
വിദേശ പഠനം ലക്ഷ്യമിടുന്നവർ അതിനായ് കിട്ടുന്ന സ്‌കോളർഷിപ്പുകൾ എന്തൊക്കെ എന്നറിയണം
ഈയിടെയായി വിദേശ രാജ്യങ്ങളിലെ പഠനം വലിയ രീതിയിൽ നമ്മുടെ യുവ തലമുറയെ ആകർഷിക്കുന്നതായി കാണാം. പഠിക്കണം, പിന്നെ പിആർ നേടി അവിടെ സെറ്റിലാവണം എന്നാണ് പലരും ചിന്തിക്കുന്നത്. വിദേശത്തെ ചിലവുകൾ അധികരിച്ചതാണ്. പാർട് ടൈം ജോലി ചെയ്താണ് പലരും പഠിക്കാനുള്ള കാശ് കണ്ടെത്തുന്നത്. പാർട് ടൈം ജോലിയെ ആശ്രയിച്ചു തുടർ വർഷങ്ങളിലെ പഠനം മുന്നോട്ടു കൊണ്ടുപോകാമെങ്കിലും, ആദ്യ വർഷത്തെ താരതമ്യേനയുള്ള ഉയർന്ന ഫീസും, ജീവിതച്ചെലവും ബാങ്ക് ഗ്യാരണ്ടിയും സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിന്റെ സാധ്യതകൾ പിന്നോട്ടടിപ്പിക്കുന്നു. അവർക്ക് വലിയ ആശ്വാസമാണ്, വിദേശ പഠനത്തിന് അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ ഏജൻസികളും നൽകുന്ന സ്കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും അസിസ്റ്റന്റ്ഷിപ്പുകളും. എല്ലാ വിദ്യാർത്ഥികൾക്കും ലഭിക്കാനിടയില്ലെങ്കിലും, മിടുക്കർക്ക് ഇവ ലഭിക്കാൻ സാധ്യതയേറെയാണ്. അഡ്മിഷനു മുൻപ് തന്നെ, ഏതെങ്കിലും അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകുന്ന കീഴ്വഴക്കം വിദേശ നാടുകളിൽ വിരളമാണ്.
വിദ്യാർത്ഥിയ്ക്ക് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചശേഷം മാത്രമാണ്, സ്കോളർഷിപ്പ്/ഫെല്ലോഷിപ്പ് /അസിസ്റ്റന്റ്ഷിപ് എന്നിവയ്ക്ക് അപേക്ഷിക്കാൻ യോഗ്യത നേടുക. സ്കോളർഷിപ്പുകളിൽ വിദ്യാർത്ഥി പഠിയ്ക്കാനുദ്ദേശിക്കുന്ന സർവ്വകലാശാലകൾ നൽകുന്നവയും നിർദിഷ്ട രാജ്യങ്ങളിലെ വിവിധ ഏജൻസികൾ നൽകുന്നതുമാണ്.
വിദേശ പഠനം വളരെയധികം പണച്ചെലവുള്ളതാണ്. പണം മുടക്കാതെ സൗജന്യമായി വിദേശത്തു പഠിക്കാൻ സഹായിക്കുന്ന നിരവധി സ്‌കോളർഷിപ്പുകളുണ്ട്.
വിദേശപഠനത്തിനു കൂടുതൽ സ്‌കോളർഷിപ്പുകളും കിട്ടുന്നത് മാസ്റ്റേഴ്‌സ് പഠനത്തിനും പി എച്ച്.ഡിക്കുമാണ്. പോസ്റ്റ് ഡോക്ക് ഫെലോഷിപ്പുകളും നിരവധിയുണ്ട്. ഏതു രാജ്യത്താണോ പഠിക്കാൻ ആഗ്രഹിക്കുന്നത്, ആ രാജ്യത്തിന്റെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എംബസികളുടെയും, കോൺസുലേറ്റുകളുടെയും, ഹൈകമ്മീഷൻ ഓഫീസുകളുടെയും വെബ്‌സൈറ്റും ഒഫീഷ്യൽ ഫേസ്ബുക്, ട്വിറ്റർ പേജുകൾ ഫോളോ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇതിലൂടെ, ആ രാജ്യങ്ങൾ കൊടുക്കുന്ന സ്‌കോളർഷിപ്പുകളുടെയും അവർ ഇന്ത്യൻ കുട്ടികൾക്കുവേണ്ടി നടത്തുന്ന വർക്ക്‌ഷോപ്പുകളുടെയും വിവരങ്ങൾ അറിയാനാവും. സ്‌കോളർഷിപ്പുകൾക്ക് സമയത്തുതന്നെ അപേക്ഷിക്കുകയെന്നതും പ്രധാനമാണ്. പൊതുവേ സെപ്തംബറിലാണ് വിദേശങ്ങളിൽ അദ്ധ്യയനവർഷം ആരംഭിക്കുന്നത്. ചില സ്ഥലങ്ങളിൽ ജനുവരിയിലും.
