×
31 October 2022
1

ചന്ദ്രനിലൊരു താവളം പണിയാം

Article By: Haneena Fathima C.K (Student, Project Infinity Batch C)


പണ്ടുമുതലേ മനുഷ്യനെ ഏറ്റവും കൂടുതൽ ആകർഷിക്കുകയും അതിശയിപ്പിക്കുകയും ചെയ്ത ആകാശഗോളമാണ് ചന്ദ്രൻ. ഭൂമിയുടെ ഏറ്റവും അടുത്ത ചങ്ങാതിയായ ചന്ദ്രനിൽ ജീവനുണ്ടോ എന്ന സംശയം മനുഷ്യന് പണ്ടേയുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ബഹിരാകാശയാത്ര നടത്തുവാൻ മാത്രം നാം വളർന്നതോടെ ആ സംശയം മാറി പകരം അവിടെ ജീവിക്കാൻ പറ്റിയ സാഹചര്യം ഉണ്ടോ എന്നും അവിടെ മനുഷ്യർക്ക് ഒരു താവളം പണിയാൻ പറ്റുമോ എന്നുമായി ചിന്ത. ചന്ദ്രനിലെ ജലസാന്നിധ്യം തേടിയുള്ള പഠനങ്ങളുടെ തുടക്കം അവിടെയാണ്. വലിപ്പത്തിലും ഭാരത്തിലും സൗരയുഥത്തിലെ അഞ്ചാമത്തെ ഉപഗ്രഹമാണ് ചന്ദ്രൻ .ഭൂമിയിലുള്ളതിൻറെ ആറിലൊന്ന് ഗുരുത്വാകർഷണബലം ചന്ദ്രനുള്ളു. അതിനാൽ തന്നെ അന്തരീക്ഷ വാതകങ്ങളെ പിടിച്ചുനിർത്താൻ ചന്ദ്രനു കഴിയില്ല . പേരിനുപോലും അന്തരീക്ഷം ഇല്ലാത്ത ചന്ദ്രനിൽ പകൽ സമയത്ത് നല്ല ചൂടും രാത്രിയിൽ കൊടും തണുപ്പുമാണ്. ചന്ദ്രൻറെ ഉപരിതലത്തിൽ വെള്ളത്തിന് നിലനിൽക്കാനാവില്ല എങ്കിലും ധ്രുവങ്ങളിലെ ഗർത്തങ്ങളിൽ ജലം ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി ശാസ്ത്രജ്ഞൻ ആലോചിച്ചിരിക്കുന്നു. ഇതിനെ തുടർന്ന് നടത്തിയ നിരീക്ഷണങ്ങളിൽ വെള്ളമാക്കി മാറ്റാവുന്ന ജലത്തിൻറെ അയണീകൃത രൂപമായ ഹൈഡ്രോക്സിലിൻറെ (hydroxyl-OH) സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും ധ്രുവങ്ങളിൽ ജലത്തിൻറെ സാന്നിധ്യം കണ്ടെത്തിയ നേട്ടം ഇന്ത്യക്ക് സ്വന്തമാണ്. 2008 നവംബർ 14ന് ചന്ദ്രയാൻ ഒന്നിലെ മൂൺ ഇംപാക്ട് പ്രോബ്, ഷാക്കിൾട്ടൺ ഗർതത്തിനു സമീപം നടത്തിയ പഠനത്തിലൂടെ ചന്ദ്രനിൽ ജലം ഐസ് ഉണ്ടെന്ന് തെളിഞ്ഞു .എന്നാൽ 2020 അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സൂര്യപ്രകാശമേൽക്കുന്ന ചന്ദ്രൻറെ ഭാഗത്തും ജലകണങ്ങളുണ്ടെന്ന് കണ്ടെത്തി. നാസയുടെ വിമാനവാഹിനി വാന നിരീക്ഷണകേന്ദ്രമായ സോഫിയയിലെ (Sofia)  ദൂരദർശനിയാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശമേൽക്കാത്ത ഭാഗത്തും ചിലപ്പോൾ കൂടുതൽ ജലം ഉണ്ടായേക്കാം എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞരുടെ നിഗമനം.

