×
20 April 2024
0

ഐ.ഐ.എസ്സിയിൽ ബിരുദ പ്രോഗ്രാമുകൾ

ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് ലോകോത്തര നിലവാരം പുലർത്തുന്ന സ്ഥാപനമാണ് ബെംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അഥവാ ഐ.ഐ.എസ്സി. ഗവേഷണരംഗത്ത് മികവും പ്രഗൽഭരായ അദ്ധ്യാപകരും മികച്ച പഠന സൗകര്യങ്ങളും കുറഞ്ഞ ഫീസും ഐ.ഐ.എസ്സിയുടെ പ്രത്യേകതകളാണ് .
പ്ലസ് ടു സയൻസ് പൂർത്തിയാക്കിയവർക്ക് പ്രവേശനം നേടാവുന്ന മികവുറ്റ പ്രോഗ്രാമുകളാണ് നാലു വർഷം ദൈർഘ്യമുള്ള ബാച്ച്ലർ ഓഫ് സയൻസ് (റിസർച്ച് ), ബാച്ചിലർ ഓഫ് ടെക്നോളജി ഇൻ മാത്തമാറ്റിക്സ് എന്നിവ,

ബാച്ച്‌ലർ ഓഫ് സയൻസ് (റിസർച്ച്):

നാലുവർഷ (എട്ട് സെമസ്റ്റർ) പ്രോഗ്രാമിൽ ആദ്യ മൂന്ന്  സെമസ്റ്ററുകളിൽ  എല്ലാവർക്കും ഫിസിക്സ്,കെമിസ്ട്രി,ബയോളജി,മാത്തമാറ്റിക്സ്,എൻജിനീയറിങ്,മാനവിക വിഷയങ്ങൾ എന്നിവയിലെ അടിസ്ഥാന പഠനമാണ്. അടുത്ത മൂന്ന് സെമസ്റ്ററുകളിൽ ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ്, ബയോളജി, മെറ്റീരിയൽ സ്, എർത്ത്  & എൻവയോൺമെൻറൽ സയൻസ് എന്നീ സ്പെഷലൈസേഷൻ വിഷയങ്ങളിലൊന്നിൽ ആഴത്തിലുള്ള പഠനം. നാലാം വർഷം അഡ്വാൻസ്ഡ് ഇലക്ടീവ് കോഴ്സുകൾക്കൊപ്പം ഗവേഷണ പ്രോജക്റ്റും പൂർത്തിയാക്കണം. താൽപര്യമുള്ളവർക്ക് ഒരു വർഷം കൂടെ പഠിച്ച് മാസ്റ്റർ ബിരുദം (എം.എസ്) നേടാം. പ്രതിവർഷം 10000  രൂപയാണ് ട്യൂഷൻ ഫീസ്.മറ്റ് ഫീസുകളുമുണ്ടാകും. പട്ടികവിഭാഗങ്ങൾക്ക് പഠനം സൗജന്യമാണ്. 2023 ൽ പ്ലസ് ടു (ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് ) 60 ശതമാനം മാർക്കോടെ വിജയിച്ചവർക്കും  ഇത്തവണ  പരീക്ഷയെഴുതിയവർക്കും  അപേക്ഷിക്കാം.  പട്ടിക വിഭാഗക്കാർ പ്ലസ്ടു ജയിച്ചാൽ മതി. 111 സീറ്റുകളുണ്ട്. വനിതകൾക്ക് പത്ത് ശതമാനം സൂപ്പർ ന്യൂമററി സീറ്റുകൾ അധികമായി അനുവദിക്കും.

പ്രവേശന വഴികൾ:

പ്രത്യേക പ്രവേശന പരീക്ഷയില്ല.എന്നാൽ താഴെപ്പറയുന്ന നാല് പരീക്ഷകളിൽ ഏതെങ്കിലുമൊന്ന് അഭിമുഖീകരിച്ച്  നിശ്ചിത യോഗ്യത നേടിയവർക്കാണ് പ്രവേശനം ലഭിക്കാറുള്ളത്.

1.ജോയിൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) - മെയിൻ - 2024

2.ജെ.ഇ ഇ അഡ്വാൻസ്ഡ് -2024
 
3.നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) - 2024

4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ ) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - 2024

യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഒന്നിലധികം ചാനലുകളിൽ  അപേക്ഷിക്കാവുന്നതാണ്.www.iisc.ac.in വഴി മെയ് 7 വരെ അപേക്ഷിക്കാം. ജനറൽ/ഒ.ബി.സി /ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 500 രൂപയാണ് ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ മതി .

സ്കോളർഷിപ്പ്:

പ്രവേശന ചാനലനുസരിച്ച് ഇൻസ്പയർ /ഐ.ഐ.എസ്സി പ്രൊമോഷണൽ സ്കീം എന്നിവ വഴിയുള്ള സ്കോളർഷിപ്പ് ലഭിക്കും. കൂടാതെ ഇന്ത്യൻ, മൾട്ടി നാഷണൽ ഏജൻസികൾ, ബിസിനസ് ഹൗസുകൾ തുടങ്ങിയവ നൽകുന്ന സ്കോളർഷിപ്പുകളുമുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.

ബാച്ച്ലർ ഓഫ് ടെക്നോളജി ഇൻ മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ്:

വളരെ ശ്രദ്ധേയമായ നാല് വർഷ ബിരുദതല  എൻജിനീയറിങ് പ്രോഗ്രാമാണിത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളടങ്ങിയ പ്ലസ് ടുവാണ് യോഗ്യത. 52 സീറ്റുകളുണ്ട്. മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ് വിഷയങ്ങൾക്കു പുറമേ സയൻസ്, ഹുമാനിറ്റീസ്, എൻജിനീയറിങ് വിഷയങ്ങളും പഠിക്കണം.
മാത്തമാറ്റിക്സ്,  ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടേഷണൽ സയൻസ്,സിഗ്നൽ പ്രോസസിംഗ്, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടേഷണൽ ബയോളജി,
മാത്തമാറ്റിക്കൽ ഫിനാൻസ് തുടങ്ങിയ സ്റ്റഡിട്രാക്കുകളും പ്രോഗ്രാമിലുണ്ട്. താൽപര്യമുള്ള സ്റ്റഡിട്രാക്ക് തിരഞ്ഞെടുക്കാം. വർഷത്തിൽ രണ്ട് ലക്ഷം രൂപ ട്യൂഷൻ ഫീസടക്കണം. മറ്റ് ഫീസുകളുമുണ്ട്. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല.

ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ് പ്രവേശനം.മെയ് 15 നും  ജൂൺ 12 നുമിടയിൽ  അപേക്ഷ സമർപ്പിക്കാം. 
ജനറൽ/ഒ.ബി.സി /ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ .
ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് വിവരങ്ങൾ പിന്നീട് അപ് ഡേറ്റ് ചെയ്താൽ മതി.വിശദ വിവരങ്ങൾക്ക് www.iisc.ac.in സന്ദർശിക്കുക.

An Article By Anver Muttancheri
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017