BBA ഏവിയേഷൻ കോഴ്‌സുകളിലെ പരസ്യക്കെണികളും ഒരു സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ യഥാർത്ഥ സാധ്യതകളും!
പ്ലസ് ടു ഫലം വന്നതോടെ കരിയർ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും എങ്ങും കാണാം നിറഞ്ഞുനിൽക്കുന്ന 'ഏവിയേഷൻ' കോഴ്‌സുകളുടെ പരസ്യങ്ങൾ. "100% ജോലി വാഗ്ദാനം, ലക്ഷങ്ങൾ ശമ്പളം" എന്നൊക്കെ കേട്ട് കണ്ണുംപൂട്ടി എയർപോർട്ടിലെ ഗ്ലാമർ ജോലി സ്വപ്നം കണ്ട് ചാടി പോകുന്നവരാണ് പാവങ്ങൾ പലരും.
കേരളത്തിലും മംഗലാപുരത്തുമുള്ള പല പ്രൈവറ്റ് കോളേജുകളും അഡ്മിഷൻ ഏജന്റുമാരും ചേർന്ന് പടച്ചുവിട്ടിരിക്കുന്ന വലിയൊരു ട്രെൻഡാണ് 'BBA ഏവിയേഷൻ' അല്ലെങ്കിൽ 'B.Com ഏവിയേഷൻ'.
ഒരു സാധാരണ ഡിഗ്രിക്ക് 4 മുതൽ 6 ലക്ഷം രൂപ വരെ ഫീസ് വാങ്ങി, കുറച്ചു തിയറി പേപ്പറുകൾ മാത്രം പഠിപ്പിച്ച്, കുട്ടികളെ പറ്റിക്കുന്ന ഈ കോഴ്‌സുകൾ യഥാർത്ഥത്തിൽ ഒരു 'ഫീസ് കെണി' (ROI Trap) മാത്രമാണ്. എന്നാൽ, സ്വകാര്യ കോളേജുകളുടെ വഞ്ചനയിൽ പെടാതെ ഈ മേഖലയിലെ യഥാർത്ഥ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കാൻ ഇന്ത്യയിൽ ഒരു സെൻട്രൽ യൂണിവേഴ്സിറ്റിയുണ്ട് - രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (RGNAU).
ചിലവ് അല്പം കൂടിയതാണെങ്കിലും പ്രൈവറ്റ് കോളേജുകളേക്കാൾ എന്തുകൊണ്ടും വിശ്വസിക്കാവുന്ന ഈ സ്ഥാപനത്തിലെ കോഴ്‌സുകളെയും അവിടുത്തെ പ്ലേസ്‌മെന്റ് യാഥാർത്ഥ്യങ്ങളെയും കുറിച്ചറിയാം.
1. എന്തുകൊണ്ട് പ്രൈവറ്റ് 'BBA ഏവിയേഷൻ' ഒരു കെണിയാകുന്നു?:
-
എയർലൈൻസിന് ഡിഗ്രി ഏതായാലും പ്രശ്നമില്ല എന്ന് ആദ്യം മനസ്സിലാക്കുക. ഇൻഡിഗോ, എയർ ഇന്ത്യ, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളൊന്നും ഗ്രൗണ്ട് സ്റ്റാഫ് ജോലിക്ക് 'BBA ഏവിയേഷൻ' വേണമെന്ന് നിർബന്ധിക്കാറില്ല. ഏതെങ്കിലും ഒരു അംഗീകൃത ബിരുദം (Any Graduate) മാത്രമാണ് അവരുടെ അടിസ്ഥാന യോഗ്യത.
-
തിയറി മാത്രം, പ്രാക്ടിക്കൽ ഇല്ല: ഈ കോളേജുകളിൽ എയർപോർട്ട് എക്സ്പോഷറോ നേരിട്ടുള്ള ട്രെയിനിങ്ങോ (On the Job Training - OJT) ലഭിക്കാറില്ല. വെറും ടെക്സ്റ്റ് ബുക്ക് മാത്രം പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് എയർലൈൻസിന്റെ ഇന്റർവ്യൂ പാസാകാൻ കഴിയില്ല.
