയമാണ്. എല്ലാ ഡിപ്ലോമകൾക്കും ഈ ഇളവ് ലഭിക്കുമെന്ന് കരുതരുത്.

പ്രധാനമായി അറിയേണ്ടത്: ബ്രിഡ്ജ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാൽ അത് ഒരു ഡിഗ്രിയോ ഡിപ്ലോമയോ ആയി കണക്കാക്കില്ല. പുതിയ അക്കാദമിക് യോഗ്യത നൽകുകയല്ല ഇതിന്റെ ലക്ഷ്യം. നിലവിൽ സേവനം അനുഷ്ഠിക്കുന്ന അർഹരായ പ്രൊഫഷണലുകൾക്ക് ആവശ്യമായ നൈപുണ്യവും യോഗ്യതാ മാനദണ്ഡങ്ങളും ഉറപ്പാക്കി രജിസ്ട്രേഷൻ നേടാനുള്ള വഴിയൊരുക്കുകയാണ്. കരട് ചട്ടത്തിലെ Regulation 15 പ്രകാരം ഈ പ്രൊവിഷണൽ രജിസ്ട്രേഷൻ ലഭിച്ചവർക്ക് ഇന്ത്യയിൽ മാത്രമേ പ്രാക്ടീസ് ചെയ്യാൻ അർഹതയുണ്ടാകൂ.

ബി.വോക് (B.Voc) കോഴ്‌സുകാർ: ആശ്വാസവും ആശങ്കയും: നൈപുണ്യവികസന കോഴ്‌സായ B.Voc ചെയ്തവരുടെ കാര്യത്തിൽ കരട് ചട്ടങ്ങൾ ഒരേസമയം ആശ്വാസവും ആശങ്കയും നൽകുന്നുണ്ട്. ഉൾപ്പെടുത്തിയിട്ടുള്ള കോഴ്‌സുകൾ: കരട് ചട്ടങ്ങളുടെ ഒന്നാം ഷെഡ്യൂളിൽ B.Voc യോഗ്യത ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന മേഖലകൾ ഇവയാണ്:

  • മെഡിക്കൽ ലബോറട്ടറി ടെക്നോളജി (MLT) അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (Anaesthesia & OTT) ഫിസിയോതെറാപ്പി

  • ഒപ്‌റ്റോമെട്രി

  • മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി (MRIT) എന്നാൽ B.Voc എന്ന പേര് മാത്രം മതിയാകില്ല. കോഴ്‌സിന്റെ കൃത്യമായ പേര്, കാലാവധി, UGC മാനദണ്ഡങ്ങൾ, പ്രവേശനവർഷം, മറ്റ് നിബന്ധനകൾ എന്നിവയും പരിശോധിക്കണം.

