പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ആശ്വാസമായി വഖഫ് ബോർഡിന്റെ പലിശരഹിത ലോൺ സ്കോളർഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു
2026-27 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് പ്രവേശനം നേടിയ മുസ്ലിം വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന വഖഫ് ബോർഡ് പലിശരഹിത ലോൺ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് പഠനസഹായമായി പ്രതിമാസം 5,000 രൂപ വീതമാണ് സ്കോളർഷിപ്പായി അനുവദിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ 200 വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്.
യോഗ്യതാ മാനദണ്ഡങ്ങൾ:
-
2026-27 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ഒന്നാം വർഷം പഠിക്കുന്ന മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
-
അപേക്ഷകർ മുൻ പരീക്ഷയിൽ (പ്ലസ് ടു അല്ലെങ്കിൽ 12-ാം ക്ലാസ്സ്) കുറഞ്ഞത് 80 ശതമാനം മാർക്കോ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം.
-
അപേക്ഷകന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെ ആയിരിക്കണം.
അപേക്ഷിക്കേണ്ട വിധവും സമർപ്പിക്കേണ്ട രേഖകളും:
-
അപേക്ഷാഫോം കേരള സംസ്ഥാന വഖഫ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralastatewakfboard.in ൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
-
അപേക്ഷാ ഫോറത്തിൽ വിദ്യാർത്ഥിയുടെ പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ, ഇമെയിൽ, രക്ഷിതാവിന്റെ വിവരങ്ങൾ, വാർഷിക വരുമാനം, യോഗ്യതാ പരീക്ഷയുടെ അക്കാദമിക് വിവരങ്ങൾ, പ്രവേശനം ലഭിച്ച സ്ഥാപനത്തിന്റെയും കോഴ്സിന്റെയും വിവരങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
-
അപേക്ഷയോടൊപ്പം പ്ലസ് ടു അല്ലെങ്കിൽ 12-ാം ക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ് നിർബന്ധമായും ഉള്ളടക്കം ചെയ്തിരിക്കണം.
-
ഫോറത്തിൽ അപേക്ഷകനായ വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പിട്ട സത്യവാങ്മൂലം ഉണ്ടായിരിക്കണം.
-
പൂരിപ്പിച്ച അപേക്ഷകൾ അയക്കേണ്ട വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി. റോഡ്, കലൂർ, കൊച്ചി - 682017.
-
അപേക്ഷകൾ 2026 ഒക്ടോബർ 31-നകം വിലാസത്തിൽ ലഭ്യമാകേണ്ടതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
-
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണങ്ങൾക്കായി 0484-2101485, 0484-2342485, 0484-2346091 എന്നീ ഫോൺ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
ജാമ്യ വ്യവസ്ഥകൾ:
-
പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ വഖഫ് ബോർഡ് ആവശ്യപ്പെടുന്ന പ്രകാരം 200 രൂപയുടെ മുദ്രപത്രത്തിൽ കരാർ തയ്യാറാക്കി ഒപ്പിടുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം.
-
കരാറിന്റെ എല്ലാ പേജുകളിലും വായ്പയെടുക്കുന്ന വിദ്യാർത്ഥിയും രണ്ട് ജാമ്യക്കാരും ഒപ്പിടേണ്ടതാണ്.
-
ജാമ്യക്കാരിൽ ഒരാൾ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനം, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്ക് അല്ലെങ്കിൽ സൊസൈറ്റി എന്നിവയിലൊന്നിൽ ജോലി ചെയ്യുന്ന വ്യക്തിയായിരിക്കണം.
-
അതല്ലെങ്കിൽ, ജാമ്യക്കാരിൽ ഒരാൾ വായ്പയെടുക്കുന്ന വിദ്യാർത്ഥിയുടെ പിതാവ്, മാതാവ്, സഹോദരൻ, സഹോദരി എന്നിവരിൽ വരുമാനമുള്ള വ്യക്തിയായിരുന്നാലും മതിയാകും.
-
ജാമ്യക്കാരനായി ഹാജരാകുന്ന ഉദ്യോഗസ്ഥൻ പ്രത്യേക ഫോമിൽ ജാമ്യ ഉറപ്പ് നൽകേണ്ടതുണ്ട്.
തിരിച്ചടവ് വ്യവസ്ഥകളും പിഴയും:
-
വിദ്യാർത്ഥി പഠിക്കുന്ന കോഴ് പൂർത്തിയാക്കി 6 മാസത്തിനുശേഷമാണ് വായ്പയുടെ തിരിച്ചടവ് ആരംഭിക്കേണ്ടത്.
-
തിരിച്ചടവ് ആരംഭിച്ച് തുടർന്ന് വരുന്ന 24 മാസത്തിനകം വായ്പാ തുക പൂർണ്ണമായി അടച്ചു തീർക്കേണ്ടതാണ്.
-
കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പാ തുകയ്ക്ക് യാതൊരുവിധ പലിശയും ബോർഡ് ഈടാക്കുന്നതല്ല.
-
എന്നാൽ, നിശ്ചിത തിരിച്ചടവ് കാലാവധി കഴിഞ്ഞും തുക അടയ്ക്കാതെ കുടിശ്ശിക വരുത്തുന്ന പക്ഷം, 12 ശതമാനം നിരക്കിൽ നഷ്ടപരിഹാരത്തുക പിഴയായി ഈടാക്കുന്നതാണ്. തുക യഥാസമയം തിരിച്ചടയ്ക്കാത്തതുമൂലം ബോർഡിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും, പ്രസ്തുത തുക മറ്റൊരു അർഹനായ വിദ്യാർത്ഥിക്ക് അനുവദിക്കാൻ കഴിയാത്തതുമൂലമുള്ള അവസരനഷ്ടത്തിനും പരിഹാരമായാണ് ഈ തുക ഈടാക്കുന്നത്.
Article By: Mujeebulla K.M
CIGI Career Team