-
റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് (ROI) വളരെ മോശം: 5 ലക്ഷം രൂപ മുടക്കി പഠിച്ചിറങ്ങുന്ന ഒരു കുട്ടിക്ക് എയർപോർട്ടിൽ തുടക്കത്തിൽ കിട്ടുന്ന ശമ്പളം വെറും 15,000 - 20,000 രൂപയായിരിക്കും. ഇത്രയും വലിയ തുക ലോണെടുത്തു പഠിക്കുന്നവർക്ക് ഈ ചെറിയ ശമ്പളം കൊണ്ട് കടം വീട്ടുക അസാധ്യമായിരിക്കും.
2. RGNAU-വിലെ കോഴ്‌സുകൾ: എന്തുകൊണ്ട് BBA-യേക്കാൾ BMS മെച്ചമാണ്?:
യൂണിവേഴ്സിറ്റി പ്രധാനമായും രണ്ട് കോഴ്‌സുകളാണ് മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കായി നൽകുന്നത്:
-
BBA in Aviation Management (3 വർഷം)
-
BMS in Aviation Services & Air Cargo (3 വർഷം)
പലരും പേര് കേട്ട് BBA-യ്ക്ക് പുറകെ പോകാറുണ്ടെങ്കിലും, RGNAU-വിൽ BBA-യേക്കാൾ മികച്ചത് BMS (Bachelor of Management Studies) ആണ് മേഖലയിലെ വിദഗ്ധർ പറയുന്നു. എന്തു കൊണ്ട് എന്ന് കൂടി നോക്കാം.[rgnau.ac.in]:
-
നിർബന്ധിത അപ്രന്റീസ്ഷിപ്പ് (Earn While You Learn): BBA ഒരു സാധാരണ തിയറി കോഴ്‌സ് പോലെ ക്യാമ്പസിനുള്ളിൽ തീരുമ്പോൾ, BMS കോഴ്‌സിന്റെ അവസാനത്തെ ഒരു വർഷം പൂർണ്ണമായും വിമാനത്താവളങ്ങളിലോ പ്രമുഖ ഏവിയേഷൻ കമ്പനികളിലോ ഉള്ള നേരിട്ടുള്ള പ്രായോഗിക പരിശീലനമാണ് (OJT). (ഈ കാലയളവിൽ കമ്പനികൾ മാസം ₹13,000 മുതൽ ₹25,000 വരെ സ്റ്റൈപ്പൻഡ് കുട്ടികൾക്ക് നൽകുന്നു എന്നതും പ്രൈവറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ചു ഇതിനെ ആകർഷകമാക്കുന്നു). അതായത് പഠിക്കുമ്പോൾ തന്നെ സമ്പാദിക്കാം!
-
കാർഗോ മേഖലയിലെ വൻ ഡിമാൻഡ്: ഏവിയേഷൻ വ്യവസായത്തിൽ പാസഞ്ചർ മേഖലയേക്കാൾ കൂടുതൽ ലാഭവും സ്ഥിരതയുമുള്ളത് എയർ കാർഗോ (Air Cargo), ലോജിസ്റ്റിക്സ് മേഖലയ്ക്കാണ്. ഇ-കൊമേഴ്‌സിന്റെ വളർച്ചയോടെ ഈ രംഗത്ത് വൻ തൊഴിലവസരങ്ങളാണ് ഉള്ളത്. BMS കോഴ്‌സ് ഈ ഒരു മേഖലയെ കേന്ദ്രീകരിച്ച് ഡിസൈൻ ചെയ്തിട്ടുള്ളതാണ്.