വിവിധ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്കു നൽകുന്ന ചില സുപ്രധാന സ്കോളർഷിപ്പുകളെ പരിചയപ്പെടാം.
I. യു.കെ.യിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1.ബ്രിട്ടീഷ് ഷെവനിംഗ് സ്കോളർഷിപ്പ്
യു.കെ. ഗവൺമെന്റിന്റെ ഗ്ലോബൽ സ്കോളർഷിപ്പ് പ്രോഗ്രാം നൽകുന്ന ഈ സ്കോളർഷിപ്പിന് സർക്കാർ നിയന്ത്രണത്തിലുള്ള ഫോറിൻ & കോമൺവെൽത്ത് ഓഫീസാണ് ഫണ്ട് നൽകുന്നത്. പ്രതിവർഷം 1500 സ്കോളർഷിപ്പുകളാണ് ബിരുദാനന്തര പഠനത്തിന് ഈ ഓഫീസിൽ നിന്നും അനുവദിക്കുക. ട്യൂഷൻ ഫീസും, ജീവിതച്ചെലവുകളും ഉൾപ്പടെ രണ്ടുവർഷംവരെയുള്ള പഠനക്കാലയളവിലേക്കാണ് സ്കോളർഷിപ്പ്. പഠിതാക്കൾക്ക് ശാസ്ത്രവിഷയങ്ങൾ, ജേർണലിസം, ഹ്യുമാനിറ്റീസ്, കൃഷി, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങി വിവിധ വിഷയങ്ങൾ തെരഞ്ഞെടുക്കാനവസരമുണ്ട്. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപെട്ടാൽ, യു.കെ. യിലെ സർവ്വകലാശാലകളിൽ ഉപരിപഠനത്തിനും അവസരം.
വിശദ വിവരങ്ങൾക്ക് https://www.chevening.org/scholarships/
2. ഫെലിക്സ് സ്കോളർഷിപ്പ്
യു.കെ.യിലെ തെരഞ്ഞെടുത്ത സർവ്വകലാശാലകളിൽ ബിരുദാനന്തര പഠനത്തിനും ഡോക്ടറൽ പഠനത്തിനുമുള്ള സ്കോളർഷിപ്പാണ് ഫെലിക്സ് സ്കോളർഷിപ്പ്. യു കെ.യിലെ പ്രധാന യൂണിവേഴ്സിറ്റികളായ യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ്, റീഡിംഗ് എന്നിവയിൽ ഉപരിപഠനത്തിന് വേണ്ടി അഡ്മിഷൻ ലഭിച്ചവർക്ക് ഫെലിക്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് https://www.felixscholarship.org
3. ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് സ്കോളർഷിപ്പ്
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.കെ. യിലെ സർവ്വകലാശാലകളിൽ അണ്ടർഗ്രാഡുവേറ്റ് പഠനത്തിനും, ഒരു വർഷത്തെ ബിരുദാനന്തര പഠനത്തിനും നൽകുന്ന സ്കോളർഷിപ്പാണ്, ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് സ്കോളർഷിപ്പ്. പ്രതിവർഷം 40 ഓളം പേർക്ക് സ്കോളർഷിപ്പുകൾ അനുവദിക്കും. യൂണിവേഴ്സിറ്റി ഓഫ് എഡിൻബറോ, കെന്റ്, മാഞ്ചസ്റ്റർ, പ്ലിമൗത്ത്, ന്യൂകാസിൽ തുടങ്ങി 25 ഓളം യു.കെ. സർവ്വകലാശാലകളിൽ ഗ്രാഡുവേറ്റ് പ്രവേശനം ലഭിച്ചവർക്ക് മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷകർ ഇന്ത്യയിൽ നിന്നും ബിരുദം നേടിയിരിക്കണം.