ബ്രിഡ്ജ് കോഴ്‌സിന്റെ കാലാവധി: B.Voc ഫിസിയോതെറാപ്പിക്കും ഒപ്‌റ്റോമെട്രിക്കും ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്‌സ് വേണം. MLT, MRIT മേഖലകളിൽ ആറുമാസത്തെ ബ്രിഡ്ജ് കോഴ്‌സാണ് നിഷ്കർഷിച്ചിരിക്കുന്നത്. അനസ്തേഷ്യ ആൻഡ് OTT-യിൽ B.Voc യോഗ്യതയുള്ളവർക്ക് ബ്രിഡ്ജ് കോഴ്‌സ് ആവശ്യമില്ല . പ്ലസ് ടു സയൻസ് കടമ്പ: B.Voc ഒപ്‌റ്റോമെട്രിയുള്ളവർക്ക് ഒരു പ്രത്യേക നിബന്ധനയുണ്ട്. പൊതുവെ B.Voc കോഴ്‌സുകൾക്ക് പ്ലസ് ടു ഏത് സ്ട്രീമിൽ പഠിച്ചവർക്കും പ്രവേശനം നേടാനാകുമെങ്കിലും, ഒപ്‌റ്റോമെട്രി വിഭാഗത്തിൽ പ്രൊവിഷണൽ രജിസ്ട്രേഷന് പരിഗണിക്കപ്പെടണമെങ്കിൽ പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണം എന്ന് ഷെഡ്യൂൾ നിഷ്കർഷിക്കുന്നു. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ പ്ലസ് ടു പഠിച്ചശേഷം B.Voc ഒപ്‌റ്റോമെട്രി പൂർത്തിയാക്കിയവർക്ക് ഈ നിബന്ധന തിരിച്ചടിയാകാം. എന്നാൽ പ്ലസ് ടു സയൻസ് യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്ക് NIOS പോലുള്ള ഓപ്പൺ സ്കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ആവശ്യമായ സയൻസ് വിഷയങ്ങൾ മാത്രം പഠിച്ച് പരീക്ഷ എഴുതുന്നതിലൂടെ താരതമ്യേന കുറഞ്ഞ സമയത്തും ചെലവിലും ഈ യോഗ്യത നേടാനുള്ള വഴിയുണ്ട്. കൂടാതെ B.Voc ഒപ്‌റ്റോമെട്രി, B.Voc Optometry and Ophthalmic Technology, B.Voc Ophthalmic Technology എന്നീ കോഴ്‌സുകൾക്ക് 2018 മുതൽ 2021 വരെയുള്ള പ്രവേശനവർഷ പരിധിയും നൽകിയിട്ടുണ്ട്. അതായത്, 2018-നും 2021-നും ഇടയിൽ ഈ കോഴ്‌സുകളിൽ പ്രവേശനം നേടിയവർക്ക് മാത്രമേ പ്രൊവിഷണൽ രജിസ്ട്രേഷൻ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നത് മറ്റു ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, ഡയറ്റീഷ്യന്മാർ എന്നിവർക്ക് പുതിയ അവസരങ്ങൾ: സൈക്കോളജിസ്റ്റുകൾ: ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (RCI) പരിധിയിൽ വരുന്നതിനാൽ, അതൊഴിച്ചുള്ള കൗൺസലിങ് / ബിഹേവ്യറൽ സൈക്കോളജിസ്റ്റുകൾക്കായി മാത്രം കരട് ചട്ടത്തിൽ പ്രത്യേക വ്യവസ്ഥയുണ്ട്. മറ്റു വിഷയങ്ങളിൽ UG ചെയ്ത ശേഷം സൈക്കോളജിയിൽ മാസ്റ്റേഴ്സ് (MA/MSc) ബിരുദം നേടിയവർക്ക് ഈ വ്യവസ്ഥ പ്രയോജനപ്പെടാം. എന്നാൽ മാസ്റ്റേഴ്സ് ബിരുദം മാത്രം മതിയാകില്ല. കുറഞ്ഞത് മൂന്നുവർഷത്തെ അംഗീകൃത പ്രൊഫഷണൽ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇവർക്ക് ആറുമാസത്തെ ബ്രിഡ്ജ് കോഴ്‌സ് പൂർത്തിയാക്കി രജിസ്ട്രേഷൻ നേടാനുള്ള വഴിയാണ് കരട് ചട്ടം മുന്നോട്ടുവെക്കുന്നത്. മെഡിക്കൽ സോഷ്യൽ വർക്കർമാർ: BSW, MSW യോഗ്യതയുള്ളവർക്കും മറ്റു ചില വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും രജിസ്ട്രേഷൻ നേടാനുള്ള വ്യവസ്ഥകൾ ഷെഡ്യൂളിലുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ നിബന്ധനയല്ല: 3/4 വർഷ BSW ബിരുദധാരികൾക്ക് ക്ലിനിക്കൽ മേഖലയിൽ പ്രവൃത്തിപരിചയം രണ്ടുവർഷത്തിൽ താഴെയാണെങ്കിൽ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്‌സ് പൂർത്തിയാക്കണം. ആരോഗ്യവിഷയങ്ങളല്ലാത്ത സ്പെഷ്യലൈസേഷനുകളിലുള്ള MSW ബിരുദധാരികൾക്ക് പ്രവൃത്തിപരിചയം രണ്ടുവർഷത്തിൽ താഴെയാണെങ്കിൽ ആറുമാസത്തെ ബ്രിഡ്ജ് കോഴ്‌സാണ് നിർദേശിച്ചിരിക്കുന്നത്. ആരോഗ്യവിഷയങ്ങളിലെ സ്പെഷ്യലൈസേഷനുള്ള MSW ബിരുദധാരികൾക്ക് പ്രവൃത്തിപരിചയം ഒരു വർഷത്തിൽ താഴെയാണെങ്കിൽ ആറുമാസത്തെ ബ്രിഡ്ജ് കോഴ്‌സാണ് വ്യവസ്ഥ. സോഷ്യോളജി, ആന്ത്രപ്പോളജി, സൈക്കോളജി, ഹോം സയൻസ് തുടങ്ങിയ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് മെഡിക്കൽ, സൈക്യാട്രിക് അല്ലെങ്കിൽ ക്ലിനിക്കൽ സോഷ്യൽ വർക്കറായി ആരോഗ്യരംഗത്ത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കിൽ ഒരു വർഷത്തെ ബ്രിഡ്ജ് കോഴ്‌സിലൂടെ രജിസ്ട്രേഷൻ നേടാനുള്ള വ്യവസ്ഥയുമുണ്ട്. ന്യൂട്രീഷനിസ്റ്റുകളും ഡയറ്റീഷ്യന്മാരും: B.Sc Food, Nutrition and Dietetics, Home Science, Clinical Nutrition, Nutrition and Dietetics തുടങ്ങിയ ഷെഡ്യൂളിൽ പറയുന്ന മൂന്നു വർഷ ബിരുദ യോഗ്യതകൾക്ക് ആറുമാസത്തെ ബ്രിഡ്ജ് കോഴ്‌സ് നിർദേശിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലും കോഴ്‌സിന്റെ കൃത്യമായ പേരും കാലാവധിയും ഷെഡ്യൂളിലെ നിബന്ധനകളും പരിശോധിച്ചാണ് അർഹത തീരുമാനിക്കുക.