- നേരിട്ടുള്ള ജോലി സാധ്യത (Permanent Placement): BMS കോഴ്‌സിന്റെ ഭാഗമായി മൂന്നാം വർഷം നിങ്ങൾ ചെയ്യുന്ന അപ്രന്റീസ്ഷിപ്പിലെ മികച്ച പ്രകടനം കണ്ടാൽ, പഠിച്ചിറങ്ങുന്ന അന്നുതന്നെ ആ കമ്പനി നിങ്ങളെ സ്ഥിര ജീവനക്കാരനായി നിയമിക്കും. BBA-യ്ക്ക് ഈയൊരു കമ്പനി അറ്റാച്ച്‌മെന്റ് ആനുകൂല്യം നേരിട്ടില്ല.
3. ഫീസ് ഘടനയും സാമ്പത്തിക യാഥാർത്ഥ്യവും:
സെൻട്രൽ യൂണിവേഴ്‌സിറ്റി എന്ന് കേൾക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന അത്ര കുറഞ്ഞ ചിലവ് ഇവിടെയില്ല. ഉത്തർപ്രദേശിൽ പോയി താമസിച്ച് പഠിക്കേണ്ടി വരുമ്പോൾ വരുന്ന നിർബന്ധിത ഹോസ്റ്റൽ, മേസ്സ് ചിലവുകളാണ് ആകെ തുക കൂട്ടുന്നത്.
-
3 വർഷത്തെ ട്യൂഷൻ ഫീസ് മാത്രം ഏകദേശം ₹2,50,000 വരും (പെൺകുട്ടികൾക്ക് ട്യൂഷൻ ഫീസിൽ 10% ഇളവുണ്ട് കേട്ടോ).
-
അഡ്മിഷൻ സമയത്ത് ആദ്യ സെമസ്റ്റർ ഫീസും ഹോസ്റ്റൽ ചിലവും ചേർത്ത് ആൺകുട്ടികൾക്ക് ₹1,63,500-ഉം പെൺകുട്ടികൾക്ക് ₹1,57,500-ഉം അടക്കേണ്ടി വരും.
-
ഹോസ്റ്റലും ഭക്ഷണവും (Mess) ഉൾപ്പെടെ 3 വർഷത്തെ ആകെ ചിലവ് ₹4.50 ലക്ഷം മുതൽ ₹5.30 ലക്ഷം വരെ വരും.
BMS വിദ്യാർത്ഥികൾക്ക് ഇവിടെയും ലാഭമുണ്ട്: മുൻപ് പറഞ്ഞതുപോലെ മൂന്നാം വർഷത്തെ ഇന്റേൺഷിപ്പിലൂടെ ഏകദേശം 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡായി കുട്ടിക്ക് തിരിച്ചു പിടിക്കാൻ സാധിക്കും. അത് കൂട്ടിയാൽ ആകെ ചിലവ് കുറയുമല്ലോ.
4. പ്ലേസ്‌മെന്റും ശമ്പളവും:
സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നേരിട്ടുള്ള പിന്തുണയുള്ളതിനാൽ ഇവിടുത്തെ പ്ലേസ്‌മെന്റ് റെക്കോർഡ് വളരെ മികച്ചതാണ്. 80% മുതൽ 95% വരെ കുട്ടികൾക്ക് ക്യാമ്പസ് വഴി ജോലി ലഭിക്കാറുണ്ട്.
-
പ്രധാന കമ്പനികൾ: IndiGo, Air India, GMR (ഹൈദരാബാദ്, ഡൽഹി എയർപോർട്ടുകൾ), അദാനി എയർപോർട്സ് (മംഗലാപുരം, അഹമ്മദാബാദ്), FedEx എന്നിവർ ഇവിടെ നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നു.