വിശദ വിവരങ്ങൾക്ക് https://www.britishcouncil.in/
4. കോമൺ വെൽത്ത് ഷെയർഡ് സ്കോളർഷിപ്പ്
യു.കെ. ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് യു.കെ. യിൽ ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയ്ക്കു നൽകുന്ന മികച്ച സ്കോളർഷിപ്പാണ്, കോമൺ വെൽത്ത് ഷെയർഡ് സ്ക്കോളർഷിപ്പ്. വിദ്യാർത്ഥിയുടെ ഫീസും, മറ്റുള്ള മുഴുവൻ ചെലവുകളും, യാത്രാച്ചെലവുകളും ഇതിൽപ്പെടും.
വിശദ വിവരങ്ങൾക്ക് https://cscuk.fcdo.gov.uk/scholarships/
4ബി. ഗേറ്റ്‌സ് കേംബ്രിഡ്ജ് സ്‌കോളർഷിപ്
പി. ജി, പിഎച്ച്. ഡി പഠനത്തിനു ലഭിക്കുന്ന സ്‌കോളർഷിപ്.
വിവരങ്ങൾക്ക് [email protected],
www.gatescambridge.org.
II. നെതർലന്റിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1. സാൾടയർ സ്കോളർഷിപ്
നെതർലാന്റിൽ മുഴുവൻ സമയ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്. ബിരുദാനന്തര പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 8000 പൗണ്ട് വരെ ഒരു വർഷത്തെ ട്യൂഷൻ ഫീസായി ലഭിക്കും. സ്ക്കോട്ട്ലാന്റിൽ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഈ സ്കോളർഷിപ്പിന് സ്കോട്ടിഷ് സർവ്വകലാശാലയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലെറ്റർ ലഭിച്ച വിദ്യാർത്ഥികളെയാണ് പരിഗണിക്കുക.
കൂടുതൽ വിവരങ്ങൾക്ക് https://www.scotland.org/study/saltire-scholarships/
2. ഓറഞ്ച് ടുലിപ്പ് സ്കോളർഷിപ്പ്
നെതർലാന്റിൽ അണ്ടർഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിന് നൽകിവരുന്ന സ്കോളർഷിപ്പാണിത്. ഡച്ച് സർക്കാർ അംഗീകാരമുള്ള സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. അപേക്ഷകർക്ക്, അതാതു സർവകലാശാലകൾ പറയുന്ന നിർദിഷ്ട യോഗ്യതകളുണ്ടായിരിക്കണം. 100% ടൂഷൻ ഫീസും ഈ സ്കോളർഷിപ്പിലൂടെ അപേക്ഷകനു ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.studyinholland.nl/
lll. അമേരിക്കയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി – ക്ലാരന്റൻ സ്കോളർഷിപ്പ്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് പ്രതിവർഷം 140 പേർക്ക് നൽകുന്ന സ്കോളർഷിപ്പാണ്, ക്ലാരന്റൻ സ്കോളർഷിപ്പ്. പഠന മികവോടെയും മികച്ച അക്കാദമിക നിലവാരത്തോടെയും യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് പഠന ചെലവ്, ജീവിത ചെലവ് തുടങ്ങിയവ സ്കോളർഷിപ്പിലൂടെ ലഭിക്കും. യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ, പ്രത്യേക അപേക്ഷ നൽകാതെ തന്നെ. അക്കാദമിക മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പിന് തെരഞ്ഞടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് https://www.ox.ac.uk/clarendon/
2. കോർണൽ യൂണിവേഴ്സിറ്റി ടാറ്റ സ്കോളർഷിപ്പ്