 ചന്ദ്രനിൽ ആളെ ഇറക്കാനും സുരക്ഷിതമായി തിരിച്ചെത്തിക്കാനും കഴിയുമെന്ന് പതിറ്റാണ്ടുകൾക്കുമുമ്പേ തെളിഞ്ഞിരിക്കെ ചന്ദ്രനിലെ ജലസാന്നിധ്യം വഴിതുറക്കുന്നത് അവിടെ ഇടത്താവളം പണിയുക എന്ന മനുഷ്യൻറെ ചന്ദ്രപര്യവേഷണങ്ങളുടെ അത്യന്തിക ലക്ഷ്യത്തിലേക്കാണ്.  ചന്ദ്രനിൽ താവളം ഉറപ്പിക്കാനും മറ്റു ഗോളങ്ങളിലേക്കുള്ള യാത്രകളുടെ ഇടത്താവളമായി ചന്ദ്രനെ ഉപയോഗിക്കാനും ഇവിടത്തെ ജലസാന്നിധ്യം സഹായിക്കും. മാത്രമല്ല പല സ്വകാര്യ സ്ഥാപനങ്ങളും ഇപ്പോൾ ചന്ദ്രനെ ലക്ഷ്യം വെക്കുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ ചന്ദ്രനിൽ ഇറങ്ങാൻ ആയി തങ്ങൾ നിർമ്മിക്കുന്ന ലാൻഡറിൻറെ മാതൃക ഈയടുത്ത് പുറത്തുവിട്ടിരുന്നു. ഇലോൺ മസ്ക്, പോൾ അലൻ, റിച്ചാർഡ്ബ്രൺസൺ തുടങ്ങിയ കോടീശ്വരന്മാർക്കെല്ലാം സ്വകാര്യ ബഹിരാകാശ പദ്ധതികളുണ്ട്. ചന്ദ്രയാത്രകളിലൂടെ ബഹിരാകാശ പര്യവേക്ഷണം ഒരു വിനോദസഞ്ചാര വ്യവസായമായി മാറും എന്നതിൻറെ സൂചനയാണിത് നൽകുന്നത്.

 ഓക്സിജൻ ,റോക്കറ്റ് ഇന്ധനം തുടങ്ങിയ ആവശ്യ വസ്തുക്കൾ ശേഖരിക്കാൻ പറ്റുന്ന താൽക്കാലിക താമസ സൗകര്യമുള്ള ഒരു താവളമായി ചന്ദ്രൻ മാറിയാൽ ഉത്തരം ലഭിക്കുക പ്രപഞ്ചത്തെപ്പറ്റിയുള്ള ആയിരക്കണക്കിന് ചോദ്യങ്ങൾക്കാണ്. അങ്ങനെ പ്രപഞ്ചത്തോട് കൂടുതൽ അടുപ്പം സ്ഥാപിക്കാനുള്ള മനുഷ്യൻറെ ശ്രമങ്ങൾ ചന്ദ്രനിൽ തുടങ്ങാൻ പോവുകയാണ്.

 

 അവലംബം:

  • ബാലരമ ഡൈജസ്റ്റ് , ലക്കം 29 (ജൂലൈ 20, 2019), “ചന്ദ്രയാൻ”
  • ദേശാഭിമാനി അക്ഷരമുറ്റം (ജൂലൈ 16, 2019), “ അമ്പിളിയരികത്ത്”
  • Space Talk: The moon; gateway to the stars (Youtube)
  • www.nasa.gov (Oct 26,2020) article , “ NASA's SOFIA discovers water on sunlit surface of moon"


Comments (1)
  • Fasil - 14 December 2022 at 05:52 PM

    Good 👍


Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query