നിലവിലെ പ്രൊഫഷണൽ ബിരുദധാരികളുടെ ആശങ്കകൾ:

നിശ്ചിത അക്കാദമിക് യോഗ്യതയില്ലാതെ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും ഹ്രസ്വകാല കോഴ്‌സുകൾ പൂർത്തിയാക്കിയവർക്കും ബ്രിഡ്ജ് കോഴ്‌സിലൂടെ രജിസ്ട്രേഷൻ നേടാനുള്ള അവസരം നൽകുന്നത് സ്വാഗതാർഹമാണ്. എന്നാൽ അതോടൊപ്പം നിലവിലെ പ്രൊഫഷണൽ ബിരുദധാരികൾക്കിടയിൽ ചില ആശങ്കകളും ഉയരുന്നുണ്ട്. ബ്രിഡ്ജ് കോഴ്‌സും പരീക്ഷയും പാസായി സ്ഥിരം രജിസ്ട്രേഷൻ നേടുന്നവരും, നാലോ അഞ്ചോ വർഷത്തെ റെഗുലർ പ്രൊഫഷണൽ ബിരുദം പൂർത്തിയാക്കി ആവശ്യമായ ക്ലിനിക്കൽ പരിശീലനവും ഇന്റേൺഷിപ്പും നേടിയവരും ഒരേ രജിസ്റ്ററിൽ ഉൾപ്പെടുമ്പോൾ പ്രൊഫഷന്റെ നിലവാരം എങ്ങനെ ഉറപ്പാക്കും എന്നതാണ് പ്രധാന ചോദ്യം. രജിസ്ട്രേഷൻ എന്നത് പേരുകൾ ഒരു പട്ടികയിൽ ചേർക്കുന്നതിൽ ഒതുങ്ങരുത്. ഓരോ പ്രൊഫഷന്റെയും പ്രവർത്തനപരിധി, പരിശീലന നിലവാരം, ക്ലിനിക്കൽ നൈപുണ്യം, രോഗികളുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സംവിധാനവും അതിനൊപ്പം ഉണ്ടാകണം. ബ്രിഡ്ജ് കോഴ്‌സുകളും സൂപ്പർവൈസ്ഡ് ക്ലിനിക്കൽ പരിശീലനവും യോഗ്യതാ പരീക്ഷയും ഈ നിലവാരം ഉറപ്പാക്കുന്ന രീതിയിൽ നടപ്പിലാക്കേണ്ടതുണ്ട്.

അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം: ഓർക്കുക, ഇതൊരു കരട് വിജ്ഞാപനം മാത്രമാണ്. അതിനാൽ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും അറിയിക്കാൻ അവസരമുണ്ട്. പ്രത്യേകിച്ച് ഇന്ററിം പ്രൊഫഷണലുകളെ സംബന്ധിച്ച Regulation 9(2)-ലെ അപാകത, B.Voc യോഗ്യതകളിലെ പ്രവേശനവർഷവും പ്ലസ് ടു സയൻസ് നിബന്ധനകളും, വിവിധ പ്രൊഫഷണുകളിലെ പ്രവൃത്തിപരിചയ വ്യവസ്ഥകളും സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.

അഭിപ്രായങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഡിസംബർ 4

കരട് ചട്ടങ്ങൾ വായിക്കാൻ: https://ncahp.abdm.gov.in/DraftRegulations

അഭിപ്രായങ്ങളും നിർദേശങ്ങളും അയക്കേണ്ട ഇ-മെയിൽ: ncahp.regulations@ ആരോഗ്യ അനുബന്ധ പ്രൊഫഷനുകൾക്ക് രാജ്യവ്യാപകമായ ഏകീകൃത നിലവാരവും അംഗീകാരവും ഉറപ്പാക്കാനുള്ള നിർണായക ചുവടുവെപ്പാണ് NCAHP നിയമവും തുടർന്നുള്ള രജിസ്ട്രേഷൻ ചട്ടങ്ങളും. എന്നാൽ നിലവിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽസുരക്ഷയും പുതിയ തലമുറയുടെ പ്രൊഫഷണൽ നിലവാരവും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലായിരിക്കണം അന്തിമ ചട്ടങ്ങൾ. അതിനുള്ള അവസരമാണ് ഇപ്പോൾ പൊതുജനാഭിപ്രായതേട്ടത്തിലൂടെ തുറന്നിരിക്കുന്നത്.

 

Article By: Nizar Peruvad
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query