-
യഥാർത്ഥ ശമ്പളം: തുടക്കത്തിൽ ശരാശരി പ്രതിവർഷം ₹3 ലക്ഷം മുതൽ ₹4 ലക്ഷം വരെയാണ് ശമ്പളം ലഭിക്കുക. എങ്കിലും എക്സ്പീരിയൻസ് കൂടുന്നതോടെ ആളുടെ കഴിവും പ്രാപ്തിയും അനുസരിച്ചു ശമ്പളത്തിൽ ഗണ്യമായ വർധന പ്രതീക്ഷിക്കാം. വിദേശത്ത് മികച്ച ശമ്പളമാണ് എക്സ്പീരിയൻസ് ഉള്ളവർക്ക്.
5. CUET എഴുതാത്തവർക്കും അഡ്മിഷൻ; ജൂൺ 30 വരെ അപേക്ഷിക്കാം:
പലരും വിചാരിക്കുന്നത് സെൻട്രൽ യൂണിവേഴ്സിറ്റി ആയതുകൊണ്ട് CUET (Common University Entrance Test) എഴുതിയവർക്ക് മാത്രമേ ഇവിടെ പഠിക്കാൻ പറ്റൂ എന്നാണ്. എന്നാൽ അത് എഴുതാത്തവർക്കും അവസരം ഉണ്ട്.
-
CUET എഴുതിയവർക്ക് ആ സ്കോർ വഴി അപേക്ഷിക്കാം.
-
CUET എഴുതാത്തവർക്കായി യൂണിവേഴ്സിറ്റി നേരിട്ട് ഒരു പ്രത്യേക പ്രവേശന പരീക്ഷ (Non-CUET / Normal Mode) നടത്തുന്നുണ്ട്. അതുകൊണ്ട് പരീക്ഷ എഴുതാത്ത കുട്ടികൾക്കും ധൈര്യമായി അപേക്ഷിക്കാം.
-
പ്ലസ് ടുവിന് ഏത് സ്ട്രീം (Science, Commerce, Arts) പഠിച്ചവർക്കും അപേക്ഷിക്കാം (കുറഞ്ഞത് 50% മാർക്ക് വേണം). പ്രായം 21 വയസ്സ് കവിയരുത്.
-
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂൺ 30 ആണ്.
6. അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Application Process):
സമർത്ഥ് (Samarth) പോർട്ടൽ വഴിയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. തെറ്റുകൾ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങള് ശ്രദ്ധിക്കുക:
-
ലിങ്ക് സന്ദർശിക്കുക: ആദ്യം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലായ rgnauadm.samarth.edu.in ഓപ്പൺ ചെയ്യുക.
-
മോഡ് തിരഞ്ഞെടുക്കുക (Crucial Step): രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ CUET എഴുതാത്തവരാണെങ്കിൽ 'Non-CUET' അല്ലെങ്കിൽ 'Normal Mode' കാറ്റഗറി കൃത്യമായി തിരഞ്ഞെടുക്കണം. (മാറിപ്പോയാൽ അപേക്ഷ നിരസിക്കപ്പെടും).
-
ഡോക്യുമെന്റുകൾ തയ്യാറാക്കി വെക്കുക: പ്ലസ് ടു മാർക്ക്‌ലിസ്റ്റ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് (പ്രായം തെളിയിക്കാൻ), ഒപ്പും ഫോട്ടോയും, ജാതി സർട്ടിഫിക്കറ്റ് (സംവരണം ആവശ്യമുള്ളവർക്ക്, കേരളത്തിന് പുറത്ത് ആയതിനാൽ തഹസിൽദാർ തരുന്നത് തന്നെ യായിരിക്കണം NCL സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറുടേത് പോര) എന്നിവ സ്കാൻ ചെയ്ത് കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യുക.