അമേരിക്കയിൽ അണ്ടർഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിന് ടാറ്റ എഡുക്കേഷൻ & ഡെവലപ്മെന്റ് ട്രസ്റ്റും, കോർണൽ യൂണിവേഴ്സിറ്റിയും ചേർന്ന് നൽകുന്ന സ്കോളർഷിപ്പാണ്, കോർണൽ യൂണിവേഴ്സിറ്റി ടാറ്റ സ്കോളർഷിപ്പ്. എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഇക്കണോമിക്സ്, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ അണ്ടർഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് https://www.cornell.edu/
3. ഫുൾബ്രൈറ്റ് നെഹ്റു റിസർച്ച് ഫെല്ലോഷിപ്പ്
അമേരിക്കയിലെ വിവിധ സർവ്വകലാശാലകളിൽ പാരിസ്ഥിതിക പഠനം, നിയമം, പൊതുജനാരോഗ്യം, ലിംഗനീതി, ആർട്സ്, സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പരിരക്ഷ, സംസ്ക്കാരം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പഠനത്തിനു അമേരിക്കയും ഇന്ത്യ ഗവൺമെന്റും സംയുക്തമായി നൽകുന്ന സ്കോളർഷിപ്പാണ്, ഫുൾബ്രൈറ്റ് നെഹ്റു റിസർച്ച് ഫെല്ലോഷിപ്പ്. അക്കാദമിക് നിലവാരം, ബിരുദ പ്രോഗ്രാമിലെ മികവ് എന്നിവ വിലയിരുത്തിയുള്ള ഈ സ്കോളർഷിപ്പിൽ എല്ലാ പഠനച്ചെലവുകളും ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് https://www.usief.org.in
lV. ആസ്ട്രേലിയൻ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ
1. അഡലൈഡ് യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്
അഡലൈഡ് യൂണിവേഴ്സിറ്റിയിലെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിനും മൂന്നുവർഷത്തെ ഗവേഷണ പഠനത്തിനും യൂണിവേഴ്സിറ്റി തന്നെ നൽകുന്ന സ്കോളർഷിപ്പാണിത്. മുഴുവൻ പഠന ചെലവും സ്റ്റൈപ്പന്റും ആരോഗ്യ ഇൻഷൂറൻസും ഉൾപ്പടെ വലിയൊരു സംഖ്യ സ്കോളർഷിപ്പായി ലഭിക്കും. ആസ്ട്രേലിയയിലെ ഏതെങ്കിലുമൊരു യൂണിവേഴ്സിറ്റി അംഗീകരിച്ച ഓണേഴ്സ് ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനവസരം.
കൂടുതൽ വിവരങ്ങൾക്ക് https://www.adelaide.edu.au/
2. ഡോ. അബ്ദുൾ കലാം ഇന്റർനാഷണൽ സ്കോളർഷിപ്
ആസ്ട്രേലിയയിലെ, പ്രധാനമായും യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിൽ പ്രവേശനം ലഭിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് – ഐ.ടി. മേഖലയിൽ ബിരുദാനന്തര പഠനത്തിന് നൽകിവരുന്ന സ്കോളർഷിപ്പാണ്, ഡോ. അബ്ദുൾ കലാം ഇന്റർനാഷണൽ സ്കോളർഷിപ്. ആസ്ട്രേലിയയിൽ മറ്റിടങ്ങളിലെ അണ്ടർഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിനും പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
വിശദ വിവരങ്ങൾക്ക് https://www.unsw.edu.au/
V. ഫ്രാൻസിലെ പഠനത്തിനു ചർപാക്ക് സ്കോളർഷിപ്
ഫ്രാൻസിൽ ബിരുദാനന്തര പഠനത്തിനു ചേർന്ന വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പാണ്, ചർപാക്ക് സ്കോളർഷിപ്പ്. അപേക്ഷകർ 30 വയസ്സിൽ താഴെയുള്ളവരായിരിക്കണം. ട്യൂഷൻ ഫീസിനു പുറമെ ട്രാവൽ ഗ്രാന്റും ഈ സ്കോളർഷിപ്പിലൂടെ ലഭിയ്ക്കും.