-
ഫീസ് അടയ്ക്കൽ: ജനറൽ/OBC വിഭാഗങ്ങൾക്ക് 1000 രൂപയും, SC/ST/പെൺകുട്ടികൾക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസ് അടച്ച ശേഷം അപ്ലിക്കേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
7. പ്രവേശന പരീക്ഷയുടെ സിലബസ് (Exam Syllabus):
CUET ഇല്ലാതെ അപേക്ഷിക്കുന്നവർക്കായി യൂണിവേഴ്സിറ്റി നടത്തുന്ന ഒബ്ജക്ടീവ് ടൈപ്പ് (OMR/Online) പരീക്ഷയ്ക്ക് താഴെ പറയുന്ന 4 പ്രധാന ഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ വരുന്നത്:
-
General Awareness / Current Affairs: പൊതുവിജ്ഞാനം, നടപ്പു സംഭവങ്ങൾ, ഇന്ത്യയിലെ അടിസ്ഥാന ഏവിയേഷൻ വിവരങ്ങൾ.
-
English Language: അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമർ, കോംപ്രിഹെൻഷൻ, വൊക്കാബുലറി.
-
Reasoning / Mental Ability: ലോജിക്കൽ റീസണിംഗ്, പസ്സിലുകൾ, പരസ്പര ബന്ധങ്ങൾ കണ്ടെത്തൽ.
-
Quantitative Aptitude: പത്താം ക്ലാസ് നിലവാരത്തിലുള്ള അടിസ്ഥാന ഗണിതശാസ്ത്രം (Maths).
പ്രത്യേക ശ്രദ്ധയ്ക്ക്: ചോദ്യങ്ങളെല്ലാം ഇംഗ്ലീഷിലായിരിക്കും. പ്ലസ് ടു നിലവാരത്തിലുള്ള ജനറൽ എൻട്രൻസ് ഗൈഡുകൾ (ഉദാഹരണത്തിന് ബി.ബി.എ എൻട്രൻസ് പുസ്തകങ്ങൾ) ഉപയോഗിച്ച് ഇതിനായി തയ്യാറെടുക്കാവുന്നതാണ്.
The Smart Choice:
മൂന്ന് വർഷത്തേക്ക് ഏകദേശം 5 ലക്ഷം രൂപയോളം മുടക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ, വിശ്വസിച്ച് പണം നിക്ഷേപിക്കാൻ പറ്റിയ സ്ഥാപനമാണ് RGNAU. അതിൽ തന്നെ BBA-യേക്കാൾ മുൻഗണന BMS-ന് നൽകുക.
എന്നാൽ സാമ്പത്തികമായി കടുത്ത റിസ്ക് എടുക്കാൻ വയ്യെങ്കിൽ, ലക്ഷങ്ങൾ ലോണെടുത്തു ബാധ്യതയുണ്ടാക്കി ഇതിലേക്ക് പോകരുത്. അങ്ങനെയുള്ളവർക്ക് ഏറ്റവും അനുയോജ്യം 'സ്മാർട്ട് സ്ട്രാറ്റജി' ആണ്. നാട്ടിലെ കോളേജിൽ കുറഞ്ഞ ഫീസിൽ ഒരു സാധാരണ ബി.കോം അല്ലെങ്കിൽ ബി.ബി.എ ചെയ്യുക. അതിനൊപ്പം KITTS തലശ്ശേരിയിലോ, കൊച്ചിയിലെ CIASL അക്കാദമിയിലോ, മംഗലാപുരത്തെ അക്ബർ അക്കാദമി പോലുള്ള സ്ഥലങ്ങളിലോ പോയി 55,000 രൂപയ്ക്ക് 6 മാസത്തെ ഗവൺമെന്റ് അംഗീകൃത/IATA ഏവിയേഷൻ ഷോർട്ട് കോഴ്‌സ് ചെയ്യുക. വെറും 1.5 ലക്ഷത്തിനുള്ളിൽ നിങ്ങൾക്ക് റെഗുലർ ഡിഗ്രിയും ആഗോളതലത്തിൽ വിലയുള്ള ഏവിയേഷൻ ലൈസൻസും സ്വന്തമാക്കി എയർപോർട്ടുകളിൽ ജോലി നേടാം.
Article By: Nizar Peruvad
CIGI Career Team