കൂടുതൽ വിവരങ്ങൾക്ക്
https://www.inde.campusfrance.org/charpak-scholarships/
VI. വിവിധ യൂറോപ്പ്യൻ രാജ്യങ്ങളിലെ പഠനത്തിന് എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ്
യൂറോപ്പ്യൻ രാജ്യങ്ങളിൽ ബിരുദാനന്തര പഠനത്തിനു മികച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എറാസ്മസ് മുണ്ടസ് ട്രസ്റ്റ് നൽകുന്ന സ്കോളർഷിപ്പാണ്, എറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ്. ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് ഓരോ സെമസ്റ്ററിലും ഓരോ രാജ്യങ്ങളിലെ വ്യത്യസ്ത കാമ്പസുകളിൽ പഠിയ്ക്കാം. നാല് സെമസ്റ്ററുള്ള പ്രോഗ്രാമിന്റെ ടൂഷ്യൻ ഫീസ്, യാത്ര ചെലവ്, ജീവിതച്ചെലവുകൾ എന്നിവ ഈ സ്കോളർഷിപ്പിലൂടെ ലഭിക്കും. മാത്രവുമല്ല, എറാസ്മസ് മുണ്ടസ് ട്രസ്റ്റിന്റെ കീഴിൽ വരുന്ന രാജ്യങ്ങളിൽ ഉപരിപഠനം നടത്താനും സ്കോളർഷിപ്പ് ധാരികൾക്ക് അവസരം ലഭിക്കും. ഇന്ത്യയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://erasmus-plus.ec.europa.eu/
VII ജപ്പാൻ ഗവണ്മെന്റ് സ്‌കോളർഷിപ്
ജപ്പാൻ ഗവണ്മെന്റ് ഡിഗ്രിതലത്തിലും പി.ജിക്കും 15 ഇന്ത്യൻ വിദ്യാർത്ഥികൾക്കു വീതം ജപ്പാനിൽ സൗജന്യമായി പഠിക്കാൻ എല്ലാവർഷവും അവസരം കൊടുക്കുന്നുണ്ട്. മെഡിക്കൽ, എൻജിനിയറിംഗ്, വെറ്ററിനറി, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് പഠനസൗകര്യം. വിമാനയാത്ര, ഭക്ഷണം, താമസം ഉൾപ്പെടെയാണ് സ്‌കോളർഷിപ്പ്. ജാപ്പനീസ് ഭാഷപഠിക്കാനുള്ള സൗകര്യവും വിദ്യാർത്ഥികൾക്കുണ്ട്. മാസം 80,000 രൂപവരെ പഠനസഹായം കിട്ടും. കൂടുതൽ വിവരങ്ങൾക്ക് www.in.emb-japan.go. jp/Education/Education-Guides.
VIII . കൊറിയയിലുമുണ്ട് സ്‌കോളർഷിപ്പുകൾ
ഈ സ്കോളർഷിപ് പദ്ധതിയിലെ നിര്‍ദേശങ്ങള്‍
പഞ്ച വത്സര വിദ്യാഭ്യാസ പദ്ധതി പ്രകാരം 300,000 വിദേശ വിദ്യാര്‍ഥികളെ കൊറിയയിലെത്തിക്കും.
കൊറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കായി പ്രവേശന പരീക്ഷകളിലടക്കം ഇളവ്.
വിസ നടപടികള്‍ വേഗത്തിലാക്കാനായി ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം.
സയന്‍സ്-ടെക്‌നോളജി വിഷയങ്ങളില്‍ മാസ്റ്റര്‍ ഡിഗ്രി, ഡോക്ടറേറ്റ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിര താമസ പെര്‍മിറ്റ് ലഭിക്കുന്നതിനുളള കാലപരിധി ആറില്‍ നിന്ന് മൂന്നാക്കി.
ഇവര്‍ക്ക് കൊറിയന്‍ പൗരത്വം നേടുന്നതിനുള്ള കാലപരിധിയും മൂന്ന് വര്‍ഷമാക്കി.
സയന്‍സ് ടെക്‌നിക്കല്‍ വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വര്‍ക്ക് എക്‌സ്പീരയന്‍സ് നേടുന്നതിന് നേരിട്ട് അവസരം.
ഡി-2 വിസയോ സ്റ്റുഡന്റ് വിസയോ ഉള്ളവര്‍ക്ക് ആഴ്ച്ചയില്‍ 40 മണിക്കൂര്‍ ജോലിയെടുക്കാനുള്ള അനുമതി നല്‍കും. നേരത്തെ 25 മണിക്കൂര്‍ ആയിരുന്നു സമയ പരിധി.
വിദേശ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈമായി 30 മണിക്കൂറും ആഴ്ച്ചയില്‍ ജോലി ചെയ്യാൻ അനുമതി.
നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കൊറിയയിലെത്തുന്ന സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘ കാല താമസ സൗകര്യം ഉറപ്പ് വരുത്തുന്നതിനായി ‘സയന്‍സ് കാര്‍ഡെന്ന’ പദ്ധതി
Article By: Mujeebulla K.M
CIGI Career Team